Categories: Kerala

കോട്ടയം മെഡിക്കല്‍ കോളേജിന്‌ അരനൂറ്റാണ്ട്‌; ഭൂമി നല്‍കിയവര്‍ക്ക്‌ ഇന്നും അവഗണന

Published by

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിനായി 140 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കിയ ആര്‍പ്പൂക്കര പാടകശ്ശേരി ഇല്ലത്തിന്‌ ആശുപത്രിയുടെ അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്കിടയിലും അവഗണന മാത്രം. മെഡിക്കല്‍ കോളേജിന്റെ 50-ാ‍ം വാര്‍ഷികാഘോഷം ഇന്നലെ നടന്നപ്പോള്‍പ്പോലും ഇല്ലത്തെ പരിഗണിക്കാന്‍ സര്‍ക്കാരും മെഡിക്കല്‍ കോളേജ്‌ അധികൃതരും തയ്യാറായിട്ടില്ല. ധനമന്ത്രി കെ.എം.മാണിയും റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പങ്കെടുത്ത ചടങ്ങില്‍ പൊന്നാട ചാര്‍ത്തി മാത്രമാണ്‌ സര്‍ക്കാര്‍ ഈ കുടുംബത്തെ പരിഗണിച്ചത്‌.

കോട്ടയം മെഡിക്കല്‍ കോളേജിനു വേണ്ടി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥലം അന്വേഷിച്ചെങ്കിലും അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ മന്ത്രിമാരായ എം. പി. ഗോവിന്ദന്‍ നായര്‍, വി. കെ. വേലപ്പന്‍, മുന്‍ എം.എല്‍.എ. ജോര്‍ജ്‌ ജോസഫ്‌ പൊടിപാറ എന്നിവരോട്‌ പാടകശ്ശേരി ഇല്ലത്തെ പി. എന്‍. ശ്രീകുമാരന്‍ മൂസ്സത്‌ തന്റെ സ്ഥലം മെഡിക്കല്‍ കോളേജിനു വേണ്ടി സൗജന്യമായി നല്‍കാമെന്ന്‌ അറിയിക്കുകയായിരുന്നു.

മെഡിക്കല്‍ കോളേജിന്റെ പ്രധാന കെട്ടിടം സ്ഥിതിചെയ്യുന്നത്‌ പാടകശ്ശേരി ഇല്ലം സൗജന്യമായി നല്‍കിയ സ്ഥലത്താണ്‌. 1962 ലാണ്‌ സ്ഥലം നല്‍കിയത്‌.
സ്ഥലം സൗജന്യമായി നല്‍കുന്ന രേഖകള്‍ മന്ത്രിമാരെ ഏല്‍പ്പിക്കുമ്പോള്‍ അവര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടിട്ടില്ല. അനന്തരാവകാശികള്‍ക്ക്‌ മെഡിക്കല്‍ കോളേജില്‍ ജോലി കൊടുക്കുമെന്നും മെഡിക്കല്‍ കോളേജിലെ ഒരു ബ്ലോക്കിന്‌ പി. എന്‍ ശ്രീകുമാരന്‍ മൂസ്സതിന്റെ പിതാവ്‌ നീലകണ്ഠന്‍ മൂസത്തിന്റെ പേര്‌ നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. ഇതൊന്നും പാലിക്കപ്പെടാത്തതില്‍ ഈ സാധു ബ്രാഹ്മണകുടുംബത്തിന്‌ പരാതിയോ പരിഭവമോ ഇല്ല.

സ്വകാര്യ വ്യക്തികളുടെ ഭൂമി സൗജന്യമായി സര്‍ക്കാരിനു വാങ്ങുന്നതിന്‌ നിയമ തടസ്സം നേരിട്ടപ്പോള്‍ ഏക്കറിന്‌ അഞ്ച്‌ രൂപ നിരക്കില്‍ നല്‍കുകയായിരുന്നു. ആയിരക്കണക്കിന്‌ ജനങ്ങള്‍ക്ക്‌ പ്രയോജനപ്പെടുന്ന മെഡിക്കല്‍ കോളേജ്‌ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത്‌ പി. എന്‍ ശ്രീകുമാരന്‍ മൂസ്സതിന്റെ ഉദാര മനസ്കത കൊണ്ടു മാത്രമാണ്‌. അതിനെ അതേ അര്‍ത്ഥത്തില്‍ എടുക്കുന്ന ഇല്ലത്തെ പുതിയ തലമുറക്കാര്‍ക്ക്‌ ഒരു പരാതിയുണ്ട്‌. 140 ഏക്കര്‍ ഭൂമി കൊടുത്തപ്പോള്‍ ഒരു ഏക്കര്‍ എങ്കിലും മാറ്റി വെച്ചിരുന്നെങ്കില്‍ തങ്ങള്‍ക്ക്‌ എന്തെങ്കിലും ബിസിനസ്സ്‌ ചെയ്യാമായിരുന്നു.

യാത്രാ മദ്ധ്യേ ബോധം കെട്ടുവീണ ശ്രീകുമാരന്‍ മൂസ്സതിനെ ചികില്‍സിച്ചത്‌ കോട്ടയം മെഡിക്കല്‍ കോളേജിലാണ്‌ എന്ന ഒരു ഗുണം മാത്രമേ ഈ കുടുംബത്തിനു കിട്ടിയിട്ടുള്ളു. മുസ്സതിന്റെ ഭാര്യ സാവിത്രി അന്തര്‍ജനം മകനോടൊപ്പം കുടമാളൂരാണ്‌ താമസിക്കുന്നത്‌. ഇവര്‍ക്ക്‌ ഏഴ്‌ ആണ്‍മക്കളും നാല്‌ പെണ്‍മക്കളുമാണുള്ളത്‌. കുടുംബ വീട്ടില്‍ താമസിക്കുന്നത്‌ രണ്ടാമത്തെ മകന്‍ നാരായണന്‍ മൂസതും കുടുംബവുമാണ്‌. പുത്രന്മാരും പേരക്കുട്ടികളും വിവിധ ക്ഷേത്രങ്ങളിലെ പൂജാരിമാരായി ജോലി ചെയ്യുന്നു.

140 ഏക്കര്‍ ഏക്കര്‍ ഭൂമി സൗജന്യമായി കൊടുത്ത ഈ കുടുംബം കടുത്ത അവഗണനയിലും പരിഭവമോ പരാതികളോ ഇല്ലാതെയാണ്‌ ഇപ്പോഴും ജീവിക്കുന്നത്‌.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by