അപരാജിതരുടേത് മാത്രമല്ല കായിക ചരിത്രം; അത് പരാജിതരുടേത് കൂടിയാണ്. ഏത് വിജയത്തിന്റെയും ആനന്ദനൃത്തത്തിനപ്പുറം തോല്‍വിയുടെ കണ്ണീരിന്റെ നനവുമുണ്ടാകും.അതുകൊണ്ടാണ് ഇന്ത്യയുടെ ഒളിംപിക് ചരിത്രം മെഡല്‍ നഷ്ടപ്പെട്ട പി.ടി. ഉഷയുടേതുകൂടിയാകുന്നത്. 2011ഉം കടന്ന് കായികലോകത്തിന്റെ ദീപശിഖ പ്രയാണം തുടരുമ്പോള്‍ പോയവര്‍ഷം അടയാളപ്പെടുത്തിയ തിരുത്തലുകളിലേക്കും പൊളിച്ചെഴുത്തിലേക്കും ഒരോട്ടപ്രദക്ഷിണം.
ഇരുപത്തിയെട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ക്രിക്കറ്റ് ലോകകിരീടം ഇന്ത്യയിലേക്ക്. 1983ല്‍ ലോര്‍ഡ്സില്‍ കപില്‍ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യ വിജയശ്രീലാളിതരായപ്പോള്‍ ഇത്തവണ കാപ്പില്‍ മുത്തമിടാനുള്ള ഭാഗ്യം ഇന്ത്യയ്‌ക്കു ലഭിച്ചത് മഹേന്ദ്രസിംഗ് ധോണിക്കു കീഴിലാണ്. പ്രാഥമിക റൗണ്ടില്‍ ദക്ഷിണാഫ്രിക്കയോടു മാത്രം തോല്‍വിയറിഞ്ഞ ഇന്ത്യ ക്വാര്‍ട്ടറില്‍ ഓസീസിനെയും സെമിയില്‍ പാക്കിസ്ഥാനെയും തകര്‍ത്താണ് ഫൈനലിലെത്തിയത്.
ധോണി മുന്നില്‍നിന്ന് നയിച്ചപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരെ കലാശപ്പോരാട്ടത്തില്‍ ഇന്ത്യയ്‌ക്ക് ആറു വിക്കറ്റിന്റെ അവിസ്മരണീയ ജയവും. ഫൈനലിലെ മാന്‍ ഓഫ് ദ മാച്ചും ധോണി തന്നെ. 362 റണ്‍സും 15 വിക്കറ്റും നേടിയ യുവരാജ് ടൂര്‍ണമെന്റിലെ മികച്ചതാരമായും തെരഞ്ഞെടുക്കപ്പെട്ടു. മലയാളിതാരം ശ്രീശാന്തിന്റെ സാന്നിധ്യവും ലോകകപ്പിലുണ്ടായിരുന്നു.
വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യ വിജയം നേടിയെങ്കിലും ഇംഗ്ലണ്ടില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ നടന്ന രണ്ടായിരാമത്തെ ടെസ്റ്റിലടക്കം ടെസ്റ്റ്, ഏകദിന, ട്വന്റി പരമ്പരകളില്‍ മുഴുവന്‍ മത്സരവും തോറ്റ് ഇന്ത്യ ഒന്നാം നമ്പര്‍ പദവി കളഞ്ഞുകുളിച്ചു. ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ട് ടെസ്റ്റ്, റാങ്കിംഗില്‍ ഒന്നാമതെത്തി.
ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍, തിരിച്ചടികളില്‍നിന്നും ആവേശമുള്‍ക്കൊണ്ട് ഫീനിക്സ് പക്ഷിയെപ്പോലെ ഇന്ത്യ ഉയിര്‍ത്തെഴുന്നേറ്റു. ഏകദിന പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും ഇന്ത്യ ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ചു പകരം വീട്ടി. ഇന്ത്യയില്‍ നടന്ന വെസ്റ്റിന്‍ഡീസുമായുള്ള ടെസ്റ്റ്, ഏകദിന പരമ്പരയും ഇന്ത്യ നേടി.
ഏകദിനക്രിക്കറ്റില്‍ ദ്രാവിഡിന്റെ ക്ലാസിക് സൗന്ദര്യം ഇനിയില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെയാണ് ദ്രാവിഡ് ഏകദിനത്തില്‍ നിന്നും വിടവാങ്ങിയത്. പോയ വര്‍ഷത്തെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മികച്ച പോരാളിയും ദ്രാവിഡ് തന്നെ. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരവുമായി ദ്രാവിഡ്. ടെസ്റ്റില്‍ 30000 പന്ത് നേരിടുന്ന ആദ്യതാരമെന്ന അപൂര്‍വ്വ ബഹുമതിയും ദ്രാവിഡിനെ തേടിയെത്തി.
