Categories: Varadyam

ഗോപികാ വസന്തം

Published by

“പഠിച്ചതിനെ മുഴുവന്‍ മറന്ന്‌ നൃത്തം ചെയ്യുന്ന അവസ്ഥ. ഭക്തമീര അനുഭവിച്ച സായൂജ്യം. ആണ്ഡാല്‍ അനുഭവിച്ചത്‌. ആ അവസ്ഥയാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌. എല്ലാം ഭഗവാനില്‍ സമര്‍പ്പിച്ച്‌ സായൂജ്യം നേടുക. ഒരുപാട്‌ കാര്യങ്ങള്‍ ത്യജിച്ചിട്ടാണ്‌ മീര ഭക്തമീരയാകുന്നത്‌. ഓരോ നര്‍ത്തകിയും ഭക്തമീരയാകണം. അതിലൂടെ സായൂജ്യം നേടണം”. പ്രശസ്ത നര്‍ത്തകി ഗോപികാവര്‍മയുടെ സങ്കല്‍പ്പമാണിത്‌.

നൃത്തരംഗത്തേയ്‌ക്കുള്ള ഗോപികാവര്‍മയുടെ രണ്ടാംവരവ്‌ ഭഗവാനുള്ള സമര്‍പ്പണമായിട്ടാണ്‌. പത്ത്‌ വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം ഒരു നര്‍ത്തകി നൃത്തരംഗത്തേയ്‌ക്ക്‌ തിരിച്ച്‌ വരികയെന്നത്‌ അസാധ്യമായ കാര്യമാണ്‌. ഈ മേഖലയില്‍ വീണ്ടും സജീവമാകുക എല്ലാം ഒരു നിയോഗമായിരുന്നു.

തിരുവിതാംകൂര്‍ കവടിയാര്‍ കൊട്ടാരത്തില്‍ മഹാരാജ ഉത്രട്ടാതി തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ പത്നിയായി എത്തുന്നതിന്‌ മുമ്പ്‌ തന്നെ ഗോപിക ഗോപാല്‍ എന്ന നര്‍ത്തകിയെ കേരളം മുഴുവന്‍ അറിയുമായിരുന്നു.

വിവാഹത്തിനുശേഷം ഒരു കുഞ്ഞിനായുള്ള പ്രാര്‍ത്ഥനയും വഴിപാടുകളും ചികിത്സയുമെല്ലാമായപ്പോള്‍ നൃത്തത്തിന്‌ അതൊരു ഇടവേളയായി. മഹാരാജാവും റാണിമാരുമെല്ലാം ഒരുപാട്‌ വഴിപാടുകള്‍ നേര്‍ന്നിരുന്നു. അര്‍ഹതയുണ്ടെങ്കില്‍ ഭഗവാന്‍ തരുമെന്ന വിശ്വാസം ഉണ്ടായിരുന്നു. ഒരു മകനെ ലഭിച്ചപ്പോള്‍ തന്റെ കല ഭഗവാനുള്ള സമര്‍പ്പണമായി. മകന്‍ സ്കൂളില്‍ പോയി തുടങ്ങിയശേഷമാണ്‌ നൃത്തത്തില്‍ വീണ്ടും പരിശീലനം ആരംഭിക്കുന്നത്‌. എനിക്കൊരു ഉണ്ണിയെ തന്ന്‌ അനുഗ്രഹിച്ച ഭഗവാന്‌ വഴിപാടായി അമ്പലങ്ങളില്‍ നൃത്തം ചെയ്യുവാനായിരുന്നു തീരുമാനമെന്ന്‌ ഗോപികാ വര്‍മ്മ പറഞ്ഞു. അങ്ങനെ പത്ത്‌ വര്‍ഷങ്ങള്‍ക്കുശേഷം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നൃത്തം ചെയ്തു. ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നൃത്തം ചെയ്തു. ഗുരുവായൂരില്‍ നൃത്തം കണ്ട ധര്‍മസ്ഥലയില്‍നിന്നുള്ളവര്‍ അവിടേക്ക്‌ ക്ഷണിച്ചു. ധര്‍മസ്ഥലയിലെ നൃത്തത്തെക്കുറിച്ച്‌ ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്തകണ്ട്‌ ബാംഗ്ലൂരിലെ ഒരു സഭ നൃത്തം ചെയ്യുവാന്‍ ക്ഷണിച്ചു. ബാംഗ്ലൂര്‍ പരിപാടിയെക്കുറിച്ച്‌ വായിച്ചറിഞ്ഞ്‌ പ്രസിദ്ധമായ കൃഷ്ണഗാന സഭയും ക്ഷണിച്ചു.

ഒരു നര്‍ത്തകിയായിട്ടുള്ള തിരിച്ചുവരവ്‌ ഇങ്ങനെയായിരുന്നു. തുടര്‍ന്ന്‌ സ്വാതിതിരുനാള്‍ നൃത്തസഭയ്‌ക്കുംവേണ്ടി നൃത്തമവതരിപ്പിച്ചു.

കവടിയാര്‍ കൊട്ടാരത്തിലെ നവരാത്രി മണ്ഡപത്തില്‍ ശെമ്മങ്കുടി ശ്രീനിവാസ അയ്യര്‍ 54 വര്‍ഷം തുടര്‍ച്ചയായി പാടിയിരുന്നു. വിശ്വേശ്വരദര്‍ശനത്തെക്കുറിച്ചുള്ള സ്വാതിതിരുനാളിന്റെ ഭജനയായിരുന്നു അവതരിപ്പിക്കാറ്‌. തിരുവിതാംകൂറിന്‌ വെളിയില്‍ പോകാത്ത സ്വാതിതിരുനാള്‍ കുതിരമാളികയില്‍ ഇരുന്നുകൊണ്ടാണ്‌ ഈ ഭജന രചിച്ചത്‌. വിശ്വേശ്വര ദര്‍ശനത്തിനായി പ്രേമത്തോടുകൂടി വേണം ഭഗവാനെ കാണുവാന്‍. ജനനമരണത്തെ പരിപാലിച്ചുകൊണ്ടിരിക്കുകയാണ്‌ ഭഗവാന്‍. വാരാണസിയില്‍ പാലിന്‌ തുല്യമായി ഗംഗയൊഴുകുന്നു. പല കോടി സന്ന്യാസിമാരുടെ പാപം കഴുകിക്കളയുന്നു. വിശ്വേശ്വര ദര്‍ശന സായൂജ്യം നല്‍കുന്നതാണ്‌ ഈ ഭജന.

നാല്‌ വര്‍ഷം മുമ്പ്‌ ഗോപികക്ക്‌ അച്ഛനെ നഷ്ടപ്പെട്ടപ്പോള്‍ വഴിപാടിനായി കാശിയില്‍ പോയി. സ്വാതിതിരുനാളിന്റെ ഭജനയിലെ കാശി അവിടെ ദര്‍ശിച്ചപ്പോള്‍ അത്ഭുതപ്പെട്ടു. കാശിയില്‍ പോകാത്ത സ്വാതിതിരുനാള്‍ മഹാരാജാവ്‌ ഭക്തിയാകുന്ന കണ്ണില്‍ കാശിയെ കണ്ടുകൊണ്ടാണ്‌ ആ ഭജന രചിച്ചത്‌. കാശിയില്‍ തന്റെ മനസ്സുകൊണ്ട്‌ നൃത്തം ചെയ്തത്‌ ഈ ഭജനയാണ്‌. അത്‌ മനസ്സിന്റെ നൃത്തമാണ്‌.

‘വിശ്വേശ്വര ദര്‍സന്‌ കര്‌ ചല്‌ മന്‌ തുമ്‌ കാശി’ എന്ന ഭജന മോഹിനിയാട്ടത്തിലവതരിപ്പിക്കുമ്പോള്‍ വിശ്വേശ്വര ദര്‍ശന സായൂജ്യമാണ്‌ ഗോപികയ്‌ക്ക്‌ ലഭിക്കുന്നതും പകര്‍ന്ന്‌ നല്‍കുന്നതും. കാലടിയില്‍ ശ്രീശങ്കര നൃത്തസംഗീതോത്സവ വേളയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഈ ഭജന മോഹിനിയാട്ടത്തില്‍ അവതരിപ്പിച്ചിരുന്നു.

കാണികള്‍ക്ക്‌ കണ്ണിന്‌ പ്രയാസമുണ്ടാവുന്നതാവരുത്‌ നൃത്തമെന്ന്‌ കരുതിയാണ്‌ യോഗ പഠിക്കാന്‍ തുടങ്ങിയത്‌. ജീവിതത്തില്‍ സൗജന്യമായും ലാഭത്തിലും ഒന്നും കിട്ടില്ല. എന്നും വെളുപ്പിന്‌ അഞ്ച്‌ മണിക്ക്‌ എഴുന്നേല്‍ക്കുന്നു. നടക്കാന്‍ പോവുക. യോഗ ചെയ്യുക. മകന്‍ സ്കൂളില്‍ പോയശേഷം നാലഞ്ച്‌ മണിക്കൂര്‍ ഡാന്‍സിനായി മാറ്റിവെയ്‌ക്കുക. ദൃഢമായ സംവിധാനമുണ്ടെങ്കിലേ നൃത്തത്തിലോ മേറ്റ്തൊരു മേഖലയിലോ നീതി പുലര്‍ത്താനാകൂ. പബ്ലിസിറ്റിയും വലിയ പേരും സിനിമയുമെല്ലാം ഒരുതലംവരെ മാത്രമേ നര്‍ത്തകിയെ എത്തിയ്‌ക്കൂ. അതിന്‌ മുകളില്‍ പോകണമെങ്കില്‍ ആത്മാര്‍ത്ഥമായ കഠിനാദ്ധ്വാനം വേണം. ആത്മാര്‍ത്ഥത പുലര്‍ത്തുക. നമ്മളോട്‌ സഹകരിക്കുന്നവരെ ബഹുമാനിക്കുക. ഒരു കലാകാരിയ്‌ക്കു ഏറ്റവും ആവശ്യം ഗുരുത്വമാണ്‌. ഗുരുത്വം ഇല്ലെങ്കില്‍ എങ്ങും എത്താനാവില്ല. യുവജനോത്സവത്തില്‍ സമ്മാനം ലഭിച്ചില്ലെങ്കില്‍ പഠിപ്പിച്ച അദ്ധ്യാപികയെ കുറ്റം പറയുന്ന ഒരു സംസ്ക്കാരം കേരളത്തില്‍ വ്യാപകമാണ്‌. ഒരിക്കലും അക്ഷരം പകര്‍ന്ന്‌ തന്ന ഗുരുവിനെ വിസ്മരിക്കരുത്‌. കൈവിട്ട്‌ പോകുന്ന സാഹചര്യങ്ങളില്‍ നമ്മെ രക്ഷിക്കാന്‍ ഗുരുക്കന്മാരുടെ അനുഗ്രഹം കൊണ്ടേ സാധിക്കൂ.

ജീവിതയാത്രയിലെ ഒരു ഘട്ടമാണ്‌ നൃത്തമെന്ന്‌ ഗോപികാവര്‍മ്മയുടെ കാഴ്ചപ്പാട്‌. കുറെക്കാലം മാതാപിതാക്കള്‍ നമ്മോടൊപ്പം ഉണ്ടാകും. അതുപോലെയാണ്‌ നൃത്തവും. 18 വര്‍ഷം ഭരതനാട്യം പഠിച്ചു. വഴിയൂര്‍ രാമയ്യാര്‍ പിള്ളയുടെ കീഴില്‍ പഠിച്ചിരുന്നു. ചിത്ര വിശ്വേശ്വരയ്യരെപ്പോലെ വലിയൊരു ഭരതനാട്യ നര്‍ത്തകിയാവണമെന്നായിരുന്നു ചെറുപ്പത്തിലെ ആഗ്രഹം. എന്നാല്‍ പിന്നീട്‌ ആയിത്തീര്‍ന്നത്‌ മോഹിനിയാട്ട നര്‍ത്തകിയായിട്ടാണ്‌. ഇതായിരുന്നു ഭഗവാന്റെ കാഴ്ചപ്പാട്‌.

രണ്ടാം വരവില്‍ മോഹിനിയാട്ടം തെരഞ്ഞെടുക്കുവാന്‍ നിരവധി കാരണങ്ങളുണ്ട്‌. ഭരതനാട്യത്തില്‍ രണ്ടായിരത്തിലധികം രജിസ്ട്രേഡ്‌ കലാകാരികള്‍ ഇപ്പോള്‍ തന്നെയുണ്ട്‌. എന്നാല്‍ മോഹിനിയാട്ടത്തില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേയുള്ളൂ. കേരളത്തിന്റെ തനത്‌ കല എന്നതിനൊപ്പം തന്നെ കവടിയാര്‍ കൊട്ടാരത്തിനും മോഹിനിയാട്ടവുമായി ബന്ധമുണ്ട്‌. സ്വാതിതിരുനാള്‍ മഹാരാജാവും രാജകുടുംബവുമെല്ലാം മോഹനിയാട്ടത്തിനായി ഒരുപാട്‌ സംഭാവനകള്‍ ചെയ്തിട്ടുണ്ട്‌. കല്യാണിക്കുട്ടിയമ്മയുടെയും അവരുടെ മകള്‍ ശ്രീദേവി രാജന്റേയും കീഴിലാണ്‌ മോഹിനിയാട്ടം അഭ്യസിച്ചത്‌. അമ്മൂമ്മ വനജാനായരാണ്‌ പത്താം വയസ്സുമുതല്‍ മോഹിനിയാട്ടം പഠിപ്പിച്ചത്‌. കലാമണ്ഡലം കൃഷ്ണന്‍ നായരുടെ കീഴില്‍ കഥകളി അഭ്യസിച്ചു. വിവാഹംവരെ ഭരതനാട്യമായിരുന്നു അവതരിപ്പിച്ചത്‌.

രണ്ടാംവരവില്‍ മോഹിനിയാട്ടം തെരഞ്ഞെടുക്കുമ്പോള്‍ തന്നെ ജനങ്ങളെ ഇതിലേയ്‌ക്ക്‌ അടുപ്പിക്കണമെന്ന്‌ ആഗ്രഹിച്ചിരുന്നു. ഒരിക്കലും അഭിനയം കാണികള്‍ക്ക്‌ ശിക്ഷയാകരുതെന്നും. അതുകൊണ്ട്‌ തന്നെ ആദ്യം നൃത്തം ചിട്ടപ്പെടുത്തി സ്വയം ആസ്വദിച്ചശേഷം ശിഷ്യന്മാരുടെ മുമ്പില്‍ അവതരിപ്പിക്കും. അത്‌ കഴിഞ്ഞാണ്‌ രംഗത്ത്‌ അവതരിപ്പിക്കാറ്‌. ശിഷ്യന്മാര്‍ നല്ല ആസ്വാദകരും നല്ല വിമര്‍ശകരുമാണ്‌. മോഹിനിയാട്ടവുമായിട്ടുള്ള തന്റെ യാത്രയില്‍ സഹൃദയരെ കൈപിടിച്ച്‌ കൊണ്ടുപോകണം. അതിന്‌ അവരുടെ ഭാഷയില്‍ നൃത്തം ചെയ്യണം. അതിന്‌ താഴേണ്ട ആവശ്യമില്ല. ഒന്ന്‌ വഴിമാറി ചിന്തിച്ചാല്‍ മതിയെന്ന്‌ ഗോപികാവര്‍മ്മ ചൂണ്ടിക്കാണിക്കുന്നു. സ്വാതിതിരുനാളിന്റെ കടുകട്ടി ശ്ലോകങ്ങള്‍ വരെ ലളിതവല്‍ക്കരിച്ചാണ്‌ ചെയ്യാറ്‌. മോഹിനിയാട്ടത്തിന്റെ വിശാലമായ ചട്ടക്കൂടില്‍ നിന്നുകൊണ്ട്‌ തന്നെ പുതിയ പരീക്ഷണങ്ങള്‍ക്കായിട്ടാണ്‌ ശ്രമിക്കുന്നത്‌. മോഹിനിയാട്ടത്തില്‍ ലാസ്യത്തിനാണ്‌ മുന്‍തൂക്കം. ശിവന്റെ താണ്ഡവം ഭരതനാട്യംപോലെ ചാടിക്കാണിക്കാന്‍ ആവില്ല. എന്നാല്‍ പരിമിതിക്കുള്ളില്‍ ഒതുങ്ങികൊണ്ട്‌ മോഹിനിയാട്ടത്തില്‍ മനോഹരമായി അവതരിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌.്‌ ഇത്‌ ശിവനാണെന്ന്‌ മനസ്സിലാക്കിക്കൊടുക്കുമ്പോഴാണ്‌ നര്‍ത്തകി വിജയിക്കുന്നത്‌. ഇതൊരിക്കലും പരിമിതിയായി തോന്നിയിട്ടില്ല.

താമരസൂര്യനെ നോക്കിയുള്ള പ്രേമം. വെള്ളത്തില്‍ ചെളിയിലുള്ള താമരയും ആകാശത്തുള്ള സൂര്യനും തമ്മിലുള്ള ബന്ധം മോഹിനിയാട്ടത്തില്‍ ഉജ്ജ്വലമായി അവതരിപ്പിക്കുവാനാകും. എന്നാല്‍ ഭരതനാട്യത്തില്‍ പറ്റില്ല. ഇത്‌ ഭരതനാട്യത്തിന്റെ പോരായ്മയല്ല. ചിട്ടയാണത്‌. സൂര്യന്റെ ചുംബനങ്ങളേറ്റ്‌ രശ്മികളേറ്റ്‌ താമരവിരിയുന്നത്‌ പുലര്‍കാലങ്ങളില്‍ നോക്കിനിന്നിട്ടുണ്ട്‌. പിന്നീട്‌ രംഗത്ത്‌ ഇത്‌ അവതരിപ്പിക്കുമ്പോള്‍ താമരവിരിയുന്നത്‌ പൂര്‍ണ്ണതയിലെത്തിക്കുവാന്‍ ഏറെ സഹായിച്ചിട്ടുണ്ട്‌.

എല്ലാ കലകള്‍ക്കും പ്ലസും നെഗേറ്റെവും ഉണ്ട്‌. ഭരതനാട്യത്തിലെ ഒരു കീര്‍ത്തനം മോഹിനിയാട്ടത്തില്‍ ചെയ്യുവാനാകും. എന്തു ചെയ്തുവെന്ന്‌ വരുത്തലല്ല അത്‌ മറ്റുള്ളവര്‍ മനസ്സില്‍ കൊണ്ട്‌ പോകണം. കര്‍ണ്ണന്റേയും കുന്തിയുടേയും സംവാദം (ജി.ശങ്കരക്കുറുപ്പിന്റെ കര്‍ണ്ണകുന്തി സംവാദം) ആന്ധ്രാപ്രദേശില്‍ അവതരിപ്പിച്ച്‌ കഴിഞ്ഞപ്പോള്‍ ഒരമ്മ അമേരിക്കയിലുള്ള തന്റെ മകനെ വിളിച്ച്‌ കരഞ്ഞു. ആ അമ്മ മകന്റെ അഭാവത്തെ ദുഃഖത്തോടെ മനസ്സിലാക്കി. തെലുങ്ക്‌ ഭാഷ മാത്രം മനസ്സിലാകുന്ന അവര്‍ക്ക്‌ നൃത്തത്തിന്റെ ഭാഷ മനസ്സിലായെങ്കില്‍, അവരുടെ മകനെ വിളിച്ച്‌ കരഞ്ഞെങ്കില്‍ ഒരു കലാകാരി എന്ന നിലയില്‍ തനിക്ക്‌ കിട്ടിയ അംഗീകാരവും വിജയവുമാണതെന്ന്‌ ഗോപികാവര്‍മ്മ പറയുന്നു.

തമിഴ്‌നാട്ടിലും ഇന്ന്‌ മോഹിനിയാട്ടത്തിന്‌ ആവശ്യക്കാരുണ്ട്‌. പ്രശസ്തരായ മോഹിനിയാട്ട നര്‍ത്തകിമാര്‍വന്ന്‌ അവിടെ നൃത്തം ചെയ്യുന്നു. കൊറിയോഗ്രാഫി, കല എല്ലാം ജനകീയമായെടുക്കണം. മോഹിനിയാട്ടം സംസ്ക്കാര സമ്പന്നമാണ്‌. മോഹിനിയാട്ടം അഭിനയിച്ച്‌ ഫലിപ്പിക്കലാണ്‌. അതാണ്‌ കുട്ടികള്‍ക്ക്‌ മടി. അതിന്‌ ഭക്തിയുടെ പിന്തുണ വേണം. പഠിച്ച്‌ ഇരുത്തം വന്നാലേ അഭിനയം ലളിതമാക്കാനാകൂ. അത്രയധികം അഭിനയത്തില്‍ നിയന്ത്രണം ഉള്ള നര്‍ത്തകിക്കേ മോഹിനിയാട്ടത്തില്‍ വിജയം നേടുവാനാകൂ. അതുകൊണ്ടാണ്‌ മോഹിനിയാട്ടം ചെയ്യാതെ കുച്ചുപ്പുടിയും ഭരതനാട്യവും മറ്റും ചെയ്യുവാന്‍ പലരും ഉത്സാഹം കാണിക്കുന്നത്‌. ഒരു കലാകാരിയുടെ സ്വാതന്ത്ര്യം എടുത്ത്‌ സ്റ്റേജ്‌ നിറഞ്ഞ്‌ നിന്നാണ്‌ നൃത്തമവതരിപ്പിക്കാറ്‌. മോഹിനിയാട്ടത്തില്‍ തന്റെതായ സംഭാവനകള്‍ നല്‍കുവാന്‍ ഗോപികാവര്‍മ്മയ്‌ക്കായിട്ടുണ്ട്‌. ഇടത്‌ ഭാഗത്ത്‌ ഘടകം പിടിച്ചാല്‍ സ്ത്രീ. കൊടുക്കുന്നവള്‍ എന്ന്‌ കാണിച്ചാല്‍ സീതയായി. ഈ ശൈലി പിന്നീട്‌ പലരും പിന്തുടര്‍ന്നു. കൊറിയോഗ്രാഫി ചെയ്യുമ്പോള്‍ ഒരു കലാകാരിക്ക്‌ സ്വാതന്ത്ര്യം ആവശ്യമാണ്‌. പഞ്ചനട ഇപ്പോള്‍ ഉപയോഗിക്കുന്നു. പല്ലവിക്കകത്ത്‌ നിന്നാണ്‌ ഇപ്പോള്‍ പഞ്ചനട ചെയ്യുന്നത്‌. ചൊല്‍ക്കെട്ട്‌ സമ്പ്രദായത്തിലാണിത്‌. മോഹിനിയാട്ടത്തിന്റെ തനിമ പോകാതെ ചൊല്‍ക്കെട്ട്‌ ചെയ്യുന്നു.

മോഹിനിയാട്ടത്തിലൂടെയുള്ള തന്റെ യാത്രയില്‍ ഏറ്റവും പുറകിലിരിക്കുന്ന പ്രേക്ഷകനാണ്‌ തന്റെ ലക്ഷ്യമെന്ന്‌ ഗോപികാവര്‍മ പറയുന്നു. പുറകിലിരിക്കുന്ന ആ വ്യക്തിയേയും തന്റെ യാത്രയിലേക്ക്‌ കൊണ്ടുവരുമ്പോഴാണ്‌ കല പൂര്‍ണ്ണ വിജയത്തില്‍ എത്തുന്നത്‌. കേരളത്തിലെ യുവ നര്‍ത്തകിമാര്‍ക്ക്‌ സര്‍വകലാശാല ബിരുദങ്ങളുണ്ട്‌. എന്നാല്‍ ബുക്ക്‌ വായിച്ച്‌ നൃത്തം ചെയ്യുവാനാകില്ല. അവ സപ്പോര്‍ട്ടീവ്‌ മാത്രമാണ്‌. കണ്ണാടിക്ക്‌ മുമ്പിലും ഗുരുവിന്റെ മുമ്പിലും പ്രാക്ടീസ്‌ ചെയ്താണ്‌ പഠിക്കേണ്ടത്‌. നര്‍ത്തകിയുടെ സംഭാവനയാണ്‌ മുഖ്യം.

കുച്ചുപ്പുടിക്കും ഭരതനാട്യത്തിനുമൊപ്പം മോഹിനിയാട്ടവും വളരണം. മോഹിനിയാട്ടവും ഭാഷയും അറിയാത്തവരുടെ മുമ്പില്‍ അവതരിപ്പിച്ച്‌ ഫലിപ്പിക്കുന്നെങ്കില്‍ അത്‌ മോഹിനിയാട്ടത്തിന്റെ വിജയമാണ്‌.

മോഹിനിയാട്ടത്തിന്‌ മനോഹരമായ ഭാവിയാണ്‌ ഗോപികാവര്‍മ്മ കാണുന്നത്‌. ചെന്നൈയില്‍ തന്റെയടുത്ത്‌ എത്തി താമസിച്ച്‌ ധാരാളം കുട്ടികള്‍ മോഹിനിയാട്ടം പഠിക്കുന്നുണ്ട്‌. ഇപ്പോള്‍ ആണ്‍കുട്ടികളും മോഹിനിയാട്ടം നന്നായി അവതരിപ്പിക്കുന്നുണ്ട്‌.

ഭാവിയില്‍ കലാമണ്ഡലം ശൈലിയെന്നോ കല്യാണക്കുട്ടിയമ്മ ശൈലിയെന്നോ ഉള്ള വേര്‍തിരിവ്‌ ഇല്ലാതാകും. കല്യാണിക്കുട്ടിയമ്മയായിരുന്നു ഗുരുവെങ്കിലും മോഹിനിയാട്ടത്തില്‍ തന്റെതായ ശൈലിയാണ്‌ ഗോപികാവര്‍മ്മ പിന്‍തുടരുന്നത്‌. കാവാലം നാരായണ പണിക്കരുടെ കീഴില്‍ ‘സോപാന’ ശൈലിയിലും നൃത്തമവതരിപ്പിച്ചിട്ടുണ്ട്‌.

‘അയോനിജ പഞ്ചകന്യക’യാണ്‌ ഗോപികാവര്‍മ്മയുടെ പുതിയ സംരംഭം. ഭാരതീയ മിത്തോളജിയിലുള്ള ജനിക്കാത്ത അഞ്ച്‌ കന്യകമാരെക്കുറിച്ചുള്ള മോഹിനിയാട്ടമാണിത്‌. കഴിഞ്ഞ ദിവസം മദ്രാസ്‌ മ്യൂസിക്‌ അക്കാദമിയില്‍ അവതരിപ്പിച്ചിരുന്നു.

രണ്ട്‌ വര്‍ഷം മുമ്പ്‌ സുഗതകുമാരി ടീച്ചറിന്റെ രാധയെവിടെയെന്ന കവിത മോഹിനിയാട്ട രൂപത്തില്‍ അവതരിപ്പിച്ചിരുന്നു. എം.ജയചന്ദ്രനാണ്‌ ഇത്‌ ചിട്ടപ്പെടുത്തിയത്‌. രാധയെ അവതരിപ്പിക്കുമ്പോള്‍ പൂര്‍ണ്ണ സായൂജ്യമാണ്‌ ലഭിക്കുന്നത്‌.

തമിഴ്‌നാട്‌ സര്‍ക്കാരിന്റെ കലയ്‌ മാമണി, കൃഷ്ണഗാനസഭയുടെ നൃത്ത ചൂഡാമണി തുടങ്ങി നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. ചെന്നൈയില്‍ അടയാറില്‍ ‘ദാസ്യം’ മോഹിനിയാട്ടം സ്കൂള്‍ നടത്തുന്നു. കഴിഞ്ഞ അഞ്ച്‌ വര്‍ഷമായി ഇവിടെ പ്രശസ്ത നര്‍ത്തകിമാരെ പങ്കെടുപ്പിച്ച്‌ സ്വാതിതിരുനാള്‍ മഹോത്സവം സംഘടിപ്പിച്ച്‌ വരുന്നു.

ജീവിതത്തിന്റെ അവസാനം ഒരു കുടത്തില്‍ ഒരുപിടി ചാരമായി ഏതെങ്കിലും പുണ്യതീര്‍ത്ഥത്തില്‍ നാം അലിഞ്ഞ്‌ ചേരുന്നു. ആ പരമമായ സത്യം മനസ്സിലാക്കി, അഹങ്കാരം വെടിഞ്ഞ്‌ എല്ലാം ഭഗവാനില്‍ സമര്‍പ്പിച്ച്‌ മുന്നോട്ട്‌ പോകണമെന്ന കാഴ്‌ച്ചപ്പാടാണ്‌ ഗോപികാവര്‍മ്മയുടേത്‌. ആ ഒരു മാനസികാവസ്ഥയിലാണെപ്പോഴുമെന്നും ആ ഒരു സന്ദേശമാണ്‌ ഈ ‘ഭക്തമീര’ നമുക്കായി നല്‍കുന്നതും.

എന്‍.പി. സജീവ്‌

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by