Categories: Samskriti

സൃഷ്ടി-സ്ഥിതി-സംഹാരം

Published by

മറ്റ്‌ ജീവികളെ അപേക്ഷിച്ച്‌ മനുഷ്യര്‍ക്ക്‌ നല്ല ബുദ്ധിശക്തിയുണ്ട്‌. എന്നിരുന്നാലും അവര്‍ ഭഗവദ്ഭക്തരാകാത്തിടത്തോളംകാലം അവരുടെ ചിന്ത മുഴുവന്‍ ഐഹികപരിധിയില്‍ ഒതുങ്ങി നില്‍ക്കുകയേയുള്ളൂ. അതിനാല്‍ ഐഹികമനസ്സിന്‌ അതീയന്ത്രിയത്വത്തെ സമീപിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഭഗവാനേയോ അദ്ദേഹത്തിന്റെ പ്രതിനിധിയെയോ ശരണം പ്രാപിക്കുന്നതിനുപകരം, തങ്ങളുടെ ഐഹികമനസ്സിനപ്പുറത്ത്‌ നില്‍ക്കുന്നതിനെ പ്രത്യക്ഷീഭവിക്കാത്തതെന്ന്‌ വിശേഷിപ്പിക്കുകയാണ്‌ പ്രത്യക്ഷദൃഷ്ടാന്തത്തില്‍ വിശ്വസിക്കുന്ന ദാര്‍ശനികന്മാര്‍ ചെയ്യുന്നത്‌. അതിനാണ്‌ കൂപമണ്ഡൂകത്തിന്റെ ന്യായവാദം എന്നുപറയുന്നത്‌.

അതിസൂക്ഷ്മമായ ഒരു ജീവാത്മാവ്‌ എത്ര വലിയ ചിന്തകനായാലും അവന്റെ പ്രവര്‍ത്തനങ്ങളെല്ലാം ഭൗതികമായ അതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നവയാണ്‌. കുണ്ടുകിണറ്റിലെ തവളയ്‌ക്ക്‌ തന്റെ കൊച്ചു സാമ്രാജ്യത്തിന്‌ വെളിയില്‍ സാഗരം എന്നൊന്നുണ്ടെന്ന്‌ മനസ്സിലാക്കാന്‍ ഒരിക്കലും കഴിയില്ല. തന്റെ ചെറിയ ചെളിക്കുണ്ടിനേക്കാള്‍ അസംഖ്യം മടങ്ങ്‌ വലിപ്പമുള്ള ഒരു മഹാജലശേഖരമുണ്ടെന്ന്‌ അംഗീകരിക്കാന്‍ അത്‌ വിസമ്മതിക്കുന്നു. അതുപോലെ നാം നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും അന്ധകൂപത്തില്‍ കുടുങ്ങിപ്പോയിരിക്കുകയാണ്‌. യോഗത്തിലൂടെയും അനുഭവമാത്രകമായ സിദ്ധാന്തങ്ങളിലൂടെയും നമ്മുടെ പരിമിതികളെ തരണം ചെയ്യാന്‍ ആഞ്ഞുശ്രമിച്ചാലും, നാം എത്രതന്നെ പണ്ഡിതരായാലും നാം സ്വയം നിര്‍മ്മിച്ച കിണറ്റിന്റെ പരിമിതികള്‍ക്കപ്പുറമെത്താന്‍ ആവില്ല.

അപ്പോള്‍ നമുക്ക്‌ മഹാസാഗരത്തിന്റെ വിവരമെത്തിച്ചു തരാന്‍ ആര്‍ക്ക്‌ കഴിയും? ചിലപ്പോള്‍ ഉപരിലോകങ്ങളിലേക്കുയര്‍ന്നും ചിലപ്പോള്‍ താഴോട്ട്‌ വന്നും ഈ ഭൗതികലോകത്തിന്റെ കിണറ്റില്‍ പൊങ്ങിക്കിടക്കാന്‍ വേണ്ടി പാടുപെടാന്‍ തുടങ്ങിയിട്ട്‌ എത്രകാലമായെന്ന്‌ വല്ല രേഖയുമുണ്ടോ? ഈ അന്ധകൂപത്തിന്റെ തടവറയില്‍ നിന്ന്‌ ഭഗവാനോ അദ്ദേഹം അധികാരപ്പെടുത്തിയ പ്രതിനിധിക്കോ മാത്രമേ നമ്മെ വിമോചിപ്പിക്കാന്‍ കഴിയൂ. അവരുടെ മാര്‍ഗനിര്‍ദ്ദേശത്തില്‍ അനന്തമായ ആദ്ധ്യാത്മികാകാശത്തിന്റെ മഹാസാഗരത്തെക്കുറിച്ച്‌ നമുക്കറിയാന്‍ സാധിക്കും. ഉന്നതാധികാരികളില്‍ നിന്ന്‌ കേട്ടറിയുന്ന ഈ സമ്പ്രദായത്തിന്‌ അനുമാനരീതിയെന്നോ പരമ്പരാസമ്പ്രദായമെന്നോ പറയാം. അതീന്ദ്രിയജ്ഞാനം നേടുള്ള ഒരേയൊരു അംഗീകൃത പദ്ധതി ഇതാണ്‌. ഈ രീതിയില്‍ മാത്രമേ നിത്യസത്യം സംക്രമിക്കാന്‍ സാധിക്കുകയുള്ളൂ.

മനുഷ്യന്റെ കണക്കുകൂട്ടലനുസരിച്ച്‌ ആയിരം യുഗങ്ങള്‍ കൂടുന്നത്‌ ബ്രഹ്മാവിന്റെ ഒരു പകല്‍ മാത്രമാണ്‌. ഒരു രാത്രിക്കും അത്രയും ദൈര്‍ഘ്യമുണ്ട്‌. ബ്രഹ്മാവിന്റെ പകല്‍ തുടങ്ങുമ്പോള്‍ ജീവാത്മാക്കളെല്ലാം അനാവിഷ്ടതവസ്ഥയില്‍ നിന്ന്‌ ആവിഷ്കൃതമായിത്തീരുന്നു. തുടര്‍ന്ന്‌ രാത്രിയാരംഭിക്കുമ്പോള്‍ അവ വീണ്ടും അനാവിഷ്കൃതത്തില്‍ ലയിക്കുന്നു. ഇങ്ങനെ വീണ്ടും ബ്രഹ്മാവിന്റെ പകല്‍ വരുമ്പോള്‍ ജീവാത്മാക്കളെല്ലാം ജനിക്കുകയും ബ്രഹ്മാവിന്റെ രാത്രിയാകുന്നതോടെ അവയെല്ലാം നിസഹായരായി സര്‍വനാശമടയുകയും ചെയ്യുന്നു. ഇതുകൂടാതെ മറ്റൊരു അനാവിഷ്കൃത പ്രകൃതി കൂടിയുണ്ട്‌. അത്‌ നിത്യവും ഈ ആവിഷ്കൃതവും അനാവിഷ്കൃതവുമായ പദാര്‍ത്ഥത്തിനതീതവുമാണ്‌. സര്‍വ്വോന്നതും ഒരിക്കലും നശിക്കാത്തതുമാണത്‌. ഈ ലോകത്തുള്ളതെല്ലാം നശിക്കുമ്പോള്‍ ആ ഭാഗം അതേപടി നിലനില്‍ക്കുന്നു.

ബ്രഹ്മലോകത്തെ ആയുര്‍ദൈര്‍ഘ്യം കോടിക്കണക്കിന്‌ വര്‍ഷങ്ങളാണെന്നറിയുമ്പോള്‍ ആളുകള്‍ അതിശയിക്കുന്നു. ബ്രഹ്മലോകത്തെത്താന്‍ സന്യാസം സ്വീകരിച്ച്‌ കഠിനമായ നിഷ്ഠകള്‍ക്കും പരിത്യാഗത്തിനും വിധേയനാകണം. എന്തൊക്കെയായാലും ഒരുകാര്യം നാം അവശ്യം കണക്കാക്കേണ്ടതുണ്ട്‌. ഈ ലോകത്തിന്റെ പ്രധാനദേവനായ ബ്രഹ്മദേവന്‍പോലും അനശ്വരനല്ല. വേദഗ്രന്ഥങ്ങളെ ആഴത്തില്‍ പഠിച്ചവര്‍ക്ക്‌ ബ്രഹ്മാവിന്റെ ആയുഷ്കാലം കണക്കാക്കാന്‍ കഴിയും. മനുഷ്യവര്‍ഗത്തിന്‌ ഒരു വര്‍ഷത്തില്‍ 365 ദിവസങ്ങളാണുള്ളത്‌. ഇത്തരം 4,320,000 വര്‍ഷങ്ങളാണ്‌ ഒരു ചതുര്‍യുഗ പരിവൃത്തി (നാലു യുഗങ്ങളുടെ ഒരു ചക്രം) ചതുര്‍യുഗങ്ങളുടെ ആയിരം പരിവൃത്തിയാണ്‌ ബ്രഹ്മവാന്റെ ഒരു പകല്‍ (12 മണിക്കൂര്‍) ഈ രീതിയില്‍ അദ്ദേഹത്തിന്റെ മാസങ്ങളും വര്‍ഷങ്ങളും കണക്കാക്കാം. ബ്രഹ്മാവിന്റെ ആയുസ്‌ ഇത്തരത്തിലുള്ള നൂറുവര്‍ഷങ്ങളാണ്‌. എന്നാല്‍ അതിദീര്‍ഘമായ ഈ ആയുഷ്കാലമുണ്ടായാലും – 37,843,200,000,000,000 മനുഷ്യവര്‍ഷം – ബ്രഹ്മദേവനും നശ്വരനാണ്‌. അദ്ദേഹം സൃഷ്ടിച്ച മനുഷ്യജീവികളും നശിച്ചേ തീരു എന്നു പറയുന്നതില്‍ അതിശയോക്തിയില്ല. ഒരു ക്ഷുദ്രജീവി മനുഷ്യനെ അനശ്വരനായി കാണുന്നതുപോലെ, ബ്രഹ്മദേവനുള്‍പ്പെടെയുള്ള എല്ലാ ദേവന്മാരും അനശ്വരരാണെന്ന്‌ നമുക്ക്‌ തോന്നുന്നു. എന്തൊക്കെയായാലും വസ്തുതാപരമായി നോക്കുമ്പോള്‍ ഒരു രൂപത്തിലുള്ള ഭൗതികവും ഒരിക്കലും നിത്യമല്ല.

ബ്രഹ്മാവിന്റെ ഒരു പകല്‍ കഴിയുമ്പോള്‍ ഭാഗികമായ ഒരു പ്രളയം. ദേവന്മാരുടെ വാസസ്ഥാനമായ സ്വര്‍ഗലോകംവരെയുള്ള എല്ലാ ലോകങ്ങളേയും ജലത്തിലാഴ്‌ത്തുന്നു. ഈ ലോകത്തിലെ സര്‍വജീവാത്മാക്കളേയും ബ്രഹ്മാവിന്റെ പകലിന്റെ തുടക്കത്തില്‍ സൃഷ്ടിച്ചിരിക്കുന്നു. സന്ധ്യയോടെ അവയെല്ലാം സംഹരിക്കപ്പെടുന്നു. ഈ സൃഷ്ടിസംഹാരങ്ങള്‍ നിരന്തരം ആവര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു.

– ഭക്തിവേദാന്തസ്വാമി പ്രഭുപാദര്‍

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by