വീരുവിസ്ഫോടനം ഒരിക്കല്‍ക്കൂടി റെക്കോര്‍ഡ് തിരുത്തി. വിന്‍ഡീസിനെതിരായ ഏകദിനത്തില്‍ 149 പന്തില്‍നിന്നും 219 റണ്‍സ് അടിച്ചുകൂട്ടി ഏറ്റവുമുയര്‍ന്ന സ്കോറിന് സെവാഗ് അര്‍ഹനായി. ഏകദിന ചരിത്രത്തിലെ രണ്ടാമത്തെ ഡബിള്‍ സെഞ്ച്വറിയാണ് സെവാഗിന്റേത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ബാംഗ്ലൂരിനെ 58 റണ്‍സിന് തോല്‍പിച്ച് ചെന്നൈ സൂപ്പര്‍കിംഗ്സ് തുടര്‍ച്ചയായ രണ്ടാം തവണയും ചാമ്പ്യന്മാരായി. ഐസിസി ചാമ്പ്യന്‍സ് ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ കിരീടവും. തുടക്കം മുതല്‍ വിവാദത്തിന്റെ വാരിക്കുഴിയില്‍ വീണ കൊച്ചിന്‍ ടാസ്കേഴ്സിനെ ബാങ്ക് ഗ്യാരന്റി നല്‍കാത്തതിനെത്തുടര്‍ന്ന് ബിസിസിഐ പുറത്താക്കിയതോടെ കേരളത്തിന്റെ ഐപിഎല്‍ സ്വപ്നങ്ങള്‍ക്ക് അവസാനമായി.
കരുത്തരായ ബ്രസീലിനെയും അര്‍ജന്റീനയെയും പിന്തള്ളി ഉറുഗ്വായ് കോപ്പയിലെ മധുചഷകം നുകര്‍ന്നു. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാഗ്വയെ തകര്‍ത്താണ് ഉറുഗ്വായുടെ കിരീടധാരണം. പെറുവിനാണ് മൂന്നാം സ്ഥാനം. ഉറുഗ്വായുടെ സുവാരസ് കോപ്പയിലെ താരമായി.
ബാഴ്സലോണയുടെ കാല്‍പ്പന്തുകളിയിലെ മനോഹാരിതയില്‍ ഫുട്ബോള്‍ ലോകം ഒരിക്കല്‍ക്കൂടി നമിച്ചു. സ്പാനിഷ്, യൂറോപ്യന്‍ കിരീടങ്ങള്‍ക്കു പുറമേ ലോകക്ലബ്ബ് കിരീടവും ബാഴ്സലോണയ്‌ക്ക്. അര്‍ജന്റീനയ്‌ക്ക് കഴിഞ്ഞവര്‍ഷം കാലിടറിയെങ്കിലും സൂപ്പര്‍താരം മെസി ആരാധകരെ വിസ്മയിപ്പിച്ചുകൊണ്ടിരുന്നു. അര്‍ജന്റീനയ്‌ക്കും ബാഴ്സലോണയ്‌ക്കും വേണ്ടി എതിരാളികളുടെ ഗോള്‍ വല പലതവണ കുലുക്കിയ മെസി രണ്ടാം തവണയും ഫിഫയുടെ ലോകഫുട്ബോളര്‍ പുരസ്കാരത്തിനര്‍ഹനായി. മികച്ച വനിതാ ഫുട്ബോളര്‍ക്കുള്ള പുരസ്ക്കാരം ബ്രസീലിന്റെ മാര്‍ത്തയ്‌ക്കാണ്.
ഇന്ത്യയിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് ആഘോഷരാവുകള്‍ സമ്മാനിച്ച് അര്‍ജന്റീനയും മെസിയും ഇന്ത്യയിലെത്തി. കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ഫിഫ അംഗീകൃത രാജ്യാന്തര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ വെനസ്വേലയെ അര്‍ജന്റീന പരാജയപ്പെടുത്തി. ആദ്യമായി നായകസ്ഥാനം ഏറ്റെടുത്ത മെസി ആരാധകരുടെ മനംകവര്‍ന്നാണ് മടങ്ങിയത്.
ഇന്ത്യന്‍ ഫുട്ബോളിലെ നിത്യവസന്തം ബൈച്ചുങ്ങ് ബൂട്ടിയ രാജ്യാന്തരമത്സരങ്ങളോട് വിടപറഞ്ഞു. 1995 ലെ നെഹ്‌റുകപ്പില്‍ അരങ്ങേറ്റം കുറിച്ച ബൂട്ടിയ ഇന്ത്യക്കായി ഏറ്റവുമധികം ഗോള്‍ നേടിയ കളിക്കാരനെന്ന ബഹുമതിയോടെയാണ് വിരമിക്കുന്നത്. 107 മത്സരങ്ങളില്‍ നിന്നും 42 ഗോളുകളാണ് ബൂട്ടിയയുടെ സമ്പാദ്യം.
സാഫ് സ്വര്‍ണക്കപ്പ് ഫുട്ബോളില്‍ ഇന്ത്യയുടെ ജൈത്രയാത്ര തുടരുന്നു. അഫ്ഗാനിസ്ഥാനെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് പരാജയപ്പെടുത്തി സാഫില്‍ ഇന്ത്യ ആറാം കിരീടം കരസ്ഥമാക്കി. ഏഴു ഗോള്‍ നേടി ടൂര്‍ണമെന്റിലെ താരമായ സുനില്‍ ഹേത്രിയാണ് ഇന്ത്യയുടെ ഹീറോ.
വേഗപ്പോരാട്ടത്തിന്റെ ഗ്ലാമര്‍ ലോകത്തേക്ക് ഇന്ത്യയും കാലുകുത്തിയ വര്‍ഷമായിരുന്നു 2011. ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ സര്‍ക്യൂട്ടില്‍ കണ്ണഞ്ചിപ്പിക്കും വേഗത്തില്‍ മൂളിപ്പറന്ന റേസ്കാറുകള്‍ എഴുതിച്ചേര്‍ത്തത് ഇന്ത്യന്‍ കായിക ചരിത്രത്തിന്റെ അവിസ്മരണീയ ദിനം. മൈക്കല്‍ ഷൂമാക്കര്‍ മുതല്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ വരെയുള്ളവര്‍ ട്രാക്കിലും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുതല്‍ ഷാരൂഖ് ഖാന്‍ വരെയുള്ളവര്‍ ഗാലറിയിലും ആവേശം തീര്‍ത്ത പ്രഥമ ഇന്ത്യന്‍ ഗ്രാന്‍പ്രീയില്‍ വേഗത്തിന്റെ രാജകുമാരനായത് റെഡ് ബുള്ളിന്റെ ജര്‍മ്മന്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റലാണ്. മക്ലാരന്റെ ജന്‍സണ്‍ ബട്ടണ്‍ രണ്ടാമതും ഫെരാറിയുടെ ഫെര്‍ണാണ്ടോ അലാന്‍സോ മൂന്നാമതും ഫിനിഷ് ചെയ്തു. ഇന്ത്യയിലുള്‍പ്പെടെ പതിനൊന്ന് ഗ്രാന്‍പ്രീകളില്‍ കിരീടം നേടിയ വെറ്റല്‍ 2011ലെ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ആധികാരിക ജേതാവായി.
ഇന്ത്യന്‍ അത്ലറ്റിക്സില്‍ കേരളത്തിന്റെ ആധിപത്യം അവസാനിക്കുകയാണെന്ന സൂചനയാണ് 2011 നല്‍കുന്നത്. വര്‍ഷാരംഭത്തില്‍ പൂനെയില്‍ നടന്ന ദേശീയ സ്കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായ 14-ാം തവണയും കിരീടം സ്വന്തമാക്കി കുതിച്ച കേരളം പിന്നീട് കിതക്കുന്നതാണ് കണ്ടത്. 15 വര്‍ഷം കാത്തുസൂക്ഷിച്ച ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് ഓവറോള്‍ കിരീടം കേരളത്തില്‍നിന്നും ഹരിയാന കൊത്തിയെടുത്തു. രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ട കേരളത്തിന് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരാകാന്‍ കഴിഞ്ഞു. റാഞ്ചിയില്‍ നടന്ന 34-ാമത് ദേശീയ ഗെയിംസില്‍ ഏഴാമതെത്താനായിരുന്നു കേരളത്തിന്റെ വിധി. കഴിഞ്ഞ തവണ നാലാം സ്ഥാനത്തുണ്ടായിരുന്ന കേരളത്തിന്റെ ഏറ്റവും മോശം പ്രകടനമായിരുന്നു റാഞ്ചിയിലേത്. സര്‍വീസസാണ് തുടര്‍ച്ചയായ രണ്ടാം തവണയും ചാമ്പ്യന്മാരായത്. കൊച്ചിയില്‍ നടന്ന സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ തുടര്‍ച്ചയായ എട്ടാം തവണയും എറണാകുളം ചാമ്പ്യന്മാരായി. 150 പോയിന്റോടെ മാര്‍ബേസില്‍ ഒന്നാമതെത്തി. മേളയിലെ പ്രകടനവും പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെന്ന് വിലയിരുത്തപ്പെട്ടു.
ദേഗുവില്‍ നടന്ന ലോക അത്ലറ്റിക് മീറ്റില്‍ ടിന്റുലൂക്ക കേരളത്തിന്റെ അഭിമാന താരമായി. 800 മീറ്റര്‍ സെമിഫൈനലില്‍ വരെയെത്തി. സീസണിലെ മികച്ച പ്രകടനം കാഴ്ചവെച്ച ടിന്റു ലണ്ടന്‍ ഒളിംപിക്സിന് യോഗ്യത നേടി. ദേഗുവില്‍ അമേരിക്ക ചാമ്പ്യന്മാരായപ്പോള്‍ റഷ്യ രണ്ടാമതും കെനിയ മൂന്നാമതും എത്തി.
ചൈനയിലെ ഒര്‍ദോസില്‍ ഇന്ത്യന്‍ ഹോക്കി ഉയിര്‍ത്തെഴുന്നേറ്റു. പ്രഥമ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റ് ഇന്ത്യ നേടി. ഫൈനലില്‍ പാക്കിസ്ഥാനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തകര്‍ത്താണ് ഇന്ത്യ ജേതാക്കളായത്. മലയാളി താരം ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്റെ രണ്ട് രക്ഷപ്പെടുത്തലുകള്‍ വിജയത്തില്‍ നിര്‍ണായകമായി. ഐപിഎല്‍ മാതൃകയില്‍ ആരംഭിക്കുന്ന വേള്‍ഡ് സീരീസ് ഹോക്കിയെയും അധികാരത്തര്‍ക്കത്തെയും ചൊല്ലി ഹോക്കി ഇന്ത്യയും ഇന്ത്യന്‍ ഹോക്കി ഫെഡറേഷനും തമ്മിലുള്ള തമ്മിലടിക്കിടെയാണ് ഇന്ത്യയ്‌ക്ക് അപ്രതീക്ഷിത കിരീടനേട്ടം ഉണ്ടായത്. ജേതാക്കള്‍ക്ക് വെറും 25000 രൂപ പ്രഖ്യാപിച്ച ദേശീയ ഹോക്കി സംഘടനയുടെ തീരുമാനം വിവാദമായി. ദേശീയ കായിക വിനോദം ഇപ്പോഴും മുന്നേറുന്നത് മുടന്തിത്തന്നെ.
ഫെഡറര്‍ക്കും നഡാലിനും മുന്നില്‍ കളി മറക്കുന്നവന്‍ എന്ന് ഇനിയാരും ദ്യോക്കോവിച്ചിനെ പറയില്ല. ടെന്നീസ് കോര്‍ട്ടിലെ പോരാട്ടത്തിന് 2011ന്റെ തിരുത്തിയെഴുത്ത്. ഫെഡറര്‍ക്കും നഡാലിനുമപ്പുറത്തേക്ക് സെര്‍വ് പായിച്ച് ദ്യോക്കോവിച്ച് പുരുഷ ടെന്നീസിന്റെ ഭാഗ്യനക്ഷത്രമായപ്പോള്‍ വനിതാ വിഭാഗത്തില്‍ വില്യംസ് സഹോദരിമാരെ വകഞ്ഞുമാറ്റി ലിനായും സ്റ്റോഷറും മുന്നേറി. ഓസ്ട്രേലിയന്‍ ഓപ്പണും വിമ്പിള്‍ടണും യുഎസ് ഓപ്പണും സ്വന്തമാക്കിയ ദ്യോക്കോവിച്ചിന് സുവര്‍ണവര്‍ഷമായിരുന്നു 2011. വനിതാ വിഭാഗത്തില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിം ക്ലിസ്റ്റേഴ്സും യുഎസ് ഓപ്പണ്‍ സമാന്താസ്റ്റോഷറും വിമ്പിള്‍ടണ്‍ പെട്രാക്വിറ്റോവയും നേടി. ഫ്രഞ്ച് ഓപ്പണ്‍ നേടി ലിനായും കരുത്ത് തെളിയിച്ചു. ലണ്ടനില്‍ നടന്ന ലോക ടൂര്‍ എടിപി ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം കിരീടം നേടി റോജര്‍ ഫെഡറര്‍ റെക്കോര്‍ഡിട്ടു.
സുജിത്. കെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: