Categories: Varadyam

ഓര്‍മയായ സഹപ്രവര്‍ത്തകര്‍

Published by

രണ്ട്‌ സഹപ്രവര്‍ത്തകരെയാണ്‌ ഇക്കുറി അനുസ്മരിക്കുന്നത്‌. ഇരുവരുമായി വര്‍ഷങ്ങളുടെ അടുത്ത അടുപ്പവും പരിചയവുമാണുള്ളത്‌. എന്തുകൊണ്ടെന്നറിയില്ല അവരെ ഈ പംക്തികളില്‍ എന്നെങ്കിലും പരാമര്‍ശിച്ചതായി ഓര്‍മിക്കുന്നില്ല. ഒരാളുമായുള്ള അടുപ്പം ഞാന്‍ പത്രരംഗത്തേക്കിറങ്ങുന്നതിന്‌ മുമ്പ്‌ തുടങ്ങിയതായിരുന്നു. ഭാരതീയ ജനസംഘത്തിന്റെ സംഘടനാ കാര്യദര്‍ശിയായി കോഴിക്കോട്‌ താമസിച്ചിരുന്ന, അടിയന്തരാവസ്ഥക്ക്‌ മുമ്പത്തെ എട്ടുവര്‍ഷക്കാലമായിരുന്നു നന്മണ്ടക്കാരന്‍ എം.സി.ഭാസ്ക്കരന്‍ മാസ്റ്ററുമായുള്ള അടുപ്പം. രണ്ടാമത്തെയാളാകട്ടെ ജന്മഭൂമിയുടെ ചുമതല വഹിച്ച്‌ എറണാകുളത്ത്‌ എളമക്കരയില്‍ ആയിരുന്നപ്പോഴത്തെ പരിചയമാണ്‌. മോഹന്‍ദാസ്‌ കളരിക്കല്‍ എന്ന സബ്‌ എഡിറ്ററാണ്‌ അദ്ദേഹം. രണ്ടുപേരും കഴിഞ്ഞയാഴ്ച ഇഹലോകവാസം അവസാനിപ്പിച്ചു. ഭാസ്ക്കരന്‍ മാസ്റ്റര്‍ മൂന്ന്‌ പതിറ്റാണ്ടിലേറെക്കാലം നന്മണ്ട എയുപി സ്കൂളിലാണെന്നാണ്‌ ഓര്‍മ. ചിത്രകലാ അധ്യാപകനായി തൂലികയും കളരിക്കല്‍ ജന്മഭൂമിയില്‍ ഏതാണ്ട്‌ രണ്ട്‌ പതിറ്റാണ്ട്‌ കാലത്തോളം സഹപത്രാധിപരായി മഷിയുണങ്ങാത്ത പേനയും ചലിപ്പിച്ചവരാണ്‌.
കളരിക്കലിനെപ്പറ്റിത്തന്നെയാകട്ടെ ആദ്യം. കളരിക്കല്‍ വീട്‌ കോട്ടയത്താണ്‌. കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തിന്‌ തിരുനക്കര എന്നാണല്ലൊ പറയുന്നത്‌. നല്ലകര, നല്‍ക്കരയും നക്കരയുമായി. അവിടെ നക്കരക്കുന്നില്‍ ശ്രീ മഹാദേവന്റെ ക്ഷേത്രം വന്നതോടെ തിരുനക്കരയുമായി. അവിടെയടുത്ത്‌ പണ്ടെന്നോ കളരിയുണ്ടായിരുന്നിരിക്കണമല്ലൊ. കളരിയില്ലാത്ത സ്ഥലം കേരളത്തിലെങ്ങുമുണ്ടാവില്ല. അതിനടുത്ത്‌ കളരിക്കല്‍ എന്ന വീടുമുണ്ടാവും. കോട്ടയത്താണെങ്കില്‍ കളരിക്കടുത്ത്‌ കളരിക്കല്‍ ബസാറുമുണ്ട്‌. ഒരുകാലത്ത്‌ കോട്ടയത്തിന്റെ വാണിജ്യവ്യാപാര സിരാകേന്ദ്രമായിരുന്നു കളരിക്കല്‍ ബസാര്‍. ഒരറ്റത്ത്‌ ചന്തക്കടവ്‌, മറ്റൊരു ഭാഗത്ത്‌ സസ്യച്ചന്ത പോരാത്തതിന്‌ ഒരുകാലത്ത്‌ ഭാരതത്തിനാകെ മാതൃകയായി ലോകപ്രശസ്ത സാഹിത്യപ്രവര്‍ത്തക സഹകരണസംഘവും നാഷണല്‍ ബുക്സറ്റാളും വമ്പിച്ച പുസ്തകശാലയുംകളരിക്കല്‍ ബസാറിലുണ്ടായിരുന്നു. കളരിക്കല്‍ എന്നത്‌ കോട്ടയത്തെ സംബന്ധിച്ചിടത്തോളം ചില്ലറ പ്രാധാന്യമുള്ള സ്ഥലമല്ല.

ജന്മഭൂമിയില്‍ സബ്‌ എഡിറ്ററായി ചേരാന്‍ താല്‍പ്പര്യപ്പെട്ടുകൊണ്ട്‌ 90കളില്‍ വന്ന അവസരത്തില്‍ അദ്ദേഹവുമായി സംസാരിക്കേണ്ട ഭാരമെനിക്കായിരുന്നു. ബിരുദം നേടിക്കഴിഞ്ഞ്‌ പത്രപ്രവര്‍ത്തനത്തില്‍ ഒരു കൈനോക്കാനായി ധാരാളംപേര്‍ ജന്മഭൂമിയില്‍ വരികയും അവരെ അഭിമുഖം കാണുകയും ചെയ്ത അനുഭവം നോക്കുമ്പോള്‍ ആ ചെറുപ്പക്കാരില്‍നിന്ന്‌ വ്യത്യസ്തനായിരുന്നു മോഹന്‍ദാസ്‌. അന്നുവന്ന ചെറുപ്പക്കാരില്‍ എത്രയോപേര്‍ പത്രപ്രവര്‍ത്തനരംഗത്തെ ഉന്നതതലങ്ങളിലെത്തി. ജന്മഭൂമിയിലെ അനുഭവങ്ങളുമായി, പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയവര്‍, ഇവിടത്തെ കുടുംബാന്തരീക്ഷവും സൗഹൃദവും ഒരിക്കലും മറക്കാനാവുന്നില്ലെന്ന്‌, അവരെ ഇടയ്‌ക്ക്‌ കാണുമ്പോള്‍ അനുഭവങ്ങള്‍ അയവിറക്കാറുണ്ട്‌. കളരിക്കല്‍ അവരില്‍നിന്ന്‌ വ്യത്യസ്നായിരുന്നുവെന്ന്‌ അഭിമുഖത്തില്‍ മനസ്സിലായി. സാധാരണ വാര്‍ത്തകളേക്കാള്‍ അദ്ദേഹത്തിന്‌ പഥ്യം, കഥ, കല, നാടകം, സിനിമ, സാമ്പത്തികമേഖല എന്നിവയിലായിരുന്നു. സിനിമ, നാടകം എന്നിവയെപ്പറ്റിയുള്ള ഒരു വിജ്ഞാനകോശം തന്നെയായിരുന്നു അദ്ദേഹം. പഴയ ഏത്‌ മലയാളം, തമിഴ്‌, ഹിന്ദി സിനിമയെപ്പറ്റിയുള്ള വിവരങ്ങള്‍ നാവിന്‍തുമ്പില്‍ത്തന്നെയുണ്ടാകുമെന്ന്‌ പറഞ്ഞ മോഹന്‍ദാസിന്റെ വീടിനടുത്തുതന്നെയായിരുന്നു കോട്ടയത്തെ പ്രസിദ്ധമായ താജ്മഹല്‍ തിയേറ്റര്‍, അല്‍പ്പം അകലെ സെന്‍ട്രല്‍ തിയേറ്ററും. രണ്ടും ഇന്നില്ല. സെന്‍ട്രല്‍ കവലയുണ്ട്‌. സിനിമാപ്പുരയിരുന്ന സ്ഥലം ബെസ്റ്റ്‌ ഹോട്ടലായി തലശ്ശേരിക്കാരന്‍ മാമ്പിള്ളി ഗോപാലന്റെ മകന്‍ വാങ്ങി.

പഴയ സിനിമകളെപ്പറ്റി ഞങ്ങള്‍ സംസാരിച്ചു. മോഹന്‍ദാസ്‌ കാണാത്ത രണ്ട്‌ പഴയ മലയാള ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്‌. ജ്ഞാനാംബികയും നിര്‍മലയും. ജ്ഞാനാംബിക മലയാളം പറയുന്ന തമിഴ്‌ സിനിമയാണ്‌. നിര്‍മല ശരിക്കും മലയാളവും. അതില്‍ അത്തച്ചമയത്തിന്‌ പരീക്ഷിത്ത്‌ തമ്പുരാന്‍ പല്ലക്കില്‍ കോവിലെഴുന്നള്ളത്ത്‌ നടത്തുന്നതും, അതിന്‌ പശ്ചാത്തലമായി ജി.ശങ്കരക്കുറുപ്പ്‌ രചിച്ച പച്ചരത്നത്തളികയില്‍ മെച്ചമേറും പല പൂക്കള്‍വെച്ച വനദേവതമാര്‍ മുമ്പേ നിരക്കേ? എന്ന കവിതയുമുള്ളത്‌ ഇന്നും മനസ്സില്‍ നില്‍ക്കുന്നു. മോഹന്‍ദാസ്‌ അവ കണ്ടിട്ടില്ലെങ്കിലും അവയുടെ സാങ്കേതിക വിവരങ്ങള്‍ കുറിച്ചുവെച്ചിട്ടുണ്ട്‌.

നാടകം, ആട്ടക്കഥ തുടങ്ങിയവ എഴുതി ചിട്ടപ്പെടുത്താന്‍ അദ്ദേഹത്തിന്‌ സാധിച്ചു. കവിതയും കഥയും വഴങ്ങുമായിരുന്നു. നാട്യപരത അദ്ദേഹത്തിനറിയില്ലായിരുന്നു. പാന്റും ഷര്‍ട്ടും അലക്കിയതാണെങ്കിലും, തേച്ച്‌ വടിപോലെയാക്കുന്ന പതിവില്ല. തോളത്ത്‌ സദാ ഒരു സഞ്ചി; മിക്കവാറും കുറ്റിച്ച മുഖം; മീശ ഒരു ചെറിയ വരമാത്രം. രണ്ടുവശത്തെയും മീശക്ക്‌ ഒരേ കട്ടിയല്ല എന്നതും ശ്രദ്ധേയം. കട്ടിയുള്ള ലെന്‍സുവച്ച കണ്ണട, നിറുകയ്‌ക്ക്‌ പുറത്തേക്കിറങ്ങുന്ന കഷണ്ടി, സദാ പുഞ്ചിരി, തലയിലും മൂക്കത്തും വിയര്‍പ്പുമണികള്‍.

സാമ്പത്തിക വിഷയങ്ങളെക്കുറിച്ച്‌ അദ്ദേഹം പതിവായി ജന്മഭൂമിയിലെഴുതി. വിഷയത്തെ എങ്ങനെ വായനക്കാരന്‌ മനസ്സിലാകാത്തവിധം സാങ്കേതിക പദങ്ങളുപയോഗിച്ച്‌ ജടിലമാക്കാമെന്ന ശാഠ്യമല്ല, വായിക്കുന്നവര്‍ക്ക്‌ എളുപ്പം ഗ്രഹിക്കാന്‍ കഴിയണമെന്ന ലക്ഷ്യമായിരുന്നു അദ്ദേഹത്തിന്റേത്‌.

വ്യക്തിപരമായി നല്ലൊരു സുഹൃത്തായിരുന്നു. കേരളത്തിലെ സമാന ചിന്താഗതിക്കാരായ പത്രപ്രവര്‍ത്തകരുടെ ഒരു കുടുംബസംഗമം കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തില്‍ നടന്നു. എം.എ.കൃഷ്ണനായിരുന്നു അതിന്റെ സൂത്രധാരന്‍. അഖില ഭാരതീയ പ്രചാര്‍ പ്രമുഖ്‌ മാ.ഗോ. വൈദ്യ, പ്രാന്തപ്രചാരക്‌ സേതുമാധവന്‍ എന്നിവരും അതില്‍ മാര്‍ഗദര്‍ശനത്തിന്‌ വന്നു. ഈ ലേഖകന്‍, ഹിന്ദുവിലെ ജി.കെ.നായര്‍, ഇന്ത്യന്‍ എക്സ്പ്രസിലെ മോഹന്‍പിള്ള, കെ.കുഞ്ഞിക്കണ്ണന്‍, മോഹന്‍ദാസ്‌ എന്നിവര്‍ കുടുംബസഹിതവും എ.ദാമോദരന്‍, മുരളി പാറപ്പുറം, ശരത്ലാല്‍, കാവാലം ശശികുമാര്‍, ഡൊമിനിക്‌ തുടങ്ങിയവര്‍ ഒറ്റയ്‌ക്കും അതില്‍ പങ്കെടുത്തു. വൈദ്യജിയെ പരാമര്‍ശിച്ചുകൊണ്ട്‌ ഞങ്ങളില്‍ ചിലര്‍ ഗോവിന്ദന്‍ വൈദ്യര്‌ എന്ന്‌ പറയുമായിരുന്നു. അദ്ദേഹത്തിനും അതിന്റെ നര്‍മം ആസ്വദിക്കാന്‍ കഴിഞ്ഞു. വിവേകാനന്ദകേന്ദ്രം അതിഥികളായി കരുതി ഞങ്ങള്‍ക്ക്‌ താമസവും ഭക്ഷണവും സമൃദ്ധമായി ഒരുക്കി. മോഹന്‍ദാസ്‌ തിരുവനന്തപുരത്ത്‌ കുഞ്ഞിക്കണ്ണന്റെ വീട്ടിലും ഞാന്‍ തപസ്യ സെക്രട്ടറി മണിലാലിന്റെ വീട്ടിലും കുടുംബസഹിതം താമസിച്ചു.

പിന്നീട്‌ കോട്ടയത്ത്‌ ഒരു വിവാഹത്തിന്‌ പോയപ്പോള്‍ കളരിക്കല്‍ വീട്ടില്‍ ഞാനും ഭാര്യയും പോയി. അല്‍പ്പസമയം വിശ്രമിച്ചു. അനൗപചാരികവും ഹൃദ്യവും വാചാടോപമില്ലാത്തതുമായ സമീപനം അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നു. എറണാകുളത്ത്‌ കങ്ങരപ്പടിക്കടുത്ത്‌ ഒരു വസതിസമുച്ചയം സമാന ചിന്താഗതിക്കാരായ പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍ ചേര്‍ന്ന്‌ നിര്‍മിക്കണമെന്ന ആഗ്രഹത്തില്‍ അദ്ദേഹം ശ്രമിച്ചിരുന്നു. എത്രത്തോളം വിജയിച്ചുവെന്നറിയില്ല.

ജന്മഭൂമിയില്‍നിന്നും വിരമിച്ചശേഷം മോഹന്‍ദാസിനെ കാണാന്‍ അവസരം തീരെയുണ്ടായില്ല എന്നുപറയാം. കുമ്മനം രാജശേഖരന്റെ പ്രിയമാതാവ്‌ ദിവംഗതയായ അവസരത്തില്‍ അവിടെപ്പോയപ്പോള്‍ കണ്ടിരുന്നു. വിരമിച്ചതും തുടര്‍ന്നും എഴുതുന്നതും പെന്‍ഷന്‍ കിട്ടിത്തുടങ്ങിയതുമായ വിശേഷങ്ങള്‍ സംസാരിച്ചു. മോഹന്‍ദാസ്‌ അന്തരിച്ച വിവരം മകന്‍ അനുവിന്‌ ലഭിച്ച ഒരു എസ്‌എംഎസ്‌ സന്ദേശത്തില്‍നിന്നാണ്‌ അറിഞ്ഞത്‌. എറണാകുളത്ത്‌ ആശുപത്രിയില്‍നിന്നും കോട്ടയത്തേക്ക്‌ കൊണ്ടുപോയി അവിടെയാണ്‌ ശേഷക്രിയകളെന്ന്‌ പിന്നീട്‌ അറിഞ്ഞു.

ഓര്‍മിക്കാന്‍ ഒട്ടേറെ അവസരങ്ങള്‍ ബാക്കിയാക്കി നമ്മുടെ കളരിക്കല്‍ വിട്ടുപോയി. ഏതെല്ലാം കളരികളില്‍നിന്നാണ്‌ അദ്ദേഹം ഇത്രയും വിജ്ഞാനം നേടിയതെന്ന്‌ വിസ്മയിച്ച്‌ പോകുന്നു.

നന്മണ്ടക്കാരന്‍ ഭാസ്ക്കരന്‍ മാസ്റ്ററെപ്പറ്റി ആദ്യംതന്നെ പറഞ്ഞിരുന്നല്ലൊ. സംഘപ്രസ്ഥാനങ്ങള്‍ക്ക്‌ ഒട്ടേറെ പ്രഗത്ഭന്മാരെ തന്ന നാടാണത്‌. പ്രാന്തകാര്യവാഹ്‌ ഗോപാലന്‍കുട്ടി മാസ്റ്റര്‍ തന്നെ ഒന്നാംസ്ഥാനത്ത്‌. തപസ്യയുടെ തുടക്കം മുതല്‍ സജീവമായി പ്രവര്‍ത്തിക്കുകയും പിന്നീട്‌ സെക്രട്ടറിയാവുകയും ചെയ്ത ദിവംഗതനായ രാജന്‍ തമ്പിയെ മറക്കാനാവില്ല. ഒരു ചെറിയ ഗ്രാമമെടുത്താല്‍ ഇത്രയേറെ പ്രചാരകന്മാരെ നല്‍കിയ സ്ഥലവും വേറെയുണ്ടാവില്ലെന്ന്‌ തോന്നുന്നു. അവിടത്തെ പ്രവര്‍ത്തനം സര്‍വവ്യാപിയും സര്‍വസ്പര്‍ശിയുമായിരുന്നു.

നന്മണ്ടയിലെ ജനസംഘസമിതിയിലെ സജീവ പ്രവര്‍ത്തകനെന്ന നിലയ്‌ക്കാണ്‌ ഭാസ്ക്കരന്‍ മാസ്റ്ററെ പരിചയപ്പെട്ടത്‌. അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന അവസരത്തില്‍, ആള്‍ ചിത്രകലാ അധ്യാപകനാണെന്ന്‌ മനസ്സിലായി. താന്‍ മാത്രമല്ല കുടുംബവും പ്രവര്‍ത്തനത്തിന്റെ ഭാഗമാവണമെന്ന്‌ അദ്ദേഹം ആഗ്രഹിച്ചിരുന്നു. കോഴിക്കോട്‌ പാളയം റോഡിലെ ജനസംഘ കാര്യാലയത്തില്‍, ഒരു രാത്രി ഗുരുവായൂരില്‍ നടന്ന മഹിളാ സമ്മേളനം കഴിഞ്ഞ്‌ തിരിച്ചെത്തിയ മാസ്റ്ററും കുടുംബവും താമസിച്ചതും അതിരാവിലത്തെ ബസ്സില്‍ നാട്ടിലേക്ക്‌ പോയതും ഓര്‍ക്കുന്നു. അന്ന്‌ രാവിലെ കാര്യാലയത്തിലെ ടാപ്പില്‍ വെള്ളമില്ലായ്കയാല്‍ അടുത്തുള്ള വൈരാഗി അമ്പലത്തിലെ കിണറ്റില്‍നിന്ന്‌ കോരിക്കൊണ്ടുവന്നാണ്‌ അവര്‍ പ്രഭാതകൃത്യങ്ങള്‍ നടത്തിയത്‌.

1971 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനസംഘം എട്ട്‌ സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി ചിഹ്നത്തിലും ആറുപേരെ സ്വതന്ത്ര ചിഹ്നത്തിലും നിര്‍ത്തിയിരുന്നു. കുണ്ടമംഗലം സംവരണ മണ്ഡലത്തില്‍ നിര്‍ത്തേണ്ടിവന്നാല്‍ സ്ഥാനാര്‍ത്ഥി ആരായിരിക്കണമെന്ന ചിന്തവന്നു. പട്ടികവര്‍ഗക്കാരനായ ജനസംഘം പ്രവര്‍ത്തകനാരെന്ന്‌ അപ്പോഴാണ്‌ അന്വേഷിച്ചത്‌. ഭാസ്ക്കരന്‍ മാസ്റ്റര്‍ കൂടെയുണ്ടായിട്ടും, ആ നിലയില്‍ ചിന്ത പോയിരുന്നില്ല. സംഘപ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം അതാണ്‌ സ്ഥിതി. അടിയന്തരാവസ്ഥ കഴിഞ്ഞ്‌ ജനതാപാര്‍ട്ടി മത്സരിച്ചപ്പോള്‍ ജനസംഘ ഘടകത്തിന്‌ ലഭിച്ചത്‌ തെക്കേ വയനാടും വണ്ടൂരുമായിരുന്നു. വണ്ടൂര്‍ മണ്ഡലം സെക്രട്ടറിയായിരുന്ന കെ.ഗോപാലന്‍ പട്ടികജാതിക്കാരനാണെന്ന്‌ അപ്പോഴേ അറിഞ്ഞുള്ളൂ. ഭാസ്ക്കരന്‍ മാസ്റ്റര്‍ പിന്നീട്‌ കുണ്ടമംഗലത്ത്‌ മത്സരിച്ച്‌ 10,000ല്‍പ്പരം വോട്ടുകള്‍ നേടി.

സംഘപ്രസ്ഥാനങ്ങള്‍ നിര്‍ദേശിക്കുന്ന ഏത്‌ ചുമതലയും ഏറ്റെടുക്കാന്‍ സന്നദ്ധനായിരുന്നു ഭാസ്ക്കരന്‍ മാസ്റ്റര്‍. അദ്ദേഹം ആറ്‌ പതിറ്റാണ്ടോളം നീണ്ട സംഘസപര്യ അവസാനിപ്പിച്ചുവെന്ന്‌ കേസരി വാരികയിലൂടെ അറിഞ്ഞു. വാക്കും വരയും വായനയും സമ്മേളിച്ച ഭാസ്ക്കരന്‍ മാസ്റ്റര്‍ ദീപ്തസ്മരണയായി നില്‍ക്കും.

പി. നാരായണന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts