Categories: Samskriti

സന്തോഷം ഒരു പ്രഹേളിക

Published by

ആഹ്ലാദത്തിന്റെയോ ആമോദത്തിന്റെയോ സുഖകരമായ ഒരനുഭവമാണ്‌ സന്തോഷം. നമ്മുടെ ഈ അനുഭവം ആപേക്ഷികമാണ്‌. മനുഷ്യന്‍ വ്യത്യസ്തമായ മൂല്യങ്ങളില്‍ നിന്നാണ്‌ സന്തോഷിക്കുന്നത്‌. സമ്പന്നത ആഗ്രഹിക്കുന്നവന്‌ ധനം നേടുമ്പോള്‍ സന്തോഷം അനുഭവപ്പെടുന്നു. എന്നാലിത്‌ താല്‍ക്കാലികമാണെന്ന്‌ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. സന്തോഷകരമായ അവസ്ഥ വസ്തുവില്‍ നിന്നോ വ്യക്തിയില്‍ നിന്നോ നേടാന്‍ നാം ആഗ്രഹിക്കുന്നു. ലൗകികജീവിതസുഖത്തില്‍ നിന്ന്‌ വ്യത്യസ്തമാണ്‌ അലൗകിക സുഖമെന്നും നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ട്‌. മരണത്തിന്‌ മുന്‍പ്‌ ജീവിതത്തില്‍ സുഖമായിരിക്കേണ്ടതിനെക്കുറിച്ചാണ്‌ നമുക്ക്‌ ചിന്തിക്കാനുള്ളത്‌. സന്തോഷത്തിന്‌ മറുവാക്കുകളായി ആനന്ദം, സുഖം, രസം, ശാന്തി, അനുഗ്രഹം, ആഹ്ലാദം, സാവധാനം എന്നിങ്ങനെ നിരത്താം.

ശ്രീരാമകൃഷ്ണ പരമഹംസര്‍ ആനന്ദത്തിന്റെ മൂന്നുരീതിയെക്കുറിച്ച്‌ പറയുന്നുണ്ട്‌. ലൗകീകസന്തോഷം, ആരാധനാസന്തുഷ്ടി, ബ്രഹ്മാനന്ദം ഇതില്‍ ഏറ്റവും സന്തുഷ്ടന്‍ ബ്രഹ്മമാണ്‌. എല്ലാം അറിയുന്നവന്‍. ഓരോ വ്യക്തിയും തന്റേതായ സന്തോഷം നേടേണ്ടിയിരിക്കുന്നു. ഈ സിദ്ധാന്തം പ്രാപഞ്ചികമാണ്‌. പഞ്ചഭൂതാധിഷ്ഠിതമായ ഈ കാഴ്ചപ്പാടിന്‌ ഭൗതികവാദമാണ്‌ അടിത്തറ. ശാരീരികസുഖമാണിതിന്റെ അടിത്തറ. തിന്നും കുടിച്ചും സന്തോഷിക്കുക. എന്നാല്‍ ഇതിന്റെ പരമോന്നത അവസ്ഥ മനസ്സിന്റെ സുഖമാണെന്ന്‌ കണക്കാക്കപ്പെടുന്നു. അറിവ്‌, കല, ശാസ്ത്രം, എന്നിവയിലൂടെ ആ അവസ്ഥ സ്വായത്തമാക്കാനാകും. വര്‍ധിതമായ സന്തോഷം ഉണ്ടാകുന്നത്‌ ആത്മീയവ്യക്തിത്വത്തിലേക്ക്‌ കടന്നുകൂടുമ്പോഴാണ്‌. അഹം എന്നതിലധിഷ്ഠിതമായിരിക്കും വ്യക്തിയുടെ സന്തോഷം.

ലോകമേ തറവാടെന്ന്‌ കണക്കാക്കുമ്പോള്‍ സന്തോഷം വ്യക്ത്യധിഷ്ടിതമല്ല. അതിന്‌ സാമൂഹിക പരിവേഷമാണുള്ളത്‌. വ്യക്തി അധിഷ്ടിതമാകുമ്പോള്‍ വ്യത്യസ്ത തലമാണിതിനുള്ളത്‌. താനേ വലുത്‌ എന്ന ഭാവമാണിവിടെ. അപ്പോള്‍ തന്റെ സുഖം എന്ന ഭാവതലത്തിനാണ്‌ പ്രധാന്യം. സ്വന്തമായ ആനന്ദത്തിന്റെ ഉന്നതി ഇവിടെ ലഭ്യം. സ്വയം സംതൃപ്തിയിലൂടെ പ്രവര്‍ത്തിക്കുന്നവന്‌ സ്വന്തമായ സന്തോഷമാണുണ്ടാകുക. മനസ്സ്‌ ശുദ്ധമാകുമ്പോള്‍ അത്‌ വ്യക്തിയുടെ ഉള്ളില്‍ പ്രഭാവം ഉണ്ടാക്കും. അതിന്‌ തിളക്കമുണ്ടാകും. ഇത്തരം ആന്തരിക അനുഭൂതി അഹത്തിലധിഷ്ഠിതമാണ്‌. ഇതിനെ ആനന്ദമയകോശ സന്തോഷം എന്നുപറയാം. ഇത്‌ ഒരാള്‍ക്ക്‌ മറ്റൊരാളില്‍ നിന്ന്‌ വ്യതിരിക്തമായിരിക്കും. വ്യക്തിഅധിഷ്ഠിതമായ ആത്മീയശരീരം, ബോധം, മനസ്സ്‌ എന്നിവയ്‌ക്കുപരിയായി വര്‍ത്തിക്കുമ്പോള്‍ അത്‌ സത്ചിതാനന്ദമാകുന്നു. സന്തോഷത്തിന്റെ ഉയര്‍ന്നതലം അനുഭൂതമാകുന്നത്‌ ആത്മീയതലത്തിലൂടെയാണ്‌. മനസ്സിന്റെ ഉന്നതതലത്തിലാണ്‌ സംഭവിക്കുന്നത്‌. ആത്മസംതൃപ്തി സ്വസുഖത്തിന്റെ ഉന്നത അവസ്ഥയാണ്‌. സത്‌ പ്രവര്‍ത്തനത്തിന്റെ ഫലമായി ലഭിക്കുന്ന സുഖം ആന്തരികമാണ്‌. മനസ്സ്‌ ശുദ്ധമാകുമ്പോള്‍ അത്‌ ഉള്ളില്‍ തട്ടുകയും പ്രതിഫലിക്കുകയും ചെയ്യും.

എല്ലാമതങ്ങളും സന്തോഷം വാഗ്ദാനം ചെയ്യുന്നു. വേദാന്തം ഉപനിഷത്‌വ്യാഖ്യാനം ഉപോത്ബലകമാകുന്നു. ആത്മസുഖമാണ്‌ യഥാര്‍ത്ഥ സന്തോഷമെന്ന്‌ ഭഗവത്ഗീത സാക്ഷ്യപ്പെടുത്തുന്നു. വീരോന്നതിയിലൂടെ യോഗികള്‍ അതുനേടുന്നു. പേടിയോ ഭയമോ അവര്‍ക്കില്ല. ബാഹ്യ പ്രപഞ്ചാനുഭൂതിയില്‍ ഭ്രമമില്ല. സുഖവും സന്തോഷവും സമാധാനവുമാണ്‌ അവര്‍ക്കുള്ളത്‌. ബ്രഹ്മാനുഭൂതിയിലാണ്‌ ഈ അവസ്ഥ ഉണ്ടാകുന്നത്‌. നമുക്ക്‌ സുഖകരമായ ഒരവസ്ഥ തോന്നുന്നത്‌ ഇതിന്റെ ഒരുണര്‍വില്‍ നിന്നാണ്‌. അത്‌ താല്‍ക്കാലികം ആണെങ്കില്‍പോലും ഓരോരുത്തര്‍ക്കും അത്‌ അവരുടെ അനുഭൂതിതലത്തിലാണ്‌ ബോദ്ധ്യപ്പെടുന്നത്‌. ഭൗതികവും ആത്മീയവുമായ സുഖത്തിനുപരിയായി വര്‍ത്തിക്കുമ്പോഴാണ്‌ ആനന്ദത്തിന്റെ ഉന്നതതലത്തിലെത്തുന്നത്‌. അവിടെ താനിത്‌ അനുഭവിക്കുന്നു എന്ന ഭാവം പോലും ഇല്ല. ആനന്ദത്തെ മറയ്‌ക്കുന്നതിന്‌ മൂന്നുകാരണങ്ങളുണ്ട്‌. അറിവില്ലായ്മ, അജ്ഞത, അഹങ്കാരം എന്നിങ്ങനെ മൂന്നുവിധ തടസങ്ങള്‍ സന്തോഷപ്രാപ്തിക്ക്‌ വിഘ്നമാകുന്നു. ഒന്നാമത്തെ തടസ്സം മാറ്റാന്‍ സത്യത്തെ അറിയാനുള്ള മാര്‍ഗ്ഗം തേടണം. രണ്ടാമത്തേത്‌ അറിവുനേടലാണ്‌. അതിലൂടെ ആത്മബോധവും സ്വയം വിലയിരുത്തലും നടക്കും. താനാരാണെന്ന അറിവ്‌ ഉണ്ടാകുന്നു. മൂന്നാമത്തെ തടസ്സം മാറാന്‍ ആത്മീയത നേടണം. അപ്പോള്‍ അറിവിനും ഉപരിയാകും. ആത്മീയ അനുഭവം മായമാറ്റി ബോധം തരും. സന്തോഷത്തിന്റെ യഥാര്‍ത്ഥതലം അവിടെയാണ്‌. ഓരോരുത്തരിലും ഇതുണ്ട്‌. അതിനെ സാക്ഷാത്കരിക്കുവാനുള്ള യത്നം വേണം.

നമ്മുടെ സ്നേഹം സ്വന്തബന്ധങ്ങളില്‍ അര്‍പ്പിക്കുന്നു. അവരോട്‌ അത്‌ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ ഒരുതരത്തിലുള്ള സന്തുഷ്ടിലഭ്യമാകുന്നു. ഇത്‌ ശുദ്ധീകരിക്കുമ്പോള്‍ ലഭ്യമാകുന്നത്‌ ആത്മീയാനുഭൂതിയാണ്‌. ശാരീരിക സംബന്ധമാണ്‌ സന്തോഷം എന്നു കരുതുന്ന പാശ്ചാത്യര്‍ക്ക്‌ സന്തോഷത്തെക്കുറിച്ച്‌ വികലധാരണയാണുള്ളത്‌. ശാരീരിക ബന്ധത്തിലൂടെ സംതൃപ്തി നേടലാണ്‌ സന്തോഷവും സുഖവും എന്ന്‌ അവര്‍ കരുതുന്നു. അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം അത്തരത്തിലുള്ളതായിരിക്കും. അപ്പോള്‍ മത്സരം, ഏറ്റുമുട്ടല്‍, അക്രമം, അതിക്രമം, കൊള്ള, കൊല, തീവ്രവാദം തുടങ്ങിയവ ഉണ്ടാകുന്നു.
ബാഹ്യസുഖോപകരണങ്ങളില്‍ മാത്രം സന്തോഷം കണ്ടെത്തുന്നവര്‍ക്ക്‌ ഇതേ സാധൂകരിക്കാനാവൂ. അതിനപ്പുറം പോകണമെങ്കില്‍ ശരിയായ മാര്‍ഗ്ഗദര്‍ശിത്വം വേണം. അതിന്റെ അഭാവം ലോകത്തെ കീഴ്മേല്‍ മറിക്കുന്നു. അറിഞ്ഞോ അറിയാതെയോ നമ്മില്‍ ആനന്ദത്തിന്റെ ഭാവതലം ഉണ്ട്‌. അതിന്റെ യഥാര്‍ത്ഥതലത്തില്‍ എത്തിക്കുന്നതാണ്‌ ഭാരതീയ സിദ്ധാന്തം. ഭൗതികവാദം താല്‍ക്കാലിക സുഖപ്രദവും ഭാവിദുഃഖപ്രദവുമാണെന്ന്‌ തെളിയിക്കുന്നു. ഇതിനെ മാറ്റിയെടുക്കാന്‍ സാത്വികമായ നിലപാടാണ്‌ വേണ്ടത്‌. രാഷ്‌ട്രീയ, സാമൂഹ്യ, സാമ്പത്തിക അച്ചടക്കം ഉണ്ടാകുന്നതങ്ങനെയാണ്‌. സാമൂഹ്യപുരോഗതിക്ക നിവാര്യമാണ്‌

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by