Categories: Samskriti

ആത്മസാക്ഷാത്കാരം

Published by

സാധനയുടെ ആദ്യഘട്ടത്തില്‍ നമുക്ക്‌ അനുഭൂതിയൊന്നും ഉണ്ടാകുന്നില്ല. മാവിന്യങ്ങളുടെ ചുമടുകള്‍ നീക്കുന്ന കാലമാണത്‌. മനസ്സ്‌ കുറെ ശക്തിയാര്‍ജ്ജിച്ചശേഷവും ദുഷ്ടവിചാരങ്ങളുണ്ടാകുന്നു; എന്നാലപ്പോള്‍ മനസ്സിന്‌ ദോഷം ചെയ്യാന്‍ അവയ്‌ക്ക്‌ സാധിക്കുകയില്ല. അവയെ എളുപ്പത്തില്‍ കീഴടക്കുകയും ചെയ്യാം. തോണിയുടെ അമരത്ത്‌ കഴിവും മുന്‍പരിചയവുമുള്ള ഒരാളുണ്ടെങ്കില്‍ മുങ്ങുമെന്ന്‌ പേടിക്കാതെ അതിന്‌ കൊടുങ്കാറ്റിനെ നേരിടാം. നമ്മുടെ മനസ്സില്‍ നിന്ന്‌ ഈ സാംസാരികജഗത്തിനെ തീരെ തുടച്ചുമാറ്റാതെ ആഗ്രഹങ്ങളെയും വികാരങ്ങളെയും രാഗദ്വേഷങ്ങളെയും അവയുടെ അന്ത്യസൂക്ഷ്മരൂപത്തില്‍ നശിപ്പിക്കാന്‍ സാധ്യമല്ല. അതുവരെ വികാരങ്ങള്‍ മനസ്സിലുദിച്ചെന്നുവരും. എന്നാല്‍ സാധനകൊണ്ട്‌ നമ്മുടെ സദാചാരശക്തി ദൃഢപ്പെടുത്തിയിട്ടുണ്ടെങ്കില്‍ നമുക്കവയെ എതിരിട്ടകറ്റാന്‍ സാധിക്കും. ഈ സദാചാരശക്തി ദൃഢപ്പെടുന്നതുതന്നെ ആദ്ധ്യാത്മപുരോഗതിയുടെ ഒരുലക്ഷണമാണ്‌. ഈശ്വാരകാരുണ്യം നമ്മിലനുഭവപ്പെടുന്നതുവരെ നാം പ്രയത്നിക്കണം. ആദ്ധ്യാത്മജീവിതത്തില്‍ സ്വപ്രയത്നം ഒഴിവാക്കാവുന്നതല്ല. നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിച്ചാലല്ലാതെ നമുക്ക്‌ യഥാര്‍ത്ഥമായും ആത്മസമര്‍പ്പണം ചെയ്യാന്‍ സാധിക്കുകയില്ല.

സുശക്തവും പരിശുദ്ധവും ബ്രഹ്മനിഷ്ഠവുമായി ആദ്ധ്യാത്മദര്‍ശനങ്ങളുണ്ടാവുമ്പോള്‍ ഉണ്ടാകുന്ന പ്രതികരണങ്ങള്‍ ശരിക്കും താങ്ങാന്‍ കഴിവുള്ള ഒരു ശരീരമുണ്ടെങ്കില്‍ മാത്രമേ ശരിയായ തരത്തിലുള്ള ദര്‍ശനമുണ്ടാവുകയുള്ളൂ. തികച്ചും പരിശുദ്ധവും വിരക്തവുമായ ഒരു മനസ്സും ശരിയായ ആദ്ധ്യാത്മദൃഷ്ടിയുണ്ടാകുമ്പോള്‍ നാം ശരീരമോ മനസ്സോ അല്ല, പുരുഷനോ സ്ത്രീയോ അല്ല, ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായ ആദ്ധ്യാത്മചൈതന്യമാണെന്ന്‌ നാമനുഭവിക്കുന്നു.

യഥാര്‍ത്ഥദര്‍ശനം – അത്‌ സ്വരൂപമാണെങ്കിലും – ആദ്ധ്യാത്മതത്വമുള്‍ക്കൊള്ളുന്നതാണ്‌; അത്‌ പരമസ്യമായ ബ്രഹ്മത്തിന്റെ മാഹാത്മ്യം പ്രതിഫലിപ്പിക്കുന്നു. അനുഭൂതിയുള്ള ദ്വൈതിയാവുന്നതാണ്‌ അനുഭൂതിയില്ലാത്ത അദ്വൈതിയാവുന്നതിനേക്കാള്‍ ഭേദമെന്നോര്‍ക്കുക. സരൂപമായ യഥാര്‍ത്ഥദര്‍ശനം ആദ്ധ്യാത്മികത്വത്തിന്റെ ഉയര്‍ന്ന ദശകളിലേക്ക്‌ നയിക്കുന്ന ഒരു പടിയാണ്‌. ഇന്ദ്രിയങ്ങളും മനസ്സും പൂര്‍ണ്ണനിയന്ത്രണത്തില്‍ വന്ന്‌ ശാന്തമാവുമ്പോള്‍ മാത്രമേ യഥാര്‍ദ്ധദര്‍ശനം സാധ്യമാവൂ.

ചൂടധികമായ തലച്ചോറിന്റെ ഭ്രാന്തദര്‍ശനങ്ങളും യഥാര്‍ത്ഥദര്‍ശനവും തമ്മില്‍ വളരെയധികം വ്യത്യാസങ്ങളുണ്ട്‌. യഥാര്‍ത്ഥമായ ആദ്ധ്യാത്മാനുഭൂതിയുടെ ഫലമായി നമുക്ക്‌ കൂടുതല്‍ വൈരാഗ്യവും പവിത്രതയും ഏകാഗ്രതയും കൈവരുന്നു എന്നതാണ്‌ ഒരു ലക്ഷണം. നമ്മുടെ ആത്മസമര്‍പ്പണബോധം വര്‍ധിക്കുന്നു; ജീവന്‍ ഈശ്വരനുമായി സമരസപ്പെടുന്നു.

ശരിയായ ദര്‍ശനത്തിന്റെ മറ്റ്‌ രണ്ടുലക്ഷണങ്ങള്‍ ആനന്ദവും നിശ്ചയദാര്‍ഢ്യവുമാണ്‌. യഥാര്‍ത്ഥമായ ആദ്ധ്യാത്മാനുഭൂതി അനിര്‍വ്വാച്യമായ ശാന്തിയും ആനന്ദവും കൃതാര്‍ത്ഥതയും നല്‍കുന്നു. അത്‌ സത്യമാണെന്ന്‌ നമ്മിലുള്ള എന്തോ ഒന്ന്‌ അറിയുന്നു. തെറ്റിദ്ധാരണയ്‌ക്ക്‌ ഇടയില്ലാത്തത്ര വ്യക്തവും വിശ്വസനീയവുമായ അറിവാണത്‌. തികഞ്ഞ പരിശുദ്ധിയും ചാരിത്രശുദ്ധിയും ആത്മനിയന്ത്രണവും പാലിക്കുന്നവര്‍ അത്ര എളുപ്പം മാര്‍ഗഭ്രഷ്ടരാവുകയില്ല. യഥാര്‍ത്ഥ അനുഭൂതിക്ക്‌ അതുതന്നെയാണ്‌ തെളിവ്‌.

ആവേശഭരിതരായ പല സാധകന്മാരും തുടക്കത്തില്‍ തെറ്റായ ധാരണകളാല്‍ വഴിതെറ്റിപ്പോകുന്നു. ഒരു കര്‍ത്തവ്യം പോലെ ശാസ്ത്രങ്ങള്‍ പഠിച്ചാല്‍ മാത്രം പോരാ. അവയുടെ അര്‍ത്ഥം ഗാഢമായി ചിന്തിച്ച്‌ സത്യം സാക്ഷാത്കരിക്കുവാന്‍ സാധിക്കുമെന്നതിനെപ്പറ്റി ദൃഢവിശ്വാസം കൈവരുത്തുവാന്‍ ശ്രമിക്കണം. അധികാരിയായ ശിഷ്യന്ന്‌ സദ്ഗുരുവിന്റെ ഉപദേശം കിട്ടുന്ന മാത്രയില്‍ ഒരു മിന്നലെന്നപോലെ അയാള്‍ക്ക്‌ സാക്ഷാത്കാരമുണ്ടാവുമെന്ന്‌ ഉറപ്പിച്ചുപറയുന്നതില്‍ സത്യമുണ്ട്‌. എന്നാല്‍ ആദ്യം ശരിയായ സദാചാരസംസ്കാരത്തിലൂടെ സാധകന്‍ ശരിക്കും അധികാരിയായിത്തീരണം.

ശാസ്ത്രവും അനുഭവവും യുക്തിക്ക്‌ വിധേയമാക്കണം. എന്നാല്‍, ശാസ്ത്രത്തിലോ ഇന്ദ്രിയാതീതമായ ജ്ഞാനത്തിലോ അധിഷ്ഠിതമല്ലാത്ത ശുഷ്കമായ യുക്തിവാദം മനുഷ്യനെ അവസാനം സംശയത്തിലെത്തിച്ച്‌ ആദ്ധ്യാത്മികഭാവി നശിപ്പിച്ചെന്നുവരാം. താന്‍ മഹാ ജ്ഞാനിയാണെന്ന്‌ നടിക്കുന്ന ആള്‍ അവസാനം ദുരന്തത്തിലെത്തുമെന്ന്‌ തീര്‍ച്ച.

ശാസ്ത്രവും അനുഭവവും യുക്തിയുമാണ്‌ ആദ്ധ്യാത്മിക ജീവിതത്തിന്റെ മൂന്നുരകല്ലുകള്‍. ഇവ എല്ലാ സാധകരും എല്ലാ അവസ്ഥകളിലും പ്രയോഗിക്കേണ്ടതാണ്‌. ശരിയായ ആത്മാര്‍ത്ഥതയും ഉണര്‍വുമുള്ള സാധകന്‍ തന്റെ ചുറ്റുമുള്ള എല്ലാ വസ്തുക്കളിലും എന്തെങ്കിലും പഠിക്കാന്‍ കാണുന്നു. അയാളുടെ ജീവിതത്തിലെ ഓരോ നിമിഷവും സത്യവും മിഥ്യയും തമ്മില്‍ വേര്‍തിരിക്കേണ്ടിവരുന്നു. ഓരോ സാധകനും നല്ല പോലെ ഉണര്‍ന്നിരിക്കണം. ഹൃദയത്തില്‍ വിവേകാഗ്നി നന്നായി ജ്വലിപ്പിക്കണം. ഒരു കാര്യവും ഒരു ചിന്തയും അയാളുടെ നോട്ടത്തില്‍പെടാതെ പോകരുത്‌. ഇത്തരമൊരാള്‍ക്ക്‌ പ്രപഞ്ചം മുഴുവന്‍ ജ്ഞാനമരുളുന്ന ഒരു മഹാഗ്രന്ഥമാണ്‌.

– ശ്രീ യതീശ്വരാനന്ദസ്വാമികള്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by