Categories: Kottayam

തൃക്കൊടിത്താനത്ത്‌ ഭരണസ്തംഭനം: വൈദ്യുതിയില്ല, കുടിവെള്ളമില്ല

Published by

ചങ്ങനാശേരി: തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തില്‍ ആഴ്ചകളായി വൈദ്യുതിയും കുടിവെള്ളവും മുടങ്ങുന്നു. ഇവിടെ എല്‍ഡിഎഫ്‌ നേതൃത്വം നല്‍കുന്ന പഞ്ചായത്ത്‌ ഭരണം സംഭിച്ചിരിക്കുകയാണെന്ന്‌ വ്യാപകമായ പരാതി ഉയരുന്നുണ്ട്‌. അമ്പലം-മടുക്കംമൂട്‌ റോഡില്‍ ആഴ്ചകളായി വഴിവിളക്കുകള്‍ പലതും കത്താതായിട്ട്‌. മഹാക്ഷേത്രവും പള്ളിയും മസ്ജിദും സ്ഥിതി ചെയ്യുന്ന ഈ റോഡിലൂടെ വെളുപ്പിന്‌ ആരാധനകള്‍ക്കായി എത്തുന്നവര്‍ക്കും രാത്രികാല യാത്രികര്‍ക്കും ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നു. ചക്രായത്തില്‍കുന്ന്‌, മണികണ്ഠവയല്‍, ചെമ്പുംപുറം, അമര, ചാഞ്ഞോടി തുടങ്ങിയ പ്രദേശങ്ങളിലാണെങ്കില്‍ പലദിവസങ്ങളിലും കുടിവെള്ളം മുടങ്ങുന്നതായും പരാതിയുണ്ട്‌. എന്നാല്‍ പല സ്ഥലങ്ങിലും പൈപ്പുലൈനുകള്‍ പൊട്ടി വെള്ളം പാഴായി ഒഴുകുന്നതും നിത്യസംഭവമാണ്‌. ചങ്ങനാശേരി ചെറുകരകുന്നില്‍ നിന്നുമാണ്‌ ഇവിടെ കുടിവെള്ളമെത്തിക്കൊണ്ടിരിക്കുന്നത്‌. കുടിവെള്ളത്തിനായി പാത്രങ്ങളുമായി പൈപ്പിണ്റ്റെ ചുവട്ടിലെത്തുമ്പോഴാണ്‌ വെള്ളം ലഭിക്കാതെ നിരാശരായി മടങ്ങിപ്പോകേണ്ടിവരുന്നു. റോഡുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. പഞ്ചായത്തിലെ ഒട്ടുമിക്ക റോഡുകളും തകര്‍ന്ന്‌ സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നു. പൊട്ടശ്ശേരി-പുലിക്കോട്ടുപടി റോഡ്‌, കൈലാത്തുപടി-കുന്നുംപുറം റോഡ്‌, ചെമ്പുംപുറം-കോട്ടമുറികുന്നുംപുറം-മുക്കാട്ടുപടി, കൊക്കോട്ടുചിറ തുടങ്ങിയ റോഡുകളും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്‌. രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ ഓട്ടം വിളിച്ചാല്‍ വരാത്ത അവസ്ഥയായി. ഇങ്ങനെ ഒട്ടനവധി പ്രശ്നങ്ങളുണ്ടായിട്ടും പഞ്ചായത്ത്‌ ഭരണസമിതിയും, പഞ്ചായത്ത്‌ അംഗങ്ങളും കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. മാലിന്യപ്രശ്നങ്ങളും ഇവിടെ കാര്യമായ തോതിലുണ്ട്‌. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ ബിജെപിയുടെ നേതൃത്വത്തില്‍ റോഡുപരോധങ്ങള്‍ വരെ നടത്തിയിരുന്നു. റോഡുപണികള്‍ക്ക്‌ ടെണ്ടര്‍ കൊടുത്തിട്ടുണ്ടെന്ന്‌ പറയുന്നുണ്ടെങ്കിലും കരാറുകാര്‍ എടുത്തിട്ടില്ലെന്നാണ്‌ അറിയുന്നത്‌. വ്യാപകമായ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by