Categories: Kottayam

കൊലപാതകത്തിനുശേഷം മുങ്ങിയപ്രതി 21 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

Published by

പൊന്‍കുന്നം: ആശുപത്രി ജീവനക്കാരനെ കൊലപ്പെടുത്തിയ ശേഷം നാടുവിട്ട പ്രതി 21 വര്‍ഷങ്ങള്‍ക്കുശേഷം പോലീസ്‌ പിടിയിലായി. പൊന്‍കുന്നം അട്ടിക്കല്‍ വേലിയ്‌ക്കകത്ത്‌ വി.കെ.സാംബശിവന്‍(അപ്പുക്കുട്ടന്‍-55) ആണ്‌ തിരുവമ്പാടി പോലീസിണ്റ്റെ പിടിയിലായത്‌. കെവിഎംഎസ്‌ ആശുപത്രിയിലെ അറ്റന്‍ഡറായിരുന്ന ചിറക്കടവ്‌ വയലില്‍ താഴത്ത്‌ വിശ്വനാഥന്‍പിള്ളയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാള്‍. 1990 ജൂണ്‍ 22നായിരുന്നു കൊലപാതകം. തിരുവമ്പാടി പോലീസ്‌ മറ്റൊരു കേസന്വേഷിക്കുന്നതിനിടെ മംഗലാപുരത്ത്‌ വച്ചാണിയാള്‍ പിടിയിലാകുന്നത്‌. കൊലപാതകത്തിനുശേഷം പൊന്‍കുന്നത്തുനിന്നും മുങ്ങിയ സാംബശിവന്‍ തിരുവമ്പാടിയിലെത്തി മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. 2004ല്‍ ഇവരുടെ അമ്മയെ തലക്കടിച്ച്‌ പരിക്കേല്‍പിച്ച കേസില്‍ മുങ്ങിനടക്കുകയായിരുന്നു. ഈ അന്വേഷണത്തിനിടെയാണ്‌ ഇയാള്‍ പോലീസ്‌ പിടിയിലാകുന്നത്‌. മംഗലാപുരം പല്‍ത്തങ്ങാടി ഉജ്‌റയില്‍ നിന്നുമാണിയാള്‍ പോലീസ്‌ പിടിയിലാവുന്നത്‌. പൊന്‍കുന്നത്ത്‌ സ്വകാര്യ ആശുപത്രിയില്‍ നേഴ്സായിരുന്ന ഭാര്യയുമായി വിശ്വനാഥപിള്ളക്ക്‌ അടുപ്പമുണ്ടെന്ന തെറ്റിദ്ധാരണയിലാണ്‌ സാംബശിവന്‍ ഇദ്ദേഹത്തെ ചുറ്റികകൊണ്ട്‌ തലക്കടിച്ചത്‌. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിശ്വനാഥപിള്ള ആഗസ്റ്റ്‌ 7ന്‌ മരണമടഞ്ഞു. പിന്നീട്‌ അന്വേഷണം നടത്തിയെങ്കിലും പ്രതിയെക്കുറിച്ച്‌ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. അടുത്തയിടെ പൊന്‍കുന്നം പോലീസ്‌ മറ്റ്‌ പിടികിട്ടാപ്പുള്ളികളുടെ ചിത്രങ്ങള്‍ക്കൊപ്പം ഇയാളുടെ ചിത്രവും എല്ലാ പോലീസ്‌ സ്റ്റേഷനുകളിലേക്കും ഇമെയില്‍ ചെയ്തിരുന്നു. ഇത്‌ പ്രതിയെ കുടുക്കുന്നതിന്‌ തിരുവമ്പാടി പോലീസിന്‌ സഹായകമായി. പിടിയിലായ പ്രതിയെ കോഴിക്കോട്‌ ജില്ലാ ജയിലില്‍ റിമാണ്റ്റ്‌ ചെയ്തു. തുടര്‍നടപടികള്‍ക്കായി പ്രതിയെ വിട്ടുകിട്ടുന്നതിന്‌ പൊന്‍കുന്നം പോലീസ്‌ കോടതിയില്‍ അപേക്ഷ നല്‍കി. തിരുവമ്പാടി എസ്‌ഐ വി.വി.ജോസഫിണ്റ്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ സംബശിവനെ പിടികൂടിയത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by