Categories: Varadyam

കളി അരങ്ങിലെ കൈലാസനാഥന്‍

Published by

ദുര്‍വാസാവു മഹര്‍ഷി വരമായി നല്‍കിയ ദിവ്യ മന്ത്രത്താല്‍ ഉദിച്ചുയര്‍ന്നുവരുന്ന ബാലസൂര്യനില്‍ രാജകുമാരിക്ക്‌ മോഹമുദിച്ചു. സിന്ദൂര നിറത്തില്‍ ഉഷസ്സിന്റെ കുളിരുപരക്കുന്ന മുഹൂര്‍ത്തത്തില്‍ പ്രത്യക്ഷപ്പെട്ട സൂര്യദേവനെ കണ്ടപ്പോള്‍ ബാല്യംവിട്ട്‌ കൗമാരത്തില്‍ എത്തിക്കൊണ്ടിരുന്ന കുമാരി ഭയന്നു. കുളി കഴിഞ്ഞ്‌ ഈറന്‍ ചുറ്റി നനഞ്ഞ മുടി ദേഹത്ത്‌ പറ്റിപ്പിടിച്ച്‌ വീണ്‌ കിടന്നിരുന്ന കന്യകയെ ദേവന്‍ പുണര്‍ന്നു. അതേ നിമിഷത്തില്‍ അപ്രത്യക്ഷവുമായി. താമസിയാതെ വരബലശക്തിയാല്‍ രാജകുമാരി ഗര്‍ഭം ധരിച്ച്‌ കൗതുകമാര്‍ന്ന ഉണ്ണിയെ പ്രസവിച്ചു. വിശന്നു കരയുന്ന അവന്‌ മുല കൊടുക്കാന്‍ ഇല്ല. പുറംലോകമറിയാതെ ഗംഗാനദിയിലേക്ക്‌ ഒഴുക്കിവിടേണ്ടിവന്ന അമ്മയുടെ ഗതികേട്‌ കര്‍ണശപഥം കഥയില്‍ മനുഷ്യമനസ്സിനെ ഉരുക്കുന്നു.

തന്മയത്വമായി ഈ ചരിതം ആടിതീര്‍ക്കുമ്പോള്‍ മദ്ദളവുമായി അരങ്ങില്‍ ശങ്കരവാരിയര്‍ ആശാന്റെ സാന്നിദ്ധ്യം വേണം. കുന്തി എന്ന മഹാഭാരതത്തിലെ, ഏറെ അനുഭവിച്ച ജന്മത്തിനൊപ്പം തുറന്ന മനസ്സുമായി സഞ്ചരിക്കാന്‍ വാരിയര്‍ക്കുള്ള കഴിവിനെ അറിയാത്തവരില്ല. കലാമണ്ഡലം ശങ്കരവാരിയര്‍ ഇന്ന്‌ ഷഷ്ടിപൂര്‍ത്തിയുടെ നിറവിലാണ്‌.

മഹാരാജ്ഞിയായ നായികയുടെ കുലംകുത്തി ഒഴുകുന്ന മനസ്സില്‍ വാത്സല്യത്തിന്റെ അലയടിക്കുമ്പോള്‍ അത്‌ ആസ്വാദകര്‍ക്ക്‌ അനുഭവിപ്പിക്കുകയാണ്‌ മദ്ദളക്കാരന്‍. തന്റെ വിരലുകളില്‍ പുത്രസ്നേഹത്തിന്റെ തഴുകലും ചുംബനവും എല്ലാം എല്ലാം വിരിച്ചെടുക്കുന്നു. ഇത്‌ ഒരു മദ്ദളക്കാരന്റെ ചുമതലകളില്‍ ആയിത്തീര്‍ന്നത്‌ ഒരുപക്ഷെ ശങ്കരവാരിയരുടെ അരങ്ങുഭാഷ്യം കൊണ്ടാവാം. പ്രണയിനിയായ ദമയന്തിയും ഉഷയും തോഴിയായ ചിത്രലേഖയും ദുഃഖത്തിന്റെ വേലിയേറ്റത്തില്‍ ആഴ്‌ന്ന സീതയും കുന്തിയും പാഞ്ചാലിയും മായാമോഹിനിയായ ലളിതമാരും രുംഗ്മാംഗദനെ പരീക്ഷിക്കാന്‍ വന്ന മോഹിനിയും അരങ്ങിലേക്ക്‌ പ്രവേശിക്കുന്നത്‌ ശങ്കരന്റെ സാന്നിധ്യം ഉറപ്പിച്ചാണ്‌. അത്‌ നടനും ആസ്വാദകനും ഒന്നായി ഏറെ തൃപ്തി തരുന്ന അനുഭവമാകുന്നു.

ഇത്‌ കലാമണ്ഡലം ശങ്കരവാരിയര്‍. കണ്ണൂരിലെ തില്ലങ്കേരിക്കാരന്‍ ഇന്ന്‌ ഉയര്‍ച്ചയുടെ കൈലാസത്തില്‍ എത്തിനില്‍ക്കുകയാണ്‌. ദൈവനിയോഗത്താലാണ്‌ മദ്ദളത്തില്‍ ഇതുപോലൊരു അവതാരത്തിനെ ലഭിച്ചത്‌. അത്‌ കഥകളിയുടേയും പഞ്ചവാദ്യത്തിന്റേയും സുകൃതം.

ജീവിക്കാന്‍ നന്നേ കഷ്ടപ്പെടുന്ന ബാല്യം. അലഞ്ഞ്‌ തിരിഞ്ഞുനടന്നു. അതിനാല്‍ ചതിയും കുണ്ടും കുഴിയും തോടും കടലും നന്നായി അറിഞ്ഞു. പക്ഷേ എല്ലാത്തില്‍നിന്നും മോക്ഷം വേണം. അത്‌ ജഗദീശ്വരന്‍ അറിഞ്ഞ്‌ കൊടുക്കാന്‍ തന്നെ നിശ്ചയിച്ചു. സഫലമായ പുണ്യജന്മത്തിന്‌ വഴി തന്നെ തുറന്നു.

അത്താഴപൂജ കഴിഞ്ഞ്‌ ശാന്തിക്കാരന്‍ മണിയടിച്ച്‌ ശ്രീലകം പൂട്ടി. സോപാനത്തില്‍ വച്ചിരുന്ന പൂജാപാത്രം കഴുകിക്കമഴ്‌ത്തി. പിറ്റേന്ന്‌ വയ്‌ക്കാനുള്ള നിവേദ്യത്തിനുള്ളത്‌ ഒരുക്കി വച്ചു. വിറകും മടലും എല്ലാം മറക്കാതെ എടുത്തുവച്ചു. നാലമ്പലം ഒന്നൂടെ അടിച്ചുവൃത്തിയാക്കുന്നതിനിടെ ഒരു പത്രത്തിന്റെ കീറിയ ഭാഗം. അത്‌ അടിച്ചു കളയാതെ എടുത്തുനോക്കി. അത്‌ ഒരു മലയാളം പത്രം. അതുകണ്ട്‌ കുട്ടികളെപ്പോലെ ചാടിത്തുള്ളി. ശ്രീകോവിലിന്റെ മുന്‍പില്‍ തൂക്കിയിട്ടിരുന്ന വിളക്കിന്റെ വെളിച്ചത്തില്‍ ആര്‍ത്തിയോടെ വായിച്ചു. കാരണം മലയാളം പത്രം കര്‍ണാടകത്തില്‍ ഇല്ലായിരുന്നു. അമ്പലത്തില്‍ എന്തോ പൊതിഞ്ഞുവന്ന പേപ്പറായിരുന്നു അത്‌. അതില്‍ ഒന്ന്‌ പരതി നോക്കിയപ്പോള്‍ ഒരു കോളത്തില്‍ പരസ്യം. കേരള കലാമണ്ഡലത്തില്‍ വിദ്യാര്‍ത്ഥികളെ എടുക്കുന്നു. തന്റെ മനസ്സില്‍ എന്തിന്റേയൊ തിരനോട്ടം നടക്കുന്നു. നേരെ നടയിലേക്ക്‌ നോക്കി തൊഴുതു പ്രാര്‍ത്ഥിച്ചു കണ്ണീര്‍ ധാരയായി ഒഴുകി ദേഹത്തുവീണു ചിതറി. അന്ന്‌ രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നു വെളുപ്പിച്ചെടുക്കയായിരുന്നു. ക്ഷേത്രത്തിലെ പ്രഭാതജോലികള്‍ തീര്‍ത്ത്‌ നേരെ നാട്ടിലേക്ക്‌ വിട്ടു.

ചെറുതുരുത്തി എന്ന്‌ കേട്ടറിവു മാത്രമുള്ള കൊച്ചിയുടെ ഭൂപ്രദേശത്തേക്ക്‌ വടക്കേ മലബാറില്‍നിന്ന്‌ മൂന്നംഗസംഘം യാത്ര തിരിച്ചു. പലരില്‍നിന്നുമായി അല്‍പ്പാല്‍പ്പം പണം കടം വാങ്ങിയും മുന്‍പ്‌ ജോലിക്കുനിന്നിടത്തുനിന്നും ചില്വാനം സംഘടിപ്പിച്ചുമായിരുന്നു യാത്ര. ഇന്റര്‍വ്യൂവില്‍ വിജയം വരിച്ചു. മനസ്സില്‍ ആഴ്‌ന്നു കിടന്ന വാദ്യവാസനകള്‍ പ്രയോജനപ്പെട്ടു. മദ്ദളത്തിലേക്കായിരുന്നു പ്രവേശനം തരപ്പെട്ടത്‌. മൃദംഗത്തെ അറിയാമായിരുന്നു. മദ്ദളവും മൃദംഗവും ഒന്നാണെന്നായിരുന്നു ധാരണ. പഴശ്ശിയിലെ തമ്പുരാന്റെ ഭൃത്യനെപ്പോലെ കുറെക്കാലം സന്തതസഹചാരിയായിരുന്നു. സംഗീതനിധിയായ തമ്പുരാനൊപ്പം പലയിടത്തേക്കും യാത്ര ചെയ്തിരുന്നു. ആയിടക്ക്‌ തൃപ്പൂണിത്തുറയിലും എത്തിച്ചേര്‍ന്നു. കോവിലകത്തിന്റെ സമീപത്തെ പൂര്‍ണത്രയീശക്ഷേത്രത്തില്‍ ശീവേലിക്കും ദീപാരാധനക്കും നടത്തിയിരുന്ന നാദസ്വരം മനസ്സിനെ കീഴ്പ്പെടുത്തി. അതിലെ തകിലിനെ അറിയാതെ ഇഷ്ടപ്പെട്ടു. കൊട്ടിനോക്കി. മൂന്നുനാള്‍ക്കുശേഷം തൃപ്പൂണിത്തുറയില്‍നിന്നും യാത്രയായി. തന്റെ മോഹം നടപ്പിലാക്കുവാന്‍ തമ്പുരാന്‍ ഒരു തകിലും വാങ്ങി. ഒഴിവുവേളയില്‍ തകിലിനെ പ്രയോഗിച്ചു ശീലിച്ചു. അത്‌ മദ്ദള വായനക്ക്‌ വഴിയായി. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും തന്നെപ്പോലെ തമ്പുരാനില്‍നിന്നും സംഗീതം ശീലിക്കാന്‍ മോഹിച്ച്‌ കോവിലകത്തെ അംഗമായിക്കഴിഞ്ഞിരുന്നു. തമ്പുരാന്‌ സപ്തസ്വരം പഠിപ്പിക്കാന്‍ സമയം കിട്ടിയിരുന്നില്ല. അതിനവസരം വരുമ്പോഴേക്കും മേറ്റ്ന്തെങ്കിലും സംഭവിച്ച്‌ ആ അവസരം നഷ്ടമാകും. രണ്ടുപേരും കോവിലകത്ത്‌ അധികകാലം പാര്‍ത്തില്ല.

കേരള കലാമണ്ഡലത്തില്‍ പതിനഞ്ചാം വയസ്സില്‍ വിദ്യാര്‍ത്ഥിയായി. അപ്പുക്കുട്ടിപ്പൊതുവാളും നമ്പീശന്‍ കുട്ടി എന്ന നാരായണന്‍ നമ്പീശനുമായിരുന്നു അധ്യാപകര്‍. അവിടുത്തെ പഠനം ഇഷ്ടപ്പെട്ടെങ്കിലും ശിക്ഷാവിധികള്‍ സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ലാസ്യഭാവത്തില്‍ ലളിതയെപ്പോലെ ഒഴുകുന്ന ‘നിള’യെ നോക്കി കരഞ്ഞുതീര്‍ത്തു. അരങ്ങേറ്റത്തിന്‌ സമയമായി ദക്ഷിണ നല്‍കാന്‍ കയ്യില്‍ ഒന്നുമില്ല. കരച്ചില്‍ വന്നു. ആധിയാല്‍ പനിയും പിടിച്ചു. കൂട്ടുകാര്‍ പണവുമായി അരങ്ങേറ്റത്തിന്‌ ഉത്സാഹമായി ഓടി നടന്നു. ഗുരു നമ്പീശന്‍ കുട്ടിയാശാന്‍ തന്നെ ശങ്കരവാരിയര്‍ എന്ന ശിഷ്യനെ സഹായിച്ചു. അവന്റെ ദുഃഖം. വായിച്ചെടുത്ത അദ്ദേഹം ദക്ഷിണക്കുള്ള തുക നല്‍കി. മദ്ദളവുമായി അരങ്ങില്‍ നിന്നപ്പോള്‍ പനി പമ്പകടന്നിരുന്നു. അരങ്ങേറ്റത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ആ വിദ്യാര്‍ത്ഥി കലാമണ്ഡലം ശങ്കരവാര്യരായി കലാലോകത്ത്‌ വളര്‍ന്നു.

അതീവ ശ്രദ്ധയോടെയായിരുന്നു ശങ്കരന്റെ കഥകളി അരങ്ങിലെ പ്രകടനങ്ങള്‍ ഓരോന്നും. കഥാപാത്രത്തിന്റെ നീക്കങ്ങള്‍ സസൂക്ഷ്മം പഠിച്ച്‌ അവതരിപ്പിക്കാന്‍ പ്രത്യേകം നിഷ്ക്കര്‍ഷിച്ച ഈ കലാകാരന്‌ ഒട്ടേറെ അരങ്ങുകള്‍ വന്നണഞ്ഞു. പഠനാനന്തരം കലാമണ്ഡലത്തില്‍ തന്നെ ഉദ്യോഗവും ലഭിച്ചു. ഏലൂര്‍ ഉദ്യോഗമണ്ഡലില്‍ എഫ്‌എസിടി വക കലാകേന്ദ്രത്തില്‍ വന്ന മദ്ദളാധ്യാപക ഒഴിവില്‍ ശങ്കരവാരിയര്‍ നിയമിതനായി. കലാമണ്ഡലത്തില്‍നിന്നും രാജിയും വെച്ചു.

വിദേശത്തും സ്വദേശത്തുമായി വേദികളില്‍നിന്നും വേദികളിലേക്ക്‌ പകര്‍ന്നാടി. സ്ത്രീ വേഷക്കാര്‍ക്ക്‌ ബഹുസമ്മതനായി, ആസ്വാദകര്‍ക്ക്‌ ഇഷ്ടപ്പെട്ട വായനക്കാരനുമായി വളര്‍ന്നു. വിശ്വവിജയിയായി. കോട്ടയ്‌ക്കല്‍ ശിവരാമന്‍, കുടമാളൂര്‍ കരുണാകരന്‍ നായര്‍, അടങ്ങുന്ന ‘നായികരത്ന’ങ്ങളുടെ വിജയ സോപാനത്തില്‍ ശങ്കരനും ഭാഗഭാക്കായിത്തീര്‍ന്നു. മനസ്സിലെ സംഗീതബോധവും താളത്തിലെ നിഷ്ക്കര്‍ഷയും ഔചിത്യപൂര്‍ണമായ രംഗാവിഷ്ക്കാരവും ഈ കലാകാരന്‌ തുണയായി. വണ്‍മാന്‍ ഷോയായി നിറഞ്ഞുനിന്നു. സ്ത്രീ കഥാപാത്രങ്ങള്‍ക്ക്‌ ചെണ്ടയില്ല. മദ്ദളമാണ്‌. ലാസ്യഭാവത്തിന്‌ അനുയോജ്യമായ രീതിയില്‍ വായിച്ചു നിറയ്‌ക്കാന്‍ പ്രത്യേക ശ്രദ്ധ വച്ചിരുന്നു.

ആട്ടപ്രധാന കഥകളില്‍ കൊട്ടിക്കൊഴുപ്പിക്കാനും വശമായിരുന്ന ശങ്കരവാരിയര്‍ക്ക്‌ ശിഷ്യഗണങ്ങള്‍ കുറച്ചൊന്നുമല്ല. മദ്ദളത്തിന്‌ പഞ്ചവാദ്യത്തില്‍ വാരിയര്‍ അപൂര്‍വമാണെങ്കിലും ശിഷ്യന്മാര്‍ക്ക്‌ ഗംഭീര സ്വാധീനമുണ്ട്‌. ആ രംഗത്തും ഏറെ ശിഷ്യന്മാര്‍ അറിയപ്പെടുന്നുണ്ട്‌.

ഏലൂര്‍ മേഖലയില്‍ കേരളത്തിന്റെ നാനാദിക്കില്‍നിന്നും വന്ന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്‌. ഒരുപക്ഷെ കുടിയേറിപ്പാര്‍ത്തവരാണ്‌ ഏറെയും. അവരുടെ പുതിയ തലമുറയിലെ കുട്ടികള്‍ക്കെല്ലാം ശങ്കരവാരിയരാശാന്റെ ശിഷ്യത്വം ലഭിച്ചിട്ടുണ്ട്‌.

വിദേശത്ത്‌ വച്ച്‌ നടന്ന ഒരരങ്ങിനുശേഷം കലാകാരന്മാരെ പരിചയപ്പെടാന്‍ മാര്‍ഗരറ്റ്‌ താച്ചര്‍എന്ന ബ്രിട്ടീഷ്‌ പ്രധാനമന്ത്രി വന്നു. അതിനിടയില്‍ അവര്‍ ശ്രദ്ധിച്ചിരുന്ന കലാകാരനെ കണ്ടില്ല. ‘ആ ഡ്രമ്മിസ്റ്റിന്‍’തിരക്കി. ചെണ്ടക്കാരനെ കാണിച്ചു അതല്ല മറ്റൊരാള്‍. മദ്ദളം പൊതിഞ്ഞുകെട്ടിയിരുന്ന ശങ്കരവാരിയരെ അവര്‍ വിളിച്ചുവരുത്തിക്കണ്ടു. അമൃതൊഴുകിയിരുന്ന വിരലില്‍ ചുംബിച്ചു, തഴുകി. അവര്‍ക്ക്‌ തൃപ്തിയായി.

അനായാസം ഒഴുക്കിടുന്ന സര്‍വചരാചരങ്ങളുടേയും ശബ്ദം. അതുപോലെ തന്നെ കേള്‍പ്പിക്കുവാന്‍ ഇദ്ദേഹത്തിന്റെ അന്യാദൃശമായ കഴിവിനെ ശ്ലാഘിക്കാതെ വയ്യ. നളചരിതം നാലാം ദിവസത്തിലെ ദമയന്തിയുടെ പദത്തില്‍ “നാദമസാരം കേള്‍പ്പായി, രഥകേതു ഇതല്ലോ കാണായി………” ഈ സമയത്ത്‌ കുതിരക്കുളമ്പടിയും രഥവേഗവും അതിസമര്‍ത്ഥമായി അവതരിപ്പിക്കാന്‍ ശങ്കരന്‍ ബദ്ധശ്രദ്ധനാണ്‌. മൂന്നാം ദിവസത്തിലെ സുദേവനും നിരവധി വാദ്യപ്രയോഗങ്ങള്‍ക്കവസരമുണ്ട്‌. അവിടെയെല്ലാം ശങ്കരന്‍ ഒഴിവാക്കാനാവാത്ത ഘടകമാണ്‌. ഉദ്യാനം, വനം, നദി, പക്ഷികളുടെ ചിറകടി ശബ്ദങ്ങള്‍, വീണ, മൃദംഗം, തകില്‍ എന്നിവയെല്ലാം ശങ്കരന്റെ മദ്ദളത്തില്‍നിന്നും ഉതിര്‍ന്നുവീഴും. ആസ്വാദകരില്‍ അത്‌ ഉളവാക്കിയ അനുഭവങ്ങള്‍ നിരവധി അരങ്ങുകളെ ഉദ്ധരിച്ച്‌ പറയാനുണ്ടാവും. വീരശൃംഖലയടക്കം പുരസ്കാരങ്ങളുടെ കൈലാസവാസിയായ ശങ്കരന്‌ എല്ലാം അര്‍ഹതപ്പെട്ടതുതന്നെ.

ഗുരുക്കന്മാര്‍ കൊത്തിയെടുത്ത ശില്‍പ്പങ്ങള്‍ക്ക്‌ ആഭരണങ്ങള്‍ ചാര്‍ത്തിയെടുത്ത്‌ കമനീയമാക്കുവാനാണ്‌ ശിഷ്യന്മാര്‍ ശ്രമിക്കേണ്ടത്‌. അതെല്ലാം വേണ്ടപോലെ ചെയ്തുതീര്‍ക്കാന്‍ വാരിയര്‍ക്കു കഴിഞ്ഞു. വടക്കേ മലബാറില്‍നിന്നും മദ്ധ്യകേരളത്തില്‍ ചേക്കേറി വിശ്വം മുഴുവന്‍ ശ്രദ്ധിക്കാന്‍ തക്കവണ്ണം തന്റെ കലയെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞത്‌ ധിഷണാശാലിയുടെ മികവുതന്നെയാണ്‌. ചെണ്ടയുടെ മുറുകിയ ശബ്ദത്തിനിടക്ക്‌ തന്റെ മദ്ദളം ഒച്ചയില്‍ മെച്ചമായി നിന്നത്‌ ദീര്‍ഘകാലത്തെ സാധകത്തിന്റെ മികവിനാല്‍ തന്നെയാണ്‌. ആലുവക്കടുത്ത ഏലൂരില്‍ സ്ഥിരതാമസമാക്കിയ വാര്യരുടെ ഭാര്യ വത്സല. അരുണും കിരണും മക്കളാണ്‌. അരുണ്‍ വളരുന്ന പ്രതിഭതന്നെയാണ്‌.

മദ്ദളത്തിലെ വരുന്ന തലമുറക്കാര്‍ക്ക്‌ നല്ലവഴി കാട്ടിയാണ്‌ ശങ്കരവാരിയര്‍. രംഗത്തെ അദ്ദേഹത്തിന്റെ ഉണര്‍ന്ന പ്രവര്‍ത്തനം ശ്രദ്ധേയം തന്നെയാണ്‌. എപ്പോഴും ശബ്ദിപ്പിക്കുന്ന വിരലില്‍നിന്ന്‌ ധാരധാരയായി ഉതിര്‍മണികള്‍ വീണുകൊണ്ടേയിരിക്കുന്നു. ഇതാണ്‌ തില്ലങ്കേരിക്കാരനായ കലാമണ്ഡലം ശങ്കരവാരിയര്‍.

പാലേലി മോഹന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts