Categories: Business

വിനോദ സഞ്ചാര മേഖലയില്‍ വികസനത്തിന്റെ ഗതിമാറ്റം വെല്ലുവിളിയാകുന്നു

Published by

കൊച്ചി: വികസനത്തിന്റെ ഗതിമാറ്റം വിനോദസഞ്ചാരമേഖലയ്‌ക്ക്‌ തിരിച്ചടിയാകുന്നു. കേരളത്തിലെ വിനോദസഞ്ചാരമേഖല ആഭ്യന്തര-വിദേശ രാജ്യങ്ങളിലെ വികസനത്തിന്റെ ഗതിമാറ്റങ്ങള്‍മൂലം ആശങ്കയുടെ നിഴലിലേയ്‌ക്ക്‌ നീങ്ങുകയാണ്‌. വിദേശരാജ്യങ്ങളിലെ സാമ്പത്തികമാന്ദ്യവും പ്രതിസന്ധികളും അപ്രതീക്ഷിതമായ തിരിച്ചടിയായി മാറുമ്പോള്‍, ആഭ്യന്തര മേഖലയില്‍നിന്ന്‌ അടിസ്ഥാന സൗകര്യ വികസന തകര്‍ച്ച സാമൂഹ്യ പ്രശ്നങ്ങള്‍, യാത്രാദുരിതം, പകര്‍ച്ചവ്യാധി ഭീഷണി, ശക്തമായ വേനല്‍ച്ചൂട്‌, പരിസ്ഥിതി മലിനീകരണം, സാമൂഹ്യവിരുദ്ധശല്യം തുടങ്ങിയവയും വിനോദസഞ്ചാര കേന്ദ്രങ്ങളെ അതിജീവനത്തിന്റെ വെല്ലുവിളിയുണര്‍ത്തുകയാണ്‌.

ഐടി മേഖലയ്‌ക്കൊപ്പം വിനോദസഞ്ചാരമേഖലയും വ്യാവസായികമായി വികസിക്കുന്ന കേരളത്തില്‍ വേണ്ടത്ര ദൂരക്കാഴ്ചയില്ലാത്ത സമീപനമാണ്‌ തിരിച്ചടിയ്‌ക്ക്‌ കാരണമാകുന്നതെന്ന്‌ വിനോദസഞ്ചാരമേഖലയിലെ മുന്‍നിരക്കാര്‍ പറയുന്നു. പ്രതിവര്‍ഷം ശരാശരി 7-8 ശതമാനം വളര്‍ച്ചാനിരക്കുള്ള കേരളത്തിലെ വിനോദസഞ്ചാരമേഖലക്ക്‌ ഭരണകൂടം വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നാണ്‌ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്‌. 2008-09 വര്‍ഷം അഞ്ച്‌ ലക്ഷം വിദേശികള്‍ സന്ദര്‍ശനം നടത്തിയ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ 2010-11 വര്‍ഷമിത്‌ ആറരലക്ഷം പേര്‍ മാത്രമായാണ്‌ വര്‍ധിച്ചത്‌. കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനകം 50 ലേറെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പ്രവര്‍ത്തനസജ്ജമായ സംസ്ഥാന ടൂറിസം മേഖലയില്‍ ഇന്ന്‌ പലരും ഭാവി ആശങ്കയാണ്‌ പ്രകടമാക്കുന്നത്‌.

പൈതൃകടൂറിസം, മെഡിക്കല്‍ ടൂറിസം, തീര്‍ത്ഥാടന ടൂറിസം, പരിസ്ഥിതി ടൂറിസം, മഴക്കാല ടൂറിസം, ഹോളിഡേ പാക്കേജ്‌, ഉത്സവകാല ടൂറിസം തുടങ്ങി വിവിധ തലങ്ങളിലുള്ള വികസന പദ്ധതികള്‍ വിനോദസഞ്ചാരമേഖലയിലെത്തിയെങ്കിലും അവയെല്ലാം ദിശമാറിയ അവസ്ഥയിലാണെന്ന്‌ ബന്ധപ്പെട്ട കേന്ദ്രങ്ങളും പറയുന്നു. വിദേശവിനോദസഞ്ചാരികള്‍ക്ക്‌ ഏറെ പ്രിയമുള്ള പരിസ്ഥിതി-പൈതൃക ആയുര്‍വേദ ടൂറിസം മേഖല വന്‍തോതില്‍ വാണിജ്യവല്‍ക്കരിക്കപ്പെട്ടത്‌ വന്‍വെല്ലുവിളിയാണുയര്‍ത്തുന്നത്‌. അമേരിക്ക, ഫ്രാന്‍സ്‌, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍നിന്നുള്ള വിദേശ വിനോദ സഞ്ചാരികളാണ്‌ കേരളത്തിലെത്തുന്നവരില്‍ മുന്‍നിരയിലെങ്കിലും ഇതര രാജ്യങ്ങളില്‍നിന്നുമെത്തുന്നവരിലുണ്ടാകുന്ന തളര്‍ച്ച വിനോദസഞ്ചാരവകുപ്പ്‌ കണ്ടില്ലെന്ന്‌ നടിക്കുകയാണെന്ന്‌ ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ വിനോദസഞ്ചാരമേഖലയിലെ അടിസ്ഥാന വികസന വളര്‍ച്ചാ നിരക്ക്‌ ഇതര സംസ്ഥാനങ്ങളെക്കാള്‍ കുറവാണ്‌. ടൂറിസം സീസണ്‍ കാലത്തെ കൂടാതെ ആരോഗ്യമേഖലയിലെ പകര്‍ച്ചവ്യാധി ഭീതിയും കനത്ത ചൂടും അധികസാമ്പത്തിക ബാധ്യതയും വിദേശടൂറിസ്റ്റുകള്‍ ദൈവത്തിന്റെ സ്വന്തം നാടിനെ അന്യമാക്കുന്നതായും ഇവര്‍ പറയുന്നു.

ആഭ്യന്തര ടൂറിസ്റ്റുകളുടെ കാര്യത്തിലും കേരളം തിരിച്ചടി നേരിട്ടുകൊണ്ടിരിക്കയാണ്‌. 2008-09 ല്‍ 65 ലക്ഷം ആഭ്യന്തര ടൂറിസ്റ്റുകള്‍ എത്തിയ കേരളത്തില്‍ 2010-11 വര്‍ഷമിത്‌ 80 ലക്ഷം ടൂറിസ്റ്റുകള്‍ മാത്രമാണ്‌ വന്നുമടങ്ങിയത്‌. പരിസ്ഥിതി മലിനീകരണവും സാമൂഹ്യ വിരുദ്ധശല്യവും യാത്രാദുരിതവും ആഭ്യന്തര ടൂറിസ്റ്റുകളെ കേരളത്തില്‍നിന്നകറ്റുന്നതായി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സമ്മതിക്കുന്നു.

സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന ആവശ്യമായ താമസം-ഭക്ഷണം-ശുചീകരണം എന്നിവയിലെ അവഗണനയും അപര്യാപ്തതകളും ആഭ്യന്തര വിനോദസഞ്ചാരികള്‍ നേരിടുന്ന പ്രശ്നങ്ങളാണെന്ന്‌ ബന്ധപ്പെട്ടവര്‍ വിവരിക്കുന്നു.

മാറിമാറി വരുന്ന സര്‍ക്കാര്‍ നയങ്ങള്‍ ടൂറിസം മേഖലയില്‍ ഏറെ വികസന മുന്നേറ്റത്തിന്‌ മുന്നിട്ടിറങ്ങുമ്പോള്‍ പ്രാദേശികവും മതപരവുമായ ഇടപെടലുകള്‍ വികസന പദ്ധതികളുടെ ഗതിമാറ്റത്തിന്‌ കാരണമാകുകയാണ്‌. വിനോദസഞ്ചാരമേഖലയുടെ മറവില്‍ തഴച്ചുവളരുന്ന മദ്യഷാപ്പുകളും അനധികൃത ഹോംസ്റ്റേ കേന്ദ്രങ്ങളും ഏജന്‍സി സമ്പ്രദായവും സാമൂഹികമായ പ്രശ്നങ്ങളാണ്‌ വിനോദസഞ്ചാര കേന്ദ്രങ്ങളിലുയര്‍ത്തുന്നത്‌. കുട്ടികളും-സ്ത്രീകളുമടങ്ങുന്ന സമൂഹത്തിനെ ‘സെക്സ്‌ മാഫിയ’ സംഘങ്ങളുടെ വലയത്തിലകപ്പെടുത്തുവാനും ഭാവിയില്‍ വലിയൊരു വിപത്തിനിടയാക്കുന്ന സ്ഥിതി വളര്‍ത്തുന്നതും വിനോദസഞ്ചാരകേന്ദ്രങ്ങളിലെ സാമൂഹിക വെല്ലുവിളിയായി മാറുകയുമാണ്‌.

വിനോദസഞ്ചാര മേഖലയിലെ വികസന പദ്ധതികളുടെ കാഴ്ചപ്പാടും യാഥാര്‍ത്ഥ്യവും തിരിച്ചറിയുന്നതിലുണ്ടാകുന്ന ഭരണകേന്ദ്രങ്ങളുടെ ദിശ മാറ്റമാണ്‌ വികസന പദ്ധതികളുടെ ഗതിമാറ്റത്തിനും തകര്‍ച്ചയ്‌ക്കും ഇടയാക്കുന്നതെന്ന്‌ ബന്ധപ്പെട്ടവര്‍ പറയുന്നു. പുതിയ വിനോദ സഞ്ചാരകാലം തുടങ്ങുമ്പോഴും ലോകരാജ്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെക്കാളേറെ ടൂറിസം മേഖലയിലുള്ളവരെ ആശങ്കയിലാഴ്‌ത്തുന്നത്‌ ഗതിമാറ്റത്തിന്റെ വെല്ലുവിളികളാണ്‌. ഇതിനെ അതിജീവിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും അവിടുത്തെ വ്യാപാര-വാണിജ്യ കേന്ദ്രങ്ങളും.

എസ്‌.കൃഷ്ണകുമാര്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts