ജനുവരി ഒന്നാം തീയതിയാണ് ഇതെഴുതാനിരിക്കുന്നത്. നാല്‍പ്പത്തിനാലുവര്‍ഷങ്ങള്‍ക്കു മുമ്പത്തെ ഈ ദിവസം ഈ ലേഖകനെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്തതാണ്. കോഴിക്കോട്ടെ മുതിര്‍ന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും അങ്ങനെയായിരിക്കും. 44 വര്‍ഷമെന്നത് ചെറിയ ഒരു കാലയളവല്ല.
അതിനുശേഷം നാലു തലമുറകള്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. അന്നത്തെ യുവാക്കള്‍ വൃദ്ധരും ബാലന്മാര്‍ പ്രൗഢരുമായിക്കഴിഞ്ഞു. അതേദിവസമാണ് കോഴിക്കോട് നഗരത്തിലെ ശ്രീനാരായണ നഗറില്‍ ചേര്‍ന്ന ഭാരതീയ ജനസംഘത്തിന്റെ 14-ാം അഖില ഭാരത മഹാസമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച് രാജ്യത്തിനും ജനസംഘത്തിനും പ്രതീക്ഷാനിര്‍ഭരമായ ഒരു രാഷ്‌ട്രീയാജണ്ട പ്രഖ്യാപിച്ചശേഷം ഭാരതം കണ്ട ഏറ്റവും പ്രതിഭാ ധനന്മാരില്‍ ഒരാളായിരുന്ന പണ്ഡിത് ദീനദയാല്‍ ഉപാദ്ധ്യായ കോഴിക്കോടിനോട് യാത്ര പറഞ്ഞു കര്‍ണാടകത്തിലേക്കു പോയത്. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ കര്‍ണാടക പ്രാന്തീയ ശിബിരത്തിലെ മുഖ്യ പ്രഭാഷണം നടത്തിയതദ്ദേഹമായിരുന്നു. ആ ശിബിരത്തിലെടുത്ത ചിത്രമാണ് ദീനദയാല്‍ജിയുടെ ഏറ്റവും പ്രസിദ്ധമായതും.
കോഴിക്കോട്ട് ചേര്‍ന്ന സമ്മേളനം ഭാരത രാഷ്‌ട്രീയത്തില്‍ വഴിത്തിരിവു സൃഷ്ടിച്ച 1967 ലെ പൊതു തെരഞ്ഞെടുപ്പിനുശേഷം നടന്ന ആദ്യത്തെതായിരുന്നു. ഇന്ദിരാ കോണ്‍ഗ്രസിന്റെ ഏകഛത്രാധിപത്യത്തിന്റെ അവസാനം ആരംഭിച്ചുകഴിഞ്ഞിരുന്നു. പ്രധാനപ്പെട്ട എട്ടു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനു ഭൂരിപക്ഷം നഷ്ടപ്പെട്ടു. പഞ്ചാബ് മുതല്‍ ബംഗാള്‍വരെ കോണ്‍ഗ്രസ് ഭരിക്കാത്ത പ്രദേശങ്ങളിലൂടെ യാത്രചെയ്യാന്‍ കഴിയുന്ന അവസ്ഥ വന്നതായി അടല്‍ബിഹാരി വാജ്പേയി അഭിപ്രായപ്പെട്ടിരുന്നു. നാലു സംസ്ഥാനങ്ങളില്‍ ജനസംഘം ഭരണ പങ്കാളിയായി. ദല്‍ഹിയില്‍ ഒറ്റയ്‌ക്ക് ഭരണകക്ഷിയുമായി. ഈ നേട്ടങ്ങളുടേയും രാഷ്‌ട്രീയ കക്ഷി സഹകരണത്തിന്റേയും മുഖ്യ ശില്‍പ്പി ദീനദയാല്‍ജിയായിരുന്നുവെന്നതില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. ഭാരതത്തിന്റെ പുരാതനകാലം മുതലുള്ള സാംസ്കൃതിക ചൈതന്യധാരയില്‍ മുങ്ങിത്തപ്പിയെടുത്ത്, ആധുനിക ലോകത്തിന്റെ നൂതന പ്രവണതകളുമായി സമുദ്ഗ്രഥിച്ച് ദീനദയാല്‍ജി രൂപം നല്‍കി ഏകാത്മമാനവ ദര്‍ശനത്തെ, ലോകത്തിനുള്ള ബദല്‍ പ്രത്യയശാസ്ത്രമായി സ്വീകരിക്കാവുന്നതാണ്. അതിന്റെ അടിസ്ഥാനത്തിലുള്ള സമഗ്രമായൊരു അഴിച്ചുപണി ഭാരതത്തിന്റെ സമസ്തരംഗത്തിലും ഉണ്ടാക്കാന്‍ കഴിയുമെന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചിരുന്നു. കോഴിക്കോട്ടുനിന്നും മടങ്ങിയശേഷം ഏകാത്മമാനവ ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലുള്ള വികസന മാതൃകയ്‌ക്ക് വേണ്ട വിസ്തൃതമായ റോഡ് മാപ്പ് തയ്യാറാക്കാന്‍ അദ്ദേഹം അഭിലഷിച്ചിരുന്നു. അദ്ദേഹത്തിന് സൗകര്യപ്രദമായി അതു ചെയ്യാന്‍ പ്രശാന്തമായ അന്തരീക്ഷത്തില്‍ സൗകര്യപ്രദമായ താമസസൗകര്യങ്ങളും ഒരുങ്ങിക്കഴിഞ്ഞിരുന്നു. പക്ഷെ അതിന് വിധി അവസരം നല്‍കിയില്ല.
ഏകാത്മമാനവ ദര്‍ശനത്തെപ്പറ്റി സാധാരണ പ്രവര്‍ത്തകര്‍ക്ക് നല്ല ധാരണയുണ്ടാവണം എന്ന് ദീനദയാല്‍ജി ആഗ്രഹിച്ചിരുന്നു. അതിനായി എല്ലാ സംസ്ഥാനങ്ങളിലും രണ്ടുതവണ വീതം നന്നാലു ദിവസത്തെ പ്രവര്‍ത്തന പഠനശിബിരങ്ങള്‍ നടത്തി താന്‍ തന്നെ അവരോടൊപ്പമിരുന്നു കാര്യങ്ങള്‍ വിവരിക്കുകയും സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ ആലുവയ്‌ക്കടുത്ത് വെളിയത്തു നാട്ടില്‍ ശ്രീ ഇരവിരവി നമ്പൂതിരിപ്പാടിന്റെ പെരിയാര്‍ തീരത്തുള്ള ഇല്ലത്തായിരുന്നു ആദ്യ ശിബിരം. പുഴയിലെ കുളിയും ഇല്ലത്തെ ഭക്ഷണവും ദീനദയാല്‍ജിയുടെ ബൗദ്ധികോത്തേജകമായ വിശദീകരണവുമായി ഗുരുകുലാന്തരീക്ഷത്തില്‍ ആ പരിപാടി നടന്നു. 1967 ഒക്ടോബറില്‍ തൃശ്ശിവപേരൂരിലെ പഴയ കോവിലകത്തായിരുന്നു രണ്ടാമത്തെ ശിബിരം. ആദ്യത്തേത് നടക്കുമ്പോഴുണ്ടായിരുന്ന രാഷ്‌ട്രീയ കാലാവസ്ഥയല്ല രണ്ടാമത്തെതിന്റെ സമയത്ത്. അന്ന് ജനസംഘം ഉദീയമാന സ്വഭാവം കാണിച്ചുവെന്നേയുള്ളൂവെങ്കില്‍ രണ്ടാമത്തേതായപ്പോഴേക്കും ഭാവിഭാഗധേയവിധാതൃസ്ഥാനം മറ്റാര്‍ക്കുമായിരിക്കില്ലെന്ന് തെളിയിച്ചു കഴിഞ്ഞിരുന്നു. അഖിലേന്ത്യാ സമ്മേളനം ആസന്ന ഭാവിയില്‍ കോഴിക്കോട്ട് നടക്കുമെന്നറിവായിരുന്നു. അദ്ധ്യക്ഷന്റെ തെരഞ്ഞെടുപ്പ് കഴിഞ്ഞിരുന്നില്ല. അതു താനായിരിക്കുമെന്നതിന്റെ സൂചനയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അവിടെ കൂടിയിരുന്ന നൂറില്‍ താഴെ പ്രവര്‍ത്തകരുടെ മുമ്പാകെ അഖില ഭാരത സമ്മേളനത്തിന്റെ നടത്തിപ്പിനെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ വിശദീകരണം ഒട്ടും അമ്പരപ്പുണ്ടാക്കുന്നതായില്ല. സമ്മേളനത്തിനെത്തുന്ന അധ്യക്ഷ സ്വീകരണവും അവസാനത്തെ അധ്യക്ഷ ഘോഷയാത്രയും ചിര സ്മരണീയമാക്കണമെന്നദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രവര്‍ത്തകരെ സഹായിക്കാന്‍ പറ്റിയ ആളുകളെ താന്‍ അയയ്‌ക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഏകാത്മമാനവ ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ രാജനൈതികവും സാമ്പദികകവും സാമാജികവുമായ വിഷയങ്ങളെക്കുറിച്ച് ദീനദയാല്‍ജി നേരത്തെതന്നെ ധാരാളം ലേഖനങ്ങള്‍ എഴുതി വന്നു. അവ സമാഹരിച്ച് ഭാരതീയ അര്‍ത്ഥനീതി, വികാസ് കി ഏക് ദിശാ എന്ന ഒരു പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ഭാരതത്തില്‍ സാമ്പത്തികാസൂത്രണത്തിന് സ്ഥാനമുണ്ട് എന്നദ്ദേഹം വിശ്വസിച്ചു. ഇവിടത്തെ പരിതസ്ഥിതിയും അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളും കണക്കിലെടുത്ത്, മുന്‍ഗണനകള്‍ രൂപപ്പെടുത്തി നമ്മുടെതായ വികസന മാതൃകകള്‍ വളര്‍ത്തിയെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. പഞ്ചവത്സര പദ്ധതികളുടെ തുടക്കം തന്നെ തെറ്റായദിശയിലാണെന്നദ്ദേഹം മുന്നറിയിപ്പ് നല്‍കി. രണ്ടു പദ്ധതികള്‍ പിന്നിട്ടു മൂന്നാം പദ്ധതി ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അവയെക്കുറിച്ച് ഠംീ ജഹമിെ ുലൃളീൃാമിരല മിറ ുൃീ‍്ലരേെ എന്നൊരു ഗ്രന്ഥം അദ്ദേഹം പ്രസിദ്ധപ്പെടുത്തി. പദ്ധതിയുടെ മുന്‍ഗണനകളും നടപ്പാക്കുന്നവിധവും മാറ്റിയില്ലെങ്കില്‍ വലിയ സാമ്പത്തിക ദുരന്തത്തിലേക്കു രാജ്യം നിപതിക്കുമെന്നദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നുപതിറ്റാണ്ടുകളിലേറെക്കഴിഞ്ഞ് നരസിംഹറാവു പ്രധാനമന്ത്രിയായപ്പോള്‍ ധനകാര്യമന്ത്രിയായിരുന്ന ഡോ.മന്‍മോഹന്‍സിംഗ് നാമിതുവരെ പിന്തുടര്‍ന്നു വന്ന നയങ്ങളും മുന്‍ഗണനകളും തെറ്റായിരുന്നുവെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ഉദാരവത്കൃത നയംകൊണ്ടുവരികയും ചെയ്തു. കമ്മ്യൂണിസം പരാജയപ്പെട്ടതാണ് പതന കാരണമെന്നവര്‍ ധരിച്ചുവശായി. പകരമായി അമേരിക്കന്‍ മുതലാളിത്തത്തിന്റെ കമ്പോള നിയന്ത്രിത സമീപനം സ്വീകരിച്ച് ഇന്ന് രാജ്യത്തെ സാമ്പത്തികത്തകര്‍ച്ചയുടെ പടുകുഴിയില്‍ എത്തിച്ചിരിക്കുന്നു. അഴിമതി ഹിമാലയത്തോളം ഉയരത്തിലെത്തിക്കഴിഞ്ഞു. ദീനദയാല്‍ജി താക്കീത് നല്‍കിയതുപോലെ, ഭാരതത്തനിമയുള്ള ഒരു വികസനമാതൃക സൃഷ്ടിച്ചെടുക്കണമെന്ന ചിന്ത, ഭരണാധികാരികള്‍ക്കുണ്ടാകുന്നില്ല. കുടിവെള്ളത്തിന് ജപ്പാന്‍ മാതൃക, കൃഷിക്ക് ജപ്പാന്‍ മാതൃക, നഗരശുചീകരണത്തിന് അമേരിക്കന്‍ മാതൃക, ഒന്നിനും ഭാരതീയ മാതൃകയില്ല എന്നാണിന്നത്തെ സ്ഥിതി.
ഭാരതീയ സമാജവ്യവസ്ഥയേയും അര്‍ത്ഥവ്യവസ്ഥയേയും കുറിച്ച് സാധാരണ സംഘ സ്വയംസേവകര്‍ക്കും നല്ല ധാരണയുണ്ടാകണമെന്ന് ദീനദയാല്‍ജി ആഗ്രഹിച്ചു. സംഘശിക്ഷാവര്‍ഗുകളില്‍ അദ്ദേഹത്തിന്റെ ബൗദ്ധിക്കുകള്‍ ഈ ലക്ഷ്യത്തോടെയുള്ളവയായിരുന്നു. വളരെ ലളിതമായ ഉദാഹരണങ്ങളിലൂടെ ഓരോ രാഷ്‌ട്രത്തിലെയും സമാജത്തിന്റെ തനിമയും പരസ്പ്പര ബന്ധങ്ങളും അടിസ്ഥാന മൂല്യങ്ങളും അദ്ദേഹം വിശദീകരിക്കുമായിരുന്നു.
കോഴിക്കോട്ട് റെയില്‍വേ സ്റ്റേഷനില്‍ ദീനദയാല്‍ജിയും മറ്റു കേന്ദ്രനേതാക്കളും മദിരാശി മെയിലിനോടു ഘടിപ്പിച്ച് ഒരു പ്രത്യേക മൂന്നാം ക്ലാസ് ബോഗിയിലാണെത്തിയത്. അവര്‍ക്ക് തനികേരളീയ രീതിയില്‍ സ്വീകരണം നല്‍കപ്പെട്ടു. അവാച്യമായ ചൈതന്യം നിറഞ്ഞ മുഖശ്രീ ആ സമയത്ത് ദീനദയാല്‍ജിക്കുണ്ടായിരുന്നതായി എല്ലാവര്‍ക്കും അനുഭവപ്പെട്ടു. കോഴിക്കോട് നഗരവും പരിസരങ്ങളും കൊടിതോരണങ്ങളാലും വിവിധ സ്മൃതി കവാടങ്ങളാലും അലംകൃതമായിരുന്നു. ദീപാങ്കിത കാവി പതാകകളില്ലാത്ത ഒരു ഇഞ്ചുസ്ഥലവും അവശേഷിക്കുന്നുണ്ടായിരുന്നില്ല. അളകാപുരി ഹോട്ടലിലെ ലോട്ടസ് എന്ന അതിഥി മന്ദിരത്തിലാണ് ദീനദയാല്‍ജി താമസിച്ചത്. അവിടം ഒരു ഗൃഹത്തിന്റെ അന്തരീക്ഷമുള്ളതായിരുന്നു.
അധ്യക്ഷ പ്രസംഗം മുന്‍കൂട്ടി തയ്യാറാക്കിയത് സവിശേഷതരത്തിലായിരുന്നു. ഒരു വശത്ത് ഹിന്ദിയിലും, അടുത്തവശത്ത് ഇംഗ്ലീഷിലുമായിരുന്നു അച്ചടിച്ചത്. ഒരു വശത്ത് ഹിന്ദിയും അടുത്തവശത്ത് മലയാളത്തിലും അച്ചടിപ്പിക്കണമെന്ന നിര്‍ദ്ദേശത്തോടെ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഹിന്ദി കോപ്പി അയച്ചു തന്നിരുന്നു. പ്രൊഫ.രാമകൃഷ്ണന്‍നായര്‍ മലയാള വിവര്‍ത്തനവും നിര്‍വഹിച്ചു. പക്ഷെ അച്ചടിക്കാനുള്ള വ്യവസ്ഥ ചെയ്യാന്‍ കഴിഞ്ഞില്ല. ഇന്നത്തെപ്പോലെ അച്ചടി വിദ്യ പുരോഗമിക്കാത്തതിന്റെ പ്രശ്നമായിരുന്നു മുഖ്യം. മലയാളം തന്നെ നാഗര ലിപിയില്‍ അച്ചടിക്കാമെന്ന നിര്‍ദ്ദേശവും ഉണ്ടായി. അഖിലേന്ത്യാ സമ്മേളനത്തിനിടെ പുറത്തു ഒരു ഭാരതീയ ഭാഷാ സമ്മേളനവും നടന്നു. കേസരി വാരികയും എം.എ.കൃഷ്ണനും മറ്റുമാണ് അതിന് മുന്‍കൈയെടുത്തത്. എന്‍.വി.കൃഷ്ണവാര്യര്‍, അക്കിത്തം, തിക്കോടിയന്‍, രത്നസിംഗ് ശാണ്ഡില്യ, രാംലാല്‍ വര്‍മ, ഡോ.കെ.ഭാസ്കരന്‍ നായര്‍, എന്‍.എന്‍.കക്കാട്, സുധാംശു ചതുര്‍വേദി തുടങ്ങിയവര്‍ പങ്കെടുത്തു.
അക്കാലത്തു കോഴിക്കോട്ട് മാതൃഭൂമിക്കു സായാഹ്നപ്പതിപ്പുണ്ടായിരുന്നു. മാനാഞ്ചിറ മൈതാനത്ത് ദീനദയാല്‍ജിയുടെ അധ്യക്ഷ പ്രസംഗം പൂര്‍ത്തിയായ ഉടന്‍തന്നെ അതിന്റെ പൂര്‍ണരൂപം അച്ചടിച്ച മാതൃഭൂമി യോഗസ്ഥലത്തു വിതരണം ചെയ്യപ്പെട്ടത് എല്ലാവര്‍ക്കും സന്തോഷകരമായ വിസ്മയം സൃഷ്ടിച്ചു. അത്രത്തോളം ദീര്‍ഘവീക്ഷണവും പ്രായോഗിക മിതത്വവും യാഥാര്‍ത്ഥ്യബോധവും ആത്മവിശ്വാസവും തികഞ്ഞ ഒരു അധ്യക്ഷ ഭാഷണം; ഒരു കക്ഷിയ്‌ക്കും ഒരു കാലത്തും ലഭിച്ചിട്ടില്ലെന്ന് ഇന്നും ഉറപ്പിച്ചു പറയാന്‍ കഴിയും.
ജനദീപ് സോവനീര്‍ എന്ന ഇംഗ്ലീഷ് സ്മരണികയില്‍ ദീനദയാല്‍ജി ചരൈവേതി, ചരൈവേതി എന്ന സന്ദേശം നല്‍കി. “നാലാം പൊതുതെരഞ്ഞെടുപ്പോടെ ഭാരതത്തിന്റെ രാഷ്‌ട്രീയ സ്ഥിതിയില്‍ പരിവര്‍ത്തനം സംഭവിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് യുഗം അസ്തമിച്ചിരിക്കുന്നു. ഒരു പുതുയുഗം പിറന്നുകൊണ്ടിരിക്കുകയാകുന്നു. ഈ യുഗത്തിന് ഒരു പുത്തന്‍ ചിന്താഗതിയും നയവും ദൗത്യവും ആവശ്യമായിട്ടുണ്ട്. പഴയ തലമുറ അതിന്റെ ദൗത്യം നിര്‍വഹിച്ചശേഷം കടന്നുപോയിക്കഴിഞ്ഞു. പുതിയ തലമുറയാണിനി മുന്നോട്ടുവരേണ്ടത്, എന്നു തുടങ്ങി പുതിയൊരു കൃതയുഗ സൃഷ്ടിക്കുള്ള ആഹ്വാനം ദീനദയാല്‍ജി നല്‍കി.
രാഷ്‌ട്രീയ പരിഗണനയ്‌ക്കതീതമായി കോഴിക്കോടന്‍ ജനത സമ്മേളനത്തെ ഏറ്റെടുത്തിരുന്നു. ദീനദയാല്‍ജിയുടെ സാന്നിദ്ധ്യവും വ്യക്തിത്വവും സന്ദേശവും അവര്‍ക്ക് ഹൃദ്യമായി. വിശേഷിച്ചും സമാപന സമ്മേളനത്തില്‍ നടത്തിയ രാഷ്‌ട്രീയാഭിപ്രായത്തിനുമീതെ ഉയര്‍ന്ന ആഹ്വാനം.
1967 ഡിസംബര്‍ 31 ന് സമ്മേളനം സമാപിച്ചു. അന്നു സന്ധ്യക്ക് അധ്യക്ഷനു സ്വാഗതസമിതിയുടെ സ്വീകരണം അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്നു. അതില്‍ ജാതി, മത, രാഷ്‌ട്രീയ ഭേദമില്ലാതെ എല്ലാവരേയും ക്ഷണിച്ചിരുന്നു. ദീനദയാല്‍ജിയെ അഭിനന്ദിച്ചു സംസാരിക്കവേ ദേവഗിരി കോളേജ് പ്രിന്‍സിപ്പല്‍ ഫാ. മലേനിയസ് ജനസംഘത്തെക്കുറിച്ച് തങ്ങള്‍ക്ക് പല ആശങ്കകളുമുണ്ടെന്നും ദീനദയാല്‍ജിയുടെ പ്രസംഗങ്ങള്‍ വെളിച്ചം നല്‍കുന്നവയാണെന്നും കൂടുതല്‍ അറിയാനാഗ്രഹമുണ്ടെന്നും പറഞ്ഞിരുന്നു. ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങളുടെ അഭിലാഷങ്ങളും ഇംഗിതങ്ങളും അറിയാന്‍ തനിക്കാഗ്രഹമുണ്ടെന്നും ഇതുവരെ അതിനവസരമുണ്ടാകാത്തത് അവര്‍ അകന്നുനിന്നതുകൊണ്ടാണെന്നും കൂടുതല്‍ ഒന്നിച്ചുചേര്‍ന്നാല്‍ ആശങ്കകള്‍ അവസാനിക്കുമെന്നും ദീനദയാല്‍ജി പറഞ്ഞു. പരമേശ്വര്‍ജിയെ ദേശീയകാര്യദര്‍ശിയായും രാജേട്ടനെ ദേശീയ കാര്യസമിതി അംഗമായും അദ്ദേഹം അവിടെ പ്രഖ്യാപിച്ചു.
ജനുവരി ഒന്നാം തീയതി ദീനദയാല്‍ജി മൈസൂരിലേക്കു പോകുന്നയവസരത്തില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ അളകാപുരിയിലെത്തി. എല്ലാവരും ഒന്നും ഉരിയാടാന്‍ പറ്റാത്തവിധം വികാരനിര്‍ഭരരായിരുന്നു. ഓരോ ആളോടും പുഞ്ചിരിയോടെ തൊഴുകൈയോടെ വിട പറഞ്ഞ് അദ്ദേഹം കാറില്‍ കയറി. ആഘോഷം തിമര്‍ത്തു കഴിഞ്ഞ നഗരം നിശ്ശബ്ദതയിലായി. കോഴിക്കോട്ടുനിന്നു മടങ്ങിയ ദീനദയാല്‍ജിക്കു വിശ്രമമുണ്ടായില്ല. കമ്മ്യൂണിസ്റ്റുകള്‍ മുതല്‍ സ്വതന്ത്ര പാര്‍ട്ടിവരെ രാഷ്‌ട്രീയ വര്‍ണരാജി മുഴുവന്‍ അയിത്തമില്ലാതെ ഒന്നിച്ചുവന്നു ഭരണം നടത്താന്‍ കളമൊരുക്കിയെടുത്തത് ദീനദയാല്‍ജിയുടെ നയകോവിദത്തം കൊണ്ടായിരുന്നു. എന്നാല്‍ മുന്നണികളിലെ തര്‍ക്കങ്ങള്‍ക്ക് ശമനമുണ്ടാക്കാനും അദ്ദേഹത്തിന് ഓടേണ്ടിവന്നു. അവര്‍ക്കിടയില്‍ കലഹമുണ്ടാക്കാന്‍ ഇന്ദിരാകോണ്‍ഗ്രസും മാര്‍ക്സിസ്റ്റു പാര്‍ട്ടിയും കിണഞ്ഞു പരിശ്രമിച്ചു. ബീഹാറിലെ സംയുക്ത വിധായകദള്‍ തര്‍ക്കം തീര്‍ക്കാന്‍ പോകുന്ന വഴിക്കാണ് മുഗള്‍ സെരായ് സ്റ്റേഷനു സമീപം ദീനദയാല്‍ജി വധിക്കപ്പെട്ടത്.
കോഴിക്കോടുനിന്നും 1968 ജനുവരി ഒന്നിന് വിടപറഞ്ഞ ദീനദയാല്‍ജിയെ ഇനിയൊരിക്കലും കാണാനാവില്ല എന്ന ഇരുട്ട് ആ വിവരം മലയാളമനോരമ ഓഫീസില്‍നിന്ന് ഫെബ്രുവരി 12-ാം തീയതി രാവിലെയറിഞ്ഞപ്പോള്‍ പ്രവര്‍ത്തകരുടെ മനസ്സില്‍ നിറഞ്ഞു. ഓരോ ജനുവരി ഒന്നിനും ദീനദയാല്‍ജിയുടെ കൈകൂപ്പിയുള്ള വിടവാങ്ങല്‍ മനസ്സില്‍ നിറയുന്നു.
പി. നാരായണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: