“ഇമ്മാതിരിയൊക്കെ തോന്നും. അത് സ്വാഭാവികം. പെട്ടെന്ന് പോയി ഈ താടിയും മുടിയുമൊന്ന് വെട്ടിയൊതുക്ക്. എന്നിട്ട് നന്നായൊന്ന് കുളിക്ക.് അതോടെ എല്ലാം മാറും…”
നാട്ടുകാരില്‍ പലരും ആദ്യമൊക്കെ ശിവനുണ്ണിയോട് പറഞ്ഞതിങ്ങനെയാണ്.
ഭൂകമ്പത്തെപറ്റി പറയാന്‍ ചെന്ന ശിവനുണ്ണി പക്ഷേ, ഈ വാക്കുകള്‍ കേട്ടൊന്നും തളര്‍ന്നില്ല. അതൊക്കെ അയാള്‍ പ്രതീക്ഷിച്ചതുമാണ്. അല്ലെങ്കിലും ആശാരിപ്പണിക്കാരനായ ഒരുത്തന്‍, അതും പത്താംക്ലാസ് പോലും കടന്നിട്ടില്ലാത്തവന്‍ ഭൂകമ്പം പ്രവചിക്കുന്നു എന്നത് നാട്ടുകാര്‍ വിശ്വസിച്ചെങ്കിലേ അത്ഭുതമുള്ളൂ.
*** *** ***
ഇപ്പോള്‍ ശിവനുണ്ണിയുടെ പ്രവചനം കേള്‍ക്കാന്‍ നാട്ടുകാര്‍ മാത്രമല്ല അങ്ങകലെ യുഎസ് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയില്‍ വരെ കാതുകൂര്‍പ്പിച്ചിരിക്കുന്നു.
ഭൂകമ്പം പ്രവചിക്കാനാകുമെന്നും കോസ്മിക് രശ്മികളുടെ സഞ്ചാരപഥം മനസ്സിലാക്കുകയാണ് അതിന് വേണ്ടതെന്നും ശിവനുണ്ണി പറയുമ്പോള്‍ അനുഭവത്തിന്റെ സാക്ഷ്യപ്പെടുത്തലുമുണ്ട്. രണ്ടുംമൂന്നുമല്ല. ജപ്പാനിലേതടക്കം നിരവധി ഭൂകമ്പങ്ങളാണ് ഇയാള്‍ കൃത്യമായി പ്രവചിച്ചത്.
കുമിളകളെ നോക്കിനോക്കി
കോഴിക്കോട് ബേപ്പൂര്‍ വഴിയില്‍ അരക്കിണറിനടുത്ത് തൊടുകപ്പാടം പുളിശ്ശേരി വീട്ടില്‍ പി. ശിവനുണ്ണി ( 46) ഇപ്പോള്‍ നാട്ടുകാരുടെ താരമാണ്.
അത്യാധുനിക സാങ്കേതിക സൗകര്യമൊന്നുമില്ലാതെ, കേവലം പ്രകൃതി നിരീക്ഷണത്തിലൂടെ ഭൂകമ്പങ്ങള്‍ ശിവനുണ്ണിക്ക് കൃത്യമായി പ്രവചിക്കാനാകുന്നു. 2007 ല്‍ കൗതുകത്തിന് തുടങ്ങിയതാണ് പ്രകൃതിനിരീക്ഷണം. മഴക്കാലത്ത് വീടിനുചുറ്റും വെള്ളം കയറും. അതിറങ്ങുമ്പോള്‍ ചളിയായിരിക്കും. പണിയില്ലാത്തപ്പോള്‍ ഈ ചളിയെ വെറുതെ ശ്രദ്ധിച്ചിരിക്കും. അപ്പോള്‍ ചില കുമിളകള്‍. അതിന് ഏറ്റക്കുറച്ചിലുകള്‍. അരി തിളയ്‌ക്കുമ്പോലെ ചിലപ്പോള്‍. ചിലത് പ്രത്യേക സമയങ്ങളില്‍ ഉയര്‍ന്നു പൊങ്ങും. അത് എന്തുകൊണ്ടെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ ആകാശത്തിലേക്കും നിരീക്ഷണമായി. മിന്നിത്തെളിയുന്ന പ്രകാശകിണരങ്ങള്‍. അതിനും കുമിളകള്‍ക്കും എന്തോ ഒരു ബന്ധം. അങ്ങിനെയാണ് കോസ്മിക് രശ്മികളെക്കുറിച്ചുള്ള നിഗമനം രൂപപ്പെട്ടത്.
സംശയനിവൃത്തിക്കായി തിരുവനന്തപുരത്തെ ഭൗമ ശാസ്ത്രജ്ഞന്‍ ഡോ. ശങ്കരന്‍ സാറിനെ ഫോണില്‍ വിളിച്ചു. ചില പുസ്തകങ്ങളെക്കു റിച്ചും ഇന്റര്‍നെറ്റില്‍ ലഭ്യമാകുന്ന വിവരങ്ങളെക്കുറിച്ചും അദ്ദേഹം
പറഞ്ഞു. പിന്നീട് ആ വഴിക്കുള്ള നീക്കമായി. കിട്ടാവുന്നിടത്തോളം
വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്തപ്പോള്‍ ഒരു കാര്യം പിടികിട്ടി- സൗരയൂധത്തില്‍ കോസ്മിക് രശ്മികളുടെ സഞ്ചാരത്തിന് കൃത്യമായ ഇടവേളകളുണ്ട്. അവ പതിക്കുന്ന ഭൂപ്രദേശങ്ങളില്‍ ഭൂകമ്പത്തിന് സാദ്ധ്യതയുമുണ്ട്. പ്രത്യേക താളക്രമത്തിലുള്ള കുമിളകള്‍ അതിന്റെ സൂചന നല്‍കുന്നു.
കോസ്മിക് രശ്മികളുടെ സഞ്ചാരപഥം കൃത്യമായി കണ്ടെത്താനായാല്‍ ഭൂകമ്പ സാദ്ധ്യതയുള്ള സ്ഥലവും സമയവും നിര്‍ണ്ണയിക്കാനാകും. സൂര്യ ഗ്രഹണവും ചന്ദ്രഗ്രഹണവും പോലെ ഭൂകമ്പ സാദ്ധ്യതയും പ്രത്യേകമായി കലണ്ടറില്‍പോലും രേഖപ്പെടുത്താനാകും!.
പ്രവചനം യാഥാര്‍ത്ഥ്യമാകുമ്പോള്‍
നിരീക്ഷണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ശിവനുണ്ണിയെ നോക്കി എല്ലാവരും ചിരിച്ചു. ശാസ്ത്രജ്ഞരടക്കം പല വിദഗ്ധരേയും ചെന്നു കണ്ടു. എല്ലാവരും തമാശകേട്ടപോലെ. എന്നിട്ടും ശിവനുണ്ണി പ്രവചിച്ചുകൊണ്ടിരുന്നു.
2011 ന് ജൂലൈ 26 ന് ഇടുക്കിയിലുണ്ടായ ഭൂകമ്പം , മാര്‍ച്ച് 15 ന് ജപ്പാനിലുണ്ടായ ഭൂകമ്പം എന്നിവ ശിവനുണ്ണി പ്രവചിച്ചത് യാഥാര്‍ത്ഥ്യമായി. ഒപ്പം മറ്റു ചില പ്രവചനങ്ങളും.
സപ്തംബര്‍ 18 ന് ശക്തമായ ഒരു ഭൂകമ്പം ഉണ്ടാവുമെന്നുള്ള പ്രവചനം ശിവനുണ്ണി ജില്ലാ ഭരണകൂടത്തെയും അറിയിച്ചു. കോഴിക്കോട് ജില്ലാ കളക്ടര്‍ പി.ബി. സലീമിന് 13 ന് തന്നെ അത് സംബന്ധിച്ച് എഴുതി നല്‍കി. സമയവും തീവ്രതയും കാരണവുമെല്ലാം വ്യക്തമാക്കുന്നതായിരുന്നു ആ കുറിപ്പ്. 18 ന് വൈകീട്ട് 4.17 ന് ഉത്തരേന്ത്യയില്‍ ഭൂമികുലുങ്ങിയതോടെ ശിവനുണ്ണി തന്റെ നിഗമനം ലോകത്തോട് വീണ്ടും വിളിച്ചു പറഞ്ഞു: ഭൂകമ്പം പ്രവചിക്കാനാകും. അതിന്റെ പ്രഭവകേന്ദ്രങ്ങള്‍ക്കും തീവ്രതയ്‌ക്കും ചില സാദൃശ്യങ്ങളുണ്ട്…
ഓര്‍മ്മയുണ്ടോ രാമറെ
പച്ചിലയില്‍ നിന്ന് പെട്രോള്‍ ഉണ്ടാക്കാമെന്ന് പറഞ്ഞ രാമറിന്റെ അനുഭവം ഓര്‍മ്മയുണ്ടോ എന്നു ചോദിച്ചപ്പോള്‍, നീട്ടിവളര്‍ത്തിയ താടിയും മുടിയും ഒന്നിളക്കി ചിരിച്ചുകൊണ്ട് ശിവനുണ്ണി പറഞ്ഞു: നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടിന്റെ പ്രശ്നമാണത്. ഒരു സാധാരണക്കാരന്‍ സവിശേഷമായി എന്തെങ്കിലും പറഞ്ഞാല്‍ ചിലര്‍ക്കത് വിശ്വിസിക്കാന്‍ പ്രയാസമാകും. പരിഹാസവും കളിയാക്കലുമുണ്ടാകും. പറഞ്ഞതില്‍ ശാസ്ത്രീയമായി എന്തെങ്കിലുമുണ്ടോയെന്ന് പോലും നോക്കില്ല. ഇതൊക്കെ ഞാനും പ്രതീക്ഷിച്ചതാണ്. പക്ഷേ പിന്‍മാറില്ല. അഞ്ചു വര്‍ഷം കൊണ്ട് ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ കൃത്യമായി വിധഗ്ധരോട് എനിക്ക് പറയണം. അതിനായി ഒരു പ്രോജക്ട് ഇപ്പോള്‍ തയ്യാറാക്കിയിട്ടുണ്ട്. ഏതെങ്കിലും ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ അവസരം കിട്ടുമെന്നാണ് പ്രതീക്ഷ. അതിന്റെ ഭാഗമായി വീണ്ടും ജില്ലാ കളക്ടറെ കാണും. പ്രോജക്ട് നല്‍കും. അദ്ദേഹത്തിന്റെ ശുപാര്‍ശയുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാകും.
വന്‍ ദുരിതം വിതയ്‌ക്കുന്ന ഭൂകമ്പത്തെക്കുറിച്ച് കാര്യമായ പഠനം ഉണ്ടാകണം. ഭൂകമ്പം പ്രവചിക്കാന്‍ കഴിഞ്ഞാല്‍ എന്തായിരിക്കും നേട്ടം. തന്റെ മനസ്സിലുള്ളത് അതാണ്. ഭൂകമ്പത്തിന് കാരണമാകുന്ന കോസ്മിക് രശ്മികളെക്കുറിച്ച് വിശദമായി പഠിക്കണം. പലതിന്റേയും സൂചനയും കാരണവുമാകുന്നുണ്ട് കോസ്മിക് രശ്മികള്‍. അതേകുറിച്ചെല്ലാം പറയാന്‍ തുടങ്ങിയാല്‍ ആളുകള്‍ വീണ്ടും പറയും, ശിവനുണ്ണിക്ക് മാനസിക പ്രശ്നമാണെന്ന്.
ചളിയും കുമിളയും തന്നെ വേണമെന്നില്ല, സിമന്റ് തറയില്‍ ഈര്‍പ്പത്തിന്റെ തോത് വിശകലനം ചെയ്തും ഭൂകമ്പ സാദ്ധ്യത നിര്‍ണ്ണയിക്കാനാകും.
എഴുതിയും വരച്ചും ഇപ്പോള്‍ താന്‍ തയ്യാറാക്കുന്ന പ്രവചന, നിഗമനങ്ങളില്‍ ചില പാളിച്ചകളൊക്കെയുണ്ടെന്ന് ശിവനുണ്ണിക്ക് തന്നെയറിയാം. പരിഹരിക്കാന്‍ പ്രത്യേക കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ കൊണ്ടാകും. അതിനുള്ള സാങ്കേതികസഹായം വേണം.
കാര്യങ്ങളറിഞ്ഞ് നേരിട്ടും ടെലഫോണിലൂടെയും പരിചയപ്പെടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. പക്ഷേ ഇക്കൂട്ടത്തിലൊന്നും ബന്ധപ്പെട്ട വകുപ്പ് വിദഗ്ധരാരുമില്ല. സര്‍ക്കാര്‍ പ്രതിനിധികളും. ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ശിവനുണ്ണിക്ക് സഹായത്തിനായി അയല്‍വാസികൂടിയായ എ.പി.ഹബീബ് എപ്പോഴുമുണ്ട്. പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് വീട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയും .ഭാര്യ: ജലജ. മൂന്ന് പെണ്‍കുട്ടികള്‍. മെഡിക്കല്‍ എന്‍ട്രന്‍സിന് തയ്യാറെടുക്കുന്ന അനുഷ, പത്തില്‍പഠിക്കുന്ന ജിനുഷ, അഞ്ചാംക്ലാസുകാരി സനുഷ എന്നിവര്‍. അമ്മ: ദേവി. അച്ഛന്‍: പരേതനായ നാരായണന്‍.
പിരിയുംമുമ്പ് ശിവനുണ്ണി ഒന്നുകൂടി പറഞ്ഞു: ഡിസംബര്‍ 9 ന് അക്ഷാംശം നാല്‍പത് ഡിഗ്രി ഉത്തരാര്‍ദ്ധത്തില്‍ രാവിലെ നാലിനും ആറിനുമിടയില്‍ ഒരു ഭൂകമ്പം ഉണ്ടാകാനിടയുണ്ട്. 5.3 മുതല്‍ 5.25 വരെയാകും അതിന്റെ തീവ്രത….
എം.കെ.രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: