കോഴിക്കോട് നഗരമദ്ധ്യത്തിലുള്ള പുണ്യ പുരാതനമായ മഹാക്ഷേത്രമാണ് തളി ശിവക്ഷേത്രം. മലബാറിന്റെ പ്രതാപൈശ്വര്യങ്ങള്‍ക്ക് നിദാനമായിരുന്ന വള്ളുവനാടും കോഴിക്കോടും. അതിന്റെ അധിപന്മാരുടെ ആരാധനാ മൂര്‍ത്തികളായിരുന്നു തിരുമാന്ധാംകുന്നിലമ്മയും തളി മഹേശ്വരനും. തളി മഹാക്ഷേത്രം ഇന്നും കോഴിക്കോട് സാമൂതിരി രാജവംശത്തിന്റെ ആരാധനാലയമായി പരിലസിക്കുന്നു. പണ്ട് കേരളത്തെ പല കഴകങ്ങളായി തിരിച്ചിരുന്നു. ക്രമസമാധാനപാലനത്തിനായി സൈന്യ സജ്ജീകരണവും നടന്നു. ഇതിന്റെ സങ്കേതമാണ് തളി. തളികളുടെ അധിപന്മാര്‍ തളിയംതിരിമാര്‍. ഇവരാണ് ക്ഷേത്രപരിപാലനം നടത്തിയിരുന്നത്. കോഴിക്കോടിന്റെ ആധിപത്യം കടത്തനാട്ടു രാജാവില്‍ നിന്നും സാമൂതിരി രാജാവിന് ലഭിച്ചപ്പോള്‍ ക്ഷേത്രസംരക്ഷണം തളിയന്മാരില്‍ നിന്നും സാമൂതിരിയുടെ കൈകളിലെത്തുകയായിരുന്നു. ക്ഷേത്രങ്ങള്‍ സംരക്ഷിക്കുന്നതില്‍ സാമൂതിരി രാജാക്കന്മാര്‍ നിര്‍വ്വഹിച്ച പങ്ക് നിസ്തൂലമാണ്. ശ്രീകോവിലില്‍ പ്രധാനമൂര്‍ത്തി ശിവന്‍ കിഴക്കോട്ട് ദര്‍ശനമേകുന്നു. അതിന്റെ പുറത്തെ ഭിത്തി നിറയെ വര്‍ണ്ണപകിട്ടാര്‍ന്ന ശില്‍പങ്ങള്‍. ചുറ്റുംവിളക്കുമാടം. ചുറ്റമ്പലത്തിനകത്ത് പടിഞ്ഞാറോട്ട് ദര്‍ശനമായി ശ്രീകൃഷ്ണക്ഷേത്രം. രണ്ടു ധ്വജങ്ങള്‍ ഒന്ന് മഹാദേവന്റെ മുന്നിലും മറ്റേത് ശ്രീകൃഷ്ണന്റെ നടയിലുമാണ്. ഊട്ടുപുരയുണ്ട്. കിഴക്കും പടിഞ്ഞാറും വലിയഗോപുരങ്ങള്‍. ്ചുറ്റുമതിലിന് പുറത്ത് വലിയ കുളം. കുളക്കരയില്‍ ഗണപതിക്ഷേത്രവുമുണ്ട്. തേവാരത്തില്‍ ഗണപതി, തളിഗണപതി, തിരുമാന്ധാംകുന്ന് ഭഗവതി, ശാസ്താവ്, നരസിംഹം, നാഗരാജാവ്, എരിഞ്ഞുപുരാന്‍, തിരുവളയനാട് ഭഗവതി എന്നീ ഉപദേവതകള്‍ .വളയനാട് ഭഗവതിയുടെ വാളും ചേരമന്‍ പെരുമാളിന്റെ വാളും ഇവിടെ വച്ച് പൂജിച്ചിരുന്നു. ധാരയും പായസവും, പുഷ്പാഞ്ജലിയും പ്രധാന വഴിപാടുകള്‍. സാധാരണ നടത്തിവരുന്ന അപ്പം കൂടാതെ മഹാഗണപതിക്ക് വിശേഷമായി ഉദായസ്തമനപൂജയും, അപ്പവും, കൂടാതെ നിത്യം ഗണപതിഹോമവുമുണ്ട്. നിത്യഗണപതിഹോമം ശാന്തിക്കാരന്‍ നിന്നുകൊണ്ടാണ് നടത്തുന്നത്. ഇത് ഇവിടുത്തെമാത്രം പ്രത്യേകത. ഹോമദ്രവ്യം ഗണപതി ഭഗവാന്റെ വായില്‍ നേരിട്ട് അര്‍പ്പിക്കുന്നു എന്നാണ് സങ്കല്‍പം. വാപരയുഗത്തിന്റെ അന്ത്യഘട്ടത്തില്‍ പരശുരാമന്‍ തപസ്സുചെയ്തതിന്റെ ഫലമായി ഉമാമഹേശ്വരന്‍ ജ്യോതിരൂപത്തില്‍ പ്രതൃക്ഷപ്പെട്ടു. ആ ജ്യോതിഷ് ജ്യോതിര്‍ലിംഗമായി പരിണമിക്കുകയും പരശുരാമന്‍ പ്രതിഷ്ഠിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. അതേ ശിവലിംഗമാണ് ഇപ്പോഴും ആരാധിക്കപ്പെടുന്നത്. കോഴിക്കോട് സാമൂതിരി രാജാവ് തളിയില്‍വെച്ച് നടത്തിവന്നിരുന്ന രേവതിപട്ടത്താനം എന്ന വേദപണ്ഡിതസദസ്സ് ചരിത്ര പ്രസിദ്ധമാണ്. തുലാമാസത്തിലെ രേവതിനാളില്‍ ആരംഭിച്ച് ഏഴുദിവസം നീണ്ടുനില്‍ക്കുന്ന ഈ സദസ്സില്‍ സാംസ്കാരിക സാഹിത്യ പ്രതിഭകളെ ക്ഷണിച്ചുവരുത്തി അവരുടെ കഴിവുകള്‍ പരസ്യമായി പ്രകടിപ്പിക്കുവാന്‍ അവസരം ഒരുക്കുന്നു. അതില്‍ മികവ് തെളിയിക്കുന്നവര്‍ക്ക് ‘പട്ട’ സ്ഥാനം കല്‍പിച്ച് ‘ദാനം’ നല്‍കി ആദരിച്ചുവന്നിരുന്നു. ഇപ്പോള്‍ രണ്ടുദിവസമാണ് രേവതിനാളില്‍ പ്രത്യേക പൂജ നടക്കും. വേദപണ്ഡിതന്മാരെ ആദരിക്കുന്ന ചടങ്ങും ക്ഷേത്രത്തിലുണ്ട്. മിഥുനമാസത്തിലെ അനിഴം നക്ഷത്രത്തില്‍ പ്രതിഷ്ഠാദിനവും കര്‍ക്കിടത്തില്‍ വിശേഷാല്‍ ഗണപതി ഹോമവും ഭഗവതി സേവയും അവസാനദിവസം നൂറ്റിയെട്ട് നാളീകേരം കൊണ്ടുള്ള അഷ്ടദ്രവ്യഗണപതി ഹോമവും ഉണ്ടാകും. വൃശ്ചികമാസത്തില്‍ മണ്ഡലകാലവും ധനുമാസത്തിലെ തിരുവാതിരയും നരസിംഹ ജയന്തിയും ശിവരാത്രിയും ഇവിടെ ആഘോഷിച്ചുവരുന്നു. മേട സംക്രമദിവസം കൊടിയേറി വിഷുക്കണികണ്ട് എട്ടാം ദിവസം ആറാട്ടോടുകൂടി ഉത്സവം സമാപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: