Categories: Vicharam

മഹാദൗത്യത്തിന്റെ തുടര്‍ച്ച

Published by

കൃത്യമായി പറഞ്ഞാല്‍ 1893 സപ്തംബര്‍ 11 മുതല്‍ 27 വരെ ഷിക്കാഗോയില്‍ നടന്ന മതമഹാസമ്മേളനത്തിലാണ്‌, ആദ്യമായി ഭാരതീയ ആധ്യാത്മികതയെ ആധികാരികമായി പുറംലോകത്തിന്‌ പരിചയപ്പെടുത്തിയത്‌. ഈ സമ്മേളനത്തില്‍ ഭാരതത്തിന്റെ പ്രതിനിധിയായി പങ്കെടുത്ത സ്വാമി വിവേകാനന്ദന്‍ ‘ഒരു ചുഴലിക്കൊടുങ്കാറ്റായി ആഞ്ഞടിച്ച്‌’, ഭാരതത്തെക്കുറിച്ചുണ്ടായിരുന്ന ആജ്ഞതയുടെയും അന്ധവിശ്വാസത്തിന്റെയും ദുര്‍ഗന്ധത്തെയകറ്റി, പകരം വിശ്വാസത്തിന്റെയും ആദരവിന്റെയും സുഗന്ധം പരത്തിയിട്ടാണ്‌ വിജയശ്രീലാളിതനായി തിരിച്ചുവന്നത്‌. യൂറോപ്പിലും അമേരിക്കയിലും അന്ന്‌ സ്വാമിജി വിതച്ച ആധ്യാത്മികതയുടെ വിത്തുകള്‍ മുളപൊട്ടി ചെറുചെടികളായി പിന്നീട്‌ വളര്‍ന്നപ്പോള്‍, സ്വാമി അഭേദാനന്ദ, സ്വാമി രംഗനാഥാനന്ദ, സ്വാമി ചിന്മയാനന്ദ, ഗുരു നിത്യചൈതന്യയതി തുടങ്ങിയ അനേകം ആധ്യാത്മിക ഗുരുക്കന്മാര്‍ അവയ്‌ക്ക്‌ വെള്ളവും വളവും നല്‍കി പരിപോഷിപ്പിച്ചുപോന്നു. ഈ പരിപോഷണത്തിന്റെ തുടര്‍ച്ച ഇന്ന്‌ മാതാ അമൃതാനന്ദമയിദേവിയിലെത്തിനില്‍ക്കുന്നു.

ആലപ്പാട്ട്‌ പഞ്ചായത്തിനെ ‘അമൃതപുരി’യാക്കിയതിലൂടെ, പുരോഗതിക്ക്‌ ആധ്യാത്മികത ഒട്ടും തടസമല്ലെന്ന്‌ അമ്മ ലോകത്തിന്‌ ബോധ്യപ്പെടുത്തിക്കൊടുത്തു. ഈ ബോധവല്‍ക്കരണമാണ്‌ അധോഗതിയിലേക്ക്‌ അറിയാതെ വീണുപോകുന്ന പരിഷ്കൃത(?) ലോകത്തിനാവശ്യമെന്ന്‌ വിദേശികള്‍ക്ക്‌ മനസ്സിലായപ്പോള്‍, ഈ സത്യം പറഞ്ഞുകൊടുക്കുവാന്‍ അവര്‍ അമ്മയെ തങ്ങളുടെ രാജ്യങ്ങളിലേക്ക്‌ ക്ഷണിച്ചു. ആധ്യാത്മികതയും ഭൗതികതയും ജീവിതനാണയത്തിന്റെ ഇരുവശങ്ങളാണെന്നും ഇവരണ്ടും സന്തുലിതമാണെങ്കില്‍ മാത്രമേ കാലമെന്ന പാതയിലൂടെ ജീവിതചക്രം ഉരുണ്ട്‌ മുന്നോട്ടുപോവുകയുള്ളൂവെന്നും സരളമായ ഭാഷയില്‍ അമ്മ ലോകത്തെ പഠിപ്പിക്കുന്നു. അമ്മയുടെ മലയാളം സത്യത്താല്‍ പ്രചോദിതവും സ്നേഹത്താല്‍ പ്രശോഭനവുമായതിനാല്‍ അത്‌ ലോകത്തിലുള്ള എല്ലാവര്‍ക്കും മനസ്സിലാക്കുന്നു. അതിനാല്‍ വീണ്ടും വീണ്ടും അമ്മയെ വിദേശീയര്‍ ക്ഷണിക്കുന്നു. അങ്ങനെ 25 വര്‍ഷങ്ങളായി അമ്മ ഭാരതീയാധ്യാത്മികതയുടെ സുഗന്ധവും പേറി ഭൗതികനേട്ടങ്ങളുടെ നഷ്ടക്കച്ചവടത്തില്‍പ്പെട്ടുഴലുന്ന അനേകലക്ഷം വിദേശീയര്‍ക്ക്‌ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സാന്ത്വനത്തിന്റെയും കുളിര്‍ക്കാറ്റായി കടല്‍ കടന്നെത്തുന്നു.

കഴിഞ്ഞ കാല്‍നൂറ്റാണ്ടിനുള്ളില്‍ ദശലക്ഷക്കണക്കിനാള്‍ക്കാര്‍ക്ക്‌ ദര്‍ശനം നല്‍കിയെന്നത്‌ മാത്രമല്ല, അനേകം അന്താരാഷ്‌ട്ര സമ്മേളനങ്ങളില്‍ അമ്മ പ്രഭാഷണം നടത്തുകയും ചെയ്തിട്ടുണ്ട്‌. ഒരുപക്ഷേ ഇന്ത്യയിലെ ഒരു രാഷ്‌ട്രീയ നേതാവും, ഒരു ശാസ്ത്രജ്ഞനും ഒരുന്നത ഉദ്യോഗസ്ഥനും ഇത്രയേറെ വൈവിധ്യമാര്‍ന്നതും പ്രാധാന്യമര്‍ഹിക്കുന്നതുമായ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ടായിരിക്കുകയില്ല. 1993 ല്‍ ഷിക്കാഗോയില്‍ വച്ച്‌ നടന്ന ലോകമതമഹാസമ്മേളനം, 1995 ല്‍ ന്യൂയോര്‍ക്കില്‍ വച്ച്‌ നടന്ന ഐക്യരാഷ്‌ട്രസഭയുടെ 50-ാ‍ം വാര്‍ഷിക സമ്മേളനം, 2000-ാ‍മാണ്ടിലെ സഹസ്രാബ്ദ ലോക സമാധാന സമ്മേളനം, 2002 ലെ ആഗോള ആധ്യാത്മിക-വനിതാ സമ്മേളനം, വീണ്ടും 2004 ലെ മതമഹാസമ്മേളനം എന്നിവ അമ്മ പങ്കെടുത്ത അന്താരാഷ്‌ട്ര പ്രാധാന്യമുള്ള സമ്മേളനങ്ങളില്‍ ചിലതാണ്‌.

ഇതിന്‌ പുറമേ, മതങ്ങളെ മനസ്സിലാക്കുന്നതിനും ആദരിക്കുന്നതിനും 2006 ല്‍ ന്യൂയോര്‍ക്കിലെ ഇന്റര്‍ഫെയ്‌ത്ത്‌ സെന്റര്‍ ഏര്‍പ്പെടുത്തിയ ജെയിംസ്‌ പാര്‍ക്ക്‌ മോര്‍ട്ടണ്‍ അവാര്‍ഡ്‌ അമ്മക്കാണ്‌ ലഭിച്ചത്‌. ഫ്രഞ്ച്‌ സിനിമാ അസോസിയേഷന്റെ ‘ലോകസമാധാനത്തിനും ഐക്യത്തിനും വേണ്ടി അസാധാരണമായി പ്രവര്‍ത്തിച്ച വ്യക്തിക്കുള്ള” 2007 ലെ ‘സിനേമാ വെറീഷേ’ അവാര്‍ഡും അമ്മയ്‌ക്ക്‌ ലഭിച്ചു. കൂടാതെ ആഗോള സമാധാനശ്രമങ്ങള്‍ക്കുള്ള ഗാന്ധി-കിംഗ്‌ അവാര്‍ഡും സ്റ്റേറ്റ്‌ യൂണിവേഴ്സിറ്റി ഓഫ്‌ ന്യൂയോര്‍ക്കില്‍നിന്നും ‘ഡോക്ടര്‍ ഓഫ്‌ ഹ്യൂമന്‍ ലെറ്റേഴ്സ്‌’ എന്ന ഉന്നത ബിരുദവും അമ്മയ്‌ക്ക്‌ നല്‍കുകയുണ്ടായി.

