മേള സംസ്കൃതിയെ കേരളത്തിലെ പൊതു സംസ്ക്കാരത്തിന്റെ മുഖമുദ്രയെന്ന് വാഴ്‌ത്തി പറയാറുണ്ടെങ്കിലും ഇടക്കാലംവരെ മധ്യകേരളത്തില്‍ ഒതുങ്ങി നില്‍ക്കുന്നതായിരുന്നു കേരളീയ മേള പദ്ധതി. അനുഷ്ഠാനങ്ങളിലെ നിശ്ചിതക്രിയാവേളകളിലെ പ്രയോഗങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന വാദ്യങ്ങളെ അനുപേക്ഷണീയമാംവിധം സമന്വയിപ്പിച്ച് ശാസ്ത്രീയമായ ചിട്ടകളോടെ രൂപകല്‍പ്പന ചെയ്ത മേളപദ്ധതികള്‍ ആവിഷ്കൃതമായിട്ട് അധികകാലം ആയിട്ടില്ല തന്നെ. ഏകതാളത്തെ ഭിന്നിപ്പിച്ചും ദ്രാവിഡ സംസ്കാരത്തില്‍ നിലനിന്നിരുന്ന ആചാരാനുഷ്ഠാനങ്ങളിലെ ഗീത-വാദ്യ പ്രയോഗങ്ങളില്‍ ഉറഞ്ഞുകൂടിയിരുന്ന നാടന്‍ താളങ്ങളെ നവീകരിച്ചും എട്ടക്ഷരമുള്ള ചെമ്പടയുടെ കണക്കുകളില്‍ വിവിധ താളങ്ങള്‍ വാദ്യസംസ്കൃതിയോട് ലയിപ്പിച്ചപ്പോള്‍ ഉയിര്‍കൊണ്ട മേളങ്ങളില്‍ പക്ഷെ പഞ്ചാരിമേളവും തൃപുട അടിസ്ഥാനതാളമായ പാണ്ടിമേളവുമാണ് ആസ്വാദകരെ കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പ്രസിദ്ധങ്ങളായ ഉത്സവങ്ങള്‍ക്കും പൂരങ്ങള്‍ക്കും കൊട്ടിയുതിര്‍ക്കുന്നത് പഞ്ചാരി-പാണ്ടി മേളങ്ങളാണ്. പാണ്ടിമേളം അന്യം നില്‍ക്കുന്ന ക്ഷേത്രമതിലകത്ത് പഞ്ചാരിമേളം നിറഞ്ഞു തുളുമ്പുമ്പോള്‍ തൃശ്ശൂര്‍ പൂരം പോലെ പ്രസിദ്ധങ്ങളായ വേദികളില്‍ മേള വിശാരദര്‍ അരങ്ങുതീര്‍ക്കുന്നത് പാണ്ടിയുടെ അകമ്പടിയോടെയാണ്.
നൂറില്‍പരം കലാകാരന്മാരടങ്ങുന്ന മേളങ്ങളില്‍ മേധാവിത്തം ഉരുട്ടു ചെണ്ടയ്‌ക്കും നിയന്ത്രണം കുറുകുഴലിനുമെന്ന കല്‍പ്പനയിലൂടെ പരസ്പ്പരം ശ്രുതി ചേരാത്ത വാദ്യങ്ങള്‍കൊണ്ട് ആകര്‍ഷകമായ കലാവിരുന്നൊരുക്കാന്‍ ധൈര്യം കാണിച്ച വാദ്യകലാമര്‍മജ്ഞതയെ അഭിമാനത്തോടെ സ്മരിക്കേണ്ടതുണ്ട്. ചെണ്ടയും കൊമ്പും കുഴലും താളവും ശാസ്ത്രീയമായി സമ്മേളിപ്പിച്ച് മൂന്ന് മണിക്കൂറിലധികം സമയം നീണ്ടുനില്‍ക്കുന്ന വിസ്മയകാവ്യം രചിക്കുന്ന മേള നായകന്റെ പ്രമാണധര്‍മങ്ങള്‍ക്കും കൃത്യമായ പ്രകാരങ്ങള്‍ ആചാര്യന്മാര്‍ ചമച്ചിട്ടുണ്ട്.
പൂര്‍വസൂരികള്‍ ചിട്ടപ്പെടുത്തിയ മേളകലയെ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കാതെ നിലനിര്‍ത്തിപ്പോന്ന പാരമ്പര്യവാദികള്‍ക്കൊപ്പം തന്നെ, മേളകലയുടെ തനിമയും അന്തഃസത്തയും നിലനിര്‍ത്തിക്കൊണ്ട് പുതിയ മേളങ്ങള്‍ രൂപകല്‍പ്പന ചെയ്ത വൈജ്ഞാനികന്മാരും ഉണ്ടായിട്ടുണ്ട്.
പാരമ്പര്യത്തിന്റെ പിന്‍ബലവും നിഷ്ഠയുമാണ് മേളപ്രമാണിത്തത്തിന് മുതല്‍ക്കൂട്ടാകുന്നത്. മേള സംസ്ക്കാരം വളര്‍ന്ന് വികാസം പ്രാപിച്ച മധ്യകേരളത്തില്‍നിന്നാണ്, പ്രത്യേകിച്ചും ചാലക്കുടിപ്പുഴക്കും ഭാരതപ്പുഴക്കും ഇടയിലുള്ള ഭൂവിഭാഗത്തില്‍നിന്ന് തന്നെയാണ് ലോകശ്രദ്ധയാര്‍ജിച്ച മേളപ്രമാണിമാര്‍ മുഴുവന്‍ വളര്‍ന്ന് വന്നിട്ടുള്ളത്. ചരിത്രത്തിന്റെ താളുകളില്‍ നാദവിസ്മയം തീര്‍ത്ത കലാ ആചാര്യന്മാര്‍ തന്നെയായിരുന്നു അവരെല്ലാവരും.
വര്‍ത്തമാനകാലത്ത് അരങ്ങേറുന്ന മേളങ്ങളെ ഉപമിക്കത്തക്കവിധം മാതൃകാ മേള ഗോപുരങ്ങള്‍ സൃഷ്ടിച്ച പ്രമാണിമാരും കുറവല്ല. സമീപകാലത്ത് ഇത്തരമൊരു ശൈലീ വിന്യാസത്തിന് വഴിയൊരുക്കിയ കലാകാരന്മാരില്‍ പ്രധാനിയാണ് മേള ജലധി തൃപ്പേക്കുളം അച്യുതമാരാര്‍. മേളരംഗത്ത് കാലപ്രമാണത്തില്‍ കാല്‍പനിക സൗന്ദര്യം ചമച്ച കലാകാരന്മാര്‍. സമകാലിക മേള വേദിയില്‍ അദ്ദേഹത്തിനൊപ്പം നിന്ന ഒരേയൊരു വ്യക്തിയേയുള്ളൂ, പഞ്ചാരിയില്‍ ചന്ദ്രിക വിരിയിച്ച സാക്ഷാല്‍ ചക്കംകുളം അപ്പുമാരാര്‍.
“ചക്കംകുളത്തിന്റെ പഞ്ചാരിയും
തൃപ്പേക്കുളത്തിന്റെ പാണ്ടിയും”
ഒരു ശൈലിയായി ആസ്വാദകലോകം താലോലിക്കുന്ന രണ്ടുമേള വീഥികള്‍. പതിനെട്ടു വാദ്യങ്ങള്‍ക്കും മീതെയുയര്‍ന്ന ചെണ്ടയുടെ പ്രൗഢഭാവത്തെ സൗമ്യമായ തലോടലില്‍ അടുത്തുനിര്‍ത്തി ചക്കംകുളമെങ്കില്‍ അസുരവാദ്യത്തിന്റെ രൗദ്ര ഗാംഭീര്യത്തില്‍ നിറഞ്ഞാടുകയായിരുന്നു തൃപ്പേക്കുളം. ആ ശൈലീ ഭേദങ്ങളില്‍ പകരക്കാരില്ലാതെ.
കലാപാരമ്പര്യം നിറഞ്ഞുനിന്ന ഊരകം തൃപ്പേക്കുളം കുടുംബത്തിലായിരുന്നു അച്യുതമാരാര്‍ ജനിച്ചത്. മാതൃസഹോദരന്മാരായിരുന്ന തൃപ്പേക്കുളം ഗോവിന്ദമാരാരും കൃഷ്ണമാരാരും അറിയപ്പെടുന്ന മേളകലാകാരന്മാരായിരുന്നു. ഊരകം വലാധീശ്വരി ക്ഷേത്രത്തിലെ അടിയന്തരവൃത്തി തൃപ്പേക്കുളം മാരാത്തേയ്‌ക്കായിരുന്നു എന്നതുകൊണ്ടുതന്നെ അച്യുതമാരാര്‍ വളരെ ചെറുപ്പത്തില്‍ കലാരംഗത്തേക്ക് കടന്നുവന്നു. അമ്മാവന്മാര്‍ തന്നെയായിരുന്നു പ്രഥമ ഗുരുക്കന്മാര്‍. ചെണ്ട, ഇടയ്‌ക്ക തുടങ്ങിയ വാദ്യങ്ങളില്‍ നേടിയ അറിവിനേക്കാള്‍, അച്യുതമാരാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് തവിലില്‍ ആയിരുന്നു. നെല്ലിക്കല്‍ നാരായണ പണിക്കരുടെ കീഴില്‍ നടത്തിയ പഠനം, അദ്ദേഹത്തെ മധ്യകേരളത്തിലെ നാഗസ്വരകച്ചേരികളില്‍ സജീവമാക്കിത്തീര്‍ത്തു.
പിന്നീട് മേളകലയിലെ നായകപ്രതിഭയ്‌ക്ക് കാലപ്രമാണത്തിന്റെ കണക്കുകളില്‍ കൃത്യതയും താളനിഷ്ഠയും കൈവരുത്തിയത് ഈ അഭ്യാസ ബലമായിരുന്നു.
പഞ്ചവാദ്യ കലയിലെ പഞ്ചാനനന്‍ എന്നറിയപ്പെട്ട അന്നമനട പരമേശ്വരമാരാരില്‍നിന്നും തിമിലയില്‍ സിദ്ധിച്ച പാണ്ഡിത്യത്തോടെ അച്യുതമാരാര്‍ വാദ്യകലാരംഗത്തെ അനിഷേധ്യ സാന്നിദ്ധ്യമായിത്തീര്‍ന്നു.
സതീര്‍ത്ഥ്യനും ഗുരുതുല്യം ബഹുമാനിക്കുകയും ചെയ്ത പെരുവനം അപ്പുമാരാര്‍ക്കൊപ്പം തൃശ്ശൂര്‍ മേഖലയില്‍ മേളകലയില്‍ തിളങ്ങിയ അച്യുതമാരാര്‍ വടക്കന്‍ മേഖലകളില്‍ അറിയപ്പെട്ടത് തിമിലകലാകാരനായി പഞ്ചവാദ്യ രംഗത്തായിരുന്നു. തൃശ്ശൂര്‍ പൂരം മഠത്തില്‍ വരവിനടക്കം പ്രമുഖ പഞ്ചവാദ്യ വേദികളിലെല്ലാം ശ്രദ്ധേയ പങ്കാളിയായിരുന്ന അച്യുതമാരാര്‍ പെരുവനം അപ്പുമാരാര്‍ തെളിയിച്ച പന്ഥാവിലൂടെ മുഴുവന്‍ ശ്രദ്ധയും മേളകലയിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു.
അമ്മാവന്മാരല്ലാതെ മറ്റൊരു ഗുരുനാഥനുമില്ലാതെ, പെരുവനം അപ്പുമാരാരോടൊപ്പമുളള സാധകത്തികവിന്റെ ബലത്തില്‍ മേളരംഗത്ത് തന്റേതായൊരു സ്ഥാനം നേടിയെടുക്കാന്‍ തൃപ്പേക്കുളത്തിന് സാധിച്ചു. കേളി, കുറുംകുഴല്‍, പറ്റ്, മറ്റ് അനുഷ്ഠാന കലകളിലടക്കം ചെണ്ടയുടെ സാന്നിദ്ധ്യം ആവശ്യമുള്ളിടത്തെല്ലാം തൃപ്പേക്കുളത്തിന്റെ നാമം ഉയര്‍ന്നുനിന്നു.
കുറുംകുഴലിന്റെ അപ്രമാദിത്തത്തെ തളച്ചിടാനാകാത്തവിധം മേളരംഗത്തും പറ്റിലും താന്‍ പോരിമയോടെ തെളിയിച്ചെടുത്ത കൊമ്പത്ത് കുട്ടന്‍ പണിക്കരും തൃപ്പേക്കുളവും ചേര്‍ന്നുള്ള കുറുംകുഴല്‍ പറ്റ് ഏറെ ശ്രദ്ധേയമായിരുന്നു. കുറുംകുഴലിനോട്, പഴുതുകളില്‍ ചെണ്ടയുടെ ശ്രുതി ചേര്‍ത്തിയുള്ള തൃപ്പേക്കുളത്തിന്റെ വാദനശൈലി ഒട്ടേറെ ആരാധകരെ സൃഷ്ടിച്ചെടുത്തു.
വിളംബത്തില്‍നിന്നും മധ്യത്തിലേക്കും ദ്രുതത്തിലേക്കും അതിദ്രുതത്തിലേക്കും ക്രമാനുഗതമായി കൊട്ടിക്കയറി കലാശിക്കുന്ന തൃപ്പേക്കുളത്തിന്റെ മേളം അനനുകരണീയം തന്നെയാണ്. ആലങ്കാരികമായ പ്രശംസയേക്കാളുപരി മേളത്തിന്റെ അനുസ്യൂത പ്രവാഹത്തെ അത് പാണ്ടിയായാലും പഞ്ചാരിയായാലും ഇത്രയും ഭംഗിയായി, ഉയര്‍ന്ന കാലപ്രമാണത്തില്‍ ആവിഷ്ക്കരിക്കുന്ന കലാകാരന്‍, തൃപ്പേക്കുളമല്ലാതെ മറ്റൊരാളെ ചൂണ്ടിക്കാണിക്കാന്‍ സമീപ മേള രംഗത്തില്ല എന്നതാണ് വസ്തുത. വീരരസം തുളുമ്പുന്ന അരങ്ങുകാഴ്ച കൂടിയാണ് അദ്ദേഹത്തിന്റെ മേളം.
മധ്യകേരളത്തിലെ നാഗസ്വരകച്ചേരികള്‍ക്കും പഞ്ചവാദ്യവേദികള്‍ക്കും നഷ്ടപ്പെട്ട അച്യുതപ്രഭാവം പക്ഷേ മേളകലയുടെ പരമപുണ്യമായി ഭവിച്ചു.
കേരളത്തിലെ ഒട്ടുമിക്ക ഉത്സവ-പൂരവേദികളിലും സ്വീകാര്യനായ മേളപ്രമാണിയായി തൃപ്പേക്കുളം അവരോധിക്കപ്പെട്ടു. 1989 ലെ തൃശ്ശൂര്‍ പൂരത്തിനുശേഷം തിരുവമ്പാടി വിഭാഗത്തെ മേളരംഗത്ത് നിന്നും കാച്ചാംകുറിശ്ശി ഈച്ചരമാരാര്‍ വിടവാങ്ങിയപ്പോള്‍ ഒരു നിയോഗംപോലെ ആ പ്രമാണസ്ഥാനത്തേക്ക് അതുവരെ തിരുവമ്പാടി മേള വിഭാഗത്തിലില്ലാതിരുന്ന തൃപ്പേക്കുളം അച്യുതമാരാരെ തൃശ്ശൂര്‍ പൂരത്തിന്റെ മേളരംഗത്ത് നിലനിന്ന കീഴ്‌വഴക്കങ്ങള്‍ക്ക് വിരാമമിട്ട് നിശ്ചയിച്ചപ്പോള്‍, ആ തീരുമാനത്തെ ആസ്വാദകവൃന്ദം നിറഞ്ഞ ഹൃദയത്തോടെയാണ് സ്വീകരിച്ചത്. 1990 മുതല്‍ തുടര്‍ച്ചയായ 16 വര്‍ഷം നീണ്ട നായകപരിവേഷത്തെ അഴിച്ചുവെക്കുമ്പോള്‍ ആയിരം പൂര്‍ണചന്ദ്രന്മാരെ ദര്‍ശിച്ച നിര്‍വൃതിയിലായിരുന്നു അദ്ദേഹം.
കേരള സംസ്ഥാനത്തിന്റെ പരമോന്നത വാദ്യകലാ ബഹുമതിയായ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്ക്കാരം, മേളാചാര്യ, മേളജലധി പുരസ്ക്കാരം, സംഗീതനാടക അക്കാദമി അവാര്‍ഡ്, ആസ്വാദക ലോകം തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളോട് ചേര്‍ന്ന് സമര്‍പ്പിച്ച വീരശൃംഖല, നിരവധി ക്ഷേത്രക്ഷേമ സമിതികളും ദേവസ്വങ്ങളും നല്‍കിയ സുവര്‍ണ മുദ്രകള്‍….
അച്യുതമാരാരെ തേടിയെത്താത്ത ബഹുമതികള്‍ കുറവാണ്.
നിറവാര്‍ന്ന നവതിയിലും ചെണ്ട തോളിലേറിയാല്‍ വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ കലാകാരന്റെ പൂര്‍ണതയ്‌ക്കുമുന്‍പില്‍ വഴി മാറും. മേള സ്ഥലിയില്‍, മേളത്തിനു മിനിറ്റുകള്‍ക്ക് മുന്‍പ് മാത്രം വാഹനത്തില്‍നിന്നിറങ്ങി, വാദ്യോപകരണങ്ങളുമായി അരങ്ങത്തെത്തുന്ന “റെഡിമെയ്ഡ്” വാദ്യസംസ്ക്കാരത്തെ പുച്ഛിച്ച് തള്ളുന്ന മേളകലയുടെ ഈ പരമാചാര്യര്‍ ആസ്വാദകമനസുകളെ അടുത്തറിഞ്ഞ് ഇടപഴകുന്നു. മേളസംസ്കൃതിയുടെ വക്താവായി ഇന്നും ഉറച്ചുനില്‍ക്കുന്നു.
കെ.രമേശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: