വിരലുകള്‍ ഗാന ഈരടികള്‍ക്കൊപ്പം ചലിപ്പിച്ച് നൃത്തമാടി കാണികളില്‍ വിസ്മയം പകര്‍ത്തുകയാണ്. നവീന കലാസൃഷ്ടിയായ വിരല്‍ നൃത്തം. കൊച്ചി സ്വദേശിയായ ഇംതിഹാസും സംഘവുമാണ് നൃത്ത കലാരംഗത്തെ പുതിയ ആശയവും ശൈലിയുമായ വിരല്‍നൃത്തം അവതരിപ്പിക്കുന്നത്. അപൂര്‍വവും കലാകാരന്മാര്‍ മാത്രമുള്ള വിരല്‍ നൃത്താവതരണം ഇന്ത്യയില്‍ ആദ്യമായി അരങ്ങേറിയത് മട്ടാഞ്ചേരിയിലാണ്.
കൊച്ചിയിലെ പള്ളുരുത്തിയിലെ നൃത്ത കലാകാരനായ ഇംതിഹാസിന്റെ പ്രയത്ന സൃഷ്ടിയാണ് വിരല്‍ നൃത്തം. പള്ളുരുത്തിയിലെ സാധാരണക്കാരായ റഹിമ-അബുബക്കര്‍ ദമ്പതികളുടെ മകനാണ് ഇംതിഹാസ്. നൃത്തകലാ സംഘമായ സ്കൈബേര്‍ഡ്സിന്റെ നായകനായ ഇംതിഹാസിന്റെ വിഷയ-പഠന-പരിശീലന-പ്രയത്ന സൃഷ്ടിയായാണ് വിരല്‍ നൃത്തം വിസ്മയം തീര്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരല്‍ മുഖ്യകഥാപാത്രമായി കണ്ട സിനിമയില്‍നിന്നാണ് വിരലിന്റെ ചലനങ്ങള്‍ താളാത്മകമാക്കി വിരല്‍ നൃത്തം എന്ന ആശയം ഇംതിഹാസിന്റെ ഭാവനയിലുണര്‍ന്നത്. ശാസ്ത്രീയ നൃത്തങ്ങളില്‍ താല്‍പ്പര്യവും നൃത്ത കലാസംഘത്തിന്റെ നേതൃത്വവും പകര്‍ന്നു നല്‍കിയ ആവേശം. 26-ാം വയസ്സില്‍ ഇംതിഹാസിന്റെ മനസ്സിലെ വിരല്‍ നൃത്ത പഠനത്തിന് തുടക്കം കുറിച്ചു.
തുടര്‍ന്ന് തന്റെ നൃത്തസംഘത്തിനോടൊപ്പം വ്യത്യസ്തമായൊരു നൃത്താവതരണത്തിനുള്ള തയ്യാറെടുപ്പാണ് ഇദ്ദേഹം നടത്തിയത്. വിരല്‍ നൃത്തം കേട്ടുകേള്‍വിപോലുമില്ലാത്ത ദേശത്തും കാലത്തും കലാപഠനത്തിന് പ്രയത്നം ഗുരുവാക്കി ഇംതിഹാസ് വിരല്‍ നൃത്ത പഠനം തുടങ്ങി. നൃത്താധ്യാപിക രമ്യമണിയുടെ മാര്‍ഗദര്‍ശനവുമായി. കൈവിരലുകളില്‍ ഏറെ ചലനാത്മകതയുള്ള ചൂണ്ടുവിരലും നടുവിരലും മോതിരവിരലും ചലിപ്പിച്ച് തുടങ്ങിയ നൃത്താഭ്യാസം ഒടുവില്‍ വിജയം കണ്ടുതുടങ്ങി. തുടര്‍ന്ന് കൈവിരലുകളെ കഥാപാത്രമാക്കിയുള്ള നൃത്തച്ചുവടുകള്‍ ആടിത്തിമിര്‍ത്തപ്പോള്‍ ഇംതിഹാസിന്റെ പുതിയ കലാസൃഷ്ടി രംഗാവതരണത്തിന് ഒരുങ്ങി. രണ്ടുവര്‍ഷം നീണ്ട പ്രയത്ന പരിശീലനത്തിനൊടുവില്‍ തമിഴ് ഗാനമായ “കാതല്‍ വന്ദാലെ കണ്ണുരണ്ടും…..” എന്ന ഗാനം വിരല്‍ നൃത്തമാക്കി അവതരിപ്പിച്ച് 2011 മെയ്മാസം ഇന്റര്‍നെറ്റ് യുട്യൂബില്‍ പ്രദര്‍ശിപ്പിച്ചു. മൂന്നര മിനിറ്റ് നീണ്ടുനിന്ന വിരല്‍ നൃത്തം കണ്ട് സ്വദേശത്തും വിദേശത്തുനിന്നുമായി ഒട്ടേറെ അഭിനന്ദനങ്ങള്‍ ഇംതിഹാസിന് ലഭിച്ചു. ഇതില്‍നിന്നുള്ള പ്രചോദനവും ആവേശവും ഉള്‍ക്കൊണ്ട് മൈക്കിള്‍ ജാക്സന്റെ ശ്രദ്ധേയമാര്‍ന്ന നൃത്തഗാനങ്ങളും വിരല്‍ നൃത്തമായി അവതരിപ്പിക്കപ്പെട്ടു. സിനിമാറ്റിക് ഡാന്‍സും പാശ്ചാത്യം, ശാസ്ത്രീയ, നാടോടി നൃത്ത ശൈലികളുമെല്ലാം വിരല്‍ നൃത്തത്തിന്റെ ചലനങ്ങളില്‍ ചാലിച്ച് ഗാനങ്ങള്‍ക്കൊപ്പം കാണികളില്‍ കൗതുകവും വിസ്മയവുമുണര്‍ത്തി. ഇംതിഹാസും സംഘവും വിരല്‍ നൃത്തവേദികള്‍ ശ്രദ്ധേയമാക്കുകയാണ്.
ഭാരതസ്വാതന്ത്ര്യത്തിന്റെ 65-ാം വര്‍ഷത്തില്‍ വന്ദേമാതരഗാനം ഇതിവൃത്തമാക്കി ഇംതിഹാസ് അവതരിപ്പിച്ച വിരല്‍നൃത്തം ഏറെ പ്രശംസനീയമായിരുന്നു. മാസങ്ങള്‍ നീണ്ട പരിശീലനത്തിനൊടുവില്‍ 2011 ആഗസ്റ്റ് 15 ന് മട്ടാഞ്ചേരി നെഹ്‌റു സ്മാരക ടൗണ്‍ ഹാളിലായിരുന്നു വന്ദേമാതരം വിരല്‍നൃത്തം. ഇന്ത്യയിലെ ആദ്യത്തെ വിരല്‍ നൃത്തവേദിയായിരുന്നു കൊച്ചിയിലേത്.
സ്വാതന്ത്ര്യ സമരകാലഘട്ടത്തില്‍ ദേശഭക്തര്‍ക്ക് ആവേശമായ വന്ദേമാതര ഗാനവും ദേശീയ പതാകവന്ദനവുമാണ് വിരല്‍നൃത്ത വിഷയാവതരണമാക്കിയത്. വേദിക്ക് പിന്നില്‍ വന്ദേമാതരഗാനമുയരുമ്പോള്‍ വേദിയില്‍ വിരലുകളില്‍ രൂപംകൊണ്ട ദേശീയ പുരുഷ കഥാപാത്രങ്ങള്‍ സമരകഥകളുടെ രംഗാവതരണം നടത്തും. സ്വതന്ത്രഭാരതത്തിന്റെ പ്രഖ്യാപനവും ദേശീയ പതാകവന്ദനവുമായി മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വിരല്‍ നൃത്തത്തിന് തിരശ്ശീല വീഴും.
ഓണാഘോഷം വിഷയമാക്കിയുള്ള വിരല്‍ നൃത്തവും ഏറെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. കേരളത്തിന്റെ നാടന്‍ പാട്ടിന്റെ ശൈലിയിലുള്ള ഗാന ഈരടികള്‍ക്കൊപ്പം വിരലുകളില്‍ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ ഓരോന്നായി രംഗത്തെത്തി. പരശുരാമന്‍ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചു എന്ന് തുടങ്ങി വിരല്‍ നൃത്തം പ്രാരംഭം കുറിക്കും. തുടര്‍ന്ന് ഉയരുകയായി………എന്ന വരികളിലൂടെ ഒഴുകിയെത്തുന്ന ഗാനത്തില്‍ മലയാളക്കരയുടെ കലാ-സാംസ്ക്കാരിക-സാമൂഹിക മഹിമകള്‍ വേദിയിലെ വിരല്‍നൃത്തം പാടിപ്പുകഴ്‌ത്തും. നാടുകാണാനിറങ്ങുന്ന മാവേലിത്തമ്പുരാന്റെ ഗദ്ഗദമാണ് പിന്നീടെത്തുന്ന ഗാനങ്ങളിലുള്ളത്. ജാതി-മത വിദ്വേഷപോരാട്ടവും സ്നേഹം നല്‍കിയ മാതാപിതാക്കളെ കൈവെടിയുന്ന പുതുതലമുറയും അഴിമതിയും ദുരിതങ്ങളുമെല്ലാം കണ്ട് ദുഃഖിതനാകുന്ന മാവേലി മന്നന്‍ ഈ ദുരവസ്ഥയ്‌ക്ക് മാറ്റം വേണമെന്നും കള്ളവും-ചതിയുമില്ലാത്ത കേരളം ഉയരണമെന്നും വിളിച്ചോതുന്ന ഇതിവൃത്തമാണ് ഓണനൃത്തം വിരല്‍ നൃത്തത്തിലൂടെ ഇംതിഹാസും സംഘം അവതരിപ്പിക്കുന്നത്. അഞ്ചരമിനിറ്റ് ദൈര്‍ഘ്യമുള്ള വിരല്‍ നൃത്താവതരണത്തിന് ഒരുമാസത്തെ പരിശീലനമാണ് ഇവര്‍ നടത്തിയത്.
‘സ്കൈബേര്‍ഡ്സിലെ ഏഴംഗ സംഘമാണ് ഇംതിഹാസിന്റെ വിരല്‍നൃത്താവതരണത്തിനുള്ളത്. ഇംതിഹാസ് അബൂബക്കര്‍, നൃത്താധ്യാപിക രമ്യാമണി, അല്‍ അമിന്‍, അപ്പൂസ്, റിസ്‌വാന്‍, തന്‍സീര്‍, ഫാസാനാ എന്നിവരാണിവര്‍. കാനഡയിലെ ടോറൊഡോവിലായിരുന്നു ആദ്യ പ്രകടനം. കാണികളില്‍ സന്ദേശം പകര്‍ത്തുന്നതിനുള്ള പരിശ്രമമാണ് വിരല്‍നൃത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇംതിഹാസ് പറഞ്ഞു. പ്രണയം ഇതിവൃത്തമാക്കിയുള്ള വിരല്‍നൃത്തം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇംതിഹാസ്. പാരീസിലെ പലോദി കോണ്‍ഗ്രസ്, ഇസ്രയേലിലെ ഓപ്പേറ ഹൗസ്, ചെക് റിപ്പബ്ലിക്കിലെ സാലാ കോണ്‍ഗ്രസ്, ജര്‍മനിയിലെ ഒളിമ്പിക്മാള്‍ എന്നിവിടങ്ങളിലെ സ്റ്റേജുകളില്‍ ശാസ്ത്രീയ സിനിമാറ്റിക്-നാടോടി നൃത്തങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ഇംതിഹാസിന്റെയും സംഘത്തിന്റെയും വിരല്‍നൃത്തവും ഇനി വിദേശസ്റ്റേജുകളില്‍ വിസ്മയം തീര്‍ക്കും.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: