Categories: Vicharam

ഇതാണ്‌ ഇരട്ടത്താപ്പ്‌

Published by

നിയമസഭാ പ്രസംഗങ്ങളും ചാനല്‍ചര്‍ച്ചകളും കണ്ടാല്‍ ഒരുകാര്യം ബോധ്യമാകും. ജനങ്ങളും ജനനേതാക്കളും വല്ലാതെ മാറിക്കഴിഞ്ഞു. കോടതികളോടുള്ള കുടിപ്പക ഒരു രാഷ്‌ട്രീയകക്ഷിക്കും ഇപ്പോഴില്ല. കോടതി വിധിയെ മാനിക്കുന്നു എന്നു മാത്രമല്ല ജഡ്ജിമാരുടെ നേരെ വിരല്‍ചൂണ്ടുന്നതുപോലും പാവമാണെന്ന്‌ തിരിച്ചറിഞ്ഞുകഴിഞ്ഞു. കോടതിവിധി എന്തായാലും മാനിക്കുമെന്ന്‌ മുഖ്യമന്ത്രി ആണയിടുന്നു. കോടതിവിധിയെ അംഗീകരിക്കുമെന്ന്‌ മാത്രമല്ല ജഡ്ജിമാര്‍ വലുതാണോ ചെറുതാണോ എന്നു നോക്കാതെ ബഹുമാനിക്കണമെന്ന്‌ പ്രതിപക്ഷനേതാവ്‌ പറയുന്നു. ജഡ്ജിക്കെതിരെ കത്തെഴുതിയ പി.സി. ജോര്‍ജ്‌ പോലും പറയുന്നത്‌ നല്ല കോടതിയാണെന്റെ ലക്ഷ്യമെന്നാണ്‌. കോടതിയോടും അതിന്റെ വിധിയോടും അനാദരവ്‌ കാണിക്കുന്ന പാരമ്പര്യമല്ല കോണ്‍ഗ്രസ്സിനെന്ന്‌ കെപിസിസി പ്രസിഡണ്ട്‌ രമേശ്‌ ചെന്നിത്തല പറയുന്നു.

ലാവലിന്‍ കേസില്‍ വിചാരണ നേരിടുന്നതുമായി ബന്ധപ്പെട്ട കേസില്‍ പിണറായിക്കെതിരെ നിലപാടെടുത്ത ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായിരുന്നു ജസ്റ്റിസ്‌ ബാലി. അദ്ദേഹത്തെ പ്രതീകാത്മകമായി ഡിവൈഎഫ്‌ഐക്കാര്‍ നാടുകടത്തി. പ്രചാരണവും നടത്തി. അന്നതിനെ തെറ്റെന്ന്‌ പറയാത്ത പിണറായിപോലും ഇന്ന്‌ കോടതിയോട്‌ വല്ലാത്ത മതിപ്പാണ്‌ പ്രകടിപ്പിക്കുന്നത്‌. ആകെ നോക്കിയാല്‍ നീതിന്യായ വ്യവസ്ഥയോടും ന്യായാലയങ്ങളോടും ന്യായാധിപന്മാരോടും അവരുടെ തീര്‍പ്പുകളും ആദരവും മതിപ്പും. ഇതിലും വലിയസന്തോഷമുണ്ടാക്കുന്ന കാര്യമുണ്ടോ? നമ്മുടെ നാടും നന്നായിപ്പോയി എന്നാര്‍ക്കും തോന്നിപ്പോകും. ഇത്‌ എല്ലാകാര്യത്തിലുമുണ്ടാകുമോ? ഉണ്ടാകേണ്ടതല്ലെ!

അലഹബാദ്‌ ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിലെ മൂന്നംഗ ബെഞ്ചിലെ ജഡ്ജിമാര്‍ കോപ്പിയടിച്ച്‌ കയറിയതല്ല. നല്ല നിയമജ്ഞര്‍. അയോദ്ധ്യാകേസ്‌ വര്‍ഷങ്ങളോളം പഠിച്ചവര്‍. എല്ലാവശങ്ങളും പരിശോധിച്ച്‌, പരിഗണിച്ച പരിണത പ്രജ്ഞര്‍. അവര്‍ അറുപതുവര്‍ഷം വ്യവഹാരത്തിലായിരുന്ന അയോദ്ധ്യാകേസില്‍ വിധിപറഞ്ഞിട്ട്‌ ഒരു വര്‍ഷം പിന്നിട്ടു. 2010 നവംബര്‍ 30ന്‌ അവര്‍ പറഞ്ഞ വിധി ചരിത്രപ്രധാനമായിരുന്നു. ഒരു വര്‍ഷമായിട്ടും കേന്ദ്രസര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിച്ചില്ല. വിധി നടപ്പാക്കാനുള്ള ഇച്ഛാശക്തി പ്രകടിപ്പിച്ചില്ല. അതുകൊണ്ടുതന്നെ ശ്രീരാമജന്മഭൂമിയില്‍ ഉചിതമായ ക്ഷേത്രം ഉയരണമെന്ന ശതകോടി ജനതയുടെ ആഗ്രഹം സഫലമായില്ല. വിധിയുടെ പ്രസക്തഭാഗം ഇങ്ങനെ അയോധ്യാ ഭഗവാന്‍ ശ്രീരാമന്റെ ജന്മഭൂമിയാണ്‌. തകര്‍ന്നുപോയ ബാബറി കെട്ടിടം ക്ഷേത്രം തകര്‍ത്ത്‌ നിര്‍മ്മിച്ചതാണ്‌. രാമജന്മഭൂമിക്ക്‌ മേലുള്ള സുന്നി വഖഫ്ബോര്‍ഡിന്റെ അവകാശവാദങ്ങള്‍ തള്ളിയാണ്‌ കോടതി ഐതിഹാസികമായ വിധി പ്രഖ്യാപനം നടത്തിയത്‌.

ആറുപതിറ്റാണ്ട്‌ നീണ്ട നിയമനടപടികള്‍ക്കൊടുവില്‍ ജസ്റ്റിസുമാരായ സിബ്ഖത്ത്‌ ഉല്ലാഖാന്‍, സുധീര്‍ അഗര്‍വാള്‍, ധരംവീര്‍ ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ്‌ സുപ്രധാന വിധിപ്രഖ്യാപനം നടത്തിയത്‌.

അയോധ്യയിലെ ഭൂമിക്കായി അവകാശവാദം ഉന്നയിച്ച അഖിലഭാരത ഹിന്ദുമഹാസഭ, സന്ന്യാസിമാരുടെ സംഘടനയായ നിര്‍മോഹി അഖാര, മുസ്ലീം സംഘടനയായ സുന്നി വഖഫ്ബോര്‍ഡ്‌ എന്നിവര്‍ക്ക്‌ രാമജന്മഭൂമി ഉള്‍പ്പെടുന്ന പ്രദേശം വിഭജിച്ചു നല്‍കാനും ബെഞ്ച്‌ ഉത്തരവിട്ടു. പരിപാവനമായ രാമജന്മഭൂമി ഹിന്ദുമഹാസഭയ്‌ക്ക്‌ അവകാശപ്പെട്ടതാണ്‌. ഭൂമിയുടെ പൂര്‍ണ്ണ അവകാശം വേണമെന്ന സുന്നി വഖഫ്ബോര്‍ഡിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

രാമജന്മഭൂമിയില്‍ ഭഗവാന്‍ ശ്രീരാമന്റെ വിഗ്രഹങ്ങള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലം ഹിന്ദുക്കള്‍ക്ക്‌ അനുവദിക്കുന്നതായി വിധിയില്‍ പറയുന്നു. സ്ഥലവിഭജനത്തിന്റെ പേരില്‍ വിഗ്രഹങ്ങള്‍ മാറ്റാന്‍ പാടില്ല. ഭൂമി വിഭജിച്ചുനല്‍കുന്ന കാര്യത്തില്‍ മൂന്നുമാസത്തിനകം സര്‍ക്കാര്‍ നടപടിയെടുക്കണം. അതുവരെ തല്‍സ്ഥിതി തുടരണം. ഇക്കാലയളവില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക്‌ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാം. കേസില്‍ ഉള്‍പ്പെട്ട സ്ഥലം ഭഗവാന്‍ ശ്രീരാമന്റെ ജന്മസ്ഥലമാണെന്നും അവിടെ ഹിന്ദുക്കള്‍ക്കാണ്‌ ആരാധനയ്‌ക്ക്‌ അവകാശമെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റുകക്ഷികള്‍ തര്‍ക്കമുന്നയിച്ചിരിക്കുന്ന സ്ഥലം ശ്രീരാമജന്മഭൂമിയെന്ന സങ്കല്‍പ്പത്തില്‍ അനാദികാലം മുതല്‍ ഹിന്ദുക്കള്‍ തീര്‍ത്ഥാടനം നടത്തുകയും ആരാധിക്കുകയും ചെയ്യുന്ന പുണ്യസങ്കേതമാണെന്നത്‌ സ്ഥാപിതമായ കാര്യമാണ്‌. രാമജന്മഭൂമയുടെ എല്ലാ മേഖലകളും പൂര്‍ണമായും ഹിന്ദുക്കള്‍ കൈവശംവച്ച്‌ ആരാധിക്കുന്നതാണ്‌. ഇസ്ലാം മതതത്വങ്ങള്‍ക്ക്‌ വിരുദ്ധമായി നിലവില്‍ വന്ന തര്‍ക്കമന്ദിരം മുസ്ലീം പള്ളിയായി പരിഗണിക്കാന്‍ ഒരുവിധത്തിലും കഴിയില്ലെന്ന്‌ ബെഞ്ച്‌ വ്യക്തമാക്കി.

വിധി സംബന്ധിച്ച്‌ ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടായി. ഒരാള്‍ വിധിയെ എതിര്‍ത്തെങ്കിലും ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ അന്തിമതീരുമാനത്തില്‍ എത്തുകയായിരുന്നു. കോടതിയുടെ പ്രധാന കണ്ടെത്തലുകളും നിഗമനങ്ങളും ഇപ്രകാരമാണ്‌.

അയോദ്ധ്യയിലെ തര്‍ക്കമന്ദിരം നിര്‍മിച്ചത്‌ ബാബര്‍ ചക്രവര്‍ത്തിയോ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമോ ആയിരുന്നു. തകര്‍ത്ത ക്ഷേത്രത്തിന്‌ മുകളിലാണ്‌ മസ്ജിദ്‌ പണിതിരിക്കുന്നത്‌. മസ്ജിദിന്റെ നിര്‍മാണത്തിന്‌ ക്ഷേത്രത്തിന്റെ സാമഗ്രികളും ഉപയോഗിച്ചുട്ടുണ്ട്‌. തകര്‍ന്ന മന്ദിരത്തിന്റെ മധ്യത്തിലെ മകുടത്തിനുതാഴെയാണ്‌ ഭഗവാന്‍ ശ്രീരാമന്റെ യഥാര്‍ത്ഥ ജന്മസ്ഥലമായി ഹിന്ദുക്കള്‍ ആരാധിച്ചുവരുന്നത്‌. 1949നും ദശാബ്ദങ്ങള്‍ക്ക്‌ മുമ്പുതന്നെ ഹിന്ദുക്കള്‍ അവിടെ ആരാധന നടത്തുന്നതാണെന്ന്‌ ജസ്റ്റിസ്‌ എസ്‌.യു.ഖാന്റെ വിധിന്യായത്തില്‍ പറയുന്നു. തര്‍ക്കമന്ദിരം സ്ഥാപിച്ച വര്‍ഷം വ്യക്തമല്ലെങ്കിലും അത്‌ ഇസ്ലാം മതതത്ത്വങ്ങള്‍ക്ക്‌ വിരുദ്ധമായാണ്‌ നിര്‍മിച്ചിരിക്കുന്നത്‌. അതിനാല്‍ ഒരു പള്ളിയുടെ സ്വഭാവം തകര്‍ന്ന മന്ദിരത്തിന്‌ ഉണ്ടായിരുന്നില്ല. പരിപാവനമായ ഈ പ്രദേശം ഹിന്ദുക്കള്‍ക്ക്‌ അവകാശപ്പെട്ടതാണ്‌. ഇവിടെ ഇപ്പോള്‍ ഭഗവാന്‍ ശ്രീരാമന്റെ താത്കാലിക ക്ഷേത്രമുണ്ട്‌. 2010 ജൂലൈയില്‍ വാദം പൂര്‍ത്തിയായ കേസില്‍ ആറായിരത്തിലേറെ സാക്ഷികളെയാണ്‌ വിസ്തരിച്ചത്‌. അയോധ്യയില്‍ പുരാവസ്തുവകുപ്പ്‌ നടത്തിയ ഉല്‍ഖനനത്തിന്റെ ഫലങ്ങളും കോടതി പരിശോധിച്ചു. സുന്നി സെന്‍ട്രല്‍ വഖഫ്‌ ബോര്‍ഡും ഹിന്ദുമഹാസഭയും ആണ്‌ കോടതിയില്‍ ഇരുപക്ഷത്തെയും പ്രതിനിധീകരിച്ചത്‌. 1950-ല്‍ ഗോപാല്‍സിങ്‌ വിശാരദ്‌ എന്ന വ്യക്തിയാണ്‌ തര്‍ക്കമന്ദിരം നിലനിന്ന ശ്രീരാമജന്മഭൂമിയില്‍ പൂജ നടത്താനുള്ള അവകാശത്തിനായി ആദ്യം കോടതിയെ സമീപിച്ചത്‌. ഇതേ ആവശ്യത്തിനായി അക്കൊല്ലം തന്നെ രാമചന്ദ്ര പരമഹംസ്‌ മറ്റൊരു ഹര്‍ജിയും നല്‍കി. ഇതോടെ ആരംഭിച്ച കേസുകളുടെ അന്തിമവിധിയാണ്‌ 2010 സപ്തംബര്‍ 30ന്‌ അലഹബാദ്‌ ഹൈക്കോടതിയില്‍ ഉണ്ടായിരിക്കുന്നത്‌.

റിസീവര്‍ ഭരണത്തിലുള്ള സ്ഥലം വിട്ടുകിട്ടാന്‍ 1959-ല്‍ നിര്‍മോഹി അഖാര കേസ്‌ കൊടുത്തു. 61-ല്‍ സുന്നി ബോര്‍ഡും ഇതേ ആവശ്യത്തിനായി കോടതിയെ സമീപിച്ചു. 1989-ല്‍ വിഎച്ച്പി നേതാവ്‌ ദേവകി നന്ദന്‍ അഗര്‍വാളും സ്ഥലത്തിന്റെ അവകാശമുന്നയിച്ച്‌ കോടതിയിലെത്തി. ഫൈസാബാദ്‌ സിവില്‍കോടതിയില്‍ നല്‍കിയിരുന്ന കേസുകള്‍ 1989-ല്‍ യു.പി.അഡ്വക്കേറ്റ്‌ ജനറലിന്റെ അപേക്ഷ പ്രകാരം അലഹബാദ്‌ ഹൈക്കോടതിയില്‍ എത്തുകയായിരുന്നു.

ഇന്ത്യാചരിത്രത്തിലെ സുപ്രധാന വിധിയാണ്‌ അയോദ്ധ്യാകേസിലുണ്ടായതെന്ന്‌ സ്പഷ്ടം. അയോദ്ധ്യാകേസില്‍ കോടതിവിധി പറഞ്ഞാല്‍ നാടാകെ കത്തിയമരുമെന്ന്‌ പലരും പ്രചരിപ്പിച്ചു. സര്‍ക്കാര്‍ പട്ടാളത്തെ ഒരുക്കിനിര്‍ത്തി. പോലീസിനുള്‍പ്പെടെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വിധി കേട്ടദിവസമോ പിറ്റേന്നോ ഒന്നും സംഭവിച്ചില്ല. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ബോധ്യമാകുന്നത്‌ ജനങ്ങള്‍ അയോദ്ധ്യാകേസിലെ വിധി അംഗീകരിച്ചു എന്നുതന്നെയാണ്‌. അത്‌ നടപ്പാക്കാന്‍ ആരാണ്‍തടസ്സം? കപടമതേതരത്വം നടിക്കുന്ന രാഷ്‌ട്രീയക്കാര്‍, ഭരണക്കാര്‍, സമുദായങ്ങളെ ചേരികളായി നിര്‍ത്തി നേട്ടമുണ്ടാക്കാന്‍ നോക്കുന്നവര്‍. അവരുടെ ഇത്തരം നിലപാടല്ലെ യഥാര്‍ത്ഥത്തില്‍ ഇരട്ടത്താപ്പ്‌?

കെ. കുഞ്ഞിക്കണ്ണന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by