Categories: Vicharam

വൈദ്യുതി പ്രതിസന്ധി തീര്‍ക്കണം~

Published by

ഒരു കാലത്ത്‌ വൈദ്യുതി മിച്ച സംസ്ഥാനമായിരുന്നു കേരളം. കുറച്ചു കാലമായി അത്‌ തകിടം മറിഞ്ഞിരിക്കുകയാണ്‌. കേരളത്തിലെ ഉല്‍പ്പാദനം കൊണ്ടുമാത്രം സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധി തീരില്ല. കേന്ദ്രത്തെയും അന്യ സംസ്ഥാനങ്ങളെയും ആശ്രയിക്കേണ്ട സാഹചര്യമുള്ളപ്പോള്‍ കേരളത്തിന്റെ ശേഷിയും ശുഷ്ക്കമായാല്‍ സംഗതി കഷ്ടത്തിലാകും. എവിടെനിന്ന്‌ കിട്ടിയാലും വൈദ്യുതി വിലയ്‌ക്ക്‌ വാങ്ങി ജനങ്ങളുടെ ബുദ്ധിമുട്ട്‌ ഒഴിവാക്കുമെന്ന്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പ്രസ്താവിക്കുന്നുണ്ടെങ്കിലും പലപ്പോഴും കേരളം ഇരുട്ടിലമരുകയാണ്‌. ഏതാനും ദിവസങ്ങള്‍കൂടി ലോഡ്ഷെഡ്ഡിംഗ്‌ തുടരുമത്രെ. ഇപ്പോള്‍ത്തന്നെ ആശുപത്രികള്‍, ജലസേചനപദ്ധതികള്‍ തുടങ്ങിയ പ്രധാനകേന്ദ്രങ്ങള്‍ ലോഡ്‌ ഷെഡ്ഡിംഗില്‍നിന്ന്‌ ഒഴിവാക്കിയിട്ടുണ്ടെന്ന്‌ മന്ത്രി അവകാശപ്പെടുന്നുണ്ട്‌. വൈദ്യുതിയുടെ ഉപഭോഗം പ്രതിദിനം കൂടുകയാണ്‌. കഴിഞ്ഞവര്‍ഷം ഇതേസമയത്തേതില്‍നിന്നും 20 മുതല്‍ 25 ശതമാനം വരെ ഉപഭോഗം കൂടിയിരിക്കയാണ്‌. 3100 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ നമുക്ക്‌ വേണ്ടത്‌. എന്നാല്‍ ഇതിന്റെ പകുതിയോളമേ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നുള്ളൂ. ബാക്കി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതാണ്‌. ഇതിലാണ്‌ 50ശതമാനം വെട്ടിക്കുറച്ചിരിക്കുന്നത്‌. അതോടൊപ്പം നിരക്കും കൂട്ടാന്‍പോകുന്നു.

വൈദ്യുതി സര്‍ചാര്‍ജ്ജ്‌ ഏര്‍പ്പെടുത്തണമെന്ന്‌ മുന്‍ സര്‍ക്കാരിന്റെ കാലത്താണ്‌ റഗുലേറ്ററി കമ്മീഷനോട്‌ അപേക്ഷിച്ചത്‌. 2010 മാര്‍ച്ച്‌ ഏഴിനും മേയ്‌ ഏഴിനും കമ്മീഷന്‌ വൈദ്യുതിബോര്‍ഡ്‌ അപേക്ഷ സര്‍പ്പിച്ചിരുന്നു. വൈദ്യുതിബോര്‍ഡ്‌ 1300 കോടി രൂപയുടെ നഷ്ടത്തിലാണ്‌. റഗുലേറ്ററികമ്മീഷന്‍ബോര്‍ഡ്‌ ലാഭത്തിലാണെന്ന്‌ ഒരിക്കലും പറഞ്ഞിട്ടില്ല. സര്‍ചാര്‍ജ്ജ്‌ ഏര്‍പ്പെടുത്തിയപ്പോള്‍ 120 മെഗാവാട്ട്‌ വരെ ഉപയോഗിക്കുന്നവര്‍ക്ക്‌ സര്‍ക്കാര്‍ സബ്സിഡി നല്‍കിയെന്നും മന്ത്രി കഴിഞ്ഞ ദിവസം വിശദീകരിക്കുകയുണ്ടായി.

സര്‍ചാര്‍ജ്ജും ലോഡ്ഷെഡിംഗും ഏര്‍പ്പെടുത്തിയതുമൂലം സംസ്ഥാനം ഇരുളിലേയ്‌ക്കാണ്‌ പോകുന്നത്‌ സര്‍ചാര്‍ജ്ജ്‌ വര്‍ധനമൂലം വ്യവസായ യൂണിറ്റുകള്‍ അടച്ചുപൂട്ടേണ്ട സ്ഥിതിയിലേക്ക്‌ നീങ്ങുന്നു. സംസ്ഥാനത്തെ പരമാവധി വെള്ളം ഉപയോഗിച്ച്‌ വൈദ്യുതി ഉല്‍പാദിപ്പിച്ച്‌ രണ്ടുരൂപയ്‌ക്ക്‌ വിറ്റശേഷമാണ്‌ ഇപ്പോള്‍ സര്‍ചാര്‍ജ്ജ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. കുറച്ചുകാലമായി പവര്‍കട്ടോ ലോഡ്‌ ഷെഡ്ഡിംഗോ ഇല്ലാത്ത സംസ്ഥാനത്ത്‌ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നത്‌ അപകടകരമായ സ്ഥിതിയുണ്ടാക്കും. അതോടൊപ്പം നടക്കുന്ന ആലോചന വൈദ്യുതിചാര്‍ജ്ജ്‌ വര്‍ദ്ധിപ്പിക്കുന്നതിനാണ്‌. ലോഡ്ഷെഡ്ഡിംഗ്‌ പിന്‍വലിച്ച്‌ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട്‌ പരിഹരിക്കാനായില്ലെങ്കില്‍ സര്‍വരംഗത്തും പിന്നോട്ടടിയാകും ഫലം. സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതയും അലസതയും അവഗണനയുമെല്ലാമാണ്‌ വൈദ്യുതി രംഗത്ത്‌ ഈ അവസ്ഥ ഉണ്ടാക്കിയതെന്ന്‌ പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. സംസ്ഥാനത്തിന്റെ ഉല്‍പാദനശേഷി പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല എന്നതാണ്‌ വസ്തുത. 2233 മെഗാവാട്ടാണ്‌ കേരളത്തിന്റെ മൊത്തം ഉല്‍പാദനശേഷി. ഇതില്‍ ജലവൈദ്യുത നിലയങ്ങള്‍ വഴി 1997 മെഗാവാട്ടും താപനിലയങ്ങള്‍ വഴി 236 മെഗാവാട്ടുമാണ്‌ ഉല്‍പാദിപ്പിക്കാമായിരുന്നത്‌. എന്നാല്‍ ഇത്‌ ഉപയോഗപ്പെടുത്താന്‍ പറ്റാത്തവിധം ജനറേറ്ററുകള്‍ പലതും ദീര്‍ഘകാലത്തെ വിശ്രമത്തിലാണ്‌. മൂലമറ്റത്ത്‌ ഉണ്ടായ അപകടത്തെത്തുടര്‍ന്ന്‌ ആറ്‌ ജനറേറ്ററുകളില്‍ മുഴുവനും പ്രവര്‍ത്തിപ്പിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. 5 ജനറേറ്ററുകള്‍ വഴി 650 മെഗാവാട്ടാണ്‌ ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത്‌. മൂഴിയാറിലുള്ള 6 ജനറേറ്ററുകളില്‍ നാലെണ്ണത്തില്‍ മാത്രമാണ്‌ ഉദ്പാദനം നടക്കുന്നത്‌. മൂന്നുവര്‍ഷം മുമ്പുണ്ടായ പൊട്ടിത്തെറിയെത്തുടര്‍ന്ന്‌ നിര്‍ത്തിവയ്‌ക്കേണ്ടിവന്ന ഉദ്പാദനം ഇതുവരെയും പുനഃസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. ഉപയോഗം കൂടുതലുള്ള സമയങ്ങളില്‍ മാത്രം പ്രവര്‍ത്തിപ്പിക്കാന്‍ വിഭാവനം ചെയ്തിട്ടുള്ള ലോവര്‍പെരിയാര്‍ നിലയം ചിലപ്പോള്‍ ഓവര്‍ടൈം ഉദ്പാദനം നടത്തുന്നുണ്ട്‌. പകല്‍സമയത്ത്‌ 60 മെഗാവാട്ട്‌ ഇവിടെനിന്നും ഉദ്പാദിപ്പിക്കാന്‍ കഴിയുന്നു എന്നുള്ളത്‌ മാത്രമാണ്‌ ആശ്വാസകരം.

കേരളത്തിലെ പരമാവധി ഉദ്പാദനം വര്‍ധിപ്പിച്ചാലും ആവശ്യത്തിന്‌ തികയില്ല. കേന്ദ്രവിഹിതമാണ്‌ ആശ്രയം. രാമകുണ്ഠം, താല്‍ച്ചര്‍, നെയ്‌വേലി തുടങ്ങിയ നിലയങ്ങളില്‍നിന്ന്‌ കേരളത്തിന്റെ വിഹിതമായി അനുവദിച്ചിട്ടുള്ളത്‌ 1134 മെഗാവാട്ടാണ്‌. അത്‌ പൂര്‍ണ്ണമായും ലഭ്യമാക്കാന്‍ സാധിക്കുന്നില്ല. 970 മെഗാവാട്ടാണ്‌ പ്രതിദിനം ശരാശരി ലഭിക്കുന്നത്‌. നിലയങ്ങളുടെ വാര്‍ഷിക അറ്റകുറ്റപ്പണികളും മറ്റുംമൂലം ഉദ്പാദനം നിര്‍ത്തിവയ്‌ക്കേണ്ടിവരുന്നതിനെ തുടര്‍ന്നാണിത്‌. പീക്ക്‌ സമയത്ത്‌ കേരളത്തിലെ മൊത്തം ആവശ്യകത 2900 മെഗാവാട്ട്‌ വൈദ്യുതിയാണ്‌. ഈസമയത്ത്‌ വൈദ്യുതിബോര്‍ഡിന്റെ നിലയങ്ങളില്‍ നിന്നുള്ള ഉദ്പാദനം 1600 മെഗാവാട്ടാണ്‌. കേന്ദ്രപൂളില്‍ നിന്നുള്ള 680 മെഗാവാട്ടും കൂട്ടിയാല്‍ 2280 മെഗാവാട്ട്‌ മാത്രമേ എത്തുന്നുള്ളു. കോഴിക്കോട്‌ താപനിലയത്തില്‍നിന്നും 64 മെഗാവാട്ടും, ബ്രഹ്മപുരം നിലയത്തില്‍നിന്ന്‌ 85 മെഗാവാട്ടും ലഭിക്കുന്നെങ്കിലും ഇതിന്റെ ഉദ്പാദനച്ചെലവ്‌ വളരെ കൂടുതലാണ്‌.
എല്ലാംകൂട്ടിയാലും 2430 മെഗാവാട്ടാണ്‌ ഇപ്പോഴത്തെ പരമാവധി ലഭ്യത എന്നാണ്‌ വകുപ്പ്‌ മന്ത്രിതന്നെ കഴിഞ്ഞദിവസം നിയമസഭയില്‍ പ്രസ്താവിച്ചിരിക്കുന്നത്‌. 470 മെഗാവാട്ടിന്റെ കുറവാണ്‌ പീക്ക്‌ സമയങ്ങളില്‍ കേരളത്തിലുള്ളത്‌. കേന്ദ്രസര്‍ക്കാരില്‍നിന്നും അണ്‍ അലോക്കേറ്റഡ്‌ വിഹിതം അധികമായി ലഭ്യമാക്കിയാലേ ഇന്നത്തെ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കൂ. കേരളം ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ ഈ പ്രതിസന്ധിക്ക്‌ പരിഹാരം കാണാന്‍ സാധിക്കുമെന്നകാര്യത്തില്‍ സംശയമില്ല. കേരളത്തോട്‌ അങ്ങേയറ്റം അനുകൂല നിലപാട്‌ സ്വീകരിക്കുന്ന സര്‍ക്കാരാണ്‌ കേന്ദ്രത്തില്‍ ഉള്ളതെന്നാണ്‌ അവകാശവാദം. കേന്ദ്രത്തിലെ വൈദ്യുത വകുപ്പിനാകട്ടെ കേരളക്കാരനായ സഹമന്ത്രിയുമുണ്ട്‌. വികസനത്തില്‍ കുതിപ്പ്‌ സ്വപ്നംകണ്ട്‌ പദ്ധതികളും പരിപാടികളും ആവിഷ്കരിക്കുന്ന സംസ്ഥാനത്തിന്‌ വൈദ്യുതി പ്രതിസന്ധി വലിയ പ്രശ്നംതന്നെയാണ്‌. അത്‌ തരണം ചെയ്യാന്‍ ഉത്പാദനം കൂട്ടുകയും കൂടുതല്‍ വിഹിതം കേന്ദ്രത്തില്‍ നിന്ന്‌ നേടുകയും ചെയ്യുന്നതിന്‌ പകരം കേരളത്തെ ഇരുട്ടിലാഴ്‌ത്താന്‍ സഹായിക്കുന്ന ഏതു നീക്കവും ആത്മഹത്യാപരമാകും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by