Categories: Vicharam

വനിതാ കോഡു ബില്‍ എതിര്‍ക്കപ്പെടണോ?

Published by

സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങളും ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി ആവശ്യമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന്‌ 2010 സപ്തംബര്‍ 10 ന്‌ ജസ്റ്റിസ്‌ കൃഷ്ണയ്യര്‍ അധ്യക്ഷനായി ഒരു കമ്മീഷനെ ഇടതുമുന്നണി സര്‍ക്കാരാണ്‌ നിയോഗിച്ചത്‌. ചില്‍ഡ്രന്‍സ്‌ കോഡുബില്‍, വിമന്‍സ്‌ കോഡുബില്‍ എന്നീ രണ്ടു ബില്ലുകള്‍ ഉള്‍പ്പെടുത്തിയ ഒരു റിപ്പോര്‍ട്ട്‌ കമ്മീഷന്‍ 2011 സപ്തംബറില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ സമര്‍പ്പിച്ചു. അതില്‍ 55 പേജുള്ള ചില്‍ഡ്രന്‍സ്‌ കോഡ്‌ ബില്‍ പ്രത്യേകിച്ച്‌ വിവാദങ്ങള്‍ ഒന്നുംതന്നെ സൃഷ്ടിച്ചില്ലെങ്കിലും 28 പേജുള്ള വനിതാ കോഡു ബില്‍ എതിര്‍പ്പിന്റെ വേലിയേറ്റം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്‌. പന്ത്രണ്ടംഗ കമ്മറ്റിയില്‍ ജസ്റ്റിസ്‌ കൃഷ്ണയ്യര്‍ ഒഴിച്ച്‌ മറ്റാരും തന്നെ തങ്ങള്‍ സമര്‍പ്പിച്ച ബില്ലിനെ ന്യായീകരിക്കാനോ പ്രതിരോധിക്കാനോ രംഗത്തുവന്നില്ലെന്നത്‌ ഏറെ അത്ഭുതമുളവാക്കുന്നു. എന്നാല്‍ കുറഞ്ഞത്‌ കമ്മറ്റിയിലെ രണ്ടംഗങ്ങളെങ്കിലും ഈ ബില്ലിലെ ചില വ്യവസ്ഥകളോടുള്ള അവരുടെ എതിര്‍പ്പ്‌ ശക്തമായിത്തന്നെ പ്രകടിപ്പിക്കുകയും ചെയ്തു.

വനിതാ കോഡുബില്ലിനെ രൂക്ഷമായി എതിര്‍ക്കുന്നത്‌ ക്രൈസ്തസഭയും മുസ്ലീം മതനേതൃത്വവുമാണ്‌. അതില്‍ മുസ്ലീംലീഗ്‌ ബില്ലിനോട്‌ അത്ര കടുത്ത എതിര്‍പ്പ്‌ പ്രകടിപ്പിച്ചില്ലെന്നതും ശ്രദ്ധേയമാണ്‌. ബില്ലിലെ രണ്ട്‌ കാര്യങ്ങളെക്കുറിച്ചാണ്‌ പ്രധാനമായ വിവാദം ഉയര്‍ന്നിട്ടുള്ളത്‌. (1) കുടുംബത്തില്‍ പരമാവധി രണ്ടു കുട്ടികള്‍ മതി എന്ന ശുപാര്‍ശ (2) നിയമം ലംഘിക്കുന്നവര്‍ക്ക്‌ നല്‍കുന്ന ശിക്ഷ. ഏറെ സംശയങ്ങള്‍ക്കും തെറ്റിദ്ധാരണയ്‌ക്കും ഇടയാക്കിയിട്ടുള്ള ശുപാര്‍ശകളാണ്‌ ഇവ രണ്ടും.

അനാരോഗ്യകരവും അസ്വാഭാവികവുമായ ജനസംഖ്യാപ്പെരുപ്പം സമുദായങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കാവുന്ന അസ്വസ്ഥതകള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണ്‌ കമ്മീഷന്‍ ജനസംഖ്യാ നിയന്ത്രണവും കുടുംബാസൂത്രണവും കര്‍ശനമായി പാലിക്കണമെന്ന്‌ ഈ ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്‌. ബില്ലിലെ സെക്ഷന്‍ (3) ല്‍ ഈ കാര്യം വ്യക്തമായി സൂചിപ്പിക്കുന്നു. സാമൂഹ്യസുസ്ഥിരത, കുടുംബഭദ്രത, സാമ്പത്തികഭദ്രത എന്നിവ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്‌ കമ്മീഷന്റെ ഈ ശുപാര്‍ശകള്‍. മാത്രമല്ല സംസ്ഥാനത്തിന്റെ മതേതര ചട്ടക്കൂട്‌ തകരാതിരിക്കാന്‍ ജനസംഖ്യാ നിയന്ത്രണം ആവശ്യമാണെന്ന്‌ കമ്മീഷന്‍ കരുതുന്നു. ബില്ലിലെ സെക്ഷന്‍ (5) ഈ ജനസംഖ്യാ നിയന്ത്രണത്തിനെതിരായി ഒറ്റക്കോ കൂട്ടായോ നടത്തുന്ന ഏതു ശ്രമവും നിയമപരമായ അയോഗ്യതയ്‌ക്കിടയാകുമെന്നും പറയുന്നു. ജനസംഖ്യാനിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസ്ഥകള്‍ക്ക്‌ വിധേയമായി രണ്ട്‌ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക്‌ ഓരോ കുട്ടിയ്‌ക്കും 50,000 രൂപാ വരെ ധനസഹായവും കമ്മീഷന്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ രണ്ടാമത്തെ കുട്ടിക്ക്‌ ശേഷമുണ്ടാകുന്ന കുട്ടികള്‍ക്കോ രക്ഷിതാക്കള്‍ക്കോ ധനസഹായത്തിന്റെ കാര്യത്തിലല്ലാതെ നിയമപരമായി മറ്റു അയോഗ്യതയോ ശിക്ഷയോ ശുപാര്‍ശയില്‍ പറയുന്നില്ല.

ഒരു കുടുംബത്തില്‍ എത്ര കുട്ടികള്‍ വേണമെന്നുള്ളത്‌ ആ കുടുംബത്തിന്റെ സ്വകാര്യകാര്യമാണെന്നും അതില്‍ കൈകടത്താന്‍ ഭരണകൂടത്തിന്‌ അവകാശമില്ലെന്നുമാണ്‌ ഈ ബില്ലിനെ എതിര്‍ക്കുന്നവരുടെ ഒരു വാദം. മാത്രമല്ല കേരളത്തില്‍ ജനസംഖ്യാപ്പെരുപ്പത്തിന്റെ നിരക്ക്‌ ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്നും അനുദിനം അത്‌ കുറഞ്ഞുവരികയാണെന്നും അവര്‍ പറയുന്നു. കേരളത്തിന്റെ ഫെര്‍ട്ടിലിറ്റി 1.76 ആണെന്നും അത്‌ 2.10 എങ്കിലും ആയാലേ ജനസംഖ്യയില്‍ ഒരു സ്ഥിരത നിലനിര്‍ത്താനാവുകയുള്ളൂ എന്നും പറയപ്പെടുന്നു.

ജനങ്ങളാണ്‌ രാഷ്‌ട്രത്തിന്റെ ശക്തി എന്നതില്‍ യാതൊരു സംശയത്തിനുമിടയില്ല. മനുഷ്യവിഭവമാണ്‌ ലോകത്ത്‌ ഏറ്റവും വിലപിടിപ്പുള്ളത്‌ എന്നതിലും തര്‍ക്കമില്ല. യൂറോപ്പിലെ പല രാജ്യങ്ങളും ജനസംഖ്യാ വര്‍ധനവിനു വേണ്ടി ഒട്ടനവധി സഹായങ്ങളാണ്‌ അവരുടെ കുടുംബങ്ങള്‍ക്കുവേണ്ടി ചെയ്യുന്നത്‌. എന്നാല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ച്‌ ചൈന, ഭാരതം എന്നീ രാജ്യങ്ങളിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്‌. ഇവിടങ്ങളില്‍ സംഭവിക്കുന്ന ജനസംഖ്യാ വിസ്ഫോടനം രാജ്യത്തിന്റെ വിഭവവിനിയോഗം, പരിസ്ഥിതി, ഭൂമിയുടെ ലഭ്യത എന്നിവയെ സാരമായി ബാധിക്കുന്നുണ്ട്‌ എന്നാണ്‌ പഠനങ്ങള്‍ തെളിയിക്കുന്നത്‌. 1952 മുതല്‍ ഭാരതം ജനസംഖ്യാനിയന്ത്രണത്തെക്കുറിച്ച്‌ വ്യാപകമായ തോതില്‍ പരസ്യപ്രചാരണങ്ങള്‍ നടത്തുന്നു. നാം രണ്ട്‌, നമുക്ക്‌ രണ്ട്‌ എന്ന മുദ്രാവാക്യം എത്താത്ത ഗ്രാമങ്ങളും കുടുംബങ്ങളും ഭാരതത്തില്‍ ഉണ്ടാവാനിടയില്ല. കുടുംബാസൂത്രണത്തിനുവേണ്ടി കോടിക്കണക്കിന്‌ രൂപയാണ്‌ സര്‍ക്കാര്‍ ചെലവഴിക്കുന്നത്‌. ജനസംഖ്യയെ സംബന്ധിച്ചുള്ള നമ്മുടെ ദേശീയ നയമാണ്‌ ഒരു കുടുംബത്തില്‍ രണ്ടു കുട്ടികള്‍ മതി എന്നത്‌. എന്നിട്ടും ഐക്യരാഷ്‌ട്രസഭ 2050-ാ‍ം മാണ്ടോടെ ഭാരതത്തില്‍ 160 കോടി ജനങ്ങളുണ്ടാവുമെന്നും അത്‌ ചൈനയേക്കാള്‍ 20 കോടിയോളം അധികമായിരിക്കുമെന്നുമാണ്‌ വിലയിരുത്തുന്നത്‌.

കേരളത്തിന്റെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. ഭാരതത്തിന്റെ ആകെ വിസ്തൃതിയുടെ ഒരു ശതമാനം മാത്രമുള്ള കേരളത്തിലാണ്‌ ഭാരതത്തിലെ മൊത്തം ജനസംഖ്യയുടെ മൂന്നുശതമാനമുള്ളത്‌. നമ്മുടെ ജനസാന്ദ്രത ദേശീയ ശരാശരിയുടെ മൂന്നു മടങ്ങാണ്‌. ഒരു കിലോമീറ്റര്‍ സ്ക്വയറില്‍ 859 പേരാണ്‌ കേരളത്തില്‍ താമസിക്കുന്നത്‌. കേരളത്തിന്റെ ജനനനിരക്ക്‌ 1000 ന്‌ 17.1 ആണെങ്കില്‍ മരണനിരക്ക്‌ 1000 ന്‌ 7 ആണ്‌.

എല്ലാ നിയമങ്ങളും ജനങ്ങളുടെ സമ്പൂര്‍ണ സ്വാതന്ത്ര്യത്തിന്‌ വിഘാതം സൃഷ്ടിക്കുന്നതാണ്‌. എന്നാല്‍ ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തില്‍ വിവേചനബുദ്ധിയോടെ നിയമങ്ങള്‍ അനുസരിക്കപ്പെടണം. ഭൂമിയുടെ സ്വത്തവകാശത്തിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോഴും ഈ വാദം ഉയര്‍ന്നുവന്നതാണ്‌. എന്നാല്‍ ഭൂപരിധി നിയമം കേരളത്തില്‍ വളരെ വിജയകരമായി നടപ്പിലാവുകയും ചെയ്തു. രാജ്യത്തിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തിവേണം പൗരന്മാരുടെ സ്വാതന്ത്ര്യത്തിന്റെ പരിധി നിശ്ചയിക്കപ്പെടേണ്ടത്‌.

ജനസംഖ്യയില്‍ സാമുദായിക അസന്തുലിതാവസ്ഥ എന്നത്‌ കമ്മീഷന്റെ ഒരു പ്രധാന ആശങ്കയാണ്‌. കേരളത്തില്‍ ഹിന്ദു-ക്രൈസ്തവ ജനസംഖ്യയില്‍ നെഗേറ്റെവ്‌ വളര്‍ച്ചയാണുള്ളത്‌. എന്നാല്‍ മുസ്ലീം ജനസംഖ്യ മൂന്നുശതമാനം കണ്ട്‌ വര്‍ധിച്ചിരിക്കുന്നു. അതില്‍ തന്നെ മലപ്പുറം ജില്ലയാണ്‌ അസ്വഭാവികമായ വളര്‍ച്ച കാണിക്കുന്നത്‌. മലപ്പുറം ജില്ലയും തൊട്ടടുത്ത ജില്ലയും തമ്മിലുള്ള ജനസംഖ്യയിലെ വ്യത്യാസം എട്ട്‌ ലക്ഷത്തിലധികമാണ്‌. മുഴുവന്‍ കേരളത്തിലും കുട്ടികളുടെ ജനസംഖ്യാനിരക്ക്‌ 12 ആണെങ്കില്‍ അത്‌ മലപ്പുറം ജില്ലയില്‍ മാത്രം പോസിറ്റീവ്‌ വളര്‍ച്ചയാണ്‌. മാത്രമല്ല ഹിന്ദു സമൂഹത്തിലെ മരണനിരക്ക്‌ അവരുടെ ജനസംഖ്യാ നിരക്കിനേക്കാള്‍ കൂടുതലാണെങ്കില്‍ മുസ്ലീം-ക്രിസ്ത്യന്‍ സമുദായത്തിലെ മരണനിരക്ക്‌ അവരുടെ ജനസംഖ്യാ നിരക്കിനേക്കാള്‍ കുറവാണു താനും. അതായത്‌ 2008 ലെ കണക്കനുസരിച്ച്‌ 56% ജനസംഖ്യയുള്ള ഹിന്ദുക്കളില്‍ മരണനിരക്ക്‌ 61.01% ക്രിസ്ത്യന്‍ സമൂഹത്തില്‍ അത്‌ 17.82%വും മുസ്ലീങ്ങളില്‍ 20.06% വും ആണ്‌. മുസ്ലീം ജനസംഖ്യ 24.1%, ക്രിസ്ത്യന്‍ ജനസംഖ്യ 19% ആണെന്നത്‌ ഇവിടെ പ്രത്യേകം ഓര്‍ക്കണം. മാത്രമല്ല ഹിന്ദുസ്ത്രീകളുടെ ഫെര്‍ട്ടിലിറ്റി റേറ്റ്‌ മുസ്ലീം-ക്രിസ്ത്യന്‍ സ്ത്രീകളേക്കാള്‍ വളരെ പിന്നിലാണ്‌ താനും.

2011 ലെ സെന്‍സസ്‌ റിപ്പോര്‍ട്ടനുസരിച്ച്‌ ക്രൈസ്തവജനസംഖ്യാ നിരക്കില്‍ കുറവ്‌ കാണിക്കുന്നുണ്ട്‌. വിശ്വാസപരമായി ക്രൈസ്തവരായവരുടെ സംഖ്യ വര്‍ധിച്ചിട്ടുണ്ടെങ്കിലും മതപരിവര്‍ത്തനത്തിലൂടെ ക്രൈസ്തവരായവരുടെ സംഖ്യ സെന്‍സസില്‍ പെടാത്തത്‌ വര്‍ധനവിന്റെ യഥാര്‍ത്ഥ ചിത്രം വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും കേരളത്തില്‍ ക്രൈസ്തവരുടെ സംഖ്യ മുസ്ലീം ജനസംഖ്യയ്‌ക്ക്‌ ആനുപാതികമായി വര്‍ധിക്കാത്തതില്‍ സഭയ്‌ക്ക്‌ അതിയായ ഉത്കണ്ഠയാണുള്ളത്‌. അത്‌ ഭാവിയില്‍ സഭയുടെ രാഷ്‌ട്രീയ അധീശത്വത്തെതന്നെ കുറച്ചുകൊണ്ടുവരാന്‍ ഇടയാക്കുമെന്നാണ്‌ സഭ ഭയപ്പെടുന്നത്‌. അതുകൊണ്ടാണ്‌ ഔദ്യോഗികമായിത്തന്നെ സന്താനനിയന്ത്രണത്തിനെതിരായി വിശ്വാസികളെ ബോധവല്‍ക്കരിക്കുന്നതും. സന്താനനിയന്ത്രണത്തിനുവേണ്ടി ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണം കൃഷ്ണയ്യര്‍ കമ്മീഷനെതിരായി സഭ ഉയര്‍ത്തുന്നുണ്ട്‌. ഭ്രൂണഹത്യ കൊടുംപാപമാണെന്നാണ്‌ സഭയുടെ പ്രചാരണം. ലക്ഷക്കണക്കിന്‌ സാധുമൃഗങ്ങളെ നിത്യേന കൊന്നൊടുക്കുന്നതില്‍ ഒരു പാപവും സഭ കാണുന്നില്ല എന്നത്‌ ഇതിനോട്‌ ചേര്‍ത്ത്‌ വായിക്കേണ്ടതാണ്‌. മനുഷ്യരേയും മൃഗങ്ങളേയും ഒരുപോലെയല്ല തങ്ങള്‍ കാണുന്നത്‌ എന്ന്‌ സഭയുടെ ഒരു വക്താവ്‌ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്‌ ഓര്‍ത്തുപോവുന്നു. സ്ത്രീ പീഡനത്തിന്റെ വാര്‍ത്തകള്‍ നിത്യേന വന്നുകൊണ്ടിരിക്കേ കൗമാരക്കാരായ പെണ്‍കുട്ടികള്‍ അവിവാഹിതരായി ഗര്‍ഭം ധരിച്ചാല്‍ ഭ്രൂണഹത്യ പാപമായതുകൊണ്ട്‌ അവര്‍ പ്രസവിക്കുകതന്നെ വേണമെന്നാണോ സഭ ആവശ്യപ്പെടുന്നത്‌? സ്ത്രീകളോടുള്ള സമീപനത്തില്‍ പഴയ ദുഷിച്ച മനോഭാവംതന്നെയാണ്‌ സഭയ്‌ക്കുള്ളത്‌ എന്നു ഇവിടെ വ്യക്തമാവുന്നു.

ജനസംഖ്യാ നിയന്ത്രണം തത്വത്തില്‍ സ്വീകരിക്കപ്പെടേണ്ടതാണെങ്കിലും അത്‌ പ്രയോഗത്തില്‍ ഹിന്ദുക്കളെ മാത്രമേ ദോഷകരമായി ബാധിക്കൂ എന്നാണ്‌ ഹിന്ദു സംഘടനകളുടെ പക്ഷം. ന്യൂനപക്ഷസമ്മര്‍ദ്ദത്തിനുമുന്നില്‍ എന്നും തലകുനിച്ചിട്ടുള്ള ഭരണാധികാരികള്‍ ഈ നിയമത്തെ മറികടക്കാന്‍ ന്യൂനപക്ഷങ്ങള്‍ക്ക്‌ പ്രത്യേക അവകാശാധികാരങ്ങള്‍ നല്‍കുമെന്ന്‌ ഹിന്ദുക്കള്‍ ഭയപ്പെടുന്നു. അതുവഴി ഈ ബില്ല്‌ നിയമമായാല്‍ അത്‌ ഭാവിയില്‍ ഹിന്ദുക്കള്‍ക്ക്‌ മാത്രമേ ബാധകമാവാന്‍ ഇടയുള്ളൂ എന്നവര്‍ വിശ്വസിക്കുന്നു. ഇപ്പോള്‍തന്നെ ഹിന്ദുക്കള്‍ കേരളത്തില്‍ ന്യൂനപക്ഷമായി മാറുന്നു എന്ന പരാതിയില്‍ കഴമ്പുണ്ടെന്നതില്‍ ഒരു തര്‍ക്കവുമില്ല താനും. പ്രത്യേകിച്ച്‌ ഭാരതത്തില്‍ സിവില്‍ നിയമങ്ങള്‍ ഒട്ടുമിക്കതും മതാടിസ്ഥാനത്തില്‍ തന്നെയാണല്ലോ ഇപ്പോഴും നിലവിലുള്ളത്‌. എന്നാല്‍ രാഷ്‌ട്രതാല്‍പ്പര്യത്തെ മുന്‍നിര്‍ത്തിവേണം ഇത്തരം കാര്യങ്ങളില്‍ നിലപാടെടുക്കാന്‍ എന്ന്‌ വിശ്വസിക്കുന്നവരും അവര്‍ക്കിടയിലുണ്ട്‌.

വനിതാകോഡുബില്ലില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക്‌ ഇടവരുത്തിയ ശുപാര്‍ശയാണ്‌ നിയമം ലംഘിക്കുന്നവര്‍ക്ക്‌ നല്‍കുന്ന ശിക്ഷയെക്കുറിച്ചുള്ള വ്യവസ്ഥ. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള അച്ഛനമ്മമാര്‍ക്ക്‌ 10000 രൂപയോ മൂന്നുമാസം തടവോ ശിക്ഷയുണ്ട്‌ എന്നാണ്‌ പൊതുവെയുള്ള പ്രചാരണം. ഇത്‌ വസ്തുതാവിരുദ്ധമായ ആരോപണമാണ്‌. ജനസംഖ്യാനിയന്ത്രണനയം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ 10 പേരില്‍ കൂടുതലുള്ള ഒരു കമ്മീഷന്‍ രൂപീകരിക്കണമെന്നാണ്‌ ബില്ലില്‍ പറയുന്നത്‌. പ്രസ്തുത കമ്മീഷന്റെ അംഗങ്ങളെയെല്ലാം നിയമിക്കേണ്ടത്‌ ഗവര്‍ണറായിരിക്കുകയും വേണം. ഈ കമ്മീഷന്‌ ബില്ലിലെ തെറ്റായ നിര്‍ദ്ദേശങ്ങളെ ഒഴിവാക്കാനോ ഭേദഗതി ചെയ്യാനോ ഉള്ള അധികാരവുമുണ്ട്‌. പൊതുവായതും ബോധപൂര്‍വമായതും തുടര്‍ച്ചയായതുമായ നിയമലംഘനം നടക്കുന്നു എന്ന്‌ ബോധ്യപ്പെട്ടാല്‍ മാത്രമാണ്‌ ശിക്ഷാനടപടികള്‍ക്ക്‌ ശുപാര്‍ശ ചെയ്യാന്‍ കമ്മീഷന്‌ അധികാരമുള്ളൂ. നിയമസഭയില്‍ മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷത്തോടെ പാസ്സായാല്‍ മാത്രമേ മേല്‍പ്പറഞ്ഞ ശിക്ഷ നടപ്പാക്കാനും കഴിയൂ.

സാമൂഹ്യ-മത സംഘടനകളോ അക്കാദമിക്‌, രാഷ്‌ട്രീയസ്ഥാപനങ്ങളോ ജനസംഖ്യാനയത്തിനോ കുടുംബാസൂത്രണത്തിനോ എതിരായി നടത്തുന്ന ഏതു തരത്തിലുള്ള പ്രചാരണവും ഈ ബില്ലില്‍ ശിക്ഷാര്‍ഹമാണെന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. ജനസംഖ്യാ നിയന്ത്രണ കമ്മീഷന്റെ ശുപാര്‍ശയിന്മേല്‍ സംസ്ഥാന ഗവര്‍ണര്‍ക്ക്‌ അവരെ സെന്‍ഷ്വര്‍ ചെയ്യാനുള്ള അധികാരമാണ്‌ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഇത്‌ സംഘടിതമതസ്ഥാപനങ്ങള്‍ നടത്തിവരുന്ന ദേശവിരുദ്ധ സമീപനങ്ങളെ ശരിയായരീതിയില്‍ പ്രതിരോധിക്കാന്‍ സഹായിക്കും. രാജ്യതാല്‍പ്പര്യത്തിനുമുപരിയാണ്‌ തങ്ങളുടെ മതതാല്‍പ്പര്യം എന്ന ധാര്‍ഷ്ട്യം അംഗീകരിച്ചുകൊടുക്കുന്നത്‌ ശക്തമായ ഒരു ഭരണകൂടത്തിന്റെ ലക്ഷണമല്ല. വനിതാകോഡുബില്ലിനെ വികാരപരമായിട്ടല്ലാതെ വിവേകത്തോടെ സമീപിച്ചാല്‍ ഇതില്‍ എതിര്‍ക്കപ്പെടേണ്ടതായി എന്തെങ്കിലുമുണ്ടെന്ന്‌ കാണാനാവില്ല.

ആര്‍.വി.ബാബു

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by