ഒരു സാധാരണ മലയാളി വനിത, മലയാളത്തെയും മലയാണ്‍മയെയും പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ട്‌ അന്തര്‍ദേശീയ വേദികളിലെ ആദരണീയ വ്യക്തിത്വമാകുന്നത്‌ ഇതാദ്യമാണ്‌. എല്ലാ അന്തര്‍ദേശീയ വേദികളിലും മലയാളത്തില്‍ മാത്രം പ്രഭാഷണം നടത്തുമ്പോള്‍ ഒരു വലിയ സത്യത്തെ വെളിവാക്കുന്നു. പ്രഭാഷണങ്ങള്‍ ഹൃദയത്തില്‍ നിന്നൊഴുകിവരുന്നവയാണെങ്കില്‍, അത്‌ കാലത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെയും അതിര്‍വരമ്പുകള്‍ ലംഘിച്ച്‌ സദസ്യരുടെ ഹൃദയത്തിലേക്കൊഴുകിയെത്തും. മാതൃഭാഷയായ മലയാളത്തെ ഇത്രയധികം അന്തര്‍ദേശീയവേദികളില്‍ ഉപയോഗിച്ച്‌, ഒരു അന്തര്‍ദേശീയ ഭാഷയാക്കുന്നതില്‍, അമ്മയെപ്പോലെ പങ്ക്‌ വഹിക്കുന്ന മറ്റൊരു മലയാളിയുണ്ടോയെന്ന്‌ സംശയമാണ്‌. ലോകമലയാള സമ്മേളനത്തിന്റെ സംഘാടകര്‍ക്ക്‌ സാധിക്കാവുന്നതിലേറെ, അമ്മയ്‌ക്ക്‌ മലയാളത്തിനുവേണ്ടി ചെയ്യാന്‍ സാധിക്കുന്നുണ്ട്‌. അമ്മയുടെ നൂറുകണക്കിന്‌ വിദേശ ശിഷ്യര്‍ ഇന്ന്‌ മലയാളം സംസാരിക്കുന്നതോടൊപ്പം മലയാളിത്തവും സ്വന്തമാക്കിയിരിക്കുന്നു.

ആലപ്പാട്ട്‌ ഗ്രാമപഞ്ചായത്തില്‍നിന്നും അന്തര്‍ദേശീയതലത്തില്‍ ഭാരതീയ സംസ്ക്കാരത്തെയും ആധ്യാത്മികതയെയും വാരിവിതറുന്നതില്‍ അമ്മ വഹിക്കുന്ന പങ്ക്‌ വര്‍ണനാതീതമാണ്‌. ഭൗതിക പുരോഗതി(?)യുടെ അത്യുഷ്ണത്തില്‍പ്പെട്ട്‌ ദാഹജലത്തിനുവേണ്ടി കേഴുന്നവര്‍ക്കുവേണ്ടി ലോകത്തിന്റെ മുക്കിലും മൂലയിലുു‍ം ചെന്ന്‌ ആധ്യാത്മികതയുടെ തീര്‍ത്ഥം പകര്‍ന്നുകൊടുക്കുന്ന അമ്മയ്‌ക്ക്‌ ആയിരം പ്രണാമങ്ങള്‍!

ഡോ. ടി.വി.മുരളീവല്ലഭന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by