Categories: Vicharam

ചെലവ്‌ ചുരുക്കാനൊരുവഴി

Published by

ഇന്നെന്തായാലും തലമുടി വെട്ടിക്കുക തന്നെയെന്നുറച്ചു. 3 മണി, തിരക്കില്ലാത്ത സമയം നോക്കി പോയതാണ്‌. കുറെ ദിവസമായി ഇതിനൊരുങ്ങുന്നു. മാസം തികഞ്ഞാല്‍ തലമുടിയുടെ വളര്‍ച്ച അറിയിക്കും. സെപ്തംബര്‍ 22 നാണ്‌ 75 തികഞ്ഞത്‌. മിക്ക അവയവങ്ങള്‍ക്കും തേയ്മാനം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ചിലതെല്ലാം പ്രവര്‍ത്തന ശൂന്യവുമായിക്കഴിഞ്ഞു.

ഓര്‍മശക്തിയെയാണ്‌ ആദ്യം കേറി പിടിച്ചത്‌. തലച്ചോറിലുള്ള സെല്‍ നശിക്കുകയാണത്രെ. പ്രായമായാല്‍ നശിച്ച സെല്ലിനു പകരം പുതിയ സെല്‍ ഉണ്ടാവുകയില്ലെന്നാണ്‌ ഒരു സുഹൃത്ത്‌ പറഞ്ഞത്‌. ഇന്ന്‌ കണ്ടു പരിചയമായ ആളെ നാളെ കണ്ടാല്‍ ഓര്‍മയില്ല. പേരിന്റെ കാര്യം പറയും വേണ്ട. വളരെ അടുത്തു പഴകിയ ചില സ്നേഹിതന്മാരെ കുറച്ചുകാലം കഴിഞ്ഞ്‌ കാണുമ്പോള്‍ ഓര്‍മവരില്ലെന്ന്‌ മാത്രമല്ല ചോദിക്കാന്‍ ധൈര്യവും ഉണ്ടാകില്ല. അത്തരം സന്ദര്‍ഭങ്ങള്‍ നിരവധി. പലരും അലോഗ്യമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. 25 കൊല്ലത്തിനുശേഷം കണ്ട, എന്റെ മകളുടെ വിവാഹത്തിനുവന്ന, ഒരു മാന്യ സ്നേഹിതന്‍ എനിക്ക്‌ അദ്ദേഹത്തിനെ മനസ്സിലാകാത്ത കാരണം വിവാഹത്തിന്‌ പങ്കെടുക്കാതെ പോയത്‌ ഞാനിന്നും ഓര്‍ക്കുന്നു. തെറ്റ്‌ എന്റേതു തന്നെ. അലോഗ്യം തീര്‍ക്കാന്‍ ഞാനദ്ദേഹത്തിന്റെ മകനെ എറണാകുളത്തുള്ള ഓഫീസില്‍ പോയി കണ്ട്‌ എന്റെ വീട്ടിലേക്ക്‌ ക്ഷണിച്ചു. വരാമെന്ന്‌ പറഞ്ഞെങ്കിലും വന്നില്ല. അച്ഛന്റെ നിര്‍ദ്ദേശംകൊണ്ടായിരിക്കും.

തലമുടി വെട്ടിക്കുന്ന കാര്യത്തിലേക്കു തന്നെ വരട്ടെ. എല്ലാമാസവും നൂറുരൂപയുടെ നോട്ടു കൊടുക്കും. ഉടന്‍ 60 രൂപ ചേഞ്ചായി തരാന്‍ പറയും. ഇത്തവണ 50 രൂപയുടെ നോട്ട്‌ കൊടുത്ത്‌ പത്തുരൂപ മടക്കികിട്ടാന്‍ കാത്തുനിന്നു. അദ്ദേഹം ആ നോട്ടു മേശവലിപ്പിലേക്ക്‌ എറിഞ്ഞ്‌ തിരിഞ്ഞ്‌ നോക്കിയില്ല. മൂന്ന്‌ നാലു മിനിട്ട്‌ കഴിഞ്ഞിരിക്കും. ധിക്കാരത്തോടുകൂടിയ ഒരു നോട്ടം. അയമ്പത്‌ രൂപയാണ്‌ ഒക്ടോബര്‍ ഒന്നാംതീയതി മുതല്‍ ചാര്‍ജ്‌ എന്നൊരു അറിയിപ്പും.

എന്റെ മകളുടെ മകന്‍ ബിബിഎക്ക്‌ പഠിക്കുന്നു. ദില്ലിയില്‍ മൂന്നു കൊല്ലം കഴിഞ്ഞ്‌ അയാള്‍ വന്നപ്പോള്‍ എനിക്ക്‌ സംശയമായി. ഇത്‌ ജയശ്രീയുടെ മകന്‍ തന്നെയല്ലേ എന്ന്‌. തലമുടി വളര്‍ത്തി പ്രാകൃതമായിരിക്കുന്നു. എനിക്ക്‌ തെറ്റിപ്പോയി. അതാണല്ലോ ഫാഷന്‍. ഭാഗ്യത്തിന്‌ ഇന്ന്‌ യുവാക്കളില്‍ കാണുന്ന ഒരു കാതില്‍ മാത്രം ഇടുന്ന കടുക്കന്‍ ഉണ്ടായിരുന്നില്ല. ഈ വേഷം കണ്ട്‌ എനിക്ക്‌ ഒരു അസ്വസ്ഥത. പൈറ്റ്‌ ദിവസം “നിന്റെ തലമുടി വെട്ടിക്കാറായല്ലോ” എന്നൊരു അഭിപ്രായ പ്രകടനം നടത്തി. കേട്ട ഭാവം നടിച്ചില്ല. കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ വന്നപ്പോള്‍ “എനിക്ക്‌ ഉപദേശം കേള്‍ക്കാനിഷ്ടമില്ലെന്ന്‌” പറഞ്ഞത്‌ ഞാനോര്‍ത്തു. അയാളെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. കാരണവന്മാരുടെ കൂടെക്കൂടെയുള്ള ഉപദേശങ്ങള്‍, അയാളുടെ പ്രായത്തില്‍ എനിക്കും ഇഷ്ടമായിരുന്നില്ല. ഞാനോര്‍ത്തു. എങ്കിലും നാലു ദിവസം കഴിഞ്ഞ്‌ ഞാന്‍ വീണ്ടും തലമുടി വെട്ടിക്കാന്‍ ഉപദേശിച്ചു. രണ്ടുദിവസം കഴിഞ്ഞ്‌ എന്റെ മുന്നില്‍ അയാള്‍ വന്ന്‌ പറഞ്ഞു ” മുത്തശ്ശന്‍ പറഞ്ഞ പ്രകാരം ഞാനിന്ന്‌ തലമുടി വെട്ടിച്ചു” എന്ന്‌. സൂക്ഷിച്ചു ഞാനൊന്ന്‌ നോക്കി. തലമുടി വെട്ടിച്ച മാതിരിയൊന്നും തോന്നിയില്ല. “തലമുടി വെട്ടിക്കാന്‍ കേരളത്തില്‍ എന്തൊരു ചാര്‍ജാ, ദില്ലിയില്‍ 25 രൂപയേയുള്ളൂ” എന്നൊരു പ്രസ്താവനയുമുണ്ടായി. പത്തുമിനിട്ട്‌ മിനക്കെടുന്നതിനാണ്‌ ഇന്ന്‌ 50 രൂപ മേടിക്കുന്നത്‌. ഭയങ്കര അദ്ധ്വാനമുള്ള പണിയല്ലേ?

എന്റെ വീട്ടില്‍നിന്നും വിളിച്ചാല്‍ വിളികേള്‍ക്കാവുന്ന ദൂരത്തില്‍ ഒരു പ്ലംബറുണ്ട്‌. വാട്ടര്‍മീറ്ററിന്റെ അടുത്ത്‌ ലീക്ക്‌. പരിഭ്രമമായി. ആ അയല്‍പക്കക്കാരന്റെ അടുത്ത്‌ ചെന്ന്‌ പൈപ്പ്‌ ഒന്ന്‌ വന്നുനോക്കി ശരിയാക്കിത്തരാന്‍ ഒരപേക്ഷ വാക്കാല്‍ സമര്‍പ്പിച്ചു. ഉടന്‍ വരാമെന്നൊരു വാഗ്ദാനവും. പൈറ്റ്‌ ദിവസം വീണ്ടും ചെന്ന്‌ കാലുപിടിച്ചു. അനുഗ്രഹിച്ചില്ല. മൂന്നാമതും മൂന്നാംദിവസം നിവേദനമായി ചെന്നു. കാര്യമുണ്ടായില്ല. ഇവരൊക്കെയാണ്‌ അദ്ധ്വാനിക്കുന്ന ജനവിഭാഗം. നമ്മുടെ കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാര്‍ ഇവരെയൊക്കെ വേണ്ട മാതിരി വളര്‍ത്തിയെടുത്തിട്ടുണ്ട്‌. ഇടപ്പള്ളി മുഴുവന്‍ തെണ്ടി അവസാനം ഒരു പ്ലംബര്‍ വന്ന്‌ മെയിന്‍ സ്വിച്ച്‌ മാറ്റി ലീക്ക്‌ മാറ്റി. നൂറു രൂപ. പത്ത്‌ മിനിട്ട്‌ സാങ്കേതിക വിദ്യ പ്രാവര്‍ത്തികമാക്കിയതിന്‌ കൊടുക്കേണ്ടിവന്നു. ഇവരൊക്കെയാണ്‌ ഇപ്പോഴത്തെ യജമാനന്മാര്‍.

പ്ലംബര്‍, ആശാരി, ഇലക്ട്രീഷന്‍, മേസണ്‍ എന്നിവര്‍ ഇന്ന്‌ ശരിക്ക്‌ യജമാനന്മാരാണ്‌. കൂലിവേലക്കാരുടെ കാര്യം പറയുകയും വേണ്ട. ലോകത്തില്‍ ഒരിടത്തുമില്ലാത്ത നോക്കുകൂലിയുടെ നാടാണിത്‌. ഇവര്‍ക്കൊക്കെ ഒരു ദിവസത്തെ കൂലി 400/500 രൂപയാണ്‌. ഒരു നല്ല വിഭാഗം, ഇവരുടെ സേവനം ഉപയോഗിക്കുന്നവരാണ്‌. എന്നാലോ, അവരുടെ വരുമാനം വളരെ തുച്ഛവും. ഇവരെയൊക്കെ ആശ്രയിക്കാതെ വേറെ മാര്‍ഗമില്ലല്ലോ!

എന്റെ ഒരു സ്നേഹിതന്റെ മരുമകള്‍ ബാംഗ്ലൂരില്‍നിന്നും ബിഎസ്സി ഒന്നാംക്ലാസ്സോടുകൂടി പാസ്സായി കൊച്ചി മഹാനഗരത്തിലെ ഏറ്റവും വലിയൊരു ആസ്പത്രിയില്‍ ജോലിക്ക്‌ കയറി. ശമ്പളം 4000 രൂപ. രണ്ടുകൊല്ലത്തെ ബോണ്ടും. വേറൊരു കുട്ടി ബി.ഫാം ഒന്നാം ക്ലാസ്സോടുകൂടി പാസ്സായി വേറൊരു വലിയ ആസ്പത്രിയില്‍ ജോലിക്കു ചേര്‍ന്നപ്പോള്‍ കൊടുത്ത ശമ്പളവും 4000. ഭാഗ്യത്തിന്‌ അവിടെ ബോണ്ടൊന്നും വേണ്ടിവന്നില്ല. ബാംഗളൂരില്‍ ഒരു വലിയ ആസ്പത്രിയില്‍ ഐസിയുവിലും വെന്റിലേറ്ററിലും ജോലി ചെയ്ത്‌ പരിചയമുള്ള ഒരു മെയില്‍ നേഴ്സിന്‌ കൊച്ചിയിലൊരു ആസ്പത്രിയില്‍ കൊടുക്കുന്ന ശമ്പളം 6500 രൂപ മാത്രമാണ്‌.

സാധാരണ കൂലിവേല ചെയ്യുന്നവര്‍, ആശാരി, പ്ലംബര്‍ മുതലായവര്‍ക്ക്‌ മാസവരുമാനം 12000/13000 കിട്ടുമ്പോള്‍ ഒരു ഗ്രാജുവേറ്റിന്‌ 3000/4000 കിട്ടുന്ന സ്ഥിതിവിശേഷം കേരളത്തിലല്ലാതെ വേറെ എവിടെയാണുള്ളത്‌. ആദ്യ വര്‍ഗത്തിന്റെ സേവനം എല്ലാവര്‍ക്കും ആവശ്യമാണ്‌. അതെങ്ങെനെ സാധിച്ചെടുക്കാന്‍ കഴിയുമെന്നതാണ്‌ പ്രശ്നം. ഗ്രാമങ്ങളിലെ സ്ഥിതിയും ഇതുതന്നെ. പിന്നെയെങ്ങനെ കൂലി വേലക്കാരെക്കൊണ്ട്‌ നെല്‍കൃഷി, പച്ചക്കറി കൃഷി മുതലാവയ നടത്തും.
ഇങ്ങനെയൊക്കെ ആയാലും സഹതാപം ഈ അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിനുതന്നെ. ഈ സംസ്ക്കാരം വളര്‍ത്തിയെടുത്ത സഖാക്കള്‍ക്ക്‌ നന്ദി.

ഒരു സ്നേഹിതനെ സ്വീകരിക്കാന്‍ എറണാകുളം നോര്‍ത്തില്‍ കാത്തുനിന്നു. വണ്ടി ഒരു മണിക്കൂര്‍ നേരം വേകി എത്തി. ആതിഥ്യമര്യാദയനുസരിച്ച്‌ ഭക്ഷണം വീട്ടിലേക്ക്‌ കൊണ്ടുപോയി കൊടുക്കുകയാണ്‌ വേണ്ടത്‌. സമയം രണ്ടുമണിയായതിനാലും സഹധര്‍മിണിയെ ബുദ്ധിമുട്ടിക്കേണ്ട എന്ന്‌ കരുതിയും സ്റ്റേഷനു നേരെ മുന്നിലുള്ള ഹോട്ടലില്‍ കയറി ഊണിന്‌ ടിക്കേറ്റ്ടുത്തു. ഒരു ഊണ്‌ 40 രൂപ. 1957 ല്‍ ദില്ലിയിലുണ്ടായിരുന്ന ദിവസങ്ങളോര്‍ത്തു. അന്ന്‌ കരോള്‍ ബാഗില്‍ മലയാളി ഹോട്ടലിന്‌ പകരം മെസ്സുകളാണുണ്ടായിരുന്നത്‌. കാലത്ത്‌ ഉദ്യോഗാര്‍ത്ഥികള്‍ ഊണ്‌ കഴിച്ച്‌ പോയശേഷം 11 മണിക്ക്‌ മെസ്സടക്കും. പിന്നെ 4 മണിക്കാണ്‌ തുറക്കുക. ദിവസവും രണ്ട്‌ ഊണുവീതം ഒരു മാസത്തേക്കുള്ള 35 രൂപ അഡ്വാന്‍സായി കൊടുക്കണം. കൊടുങ്ങല്ലൂരുകാരന്‍ നാരായണന്‍ നായര്‍ മാസചാര്‍ജ്‌ 40 ആക്കിയത്‌ ശക്തിയായ പ്രതിഷേധം കാരണം 35 തന്നെ ആക്കേണ്ടി വന്നു. ഇന്ന്‌ ഒരാളും ഒരിക്കലും വിചാരിക്കാത്തത്ര നിത്യോപയോഗ സാധനങ്ങള്‍ക്ക്‌ വില കൂട്ടിയത്‌ സാധാരണക്കാര്‍ നിസ്സഹായരായി നേരിടുകയല്ലാതെ വേറെ എന്താണ്‌ ഗതി. ഭക്ഷണം പാകം ചെയ്യാതെ കഴിക്കാന്‍ പറ്റില്ലല്ലോ? അതിന്‌ മണ്ണെണ്ണയും ഗ്യാസും എങ്ങനെ വാങ്ങും? പെന്‍ഷന്‍ ഇല്ലാത്ത മുതിര്‍ന്ന പൗരന്മാര്‍, തുച്ഛ ശമ്പളക്കാര്‍ എന്നിവരുടെ സ്ഥിതി വളരെ പരിതാപകരമാണ്‌. ഐടി മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളത്തിന്റെ അനുപാതത്തിലാണ്‌ ജീവിത ചെലവ്‌ കൂടുന്നത്‌. ഇതെല്ലാം വികസനത്തിന്റെ വിശേഷതകളായിരിക്കും. നാടുനന്നാക്കാനായിട്ട്‌ ഇറങ്ങിയവര്‍ക്ക്‌ നമോവാകം.

ഏതായാലും തലമുടി വെട്ടിക്കുന്ന കാര്യത്തില്‍ എന്റെ മകളുടെ മകനെ അനുകരിക്കാന്‍ തീരുമാനിച്ചു. രണ്ടുമാസത്തില്‍ ഒരിക്കല്‍ മതിയെന്ന്‌ തീരുമാനിച്ചു. ഇതുവരെ ഇതിനുവേണ്ടി മാസത്തില്‍ 40 രൂപ ചെലവാക്കിയിരുന്നത്‌ ഇനി മുതല്‍ 25 രൂപയില്‍ ഒതുങ്ങുമല്ലോ? അല്ലെങ്കില്‍ മൊട്ടയടിക്കുക. എന്നാല്‍ പിന്നെ മൂന്നു മാസത്തില്‍ ഒരിക്കല്‍ മതിയാകും.

തളി ശങ്കരന്‍ മൂസ്സത്‌

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by