ഗോവിന്ദ ദേഹതോ �ഭിന്നം പൂര്‍ണ്ണബ്രഹ്മസുഖാശ്രയം
മുക്തിസ്തത്ര രജസ്പര്‍ശാത് തന്മാഹാത്മ്യം കിമുച്യതേ”.
വൃന്ദാവനം ശ്രീഗോവിന്ദമൂര്‍ത്തിയില്‍നിന്നും ഭിന്നമല്ല. പരിപൂര്‍ണ്ണ ആനന്ദരൂപമായ ബ്രഹ്മം തന്നെയാണ്. ഇവിടത്തെ പൊടി സ്പര്‍ശിക്കുന്നതായാല്‍ത്തന്നെയും മുക്തി ലഭിക്കുന്നതാണ്. ആ സ്ഥിതിക്കു വൃന്ദാവന മാഹാത്മ്യം എങ്ങനെ വര്‍ണ്ണിച്ചു ഫലിപ്പിക്കാനാണ്.
വൃന്ദാവനത്തിന്റെ വിസ്തീര്‍ണ്ണം എണ്‍പത്തിനാലു ചതുരശ്രനാഴികയാണ്. ഈ സ്ഥലം മുഴുവന്‍ ശ്രീകൃഷ്ണഭഗവാന്റെ ആനന്ദനൃത്തഭൂമിയാണ്. ഇവിടെ അവിടവിടെയായിട്ടാണ് പലതരം ലീലകള്‍ നടത്തിയതുമായി ബന്ധപ്പെട്ട പേരിലുള്ള തീര്‍ത്ഥങ്ങള്‍ സ്ഥിതിചെയ്യുന്നത്. വൃന്ദാവനം ഭഗവാന്റെ അന്തരംഗ ലീലാസ്ഥലമാണ്. ഇവിടെയാണ് ഭഗവത്സ്വരൂപമായ ധാമം (വാസസ്ഥാനം) ഉള്ളത്. മഥുരയില്‍ നിന്നു വൃന്ദാവനത്തിലേക്കു തീവണ്ടിപ്പാതയുണ്ട്. ബസിലും പോവാം. മഥുരയില്‍ നിന്ന് ഇങ്ങോട്ട് ആറുകിലോമീറ്റര്‍ ദൂരമേയുള്ളു.
വൃന്ദാവനത്തില്‍ കേശീഘട്ടിലാണ് സൗകര്യമായി യമുനാസ്നാനം നിര്‍വ്വഹിക്കുന്നത്. മറ്റു കടവുകള്‍ വളരെ ദൂരെയാണ്. കംസഭടനായ കേശി കുതിരയുടെ രൂപം ധരിച്ചുവന്ന് കൃഷ്ണനെ കൊല്ലാന്‍ ശ്രമിക്കുകയും ഭഗവാന്‍ ആ കേശിയെ വധിക്കുകയും ചെയ്തു. ആ സ്ഥലമാണ് കേശീഘാട്ട് എന്ന് അറിയപ്പെടുന്നത്. (ഈ ഗ്രന്ഥം തയ്യാറാക്കിയ ആളിന് ഈ ഘാട്ടില്‍ ഒരിക്കല്‍ സ്നാനം ചെയ്യാന്‍ സാധിച്ചു.)
ഇവിടെ യാത്രക്കാര്‍ക്കു താമസിക്കാന്‍ ധാരാളം ധര്‍മ്മശാലകളുണ്ട്. അവയില്‍ ചിലതില്‍ എല്ലാവിധ ആധുനികസൗകര്യങ്ങളുമുണ്ട്.
തീര്‍ത്ഥാടകര്‍ കേശീഘാട്ടില്‍ സ്നാനം ചെയ്താല്‍ വംശീവടവും ഗോപേശ്വര മഹാദേവനെയും ദര്‍ശിച്ചിട്ടുവേണം മുന്നോട്ടുപോകാന്‍. ആ വഴിക്ക് ജഗന്നാഥഘാട്ടില്‍ ജഗന്നാഥക്ഷേത്രമുണ്ട്. അവിടെ ജഗന്നാഥധാമത്തില്‍ നിന്നു വിഗ്രഹങ്ങള്‍ കൊണ്ടുവന്നു പ്രതിഷ്ഠിച്ച് അലങ്കരിച്ചിട്ടുണ്ട്.
വൃന്ദാവനത്തില്‍ നൂറിലധികം ക്ഷേത്രങ്ങളുണ്ട്. അവയില്‍ നാലെണ്ണം പ്രധാനപ്പെട്ടവയാണ്.
1. ശ്രീരംഗനാഥക്ഷേത്രം : ഇതു ശ്രീരാമാനുജസമ്പ്രദായത്തിലുള്ള വിശാലമായ ക്ഷേത്രമാണ്.
2. ശ്രീരാധാരമണക്ഷേത്രം : ഇവിടെ മാധ്വഗൗഡേശ്വരസമ്പ്രദായക്കാരാനായ ശ്രീഗോപാലഭട്ടിന്റെ ആരാധനാമൂര്‍ത്തിയാണ് പ്രതിഷ്ഠിക്കപ്പെട്ടിരുന്നത്. ഇത് സാളഗ്രാമത്തില്‍ സ്വയമേവ വെളിപ്പെട്ട ശ്രീവിഗ്രഹമാണ്.
3. ശ്രീരാധാവല്ലഭക്ഷേത്രം : ശ്രീഹിതഹരിവംശക്കാരനായ ഗോസ്വാമിപാദന്റെ ആരാധനാക്ഷേത്രമാണ്. ഇതു വളരെ കീര്‍ത്തികേട്ട ക്ഷേത്രമാണ്.
4. ശ്രീദേവിവിഹാരീക്ഷേത്രം : വൃന്ദാവനത്തിലെ കൂടുതലും ഭക്തന്മാര്‍ക്കു സര്‍വ്വസ്വവുമായി കരുതപ്പെടുന്നു. ശ്രീഹരിദാസന്മാരായ ഠാക്കൂര്‍മാര്‍ വൃന്ദാവനവാസികള്‍ക്കു ബഹുമാന്യരാണ്.
വൃന്ദാവനത്തില്‍ രണ്ടു പൂന്തോട്ടങ്ങളുണ്ട്. നിധിവനം, സേവാകുഞ്ജം. ഇവ മതില്‍കെട്ടി സൂക്ഷിച്ചിട്ടുള്ളതും പ്രാചീനങ്ങളായ ലതകള്‍ നിറഞ്ഞതുമായ ഉദ്യാനങ്ങളാണ്. ഇതിനകത്തു ക്ഷേത്രമുണ്ട്. നിധിവനം ശ്രീരാധാരമണക്ഷേത്രത്തിനും ശ്രീരാധാവിഹാരിക്ഷേത്രത്തിനും സമീപത്താണ്. സേവാകുഞ്ജം വനഖണ്ഡീശ്വരശിവക്ഷേത്രത്തില്‍ നിന്നും അല്‍പം അകലെയാണ്.
പ്രദക്ഷിണക്രമം : കാലിയഘാട്ടില്‍ കാളിയമര്‍ദ്ദനക്ഷേത്രം. യുഗളാഘാട്ടില്‍ യുഗളവിഹാരി, മദനമോഹനക്ഷേത്രം. അദ്വൈതാചാര്യന്റെ തപോഭൂമിയാണ് അദൈവതവടം. അഷ്ടസഖികളുടെ ക്ഷേത്രം, ശ്രീദേവീവിഹാരി, ശ്രീരാധാവല്ലഭം, ആനന്ദീമാതാക്ഷേത്രം, ദാനഗലി, മതാഗലി, സേവാകുഞ്ജ്, രസികാവിഹാരി, ശൃംഗാരവടം, സവാമന സാളഗ്രാമം, ശാകവിഹാരീക്ഷേത്രം, നിധുവനം, ശ്രീരാധാരമണം, ശ്രീഗോപീനാഥം, ശ്രീഗോകുലാനന്ദക്ഷേത്രം, വംശീവടം, ശ്രീമഹാപ്രഭുവിന്റെ ആസ്ഥാനം, ഗോപരമേശ്വരമഹാദേവന്‍, ബ്രഹ്മചാരീക്ഷേത്രം, ലാലാബാബുക്ഷേത്രം, ശ്രീജഗന്നാഥജി, ബ്രഹ്മകുണ്ഡം, ശ്രീരംഗക്ഷേത്രം, ഗോവിന്ദദേവ്, ജ്ഞാനഗുദഡീ, ടാടീസ്ഥാന്‍, ജയ്പൂര്‍വാലാക്ഷേത്രം, ജമായീബാബുവിന്റെ ആസ്ഥാനം, കാണ്‍പൂര്‍വാലാക്ഷേത്രം, ഉഡിയാബാബായുടെ ആശ്രമം, ആനന്ദവൃന്ദാവനത്തിലെ ശിവക്ഷേത്രം ഇങ്ങനെ ആയിരിക്കും പ്രദക്ഷിണക്രമം. ആറേഴുകിലോമീറ്റര്‍ സഞ്ചരിക്കണം ക്ഷേത്രങ്ങളെല്ലാം ദര്‍ശിച്ചു മുറപ്രകാരം പ്രദക്ഷിണം പൂര്‍ത്തിയാക്കാന്‍.
വൃന്ദാവനത്തില്‍ യാത്രക്കാരെ ആകര്‍ഷിക്കുന്ന ഒന്നാണ് ഗൗരാംഗ മഹാപ്രഭുവിന്റെ ഭവ്യക്ഷേത്രം.
വൃന്ദാവനത്തിലെ തീര്‍ത്ഥങ്ങള്‍ പല സ്ഥാനങ്ങളിലായിട്ടാണ്. അതിനാല്‍ ചില പ്രത്യേക ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയിട്ടു മഥുരയിലേക്കു മടങ്ങുന്ന സാധാരണക്കാര്‍. മഥുരാ-വൃന്ദാവനം റോഡില്‍ ബിര്‍ളാ നിര്‍മ്മിച്ചിട്ടുള്ള ഗിതാമന്ദിരം വളരെ വലുതാണ്. ഇവിടെ തീര്‍ത്ഥാടകര്‍ക്കു താമസിക്കുവാന്‍ ധര്‍മ്മശാലയും ഉണ്ട്.
സന്ദര്‍ശകരും തീര്‍ത്ഥാടകരുമെല്ലാം ഒരു കാര്യം പ്രത്യേകം ഓര്‍ത്തിരിക്കണം. മഥുരയിലും വൃന്ദാവനത്തിലുമൊക്കെ പല പ്രാവശ്യം അക്രമികള്‍ ആക്രമണം നടത്തിയിട്ടുണ്ട്. അതിനാല്‍ ഇവിടെ അഞ്ഞൂറുവര്‍ഷം മുമ്പുണ്ടായിരുന്ന കെട്ടിടങ്ങളില്‍ ഒന്നുപോലും ഇന്നില്ല. ശ്രീചൈതന്യമഹാപ്രഭു വൃന്ദാവനത്തില്‍ വരുമ്പോള്‍ അവിടെ വെറും വനം മാത്രമായിരുന്നു. ചില സന്യാസിമാര്‍ വൃക്ഷങ്ങളുടെ ചുവട്ടിലിരുന്നു ഭജന നടത്തിയിരുന്നു അത്രമാത്രം.
– സ്വാമി ധര്‍മ്മാനന്ദ തീര്‍ത്ഥ
പ്രതികരിക്കാൻ ഇവിടെ എഴുതുക: