Categories: Travel

ഗിര്‍നാര്‍ പര്‍വതവും സമീപമുള്ള പുണ്യസ്ഥാനങ്ങളും

Published by

ഗിര്‍നാര്‍ എന്നു പറയുന്നത്‌ ഗുജറാത്തു സംസ്ഥാനത്ത്‌ പശ്ചിമതീരത്തുള്ള അത്യന്തം പവിത്രമായ ഒരു പര്‍വ്വതമാണ്‌. ഇതിന്റെ പൗരാണികനാമം ദൈവതകം എന്നും ഉജ്ജയന്തമെന്നുമായിരുന്നു. ശ്രീകൃഷ്ണഭഗവാന്റെ ജ്യേഷ്ഠന്‍ ബലരാമന്‍ ഇവിടെവച്ചായിരുന്നു ദ്വിവിദനെ കൊന്നത്‌. ഇവിടെ യാദവരുടെ വിഹാരഭൂമിയായിരുന്നു. യോഗികളുടെ പ്രിയപ്പെട്ട തപോഭൂമിയുമായിരുന്നു. ദത്താത്രേയഭഗവാന്‍ ഇവിടെ പ്രച്ഛന്നനായി വര്‍ത്തിക്കുന്നുണ്ട്‌. ഈ ഉജ്ജയന്തപര്‍വ്വതം ജൈനരുടെ അഞ്ചു പവിത്രപര്‍വ്വതങ്ങളിലൊന്നുമാണ്‌.ഗിര്‍നാവഴിക്കു സമീപമുള്ള പൗരാണിക കോട്ടയാണ്‌ ജൂനാഗഢ്‌.ഇതിന്റെ പ്രവേശനകവാടത്തിനു സമീപം ശ്രീഹനുമാന്റെ ഒരവലിയ പ്രതിമയുണ്ട്‌. കോട്ടയ്‌ക്കുള്ളിലെ ഗുഹകളില്‍ ബുദ്ധവിഗ്രഹങ്ങളുണ്ട്‌.

ഗിര്‍നാര്‍ കവാടത്തിന്റെ ഒരുഭാഗത്ത്‌ ദാനാര്‍ശിഖരം കാണാം. അവിടെ പവിത്രമായ ഒരരുവിയുണ്ട്‌. ഗുഹയില്‍ ദാനാര്‍സ്ഥാനമുണ്ട്‌. അതിനുതാഴെ ഏതാനും ജലാശയങ്ങളുണ്ട്‌. ഇവിടെ കുളിച്ചുതാമസിച്ചാല്‍ കുഷ്ഠരോഗം ശമിക്കുമെന്നു ജനങ്ങള്‍ വിശ്വസിക്കുന്നു. തന്മൂലം ഇവിടെ കുഷ്ഠരോഗികള്‍ താമസിക്കുന്നുണ്ട്‌.

സ്റ്റേഷനില്‍ നിന്ന്‌ നാലു കിലോമീറ്റര്‍ അകലെ ജൂനാഗഢിലെ ഗിര്‍നാര്‍ കവാടം നില്‍ക്കുന്നു. കവാടത്തിനു വെളിയില്‍ ഒരുവശത്ത്‌ ദാനാര്‍ശിഖരത്തിനു താഴെ ഹാധേശ്വരിദേവി, വിമാനേശ്വരശിവന്‍, കുറച്ചുകൂടി മുന്നോട്ടുമാറി മുചുകുന്ദേശ്വരിശിവക്ഷേത്രം ഇവയുണ്ട്‌. ഇവിടെ അശോകന്റെ ഒരു ശിലാസ്ഥാനം കാണാം.

ദാമോദര്‍ കുണ്ഡം: ഗിര്‍നാര്‍ താഴ്‌വരയില്‍ സ്വര്‍ണ്ണരേഖയെന്ന ചെറുനദിയുണ്ട്‌. അതി തടഞ്ഞുനിര്‍ത്തിയാണ്‌ ഈതടാകം ഉണ്ടാക്കിയിരിക്കുന്നത്‌. ഇവിടെ ബ്രഹ്മദേവന്‍ യാഗം നടത്തിയതായി പറയപ്പെടുന്നു. ഈ കുണ്ഡത്തില്‍ ജനങ്ങള്‍ പിതൃക്കളുടെ അസ്ഥികള്‍ നിക്ഷേപിക്കുന്നു. കുണ്ഡത്തിനു സമീപം രാധാദാമോദരക്ഷേത്രം കാണാം.

ദാമോദരകുണ്ഡത്തിന്‌ മുന്നിലാണ്‌ രേവതീകുണ്ഡം. ഇവിടെ വല്ലഭാചാര്യമഹാപ്രഭുവിന്റെ ആസ്ഥാനമുണ്ട്‌. അതിനടുത്തു തന്നെയാണ്‌ ഭവനാഥേശ്വരമുചുകുന്ദേശ്വരക്ഷേത്രം നില്‍ക്കുന്നത്‌. ഈ ക്ഷേത്രപ്രദക്ഷിണത്തില്‍ ഗണേശന്‍, ദേവി, പഞ്ചമുഖിഹനുമാന്‍, നീലകണ്ഠ മഹാദേവര്‍ ഈ ദേവന്മാരേയും ഒരു ഗുഹയില്‍ കാളീമൂര്‍ത്തിയേയും ദര്‍ശിക്കാം. മൃഗീകുണ്ഡം എന്നു മറ്റൊരു കുണ്ഡം ഇതിനടുത്തുണ്ട്‌. അതിനടുത്ത്‌ മേഘഭൈരവന്റേയും വസ്ത്രാപഥേശ്വരന്റേയും ലിംഗങ്ങളുണ്ട്‌.

ഭവനാഥേശ്വരത്തിനു മുന്നിലാണ്‌ ലംബേഹനുമാന്‍ ക്ഷേത്രം. ഇവിടെ സന്ദര്‍ശകര്‍ ശ്രീരാമക്ഷേത്രത്തില്‍ രാത്രി താമസിച്ചാല്‍ വെളിപ്പിനു ഗിര്‍നാര്‍ശിഖരത്തില്‍ കയറാന്‍ സാധിക്കും. ഇവിടെ ഏതാനും ധര്‍മ്മശാലകളുണ്ട്‌. സ്റ്റേഷനില്‍നിന്ന്‌ ഇങ്ങോട്ട്‌ ആറു കിലോമീറ്റര്‍ ദൂരമുണ്ട്‌. ഇവിടെനിന്നാണ്‌ ഗിര്‍നാര്‍ കയറ്റം ആരംഭിക്കുന്നത്‌.

ഭര്‍തൃഹരിഗുഹ: ഏകദേശം ഇരുനൂറ്റമ്പതു പടികള്‍ കയറിചെല്ലുമ്പോള്‍ ഈ ഗുഹകാണാം. ഇതില്‍ ഭര്‍ത്തൃഹരിയുടെയും ഗോപിചന്ദിന്റെയും വിഗ്രഹങ്ങളുണ്ട്‌. ഭര്‍തൃഹരി വലിയ ജ്ഞാനിയും ഭക്തകവിയുമായിരുന്നു .താഴ്‌വരയില്‍നിന്നു മൂന്നു കിലോമീറ്റര്‍ മുകളില്‍ ജൈനക്ഷേത്രം ദര്‍ശനീയമാണ്‌. ഇവിടെ ഇത്തരം ഏതാനും ക്ഷേത്രങ്ങളുണ്ട്‌. ശ്രീനേമിനാഥക്ഷേത്രമാണ്‌ പ്രധാനം. ക്ഷേത്രത്തിനടുത്തു കോട്ടയ്‌ക്കുള്ളില്‍ ഒരു ഗുഹയില്‍ പാര്‍ശ്വനാഥവിഗ്രഹം ദര്‍ശിക്കാം. നാലുഭാഗത്തായി ഇരുപത്തിനാലു തീര്‍ത്ഥാടകന്മാരുടെ ആസ്ഥാനങ്ങളുണ്ട്‌. ഒരു ക്ഷേത്രത്തില്‍ ഇരുപതു പടികള്‍ ഇറങ്ങിച്ചെല്ലുമ്പോള്‍ ആദിനാഥവിഗ്രഹം കാണാം. ഇതിനു പിന്നില്‍ സൂര്യകുണ്ഡവും ഭീമകുണ്ഡവുമുണ്ട്‌. ഇവിടെ ധര്‍മ്മശാലയുമുണ്ട്‌.

കോട്ടയ്‌ക്കു വെളിയില്‍ നൂറുപടികള്‍ കഴിഞ്ഞ്‌ ഒരു വഴി ഈ ഗുഹയിലേക്കു പോവുന്നു. അവിടെ രാജുലിന്റെ വിഗ്രഹവും ശ്രീനേമിനാഥന്റെ പാദചിഹ്നവും കാണാം. ഗുഹയിലേക്ക്‌ ഇരുന്നുവേണം കടക്കാന്‍. അത്ര ചെറുതാണു കവാടം. പ്രവേശനമാര്‍ഗത്തില്‍ ശ്രീനേമിനാഥക്ഷേത്രവും ജടാശങ്കര്‍ സനാതനധര്‍മശാലയുമുണ്ട്‌. ജടാശങ്കര്‍ ധര്‍മ്മശാലയില്‍ നിന്ന്‌ കുറച്ച്‌ മുന്നോട്ടു മാറിയാണ്‌ സാത്പുടാകുണ്ഡം. ഇവിടെ ഏഴു കല്ലുകളുടെ അടിയില്‍ നിന്നാണ്‌ ജലം നിര്‍ഗമിക്കുന്നത്‌. ഒന്നില്‍ നിന്ന്‌ പ്രത്യേകം വെള്ളമെടുത്ത്‌ സ്നാനം നടത്തുന്നു. ഇതു തീര്‍ത്ഥമായിട്ടാണ്‌ കരുതുന്നത്‌. അടുത്തുതന്നെ ഗംഗേശ്വരന്റേയും ബ്രഹ്മേശ്വരന്റേയും ക്ഷേത്രങ്ങളുണ്ട്‌.ഇവിടെനിന്നും കുറച്ചുകൂടി മുന്നോട്ടു മാറിയാണ്‌ ദത്താത്രേയന്റെയും സത്യനാരായണഭഗവാന്റേയും ക്ഷേത്രങ്ങള്‍. ഹനുമാനും ഭൈരവനും ഇവിടെ സ്ഥാനങ്ങളുണ്ട്‌. സാചാകാകാസ്ഥാനം എന്നുപറയുന്ന മഹാകാളീക്ഷേത്രവും ഇവിടുണ്ട്‌.

അംബികാശിഖരം: സാത്പുടാകുണ്ഡത്തില്‍ നിന്ന്‌ വളരെയകലെയല്ല ഈ സ്ഥലം. എന്നാല്‍ ആയിരത്തഞ്ഞൂറോളം പടികള്‍ക്കു മുകളിലാണ്‌. ഇത്‌ ഒന്നാമത്തെ ശിഖരമാണ്‌. ഇവിടെ വിശാലമായ ഒരുദേവീക്ഷേത്രമുണ്ട്‌. ഇന്നാട്ടുകാര്‍ ഇത്‌ അമ്പത്തൊന്നു ശക്തിപീഠങ്ങളില്‍ ഒന്നായി ആദരിച്ചുവരുന്നു. ജൈനന്മാരും ഇതു തങ്ങളുടെ ക്ഷേത്രമായി കരുതി ദര്‍ശനത്തിനു വരുന്നുണ്ട്‌.

(തുടരും)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts