Categories: Samskriti

കര്‍മ്മയോഗം

Published by

യഥാര്‍ത്ഥ കര്‍മയോഗികള്‍ ഭഗവദ്ഭക്തരാണ്‌. പൂര്‍ണത നേടിയവരാകയാല്‍ അവര്‍ക്ക്‌ ആരാധനയോ നേട്ടങ്ങളോ ഉത്കര്‍ഷങ്ങളോ ആവശ്യമില്ല. അവരുടെ പരിപൂര്‍ണാവസ്ഥയില്‍ എല്ലാവിധ ജ്ഞാനവും യോഗസിദ്ധിയും സ്വയമേവ അവരെ അലങ്കരിച്ചിരിക്കും. ആഗ്രഹിക്കാവുന്നതൊക്കെ അവര്‍ക്കു കിട്ടുന്നതിനാല്‍ അതിലപ്പുറം അവര്‍ക്കെന്തു വേണം?

പതഞ്ജലിയുടെ അഷ്ടാംഗ ധ്യാനമാര്‍ഗം അനുസരിക്കുന്നതിനാല്‍ ധ്യാനനിപുണരായ യോഗികള്‍ ക്രമേണ സമാധിയില്‍ അഥവാ പരമാത്മാവില്‍ മുഴുകുന്ന അവസ്ഥയില്‍ സ്വയം എത്തുന്നു. പൂര്‍ണതയിലെത്താനുള്ള ആഗ്രഹംമൂലം അവര്‍ എല്ലാവിധ ദുഃഖസ്ഥിതിയും കഷ്ടപ്പാടും സഹിച്ച്‌ ലക്ഷ്യത്തില്‍ ത്തന്നെ ഉറച്ചുനില്‍ക്കുന്നു. അവസാനം ഈ ഭൗതിക ലോകത്തിലെ ഒന്നിനോടും സാമ്യമില്ലാത്ത ഒരവബോധത്തില്‍ അവരെത്തിച്ചേരുന്നു. ഈ യോഗപൂര്‍ണതയില്‍ ഒരു കഷ്ടപ്പാടും ഭീഷണിയായി അവര്‍ക്കു തോന്നുന്നില്ല. ഇത്തരം യോഗികളെക്കുറിച്ച്‌ ഭഗവാന്‍ കൃഷ്ണന്‍ ഭഗവദ്ഗീതയില്‍ രേഖപ്പെടുത്തുന്നുണ്ട്‌.

ഈ സ്ഥിതിയില്‍ ഒരു വ്യക്തി ഒരിക്കലും സത്യത്തില്‍ നിന്നു വ്യതി ചലിക്കുന്നില്ല. ഈ അവസ്ഥ പ്രാപിക്കുന്നതോടെ ഇതിനേക്കാള്‍ വലിയ ഒരു നേട്ടമില്ലെന്ന്‌ അവന്‍ കരുതുന്നു. ഇങ്ങനെ ഒരവസ്ഥയിലെത്തുമ്പോള്‍ ഏറ്റവും വലിയ വിഷമസ്ഥിതിയില്‍പ്പോലും ഒരുവന്‍ ചഞ്ചലപ്പെടുന്നില്ല.

ഭോഗാസക്തമായ ലോകത്തില്‍ വിരക്തിയുണ്ടായി സമാധിസ്ഥിതനാകുന്നവന്‍, അതായത്‌ പരമസത്യത്തില്‍ നിമഗ്നനാകുന്നവന്‍ ആത്മീയസ്വത്വത്തെക്കുറിച്ച്‌ ബോധവാനാവുകയും, അവന്‌ പരമാനന്ദലബ്ദി ഉണ്ടാവുകയും ചെയ്യുമെന്ന്‌ ഈ ശ്ലോകത്തിന്റെ ഭാവാര്‍ത്ഥത്തില്‍ ശ്രീല ഭക്തിവിനോദ്‌ ഠാക്കൂര്‍ പറയുന്നു. ഇത്തരത്തിലുള്ള യോഗി തന്റെ ശ്രദ്ധയെ ധ്യാനലക്ഷ്യമായ പരമസത്യത്തില്‍ നിന്ന്‌ ഒരിക്കലും വ്യതിചലിപ്പിക്കില്ല. തന്റെ പരിശീലനകാലത്ത്‌ യോഗി നേടുന്ന അണിമാദി യോഗസിദ്ധികള്‍ അയാളുടെ യോഗസാധനകളുടെ ഉപോത്പന്നങ്ങള്‍ മാത്രമാണ്‌. സമാധിയില്‍ ഈ സിദ്ധികളെല്ലാം അപ്രധാനമായി യോഗികള്‍ കരുതുന്നു. പലയോഗികളും ഈ സിദ്ധികളില്‍ ചിലതൊക്കെ നേടിക്കഴിയുന്നതോടെ എല്ലാം നേടിയതായി ഭാവിക്കുകയും അസ്വസ്ഥമായ മാനസികാവസ്ഥമൂലം സ്ഥിരസമാധിയില്‍ നിന്നു വ്യതിചലിക്കുകയും ചെയ്യുന്നു. നേരെമറിച്ച്‌ ഭാവദ്ഭക്തനായ കര്‍മയോഗി ഇത്തരത്തിലായിത്തീരാനുള്ള സാധ്യത തീരെയില്ല. കൃഷ്ണന്റെ ആനന്ദത്തിനുവേണ്ടി സദാ പ്രവര്‍ത്തിക്കുന്നതിനാല്‍ അയാളുടെ ഹൃദയവും ശ്രദ്ധയും ലക്ഷ്യത്തില്‍ തന്നെ കേന്ദ്രീകൃതമാകുന്നു. അയാള്‍ എപ്പോഴും യോഗിയുടെ അത്യന്തികലക്ഷ്യമായ സമാധിയിലായിരിക്കും നിലകൊള്ളുന്നത്‌. ഭഗവാനുവേണ്ടിയുള്ള ഭക്തിയുതസേചനത്തില്‍, ഭക്തന്‍ നിത്യനുതനമായ വികാരങ്ങള്‍ അനുഭവിക്കുന്നു. അതുമല്ല, അയാളുടെ പൂര്‍ണത പാകമാകുമ്പോള്‍ അയാളനുഭവിക്കുന്ന അതീന്ദ്രിയാനന്ദം വര്‍ണനാതീതമാണ്‌. ഐഹികരായ ലൗകികര്‍ക്ക്‌ അത്‌ മനസ്സിലാക്കാന്‍ സാദ്ധ്യമല്ലതാനും.

കര്‍മയോഗത്തെക്കുറിച്ച്‌ എന്തുപറയാന്‍? ഒരു ജന്മംകൊണ്ട്‌ ആത്യന്തിക ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും അഷ്ടാംഗ യോഗമാര്‍ഗ്ഗത്തില്‍ സമാധി ലക്ഷ്യമാക്കി ഒരു യോഗി നേടുന്ന നിസ്സാരമായ കാര്യംപോലും വെറുതെയാകുന്നില്ല. അയാളുടെ അടുത്ത ജന്മത്തില്‍ ഈ പുരോഗതി തുടര്‍ന്നുകൊണ്ടേയിരിക്കും. നേരെമറിച്ച്‌, കര്‍മിയുടെ കാര്യത്തില്‍ അയാള്‍ നേടുന്ന ധനവും വിദ്യാഭ്യാസവും അവ നേടാന്‍ നടത്തിയ ശ്രമങ്ങളും വ്യര്‍ത്ഥമായിത്തീരുന്നു. കര്‍മയോഗിയുടെ അഥവാ ഭക്തന്റെ കാര്യത്തില്‍ അയാളുടെ ഭക്തിയുതസേവനം ശരീരത്തിനും മനസ്സിനും അതീതമാണ്‌. അതെല്ലാം ആത്മാവും പരമാത്മാവുമായി ബന്ധപ്പെട്ടതാണ്‌. അതിനാല്‍ അതെല്ലാം അയാളുടെ ശാശ്വതമായ ആത്മാവിന്റെ സമ്പത്തായി മാറുന്നു.

ശരീരം നശിക്കുന്നതോടെ ആത്മാവ്‌ നശിക്കുന്നില്ല. അതുപോലെതന്നെ ഭക്തിയുതസേവനത്തിന്റെ ഈ സമ്പാദ്യത്തിന്‌ ഒരിക്കലും വിലയിടിയുന്നില്ല. ഇപ്രകാരം കര്‍മയോഗി സ്വന്തം ആത്മാവിന്റെ ഉന്നതിക്കുവേണ്ടി സദാ പ്രവര്‍ത്തിക്കുന്നുവെന്നും അയാളുടെ പരിശ്രമവും അതിന്റെ ഫലങ്ങളും ഈ ജന്മത്തിലും അടുത്ത ജന്മത്തിലും ശാശ്വതമായി ആദ്ധ്യാത്മമികധനമായി നിലനില്‍ക്കുമെന്നും ഭഗവദ്ഗീത പ്രസ്താവിക്കുന്നു. ഈ ആദ്ധ്യാത്മികമായ ആസ്തികള്‍ ഒരിക്കലും നശിപ്പിക്കപ്പെടുന്നില്ല. ഭഗവദ്ഗീതയില്‍ കൃഷ്ണന്‍ പറഞ്ഞു.

“അല്ലയോ പാര്‍ത്ഥാ, പുണ്യകര്‍മങ്ങളിലേര്‍പ്പെട്ടിരിക്കുന്ന അതീന്ദ്രിയവാദിക്ക്‌ ഈ ലോകത്തോ ആത്മീയലോകത്തോ നാശമുണ്ടാകില്ല. നന്മചെയ്യുന്നവനെ തിന്മയ്‌ക്കൊരിക്കലും കീഴ്പ്പെടുത്താനാവില്ല.”

ഭക്തിവേദാന്തസ്വാമി

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by