Categories: Vicharam

സിനിമാക്കഥകള്‍ കേട്ട്‌ ലഹരി പിടിച്ച രാത്രികള്‍

Published by

ഇതൊരു അനുസ്മരണക്കുറിപ്പാണ്‌. മുമ്പും ഈ പംക്തിയില്‍ അനുസ്മരണക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അതെല്ലാം വായനക്കാര്‍ ഇഷ്ടത്തോടെ വായിക്കുകയും ഇഷ്ടമായെന്ന്‌ അറിയിക്കുകയും ചെയ്തിട്ടുണ്ട്‌. പ്രശസ്തരായ ആളുകളെ കുറിച്ചുള്ള അനുസ്മരണക്കുറിപ്പുകളായിരുന്നു അതെല്ലാം. എന്നാല്‍ ഈ കുറിപ്പ്‌ അത്തരത്തിലൊന്നല്ല. സ്വന്തം പ്രയത്നത്തിലൂടെ ജീവിതത്തിന്റെ പടികള്‍ ചവിട്ടിക്കയറി, എന്തെല്ലാമോ ആയിത്തീര്‍ന്ന ഒരു പത്രപ്രവര്‍ത്തകനെ കുറിച്ചാണ്‌. കഴിഞ്ഞ ദിവസം അദ്ദേഹം മരണത്തിനു കീഴടങ്ങി. ഒരുപാട്‌ ഓര്‍മ്മകള്‍ ബാക്കിവച്ച്‌….

പുകച്ചുരുളുകള്‍ അന്തരീക്ഷത്തില്‍ വൃത്തം സൃഷ്ടിക്കുന്ന രാത്രികളില്‍ പത്രപ്രവര്‍ത്തനമെന്ന ശ്രമകരമായ ജോലിയുടെ ആലസ്യങ്ങളെ മാറ്റിനിര്‍ത്തി ‘കള്ളിച്ചെല്ലമ്മ’യുടെയും ‘ചട്ടക്കാരി’യുടെയും ‘അരിക്കാരി അമ്മു’വിന്റെയും ‘നദി’യുടെയും ‘ഈറ്റ’യുടെയുമൊക്കെ കഥകള്‍കേള്‍ക്കാന്‍ ഞങ്ങള്‍ അദ്ദേഹത്തിനു മുന്നില്‍ ചെവികൂര്‍പ്പിച്ചിരുന്നു. വെള്ളിത്തിരയിലെ ചിത്രങ്ങള്‍ മാറിമറിയുന്നതുപോലെ കഥകളില്‍ നിറം ചേര്‍ത്ത്‌ അദ്ദേഹം ഞങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. ആ കഥകളിലൂടെ ജയഭാരതിയും ലക്ഷ്മിയും ശാരദയും പ്രമീളയും ഷീലയുമെല്ലാം നായികമാരായി മുന്നില്‍ വന്നു. തിക്കുറിശ്ശിയും സത്യനും നസീറും ജി.കെ.പിള്ളയും ഗോവിന്ദന്‍കുട്ടിയും എസ്‌.പി.പിള്ളയുമൊക്കെയായിരുന്നു നായകന്മാരായത്‌. ഞങ്ങള്‍ കഥകേള്‍ക്കുകയായിരുന്നില്ല. അതനുഭവിക്കുകയായിരുന്നു. ജീവിതത്തെ മാറ്റിമറിച്ച അനുഭവങ്ങളെ മനസ്സിലേക്ക്‌ ആവാഹിക്കുകയായിരുന്നു.

ഒരു നിയോഗം പോലെ പത്രപ്രവര്‍ത്തനത്തിലേക്ക്‌ വലിച്ചടുപ്പിക്കപ്പെട്ട എന്നേപ്പോലുള്ളവര്‍ക്ക്‌ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച്‌ മുന്നോട്ടു പോകാനുള്ള ഊര്‍ജ്ജം തന്നത്‌ ആ രാത്രികളാണ്‌. ഓരോദിവസവും ഓഫീസിലിരുന്ന്‌ വാര്‍ത്തകളിലെ തെറ്റുകള്‍ തിരുത്തിയതും വാര്‍ത്തകള്‍ തയ്യാറാക്കിയതുമെല്ലാം ആ രാത്രികള്‍ക്കു വേണ്ടിയായിരുന്നു. അദ്ദേഹം ഞങ്ങള്‍ക്ക്‌ കളരിച്ചേട്ടനായിരുന്നു. ജന്മഭൂമിയുടെ വായനക്കാര്‍ക്ക്‌ മോഹന്‍ദാസ്‌ കളരിക്കലായിരുന്നു. ഒരു മാസംമുമ്പും ഫോണിലൂടെ അദ്ദേഹം കുറേക്കഥകള്‍ പറഞ്ഞു. അപ്പോഴത്തെ സംഭാഷണത്തില്‍ ശബ്ദം ഇടറിയതായിരുന്നെങ്കിലും കഥകള്‍ക്ക്‌ ഒട്ടും ഇടര്‍ച്ചയുണ്ടായിരുന്നില്ല. അന്ന്‌ കളരിച്ചേട്ടന്‍ കോട്ടയത്തെ ആശുപത്രിക്കിടക്കയില്‍ നിന്നാണ്‌ സംസാരിച്ചത്‌. പക്ഷെ, ഇത്രപെട്ടന്ന്‌ മരണത്തിന്‌ അദ്ദേഹത്തെ കീഴ്പ്പെടുത്താന്‍ സാധിക്കുമെന്ന്‌ കരുതിയില്ല. കൂട്ടിക്കൊണ്ടു പോകാന്‍ വന്ന മരണത്തോടും അദ്ദേഹം ഒരു കഥപറഞ്ഞുകാണും. ജയഭാരതിയുടെ, ഷീലയുടെ, ശാരദയുടെ…..ആരുടെയെങ്കിലും ഒരു സിനിമാക്കഥ!

തൊണ്ണൂറുകളുടെ ആദ്യത്തില്‍ ജന്മഭൂമിയില്‍ ജോലിക്കുചെല്ലുമ്പോഴാണ്‌ കളരിച്ചേട്ടനെ ആദ്യം പരിചയപ്പെടുന്നത്‌. സിനിമയും സാമ്പത്തികകാര്യങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങള്‍. എണ്‍പതിനു ശേഷമുള്ള സിനിമകളെക്കുറിച്ചുമാത്രം, പരിമിതമായ അറിവുണ്ടായിരുന്ന എനിക്കുമുന്നില്‍ ആദ്യപരിചയത്തില്‍ തന്നെ അദ്ദേഹം സിനിമയുടെ പഴയകാല കഥകള്‍ തുറന്നു വച്ചു. ആദ്യമൊക്കെ മനസ്സില്‍ തോന്നി, ഇതെല്ലാം സത്യമായിരിക്കുമോ എന്ന്‌. പിന്നീട്‌ അറിവുകള്‍ ആഴത്തിലായപ്പോള്‍ കളരിച്ചേട്ടനു ചെവി കൊടുക്കാന്‍ കൂടുതല്‍ നേരം കണ്ടെത്തി.

തൊണ്ണൂറുകളില്‍ ജന്മഭൂമിയിലെ ജീവിതം സര്‍ഗ്ഗാത്മകതയെ കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്യുന്നതായിരുന്നു. പത്രപ്രവര്‍ത്തനമെന്നാല്‍ വാര്‍ത്തയെഴുതുന്നതുമാത്രമാണെന്ന ധാരണയെ തിരുത്തുന്നതുമായിരുന്നു. പത്രപ്രവര്‍ത്തനത്തിന്റെ വിവിധങ്ങളായ മേഖലകളിലൊന്നില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഉപദേശിച്ചവരും നിര്‍ദ്ദേശിച്ചവരും നിരവധിപേരുണ്ട്‌. അതില്‍ പ്രധാനപ്പെട്ടവരുടെ കൂട്ടത്തില്‍ കളരിച്ചേട്ടനുണ്ടായിരുന്നു. കളരിച്ചേട്ടന്‍ പറഞ്ഞ നിരവധി സംഭവകഥകളില്‍ നിന്നുള്ള ഊര്‍ജ്ജം കൂടിയുണ്ട്‌, അന്ന്‌ ജന്മഭൂമിയിലുണ്ടായിരുന്ന ഞങ്ങളുടെ സംഘത്തിലെ പലരും എന്തെങ്കിലുമൊക്കെ ആയിത്തീര്‍ന്നതിനു പിന്നില്‍. വളരെ പ്രമുഖമായ പത്രസ്ഥാപനങ്ങളില്‍ ഉന്നത നിലയിലിരിക്കുന്നവരാണ്‌ അവരില്‍ കൂടുതല്‍ പേരും ഇപ്പോള്‍.

ജന്മഭൂമി വാരാദ്യപ്പതിപ്പില്‍ അദ്ദേഹം സിനിമയെക്കുറിച്ച്‌ ലേഖനങ്ങളെഴുതി. വരാന്‍ പോകുന്ന സിനിമകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി. പക്ഷെ, അദ്ദേഹത്തിന്റെ ജോലി ആ എഴുത്തില്‍ മാത്രം ഒതുങ്ങിയില്ല. പത്രത്തില്‍ അച്ചടിച്ചു വന്ന സിനിമാ റിപ്പോര്‍ട്ടുകളുമായി നിര്‍മ്മാതാവിനെയും വിതരണക്കാരനെയും അന്വേഷിച്ച്‌ അദ്ദേഹം നഗരത്തില്‍ അലഞ്ഞു. കാല്‍നടയായിട്ടായിരുന്നു യാത്രകള്‍. എളമക്കരയിലെ ജന്മഭൂമി ഓഫീസില്‍ നിന്ന്‌ നടന്ന്‌ സൗത്തിലെ സിനിമാക്കമ്പനി ഓഫീസുകളിലേക്ക്‌ അദ്ദേഹം പോകുമായിരുന്നു. തിരികെ ജന്മഭൂമിയിലേക്കും നടക്കും. നടത്തത്തിനു ശക്തികൂട്ടാന്‍ അല്‍പം ലഹരിയുടെ ഊര്‍ജ്ജം കൂട്ടിനുണ്ടാകും. വായില്‍ എപ്പോഴും കാണുന്ന മുറുക്കാനും. തിരികെ ഓഫീസിലെത്തുന്നത്‌ വിയര്‍ത്തൊലിച്ച്‌ ധരിച്ചിരിക്കുന്ന ഷര്‍ട്ടില്‍ മുഴുവന്‍ മുറുക്കാന്‍ തുപ്പലുമായാണ്‌. പക്ഷെ, കയ്യിലൊരു പരസ്യമുണ്ടാകും. പത്രത്തില്‍ റിപ്പോര്‍ട്ട്‌ വന്ന ഏതെങ്കിലുമൊരു സിനിമയുടെ പരസ്യം.

ജന്മഭൂമി വാരാദ്യപ്പതിപ്പില്‍ കളരിച്ചേട്ടന്‍ ‘ഓര്‍മ്മയിലെ ഓളങ്ങള്‍’ എന്നൊരു പംക്തി എഴുതിയിരുന്നു. ധാരാളം വായനക്കാരെ സൃഷ്ടിച്ച പംക്തിയാണത്‌. ഇപ്പോള്‍ സണ്‍ഡേഇന്ത്യന്‍ മാസികയുടെ കേരളത്തിന്റെ ചുമതലക്കാരനായ കാവാലംശശികുമാര്‍ ജന്മഭൂമി വാരാദ്യപ്പതിപ്പിന്റെ എഡിറ്ററായിരുന്നപ്പോഴാണ്‌ അതു തുടങ്ങിയത്‌. ഇപ്പോള്‍ കേരളാകൗമുദിയുടെ പത്തനംതിട്ട എഡിഷന്റെ ചുമതല വഹിക്കുന്ന ജയചന്ദ്രന്‍ ജന്മഭൂമി വാരാദ്യപ്പതിപ്പിന്റെ എഡിറ്ററായിരുന്നപ്പോഴും അതിനു ശേഷം ഞാന്‍ വാരാദ്യപ്പതിപ്പിന്റെ ചുമതല വഹിച്ച നാലുവര്‍ഷക്കാലവും ആ പംക്തി തുടര്‍ന്നു. ജന്മഭൂമിയില്‍ ഒരാഴ്ച ആ പംക്തി മുടങ്ങിയാല്‍ അന്വേഷിക്കുന്ന നിരവധി വായനക്കാരുണ്ടായിരുന്നു. സിനിമയിലെ ഓര്‍മ്മകള്‍ മംഗളം സിനിമാ വാരികയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

പഴയകാല സിനിമാ പ്രവര്‍ത്തകരുമായി കളരിച്ചേട്ടന്‍ സജീവ ബന്ധം പുലര്‍ത്തിയിരുന്നു. അതില്‍ പ്രധാനിയായിരുന്നു പ്രശസ്ത മേയ്‌ക്കപ്പ്‌ മാന്‍ എം.ഒ.ദേവസ്യ. ദേവസ്യ പലതവണ കളരിച്ചേട്ടനെ കാണാന്‍ ജന്മഭൂമിയില്‍ വന്നു. ഒരു ദിവസം ദേവസ്യ ഞങ്ങളുടെ രാത്രി സദസ്സിലേക്കും വിരുന്നു വന്നു. അന്നു കഥപറഞ്ഞത്‌ ദേവസ്യയും കളരിച്ചേട്ടനും കൂടിയാണ്‌. പഴയ സിനിമാക്കാര്‍ മരിക്കുമ്പോള്‍ കളരിച്ചേട്ടന്‍ ഓര്‍മ്മകളെ നല്ല അനുസ്മരണ ലേഖനങ്ങളാക്കും. 1997ല്‍ തിക്കുറിശ്ശി സുകുമാരന്‍ നായര്‍ മരിച്ചപ്പോള്‍ കളരിച്ചേട്ടന്‍ ജന്മഭൂമിയില്‍ ലേഖനമെഴുതി. എല്ലാ പത്രങ്ങളും മരണത്തെ ആഘോഷമാക്കിയെങ്കിലും കളരിച്ചേട്ടന്റെ അനുസ്മരണക്കുറിപ്പായിരുന്നു ഏറ്റവും ഹൃദ്യമായത്‌. പ്രശസ്ത സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍ ജന്മഭൂമിയിലെ ലേഖനം വായിച്ച്‌ നല്ലവാക്കുകള്‍ പറഞ്ഞതും മറക്കാന്‍ കഴിയില്ല.

പത്രപ്രവര്‍ത്തകനാകുന്നതിനു മുമ്പ്‌ അദ്ദേഹം സ്വന്തമായി ഒരു സിനിമാ മാസിക നടത്തിയിരുന്നു. അതിനും മുമ്പ്‌ സിനിമാ റപ്രസെന്റേറ്റീവായി സിനിമയുടെ പെട്ടിയും തൂക്കി അലഞ്ഞു തിരിഞ്ഞു. അനുഭവങ്ങള്‍ അദ്ദേഹത്തിലേക്കു വന്നത്‌ അങ്ങനെയാണ്‌.

കളരിച്ചേട്ടന്റെ ഏറ്റവും വലിയ പ്രത്യേകത ഓര്‍മ്മകളെ മനസ്സില്‍ സൂക്ഷിച്ചുവച്ചുവെന്നതാണ്‌. അതെല്ലാം ഇടയ്‌ക്കിടെ അയവിറക്കാനും അദ്ദേഹം മറന്നില്ല. നല്ല വിവര്‍ത്തകനുമായിരുന്നു അദ്ദേഹം. സാമ്പത്തിക ലേഖനങ്ങള്‍ ഇംഗ്ലീഷില്‍ നിന്ന്‌ മലയാളത്തിലേക്ക്‌ അദ്ദേഹം ഭംഗിയായി വേഗത്തില്‍ വിവര്‍ത്തനം ചെയ്തു. തമിഴും അദ്ദേഹത്തിന്‌ നല്ല വശമായിരുന്നു. തമിഴ്‌ പത്രങ്ങളിലും വാരികകളിലും വന്നിരുന്ന നല്ല വാര്‍ത്തകളും ഫീച്ചറുകളുമെല്ലാം കളരിച്ചേട്ടന്റെ വിവര്‍ത്തനത്തിലൂടെ ജന്മഭൂമി വായനക്കാര്‍ക്ക്‌ ലഭിച്ചു.

ജന്മഭൂമി വാടകയ്‌ക്കെടുത്തു തന്ന വീട്ടില്‍(അതിനെ ക്വാര്‍ട്ടേഴ്സ്‌ എന്നു വിളിച്ചു) ഞങ്ങളെല്ലാവരും ഒരുമിച്ചു താമസിച്ചു. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലല്ലായിരുന്നുവെങ്കിലും സന്തോഷത്തിന്‌ ഒട്ടും കുറവുണ്ടായിരുന്നില്ല. കുറച്ചുപണമാണ്‌ എല്ലാമാസവും കയ്യില്‍ കിട്ടിയിരുന്നതെങ്കിലും ആരും കടക്കാരായിരുന്നില്ല എന്നതാണ്‌ സത്യം. രാത്രികളെ ഞങ്ങള്‍ ആഘോഷമാക്കി. ഓഫീസില്‍ പകല്‍ജോലിക്കാരനായിരുന്നു കളരിച്ചേട്ടന്‍. രാത്രിജോലി കഴിഞ്ഞ്‌ ക്വാര്‍ട്ടേഴ്സില്‍ എത്തുന്ന ഞങ്ങള്‍ക്കായി അദ്ദേഹം കഞ്ഞിയും പുഴുക്കും പയറുകറിയും പാചകം ചെയ്തു. ഞങ്ങള്‍ ഭക്ഷണം കഴിക്കുന്നതു കണ്ട്‌ സന്തോഷിച്ചു. ഭക്ഷണ ശേഷം രാത്രി വൈകുവോളം തുടരുന്ന ചര്‍ച്ചകളിലേക്ക്‌ ഉറക്കപ്പായയില്‍ നിന്ന്‌ താടി തടകിക്കൊണ്ട്‌ ഉണര്‍ന്നു വന്നു. ഞങ്ങള്‍ക്കുമുന്നില്‍ കഥകളുടെ ഭാണ്ഡക്കെട്ട്‌ തുറന്നു വച്ചു. അതില്‍ ഇക്കിളിയുണ്ടായിരുന്നു, സാഹിത്യമുണ്ടായിരുന്നു, അനുഭവങ്ങളുണ്ടായിരുന്നു…..

ഇക്കൊല്ലം ഓണത്തിനു മുമ്പ്‌ ജന്മഭൂമി ഓണപ്പതിപ്പ്‌ തയ്യാറാക്കുന്ന സമയത്താണ്‌ കളരിച്ചേട്ടന്‍ ആശുപത്രിക്കിടക്കയില്‍ നിന്നു വിളിച്ചത്‌. അദ്ദേഹം ഒരു കഥപറഞ്ഞു. വിറച്ച ശബ്ദത്തില്‍. ഇത്തവണത്തെ ജന്മഭൂമി ഓണപ്പതിപ്പില്‍ ആ കഥ ചേര്‍ത്തിട്ടുണ്ട്‌. മദം എന്നാണ്‌ കഥയുടെ പേര്‌. മുമ്പ്‌ ജന്മഭൂമി വാര്‍ഷികപ്പതിപ്പിന്റെ ചുമതലക്കാരനായിരുന്നപ്പോഴെല്ലാം ഞാന്‍ കളരിച്ചേട്ടന്റെ കഥകള്‍ ചോദിച്ചു വാങ്ങിയിരുന്നു. ഇത്തവണ ചോദിച്ചില്ല. ചോദിക്കാതെ അദ്ദേഹം തന്നു. അച്ചടി മഷി പുരണ്ട അവസാനത്തെ കഥ. നല്ല പാട്ടെഴുത്തുകാരനായിരുന്നു അദ്ദേഹം. നിരവധി നാടകങ്ങളില്‍ പാട്ടെഴുതി. പാട്ടെഴുത്തിനായി നല്ല വാക്കുകളെ അദ്ദേഹം സൂക്ഷിച്ചു വച്ചു. എവിടെ നല്ലൊരു പദം കണ്ടാലും അതു കുറിച്ചു വയ്‌ക്കും.

ഇപ്പോള്‍ കളരിച്ചേട്ടന്‍ ഈ ലോകത്തില്ല. മരണത്തിനു തൊട്ടുമുമ്പും മനസ്സില്‍ നിരവധി കഥകള്‍ അദ്ദേഹം കുറിച്ചുവച്ചിട്ടുണ്ടാകും. ഇനി ഞങ്ങളുടെ സ്വപ്നത്തിലേക്ക്‌ അദ്ദേഹം വരും. ഞങ്ങളെന്നാല്‍….എന്റെ, പി.ശ്രീകുമാറിന്റെ, എസ്‌.അജോയിയുടെ, എം.എസ്‌.സജീവന്റെ, ആര്‍.ലനിനിന്റെ, അഡ്വ.ഉണ്ണിയുടെ, വിശ്വംഭരന്‍ ചേട്ടന്റെ, എന്‍.ഉത്തമന്റെ, സജിത്‌ പരമേശ്വരന്റെ, രമേശ്‌ ചമ്പക്കരയുടെ, അനില്‍ജി നമ്പൂതിരിയുടെ, കാവാലം ശശികുമാറിന്റെ, പൂവത്തിങ്കല്‍ ബാലചന്ദ്രന്റെ, ബാബുകൃഷ്ണകലയുടെ, എസ്‌.ഉണ്ണികൃഷ്ണന്റെ, ബിജുമോഹന്റെ, ആര്‍.രാജേഷിന്റെ, വി.റജികുമാറിന്റെ, പി.വി.മധുവിന്റെ, ബി.കെ.രാജേഷിന്റെ, രാജീവന്റെ, യു.പി.സന്തോഷിന്റെ, ശ്യാമിന്റെ…..പേരുകള്‍ അവസാനിക്കുന്നില്ല…..എല്ലാവരുടെയും സ്വപ്നങ്ങളിലേക്ക്‌ ഒരു കഥയുമായി കളരിച്ചേട്ടന്‍ വരുമെന്നത്‌ തീര്‍ച്ചയാണ്‌.

ആര്‍.പ്രദീപ്‌

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by