Categories: Kottayam

വിളക്കുമാടത്തിലെ വന്‍വൃക്ഷം സ്തൂപത്തിണ്റ്റെ തകര്‍ച്ചക്കു കാരണമാകുന്നു

Published by

കുമരകം: വേമ്പനാട്ട്‌ കായലിലെ പഴയ വിളക്കുമാടത്തില്‍ കിളിര്‍ത്തുവന്ന മരത്തില്‍ നീര്‍ക്കാക്കകള്‍ കൂടു കൂട്ടുന്നു. സ്തൂപം നാശോന്‍മുഖം. കുമരകം വേമ്പനാട്‌ കായല്‍ തീരത്ത്‌ കായലില്‍ തലയുയര്‍ത്തി നില്‍ക്കുന്നഅത്ഭുതമാണ്‌ ഈ വിളക്കുമാടം. എണ്‍പത്‌ സംവത്സരങ്ങള്‍ക്കു മുമ്പ്‌ സ്ഥാപിച്ച ഈ വിളക്കുമാടത്തിണ്റ്റെ നിര്‍മ്മിതിയുടെ രഹസ്യം പഴമക്കാര്‍ക്കു പോലും അജ്ഞാതമാണ്‌. എണ്‍പത്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ അന്നത്തെ എംഎല്‍സി ആയിരുന്ന എം.എന്‍.നാരായണമേനോന്‍ കായല്‍യാത്രികര്‍ക്ക്‌ വഴി തെറ്റാതെ ദിശയറിഞ്ഞ്‌ കരയണയാന്‍ നിര്‍മ്മിച്ചതാണീ വിളക്കുമാടെ. ഈ സ്തൂപത്തിനു മുകളില്‍ അന്ന്‌ വൈദ്യുതിയില്ലാതിരുന്നതിനാല്‍ ഒരു ശരറാന്തലായിരുന്നു ഘടിപ്പിച്ചിരുന്നത്‌. ഈ റാന്തല്‍ വിളക്കില്‍ സൂര്യാസ്തമയം തുടങ്ങുംമുമ്പ്‌ ഒരു ജോലിക്കാരന്‍ ദിവസവും മണ്ണെണ്ണയുമായി വള്ളത്തില്‍ തുഴഞ്ഞ്‌ എത്തി എണ്ണ നിറച്ച്‌ തിരി തെളിക്കും. കിഴക്കു വെള്ളകീറും വരെ കത്താനുള്ള മണ്ണെണ്ണ കൃത്യമായി കൊള്ളത്തക്ക വിധത്തിലായിരുന്നു ശരറാന്തലിണ്റ്റെ ടാങ്കിണ്റ്റെ നിര്‍മ്മിതി. ഈ വഴികാട്ടി സ്തൂപത്തിലെ ശരറാന്തല്‍ ലൈന്‍ ബോട്ടുകള്‍ക്കും രാത്രികളില്‍ കായലിലൂടെ യാത്ര ചെയ്യുന്ന രാത്രികളില്‍ കരയ്‌ക്കണയാന്‌ ഏറെ സഹായകമായിരുന്നു. അക്കാലത്ത്‌ വാഹനങ്ങളും റോഡുകളും കുറവായതിനാല്‍ ബഹുഭൂരിപക്ഷം ആളുകളും യാത്രചെയ്തിരുന്നത്‌ വള്ളങ്ങളിലൂടെയും ബോട്ടുകളിലൂടെയുമായിരുന്നു. അന്നത്തെ കര്‍മ്മ നിരതനും ഉത്തരവാദിത്വബോധവുമുള്ള നാരായണമേനോന്‍ എന്ന എംഎല്‍സി തന്നെയായിരുന്നു കുമരകം-കോട്ടയം റോഡിണ്റ്റെ നിര്‍മ്മാണപ്രവര്‍ത്തനം തുടങ്ങിവച്ചതും. ഇന്നത്തെ എംഎല്‍എ മാര്‍ എം.എന്‍.നാരായണമേനോനെപ്പോലുള്ള വരെ മാതൃകയാക്കേണ്ടതാണ്‌. ൮൦ വര്‍ഷം കഴിഞ്ഞിട്ടും ശക്തമായ തീരയിളക്കത്തിലും കൊടുംകാററിലും ഒരു പോറല്‍ പോലും ഏല്‍പിക്കാന്‍ കഴിയാതെ കായലില്‍ തീര്‍ത്ത ഈ കോണ്‍ക്രീറ്റ്‌ വിളക്കുമാടം ഒരത്ഭുതമായി തലയുയര്‍ത്തി നില്‍ക്കുകയാണ്‌. ഇതിണ്റ്റെ നിര്‍മ്മാണരഹസ്യം പുതു തലമുറയ്‌ക്ക്‌ അജ്ഞാതമെന്ന പോലെ അത്ഭുതവുമാണ്‌. വൈദ്യുതിയുടെ വരവോടെ സ്തൂപത്തിലെ ശരറാന്തലിലെ തിരിതെളിയാതായി. പിന്നീടെപ്പോഴോ പഴമയുടെ കരവിരുതില്‍ തീര്‍ത്ത ഈ ശരറാന്തല്‍ ആരോ മോഷ്ടിച്ചു. ഇന്ന്‌ പഴമയുടെ കഥ പറഞ്ഞ്‌ കായലോളങ്ങളോട്‌ സല്ലപിച്ച്‌ തലയുയര്‍ത്തി കായലില്‍ നില്‍ക്കുന്ന ഈ സ്തൂപം മാത്രമേയുള്ളൂ. ഇതില്‍ ഇനിയും വൈദ്യുതിയുടെ സഹായത്തോടെ ലൈറ്റുകള്‍ സ്ഥാപിച്ചാല്‍ വിനോദസഞ്ചാരികളുമായി കായല്‍ യാത്ര നടത്തുന്ന ഹൗസ്ബോട്ടുകള്‍ക്കും യാത്രാബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും അപകടത്തില്‍പെടാതെ കരയണയാന്‍ സഹായകമാകുമെങ്കിലും അധികൃതര്‍ അതേപ്പറ്റി ചിന്തിക്കാത്തത്‌ ദുഃഖകരമാണ്‌. ടൂറിസ്റ്റുകള്‍ക്ക്‌ കായല്‍യാത്രക്കിടയില്‍ കായലില്‍ പണിതീര്‍ത്ത ഈ സ്തൂപം അത്ഭുതകാഴ്ചയായി മാറുന്നു. ഈ വിളക്കുമാടത്തില്‍ ഇപ്പോള്‍ ഒരു വന്‍വൃക്ഷം വളര്‍ന്നുവരുന്നത്‌ ഈ പഴമയുടെ അത്ഭുതസ്തൂപത്തെ കാലതാമസം കൂടാതെ നശിപ്പിക്കും. ഇതിനിടയാക്കാതെ ഈ വൃക്ഷത്തെ വെട്ടിനീക്കാനുള്ള സന്‍മനസെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകേണ്ടതാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by