പാലക്കാട്: രാജ്യത്തെ കൊള്ളയടിക്കാന്‍ യുപിഎ സര്‍ക്കാരും സോണിയയും നേതൃത്വം നല്‍കുകയാണെന്ന് ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി.ചന്ദ്രശേഖരന്‍ പറഞ്ഞു. ബിഎംഎസ് നടത്തുന്ന ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി നഗരത്തില്‍ നടന്ന റാലിയോടനുബന്ധിച്ച് കോട്ടമൈതാനിയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ ചരിത്രം അഴിമതിയുടെ ചരിത്രമാണ്. എവിടെയെല്ലാം എപ്പോഴെല്ലാം അവര്‍ ഭരണത്തിലുണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം അഴിമതിയുടെ ഘോഷയാത്രയാണുണ്ടായിട്ടുള്ളതെന്ന് അദ്ദേഹം ഉദാഹരണസഹിതം വിശദീകരിച്ചു.
രാജ്യം കണ്ട ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിംഗ്. ഒരു വിഷയത്തിലും തീരുമാനമെടുക്കുന്നില്ലെന്ന് മാത്രമല്ല പലപ്പോഴും നീട്ടിക്കൊണ്ടുപോകല്‍ ഒരു ശൈലിയാക്കിയിരിക്കുകയാണ്. അന്താരാഷ്‌ട്രതലത്തില്‍ ക്രൂഡോയിലിന്റെ വില കുറയുമ്പോഴും പെട്രോള്‍ വില വര്‍ധിപ്പിക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന ഒരു പ്രധാനമന്ത്രിയെ മേറ്റ്വിടെയും കാണാന്‍ കഴിയില്ല. സര്‍ക്കാരിന്റെ ഏകപക്ഷീയമായ നയത്തിനെതിരെ ഘടകകക്ഷികള്‍ പോലും രംഗത്ത് വരുന്നത് ഭരണത്തിന്റെ ഐക്യമില്ലായ്മയെയാണ് കാണിക്കുന്നത്.കള്ളപ്പണം കണ്ടുകെട്ടി രാജ്യപുരോഗതിക്ക് ഉപയോഗിക്കുക, ചെറുകിട വ്യാപാരമേഖലയിലേക്ക് വിദേശകുത്തകകളുടെ കടന്നുവരവ് തടയുക, അഴിമതി തടയുക എന്നീ ആവശ്യങ്ങളുന്നയിച്ച് പത്ത് ലക്ഷം തൊഴിലാളികള്‍ പങ്കെടുക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചിന് മുന്നോടിയായി കാല്‍ലക്ഷം പേര്‍ പങ്കെടുക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് പത്തിന് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിക്ടോറിയ കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ചില്‍ അയ്യായിരത്തോളം തൊഴിലാളികള്‍ പങ്കെടുത്തു. ജില്ല പ്രസിഡന്റ് എന്‍.മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എന്‍.കെ.മോഹന്‍ദാസ്, ജില്ല ജോയിന്റ് സെക്രട്ടറിമാരായ എസ്.രാജേന്ദ്രന്‍, കെ.സുധാകരന്‍, സലിം തെന്നാലാപുരം, വൈസ് പ്രസിഡന്റ് കെ.ആര്‍.രാജന്‍, നാരായണന്‍ കേക്കടവന്‍, വി.കൃഷ്ണന്‍കുട്ടി, ട്രഷറര്‍ വിഷ്ണുദാസ്, എന്‍ജിഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. അഡ്വ.എം.ആര്‍.മണികണ്ഠന്‍ സ്വാഗതവും സി.ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക