Categories: Travel

തൊഴുവന്‍കോട്‌ ശ്രീ ചാമുണ്ഡീദേവീ ക്ഷേത്രം

Published by

തിരുവനന്തപുരം ജില്ലയിലെ നഗരാതിര്‍ത്തിയില്‍ വടക്കുകിഴക്കുമാറിയുള്ള തൊഴുവന്‍കോട്ടാണ്‌ പുരാതനമായ ശ്രീ ചാമുണ്ഡിദേവി ക്ഷേത്രം. മാര്‍ത്താണ്ഡവര്‍മ്മയുടെ ആരാധനാമൂര്‍ത്തിയായ ഈ അമ്മയെ കാണാന്‍ മഹാരാജാവ്‌ മാസത്തിലൊരിക്കല്‍ ഇവിടെ എത്തുമായിരുന്നു. വട്ടിയൂര്‍ക്കാവിനോട്‌ ചേര്‍ന്നുള്ള ശാലീനസുന്ദരമായ പ്രദേശമാണ്‌ തൊഴുവന്‍കോട്‌. നിബിഡ വൃക്ഷങ്ങള്‍ നിറഞ്ഞ ഈ സ്ഥലം തൊഴുവന്‍കാട്‌ എന്നാണ്‌ ഒരുകാലത്ത്‌ അറിയപ്പെട്ടിരുന്നത്‌. പരാശക്തിയായ ചാമുണ്ഡിദേവി ഇവിടെ കുടികൊണ്ടുകഴിഞ്ഞപ്പോഴാണ്‌ ഈ ദിവ്യസ്ഥാനം തൊഴുവന്‍കോട്‌ എന്നായി മാറിയത്‌. അസുര നിഗ്രഹത്തിനുശേഷം അലഞ്ഞുനടന്ന ദേവി ഒടുവില്‍ ഒരുവാതില്‍കോട്ടയിലുള്ള മേക്കാട്‌ തറവാട്ടിലെത്തുകയാണുണ്ടായത്‌.അതിനുശേഷമാണ്‌ അമ്മ ഇവിടെ വാസമുറപ്പിച്ചത്‌. അതിനു പിന്നില്‍ തിരുവിതാംകൂര്‍ രാജകുടുംബവും എട്ടുവീട്ടില്‍പിള്ളമാരും അമ്മയുടെ ഭക്തനും കളരി ആശാനുമായ മേക്കാട്‌ പണിക്കരുമായും ബന്ധപ്പെട്ടതാണ്‌ ക്ഷേത്രത്തിന്റെ ഐതിഹ്യം. എട്ടുവീട്ടില്‍ പിള്ളമാരില്‍പ്പെട്ട കഴക്കൂട്ടത്തുപിള്ളയുടെ ആശ്രിതനായിരുന്നു കളരിപണിക്കര്‍. അദ്ദേഹം ആരാധിച്ചിരുന്ന വിഗ്രഹമായിരുന്നു ചാമുണ്ഡേശ്വരിയുടേത്‌. കഴക്കൂട്ടത്തുപിള്ളയെ വകവരുത്താനുള്ള ശ്രമം ദേവിയുടെ ശക്തികൊണ്ട്‌ നടക്കാതെ വന്നപ്പോള്‍ പ്രാര്‍ത്ഥനയുടെ വഴിതേടി. പ്രാര്‍ത്ഥനയുടെ ഫലമായി ത്രിമൂര്‍ത്തികള്‍ പ്രതൃക്ഷപ്പെട്ടു. അവരുടെ ആവശ്യപ്രകാരം പിള്ളയുടെ ഭവനത്തില്‍ നിന്നും അമ്മ അകന്നുപോവുകയും ത്രിമൂര്‍ത്തികളാല്‍ കാട്ടില്‍ കൂടിയിരുത്തപ്പെടുകയും ചെയ്തു. അങ്ങനെയാണ്‌ തൊഴുവന്‍കോട്ടെ പ്രതിഷ്ഠയ്‌ക്ക്‌ വഴിയായതെന്ന്‌ ഐതിഹ്യം. പരമഭക്തനായ പണിക്കര്‍ പിന്നീടുള്ള കാലം അമ്മയെ പൂജിച്ചുകഴിയുകയും ഒടുവില്‍ യോഗീശ്വരനായി മാറുകയും ചെയ്തു.

നഗരത്തില്‍ നിന്നും വരുന്നവര്‍ പടിഞ്ഞാറേ നടിയിലാണ്‌ എത്തുക. ക്ഷേത്രത്തോട്‌ അടുക്കുന്തോറും വിസ്മയാവഹമായ കാഴ്ചകള്‍. വര്‍ണപ്രഭയില്‍ തെളിയുന്ന ബിംബങ്ങള്‍ വലിയ ഗോപുരങ്ങള്‍. മതിലുകള്‍പോലും ആകര്‍ഷകം. അതിലൊന്നില്‍ ഗീതോപദേശം ചെയ്യുന്ന ഭഗവാന്റെയും അര്‍ജ്ജുനന്റേയും ചിത്രം. അതിനുമുകളില്‍ “സംഭവാമി യുഗേ, യുഗേ” എന്ന്‌ ആലേഖനം ചെയ്തിരിക്കുന്നു. കടഞ്ഞെടുത്ത ചന്ദനത്തടിപോലെ മതിലില്‍ പറ്റിപിടിച്ചുവളരുന്ന വടവൃക്ഷത്തിന്റെ വേരുകള്‍ ആരെയും ആകര്‍ഷിക്കും. ഇവിടെയുള്ള തൂണുകള്‍പോലും ശില്‍പചാതുര്യം വഴിഞ്ഞൊഴുകുന്നവ-കോവിലുകളും മണ്ഡപങ്ങളും ഭക്തിഭാവം തുളുമ്പുന്ന ബിംബങ്ങളാല്‍ അലംകൃതവുമാണ്‌.

ശ്രീകോവിലില്‍ ദേവി ചാമുണ്ഡേശ്വരി കൂടെ മോഹിനിയക്ഷിയമ്മയുമുണ്ട്‌. ക്ഷേത്രത്തില്‍ ശ്രീകോവിലിനകത്ത്‌ യോഗീശ്വരന്‍. ഗണപതി, വീരഭദ്രന്‍, ഭൈരവന്‍, കരിങ്കാളി, ദേവി, തമ്പുരാന്‍, ഗന്ധര്‍വന്‍, യക്ഷി അമ്മ, നാഗര്‍, മറുത, ഭുവനേശ്വരി, ദുര്‍ഗ്ഗ, ബ്രഹ്മരക്ഷസ്‌ കൂടാതെ നവഗ്രഹ പ്രതിഷ്ഠയും ഗന്ധര്‍വ്വനും കന്നിച്ചാവും ഉപദേവന്മാരായിട്ടുണ്ട്‌. രാവിലെ അഞ്ചരയ്‌ക്ക്‌ നടതുറന്നാല്‍ പന്ത്രണ്ട്‌ മണിവരെയും വൈകിട്ട്‌ നാലരയ്‌ക്ക്‌ തുറന്നാല്‍ എട്ടുമണിവരെയും ദര്‍ശനമുണ്ടാകും. ശത്രുസംഹാരാര്‍ച്ചനയും സഹസ്രനാമാര്‍ച്ചനയും നവഗ്രഹാര്‍ച്ചനയും പ്രധാന വഴിപാടുകളാണ്‌. ഗണപതിക്കും നാഗര്‍ക്കും പ്രത്യേകം അര്‍ച്ചനയുണ്ട്‌. മംഗല്യപുഷ്പാര്‍ച്ചനയും പൊങ്കാല നിവേദ്യവുമുണ്ട്‌. അതിനുപുറമെ കോഴിയും ആടും പശുകുട്ടികളും നേര്‍ച്ചയായി ക്ഷേത്രത്തില്‍ എത്തുന്നുമുണ്ട്‌.

പ്രതിഷ്ഠവാര്‍ഷികത്തോടനുബന്ധിച്ചുള്ള ഉത്സവം പ്രസിദ്ധം. കുംഭമാസത്തിലെ കാര്‍ത്തികയ്‌ക്കാണ്‌ പതിനൊന്നുദിവസം നീണ്ടുനില്‍ക്കുന്ന ഈ മഹോത്സവം. ഉത്സവകാലത്ത്‌ പകല്‍ സമയത്ത്‌ അടയ്‌ക്കുന്ന പതിവുമില്ല. ഈ ദിവസങ്ങളിലെല്ലാം പൊങ്കാലയും അന്നദാനവുമുണ്ട്‌. അവസാനദിവസം ഉച്ചയ്‌ക്കാണ്‌ തിരുപൊങ്കാല മഹോത്സവം. ഉത്സവത്തോടനുബന്ധിച്ച്‌ താലപ്പൊലിയും ഉരുള്‍ വഴിപാടും ഉണ്ടായിരിക്കും. താലപ്പൊലി നടക്കുന്നസമയത്ത്‌ ക്ഷേത്രത്തിനകത്ത്‌ പുരുഷന്‍മാര്‍ക്ക്‌ പ്രവേശനമുണ്ടായിരിക്കില്ല. ഉത്സവത്തിന്റെ സമാപനദിവസം നടക്കുന്ന ഹാരാര്‍പ്പണത്തിന്‌ അത്ഭുതപൂര്‍വ്വമായ പ്രശസ്തി. ആരെയും അതിശയിപ്പിക്കുംവിധം ബൃഹത്തായ രണ്ട്‌ റോസ്‌ ഹാരങ്ങള്‍. ഈ പടുകൂറ്റന്‍ ഹാരങ്ങള്‍ മധുരയില്‍ നിന്നും രണ്ടു ലോറികളിലായിട്ടാണ്‌ ഇവിടെ കൊണ്ടുവരുന്നത്‌. നഗരവീഥിയിലെ മേലത്തുമേലെ ജംഗ്ഷനില്‍ നിന്നും ഈ വമ്പന്‍ഹാരങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര വഴിനീളെയുള്ള സ്വീകരണങ്ങളേറ്റു വാങ്ങികൊണ്ട്‌ കടന്നുപോകും. ഹാരഘോഷയാത്രയ്‌ക്ക്‌ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെയും താലപ്പൊലി, മുത്തുക്കുട, ബാന്റ്മേളം, നെയ്യാണ്ടിമേളം, കടുവകളി, കോല്‍ക്കളി, മയില്‍ നൃത്തം എന്നിവയുടെയും അകമ്പടിയുണ്ടാകും. അവിടെനിന്നും ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരവാതിലിലൂടെ അകത്തു പ്രവേശിച്ച്‌ ശ്രീകോവിലിന്‌ പ്രദക്ഷിണം വച്ച്‌ അമ്മയേയും കരിങ്കാളി ദേവിയേയും ഹാരം അണിയിക്കുന്നു. ഉച്ചയ്‌ക്കുശേഷമുള്ള പൂജ കഴിഞ്ഞ്‌ രാത്രി ഗുരുതിയോടെ നട തുറക്കും.

– പെരിനാട്‌ സദാനന്ദന്‍ പിള്ള

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts