ചെങ്ങന്നൂര്‍: ഈമാസം 17ന് ആരംഭിക്കുന്ന മണ്ഡല വ്രതകാലത്ത് എല്ലാ ഭവനങ്ങളിലും അയ്യപ്പകഥകള്‍ വിശദമാക്കുന്ന ശ്രൂഭൂതനാഥോപാഖ്യാനം ഗ്രന്ഥം പാരായണം ചെയ്യണമെന്നും മകരവിളക്ക് ദിവസം സന്ധ്യാസമയത്ത് വീടുകളില്‍ ദീപം തെളിയിച്ച് ശരണഘോഷം മുഴക്കണമെന്നും ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന രണ്ടാം സംസ്ഥാന അയ്യപ്പ മഹാസംഗമം ആഹ്വാനം ചെയ്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഗുരുസ്വാമിമാര്‍, ശബരിമല തന്ത്രിമുഖ്യന്‍, നിയുക്ത മേല്‍ശാന്തിമാര്‍, അയ്യപ്പ സംഘടനാഭാരവാഹികള്‍, ശബരിമലയുമായി ബന്ധപ്പെട്ട് വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുത്തു. മകരവിളക്ക് ദിവസം പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് സംഗമം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ശബരിമല പൂങ്കാവനത്തിന്റെ മഹത്തായ സന്ദേശം ജനങ്ങളില്‍ പ്രചരിപ്പിക്കുന്നതിന് സമഗ്രമായ കര്‍മ്മ പദ്ധതിക്ക് അയ്യപ്പസംഗമം രൂപം നല്‍കി. ഭവനങ്ങളെല്ലാം പൂങ്കാവനങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ പച്ചക്കറി വിത്തും പൂച്ചെടികളും വന-ഫല വൃക്ഷത്തൈകളും ഗുരുസ്വാമിമാരൂടെ നേതൃത്വത്തില്‍ ഭവനസമ്പര്‍ക്കം ചെയ്ത് വിതരണം ചെയ്യും. ഭവനം തോറും വൃശ്ചികം 1ന് ഒരു വൃക്ഷമെങ്കിലും നട്ടുപിടിപ്പിക്കും.
അയ്യപ്പന്മാര്‍ക്ക് ഭക്ഷണം, കുടിവെള്ളം, താമസം, വൈദ്യസഹായം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിന് വേണ്ടി സംസ്ഥാനത്ത് 50 അയ്യപ്പസേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. അന്നദാന കേന്ദ്രങ്ങളിലേക്ക് ആവശ്യമുള്ള അരിസംഭരിക്കുന്നതിന് പിടി അരി ശേഖരണ പരിപാടിക്കും ചടങ്ങില്‍ തുടക്കം കുറിച്ചു.
ശബരിമല തന്ത്രി മുഖ്യന്‍ താഴമണ്‍ മഠം കണ്ഠരര് മഹേശ്വരര് ഭദ്രദീപം തെളിയിച്ചു. ശബരിമല അയ്യപ്പ സേവാസമാജം പ്രസിഡന്റ് കെ.ജി.ജയന്‍ അധ്യക്ഷത വഹിച്ചു. ശബരിമല മുന്‍ മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരി, നിയുക്ത മേല്‍ശാന്തിമാരായ ബാലമുരളി, ഈശ്വരന്‍ നമ്പൂതിരി, ശബരിമലയില്‍ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കളത്തില്‍ ചന്ദ്രശേഖരന്‍, തുളസീധരന്‍പിള്ള, മലമേല്‍ വിജയന്‍, മാടമണ്‍ ഉത്തമന്‍, മത്തുങ്കല്‍ രാജു, ഗംഗാധരന്‍ പിള്ള, പ്രതാപന്‍, രവിമനോഹര്‍, നാരായണകുറുപ്പ്, വേണുഗോപാല്‍, ജയപ്രകാശ്, ലക്ഷ്മിനാരായണ്‍, എസ്.എസ്.മണിയന്‍, ഡി.അശ്വനിദേവ് എന്നിവരെ അയ്യപ്പസേവാസമാജം ദേശീയ ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ചടങ്ങില്‍ പരിചയപ്പെടുത്തി. ഇവരെ സംഘടനാ ഭാരവാഹികള്‍ ആദരിച്ചു.
സമാപന പരിപാടിയില്‍ കുമ്മനം രാജശേഖരന്‍, സ്വാമി അയ്യപ്പദാസ്, ഗോപകുമാര്‍, ഗോപിനാഥന്‍, കെ.ജി.കര്‍ത്ത, സനു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗായകന്‍ കെ.ജി.ജയന്റെ ഹരിവരാസനത്തോടെ പരിപാടി സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക