Categories: Vicharam

നൂറ്റാണ്ട്‌ പിന്നിട്ട വിവേകാനന്ദ സന്ദേശം

Published by

വിവേകാനന്ദസ്വാമികളുടെ 150-ാ‍ം ജന്മവാര്‍ഷികം ആഘോഷിക്കുവാന്‍ ലോകമെമ്പാടും തയ്യാറെടുത്തുകൊണ്ടിരിക്കുകയാണല്ലോ. അനന്തപുരിയില്‍ വിവേകാനന്ദ സന്ദേശ പ്രചാരണം സമാരംഭിച്ചിട്ട്‌ ഒരു നൂറ്റാണ്ട്‌ കഴിയുന്നതിന്റെ സ്മരണ പുതുക്കുകയാണ്‌ സെപ്തംബര്‍ 30ന്‌. ശ്രീരാമകൃഷ്ണ-വിവേകാനന്ദ സന്ദേശ പ്രചരണവുമായി ശ്രീമദ്‌ നിര്‍മ്മലാനന്ദ സ്വാമികള്‍ അനന്തപുരിയില്‍ ആദ്യമായെത്തുന്നത്‌ 1911 സെപ്തംബറിലാണ്‌. നിര്‍മ്മലാനന്ദസ്വാമികളുടെ കേരളാഗമനത്തോടെയാണ്‌ കേരളത്തില്‍ ശ്രീരാമകൃഷ്ണ പ്രസ്ഥാനം ശക്തമാകുന്നത്‌. തിരുവനന്തപുരത്തെ നെട്ടയം ശ്രീരാമകൃഷ്ണാശ്രമം അടക്കം 17 ആശ്രമങ്ങള്‍ കേരളത്തില്‍ സ്ഥാപിച്ച്‌ 32 പേര്‍ക്ക്‌ സന്ന്യാസദീക്ഷ നല്‍കിയ നിര്‍മ്മലാനന്ദസ്വാമികളെ മഹാകവി കുമാരനാശാന്‍ ‘യതി ശാര്‍ദ്ദൂലന്‍’ എന്നാണ്‌ വിശേഷിപ്പിച്ചത്‌.

നിര്‍മ്മലാനന്ദസ്വാമികളെ ആദ്യമായി കേരളത്തിലേക്ക്‌ ക്ഷണിച്ചുകൊണ്ടുവന്നത്‌ പത്മനാഭന്‍ തമ്പിയാണ്‌. തിരുവിതാംകൂറിലെ പ്രഥമ ദിവാനായിരുന്ന രാജാകേശവദാസന്റെ വംശജനായിരുന്ന പത്മനാഭന്‍ തമ്പിയുടെ ക്ഷണ പ്രകാരമാണ്‌ അക്കാലത്ത്‌ ബാംഗ്ലൂര്‍ ശ്രീരാമകൃഷ്ണാശ്രമത്തിന്റെ അധ്യക്ഷനായിരുന്ന നിര്‍മ്മലാനന്ദസ്വാമികള്‍ 1911 ഫെബ്രുവരി 17ന്‌ ആദ്യമായി ഹരിപ്പാട്ടെത്തുന്നത്‌. അതേ വര്‍ഷം സെപ്റ്റംബറില്‍ സ്വാമികളെ തിരുവനന്തപുരത്തെ വേദാന്തസംഘം ക്ഷണിച്ചുകൊണ്ടുവന്നു. സ്വാമികളുടെ കുറച്ചു ദിവസത്തെ താമസവും പ്രഭാഷണങ്ങളും ഇവിടത്തെ ആധ്യാത്മിക തല്‍പരരെ ശ്രീരാമകൃഷ്ണ – വിവേകാനന്ദ സന്ദേശത്തിലേക്ക്‌ ആകര്‍ഷിച്ചു. തിരുവനന്തപുരത്തു നിന്നു തിരിച്ചുപോകുന്ന വഴിയില്‍ ശിവഗിരി സന്ദര്‍ശിക്കുകയുണ്ടായി സ്വാമികള്‍. ആ സമയത്ത്‌ ശ്രീനാരായണഗുരുദേവന്‍ സിലോണില്‍ പോയിരിക്കുകയായിരുന്നു. മഹാകവി കുമാരനാശാന്റെ നേതൃത്വത്തില്‍ നിര്‍മ്മലാനന്ദസ്വാമികളെ ശിവഗിരിയിലേക്ക്‌ സ്വീകരിച്ചെതിരേറ്റു. തുടര്‍ന്ന്‌ സംസ്കൃതത്തില്‍ രചിച്ച ഒരു മംഗളശ്ലോകം ആശാന്‍ സ്വാമികള്‍ക്ക്‌ സമര്‍പ്പിച്ചു. ആ മംഗള ശ്ലോകത്തിലാണ്‌ നിര്‍മ്മലാനന്ദസ്വാമികളെ മഹാകവി യതി ശാര്‍ദ്ദൂലന്‍ – അതായത്‌ സന്ന്യാസിമാരിലെ കടുവ – എന്ന്‌ വിശേഷിപ്പിച്ചത്‌. ആ അവസരത്തിലാണ്‌ വിവേകാനന്ദസ്വാമികളുടെ രാജയോഗം മലയാളത്തില്‍ തര്‍ജ്ജമ ചെയ്യുന്നതിന്‌ സ്വാമികളില്‍ നിന്നും മഹാകവി അനുവാദം നേടിയത്‌.

നിര്‍മ്മലാനന്ദസ്വാമികളുടെ ശിവഗിരി സന്ദര്‍ശനം 1087 തുലാം 8നായിരുന്നു. ആ സന്ദര്‍ശനത്തിന്റെ ശതാബ്ദി 2011 ഒക്ടോബര്‍ 25നാണ്‌. അന്നേദിവസം ശ്രീനാരായണ ഗുരുദേവന്റെ പ്രഥമ പ്രതിഷ്ഠ നടന്ന അരുവിപ്പുറത്തുനിന്നും ശിവഗിരിയിലേക്ക്‌ ശ്രീരാമകൃഷ്ണ ഭക്തന്മാര്‍ ഒരു തീര്‍ത്ഥയാത്ര നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്‌. അതിനു പിന്നിലും ചരിത്രപരമായ പ്രാധാന്യമുണ്ട്‌.

നിര്‍മ്മലാനന്ദസ്വാമികളെ കേരളത്തിലേക്ക്‌ ആദ്യമായി ക്ഷണിച്ചുകൊണ്ടുവന്ന പത്മനാഭന്‍ തമ്പി നെയ്യാറ്റിന്‍കര തഹസീല്‍ദാരായിരിക്കുമ്പോഴാണ്‌ 1888ല്‍ അരുവിപ്പുറം പ്രതിഷ്ഠ നടക്കുന്നത്‌. ഉല്‍പതിഷ്ണുവായിരുന്ന തമ്പിയുടെ സമയോചിതമായ നടപടികള്‍മൂലമാണ്‌ അന്ന്‌ യാഥാസ്ഥിതികരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടിയിരുന്ന എതിര്‍പ്പിന്റെ കാഠിന്യം കുറഞ്ഞത്‌. ഈ പത്മനാഭന്‍ തമ്പിയാണ്‌ നിര്‍മ്മലാനന്ദസ്വാമികളുടെ ശിവഗിരി സന്ദര്‍ശനത്തിനും നിമിത്തമായത്‌. പത്മനാഭന്‍ തമ്പി പിന്നീട്‌ നിര്‍മ്മലാനന്ദ സ്വാമികളില്‍ നിന്നും ‘പരാനന്ദ’ എന്നപേരില്‍ സന്ന്യാസദീക്ഷ സ്വീകരിച്ച്‌ നെട്ടയം ശ്രീകൃഷ്ണാശ്രമത്തില്‍ കഴിഞ്ഞുവരവെ സമാധിയായി. പരാനന്ദസ്വാമികളുടെ സമാധിയുടെ സപ്തതി ആഘോഷിക്കുന്ന ഈ സെപ്റ്റംബറില്‍ തന്നെ അദ്ദേഹത്തിന്റെ സന്ന്യാസദീക്ഷാഗുരു നിര്‍മ്മലാനന്ദസ്വാമികളുടെ അനന്തപുരി ആഗമനത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നുവെന്നതും അതിനുപരി സെപ്റ്റംബര്‍ 30ന്‌ വൈകിട്ട്‌ 5 മണിക്ക്‌ തിരുവനന്തപുരം തീര്‍ത്ഥപാദമണ്ഡപത്തില്‍ വച്ച്‌ നടക്കുന്ന ആഘോഷത്തില്‍ അധ്യക്ഷത വഹിക്കുന്നത്‌ പത്മനാഭന്‍ തമ്പിയുടെ ചെറുമകനും മുന്‍ കേന്ദ്രമന്ത്രിയുമായ എസ്‌. കൃഷ്ണകുമാറാണെന്നതും നിയതിയുടെ നിയോഗം തന്നെയാണ്‌. പരാനന്ദസ്വാമികളെ കൂടാതെ കേരള വിവേകാനന്ദനായി അറിയപ്പെട്ടിരുന്ന ആഗമാനന്ദസ്വാമികള്‍, ഹിമവദ്‌ വിഭൂതിയായി അറിയപ്പെട്ടിരുന്ന പുരുഷോത്തമാനന്ദപുരി സ്വാമികള്‍ തുടങ്ങിയ നിരവധി സുപ്രസിദ്ധരായ സന്ന്യാസിമാരുടെ ഗുരുവായിരുന്നു നിര്‍മ്മലാനന്ദസ്വാമികള്‍. ജന്മംകൊണ്ട്‌ ബംഗാളിയായിരുന്ന തുളസി മഹാരാജ്‌ കര്‍മ്മംകൊണ്ട്‌ കേരളീയനായ നിര്‍മ്മലാനന്ദസ്വാമികളായി തീര്‍ന്നു. 1938 ഏപ്രില്‍ 26ന്‌ നിളാ നദിയുടെ തീരത്ത്‌ മഹാസമാധിയാകുന്നതുവരെ നിര്‍മ്മലാനന്ദസ്വാമികള്‍ പ്രവര്‍ത്തിച്ച 27 വര്‍ഷക്കാലം കേരളത്തിലെ ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിന്റെ സുവര്‍ണ്ണ കാലമായിരുന്നു. വിവേകാനന്ദസ്വാമികള്‍ ‘ഭ്രാന്താലയമായി’ അധിക്ഷേപിക്കപ്പെട്ട കേരളം തീര്‍ത്ഥാടനകേന്ദ്രമായി തീര്‍ന്നിട്ടുണ്ടെങ്കില്‍ അതിന്‌ പിന്നില്‍ നിര്‍മ്മലാനന്ദ സ്വാമികളുടെ നിശ്ശബ്ദവും നിസ്വാര്‍ത്ഥവുമായ പ്രവര്‍ത്തനങ്ങളുണ്ട്‌.

എന്നാല്‍ നിര്‍ഭാഗ്യകരമെന്ന്‌ പറയട്ടെ, കേരള നവോത്ഥാന ചരിത്രത്തില്‍ നിര്‍മ്മലാനന്ദസ്വാമികള്‍ തിരസ്കരിക്കപ്പെട്ടു. നിര്‍മ്മലാനന്ദസ്വാമികളും രാമകൃഷ്ണമഠങ്ങളുടെ മാതൃസ്ഥാപനവുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ്‌ അതിന്‌ പ്രധാന കാരണം. 1940കള്‍ക്കുശേഷം കേരളത്തിലെ ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിന്റെ വളര്‍ച്ച മന്ദീഭവിച്ചുവെന്നതായിരുന്നു അതിന്റെ പരിണിതഫലം. അതോടൊപ്പം കേരളത്തിന്റെ നവോത്ഥാന നായകന്മാരിലൊരാളായ നിര്‍മ്മലാനന്ദസ്വാമികള്‍ നമ്മുടെ നാട്ടില്‍ വിസ്മൃതനായി. വിവേകാനന്ദസ്വാമികളുടെ സഹോദരസന്ന്യാസിയുടെ അന്ത്യവിശ്രമസ്ഥലം കേരളത്തിലാണെന്ന്‌ എത്രപേര്‍ക്കറിയാം ? വള്ളുവനാടിന്റെ സാംസ്കാരിക കേന്ദ്രമായി അറിയപ്പെടുന്ന ഒറ്റപ്പാലത്തിനടുത്ത്‌ പാലപ്പുറത്താണ്‌ നിര്‍മ്മലാനന്ദസ്വാമികളുടെ മഹാസമാധി കുടികൊള്ളുന്നത്‌. ഇപ്പോള്‍ കാടും പടലും പിടിച്ചുകിടക്കുന്ന ഇവിടം ഗതകാല പ്രതാപങ്ങളുടെ സ്മാരകമാണ്‌. അതുപോലെ 1916ല്‍ ശ്രീരാമകൃഷ്ണമഠത്തിന്റെ പ്രഥമാധ്യക്ഷനായിരുന്ന ബ്രഹ്മാനന്ദസ്വാമികളാല്‍ ശിലാസ്ഥാപനം നിര്‍വ്വഹിച്ച നെട്ടയം ശ്രീരാമകൃഷ്ണാശ്രം 1924ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്‌ നിര്‍മ്മലാനന്ദസ്വാമികളുടെ കഠിനാദ്ധ്വാനം മൂലമാണ്‌. സ്വാമികളുടെ സമാധിക്കുശേഷം അദ്ദേഹം സ്ഥാപിച്ച്‌ പല ആശ്രമങ്ങളും അന്യാധീനപ്പെട്ടുപോയെങ്കിലും നെട്ടയം ശ്രീരാമകൃഷ്ണാശ്രമം അനന്തപുരിയുടെ ആത്മീയ പ്രഭാകേന്ദ്രമായി ഇന്നും നിലനില്‍ക്കുന്നു. ഇവിടെ ശ്രീരാമകൃഷ്ണദേവനോടൊപ്പം ദീര്‍ഘകാലം നിര്‍മ്മലാനന്ദസ്വാമികളുടെ ഛായാചിത്രവും വച്ചാരാധിച്ചിരുന്നു. സ്വാമികളുടെ ഛായാചിത്രം അവിടെ നിന്നും എടുത്ത്‌ മാറ്റിയത്‌ അനന്തപുരിയിലെ നിര്‍മ്മലാനന്ദശിഷ്യന്മാരെ അത്യന്തം വേദനിപ്പിച്ച സംഭവമായിരുന്നു. വേദനാജനകമായ ആ സംഭവത്തിന്‌ ശേഷം അനന്തപുരിയിലെ നിര്‍മ്മലാനന്ദസ്വാമികളുടെ ശിഷ്യരും അരാധകരും ആദ്യമായി ഒരുമിച്ചുചേരുകയാണ്‌; അദ്ദേഹത്തിന്റെ അനന്തപുരിയിലേക്കുള്ള പ്രഥമ ആഗമനം ആഘോഷിക്കാന്‍.

വിവേകാനന്ദ സന്ദേശ വാഹകനായി ബംഗാളില്‍ നിന്നും കേരളത്തിലെത്തിയ നിര്‍മ്മലാനന്ദസ്വാമികളുടെ സ്മരണ നിലനിര്‍ത്തേണ്ടത്‌ നവോത്ഥാന കേരളത്തിന്റെ അനിവാര്യതയാണ്‌. ആര്‍ഷ സംസ്കാരം ലോകത്തിന്‌ നല്‍കിയ സംഭാവനകളില്‍ ശ്രേഷ്ഠമായ ഒന്നാണ്‌ സന്യാസം എന്ന ആദര്‍ശം. വിവേകാനന്ദ-നിര്‍മ്മലാനന്ദ സ്വാമിമാരുടെ ജീവിതത്തിലൂടെ ഒരു തീര്‍ത്ഥയാത്ര നടത്തുമ്പോഴാണ്‌ നമുക്കത്‌ ബോധ്യമാവുക.

രാജീവ്‌ ഇരിങ്ങാലക്കുട

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by