Categories: Varadyam

ചവച്ച്‌ സുഖിക്കാന്‍…. സുഖിച്ച്‌ മരിക്കാന്‍….

Published by

ചവച്ച്‌ ചവച്ച്‌ സുഖിക്കുന്ന ഒരുപാടാളുകള്‍ നമുക്ക്‌ ചുറ്റുമുണ്ട്‌. അവര്‍ സദാ ചവച്ചുകൊണ്ടിരിക്കും. ചവച്ച്‌ തീരുമ്പോള്‍ വായ്‌ തുറന്ന്‌ ‘സാധനം’ വീണ്ടും തിരുകിക്കയറ്റും. കണ്ണുകളില്‍ നിര്‍വികാരതയും മുഖത്ത്‌ ആലസ്യവുമാണവരുടെ മുഖമുദ്ര. ആട്‌ അയവിറക്കുംപോലെ നിറുത്താതെ അവര്‍ ചവച്ചുകൊണ്ടിരിക്കും. ദിവസം മുഴുവനും വര്‍ഷം മുഴുവനും അത്‌ തുടരും. അത്‌ നില്‍ക്കണമെങ്കില്‍ അര്‍ബുദമെത്തണം-ആമാശയത്തിലും അന്നനാളത്തിലും വായിലും ത്വക്കിലും പാന്‍ക്രിയാസിലുമൊക്കെ.

ഇത്‌ ‘ഗുഡ്ക’യുടെ കഴിവ്‌. ‘പുകയില്ലാ പുകയില’യെന്നറിയപ്പെടുന്ന ‘ഗുഡ്ക’യുടെ ശക്തി. തെരുവായ തെരുവിലെ കടയായ കടയിലെല്ലാം മാലപോലെ ആഘോഷമായി തൂങ്ങിക്കിടക്കുന്ന ഗുഡ്ക എന്ന പാന്‍മസാലയുടെ കഴിവ്‌ അപാരമാണ്‌….

പണ്ടൊക്കെ പണിയില്ലാത്ത യുവാക്കളായിരുന്നു ഗുഡ്കയുടെ ആരാധകര്‍. പിന്നെ കട്ടിപ്പണിക്കാരും കമ്പനിപ്പണിക്കാരും അതിന്റെ ദാസന്മാരായി. ഒടുവില്‍, കുട്ടികളിലേക്കും ഈ വിഷക്കമ്പം പടര്‍ന്നിരിക്കുന്നുവത്രെ. ചില ഇന്ത്യന്‍ നഗരങ്ങളില്‍ 50 ശതമാനത്തിലേറെ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ ഗുഡ്ക ഉപയോഗിക്കുന്നുവെന്നാണ്‌ വെളിപ്പെടുത്തലുകള്‍. ഞെട്ടിപ്പിക്കുന്ന യഥാര്‍ത്ഥ്യവും ശക്തമായ കോടതിയിടപെടലുമാവാം, ആഹരിക്കുന്ന പദാര്‍ത്ഥങ്ങളില്‍ പുകയില ചേരുന്നത്‌ നിരോധിച്ച്‌ ഉത്തരവിറക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്‌. പക്ഷേ ഇതില്‍ എത്രത്തോളം സര്‍ക്കാരിന്‌ വിജയിക്കാനാവും? കാരണം ഗുഡ്കാ നിര്‍മാതാക്കള്‍ ശക്തിമാന്മാരാണ്‌! വെറ്റില ഞെട്ടും അടക്കയും നീറ്റ്‌ കുമ്മായവും പുകയിലയുമൊക്കെയാണ്‌ ഗുഡ്കയില്‍ കാണപ്പെടുന്ന ഘടകങ്ങളെങ്കിലും അതിലടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങളുടെ എണ്ണം മൂവായിരത്തിലേറെയെന്ന്‌ ഗവേഷകര്‍. അവയുടെ പ്രധാന സ്പോണ്‍സര്‍ പുകയിലയും. ഇന്ത്യയില്‍ ഉപയോഗിക്കപ്പെടുന്ന പുകയിലയില്‍ 27 ശതമാനവും പാന്‍മസാലയെന്നുകൂടി വിളിക്കുന്ന ഗുഡ്ക വഴിയാണത്രെ വിതരണം ചെയ്യപ്പെടുന്നത്‌. ‘കറന്റ്‌ സയന്‍സ്‌’ എന്ന ശാസ്ത്ര പ്രസിദ്ധീകരണ (2009)ത്തിന്റേതാണീ കണക്ക്‌. 1999-2000 വര്‍ഷം നടത്തിയ നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ നിരീക്ഷണപ്രകാരം രാജ്യത്തെ മൂന്ന്‌ വീടെടുത്താല്‍ ഒന്നിലെങ്കിലും ഗുഡ്ക ഉപയോഗിക്കുന്നവരുണ്ട്‌. നാഷണല്‍ ഫാമിലി ഹെല്‍ത്ത്‌ സര്‍വേ (2005-06)യും ഈ സത്യത്തിലേക്ക്‌ വിരല്‍ചൂണ്ടുന്നു.

ഗുഡ്കയിലെ വില്ലന്മാരില്‍ മുഖ്യന്‍ പുകയിലതന്നെ. അര്‍ബുദം വരുത്തുന്നതിന്‌ അമാനുഷിക ശക്തിയുള്ള ടുബാക്കോ സ്പെസിഫിക്‌ നൈട്രോ സാമീനുകളാണ്‌ പുകയിലയ്‌ക്ക്‌ ശക്തിപകരുന്ന മുഖ്യഘടകം. എന്‍-നെട്രോസോ നിക്കോട്ടിന്‍ മുതല്‍ ഏഴ്‌ രാസവസ്തുക്കളാണ്‌ ‘ടിഎസ്‌എന്‍എ” എന്ന്‌ വിളിക്കുന്ന ഈ കൂട്ടുകെട്ടിലുള്ളത്‌. ഉപയോഗിക്കുന്നവരില്‍ അടിമത്തവും മയക്കവുമുണ്ടാക്കുന്ന ‘നിക്കോട്ടിന്‍ എന്ന രാസവസ്തുവിനെക്കുറിച്ചറിയാത്തവര്‍ ഉണ്ടാവില്ലല്ലോ. ശരീരത്തില്‍ പ്രവേശിച്ചാല്‍ അതിവേഗത്തിലാണിത്‌ തലച്ചോറിലെത്തുക. തുടര്‍ന്ന്‌ കേന്ദ്രനാഢീവ്യൂഹത്തെ അത്‌ വല്ലാതെ ഉണര്‍ത്തും; ഹൃദയമിടിപ്പ്‌ കൂട്ടും; രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കും… ആകെ ഉഷാര്‍!

അഡ്രിനാലിന്‍ ഗ്രന്ഥികളില്‍നിന്നുള്ള ശ്രവത്തിന്റെ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതും നിക്കോട്ടിന്റെ ദൗത്യമത്രെ. സിഗററ്റിനേക്കാളും നിക്കോട്ടിന്‍ വിഷം ഗുഡ്കയിലാണുള്ളത്‌…

പുകയിലയുടെ രാസബന്ധനങ്ങളില്‍ അലസം ഉറങ്ങുന്ന കാത്സ്യം ഹൈഡ്രോക്സൈഡ്‌, സോഡിയം കാര്‍ബണേറ്റ്‌, അമോണിയം കാര്‍ബണേറ്റ്‌, അമോണിയ തുടങ്ങിയവ ശരീരത്തിലെ ക്ഷാരത വര്‍ധിപ്പിച്ച്‌ നിക്കോട്ടിന്‍ ആഗിരണം ചെയ്യാനുള്ള ശേഷി കൂട്ടും. കാരണം ക്ഷാരാവസ്ഥയിലാണല്ലോ പൂര്‍ണശക്തിയോടെ നിക്കോട്ടിന്‍ പത്തിവിടര്‍ത്തുക. ഘനലോഹങ്ങള്‍ എന്നറിയപ്പെടുന്ന കറുത്തീയം, ആഴ്സനിക്‌, കാഡ്മിയം, സെലിനിയം, നിക്കല്‍, ക്രോമിയം തുടങ്ങിയവയെല്ലാം ഗുഡ്കയിലുള്ളതായി ഗവേഷണങ്ങള്‍ കണ്ടെത്തി. ഇവയുടെ വളരെ ചെറിയ അളവ്‌ സാന്നിധ്യംപോലും അപകടകരമാണ്‌. മാരകമായ അര്‍ബുദത്തിന്‌ പുറമെ തലച്ചോര്‍ തകരാറ്‌, രക്തചംക്രമണത്തിലെ കുഴപ്പങ്ങള്‍, കരള്‍ രോഗം, അവയവ തളര്‍ച്ച എന്നിവയൊക്കെ വരുത്തിവയ്‌ക്കാന്‍ ഘനലോഹങ്ങള്‍ പ്രാപ്തരാണ്‌.

ഓരോതരം ഗുഡ്കകളിലും ഓരോ തരത്തിലാണ്‌ വിഷത്തിന്റെ നിറവ്‌. നൈട്രോസോനോ നിക്കോട്ടിന്‍ ഏറ്റവും കാണപ്പെട്ടത്‌ ‘ബാബാ ബര്‍ദാ’യെന്ന ഗുഡ്കയിലാണെന്ന്‌ ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ്‌ കാന്‍സര്‍ (2005), ബ്രിട്ടീഷ്‌ മെഡിക്കല്‍ ജേണല്‍ (2010) എന്നിവ വ്യക്തമാക്കുന്നു. പാന്‍പരാഗ്‌, കുബര്‍, തുളസി, ആര്‍എംഡി, ബാഹര്‍, ഷിക്കാര്‍, രാജ്ദര്‍ബര്‍ തുടങ്ങിയവയൊക്കെ അതിന്‌ പിന്നില്‍ മാത്രം. മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ നടന്ന ഗവേഷണങ്ങളില്‍ തെളിഞ്ഞത്‌ ഏറ്റവും കൂടുതല്‍ നിക്കല്‍ അടങ്ങിയ ഗുഡ്ക മുര്‍ചന്ദ്സുവര്‍ണയാണെന്നത്രെ. പിന്നില്‍ ‘വിമല്‍’ എന്ന ബ്രാന്‍ഡ്‌. പരിശോധിക്കപ്പെട്ടവയില്‍ 30 ശതമാനം ബ്രാന്‍ഡുകളും ലോകാരോഗ്യസംഘടന അനുവദിച്ചതിലും എത്രയോ അധികം ഘനലോഹങ്ങള്‍ ഗുഡ്കയില്‍ കലര്‍ത്തുന്നതായും തെളിഞ്ഞു. പുകയില്ലാത്ത പുകയിലയുടെ ഉപയോഗവും ഉപയോഗകാലവും വര്‍ധിക്കുന്നതിനനുസരിച്ച്‌ വായ്‌, കഴുത്ത്‌, ഈസോഫാഗസ്‌, പാന്‍ക്രിയാസ്‌ എന്നിവിടങ്ങളില്‍ അര്‍ബുദം ബാധിക്കാനുള്ള സാധ്യതകള്‍ വര്‍ധിക്കുമെന്ന്‌ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹെല്‍ത്ത്‌ ആന്റ്‌ ഫാമിലി വെല്‍ഫെയറും മുന്നറിയിപ്പ്‌ നല്‍കുന്നു. രാജ്യത്തെ വിവിധ റീജിയണല്‍ ക്യാന്‍സര്‍ സെന്ററുകളുടെ നിരീക്ഷണവും മറിച്ചല്ല.

പക്ഷേ പുകയില്ലാത്ത പുകയിലക്കൂട്ടുകള്‍ നിര്‍മിക്കുന്നവര്‍ അതിപ്രതാപവാന്മാരാണ്‌. ഗോവ, ആന്ധ്ര, മഹാരാഷ്‌ട്ര, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങള്‍ 2000ത്തില്‍ ചവയ്‌ക്കുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തി. ഗുഡ്കാ വ്യവസായികള്‍ സടകുടഞ്ഞെണീറ്റു. മേല്‍കോടതികളില്‍ കേസ്‌ നടത്തിയ അവര്‍ ‘ചവച്ച്‌ ചവച്ച്‌ ചാവാനുള്ള പൗരന്റെ അവകാശം പുനഃസ്ഥാപിച്ചുകൊടുത്തു. ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നത്‌ തടയുന്ന നിയമം ഭേദഗതി ചെയ്തുകൊണ്ട്‌ 2006 ല്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ നീക്കവും ഗുഡ്കാ ലോബി അട്ടിമറിച്ചു. പിന്നെ സര്‍ക്കാരുകളും അനങ്ങിയില്ല.

ഗുഡ്കയും പാന്‍പരാഗും മറ്റും പൊതിയാനുപയോഗിക്കുന്ന പിവിസി കവറുണ്ടാക്കുന്ന പരിസരമലിനീകരണം ചോദ്യംചെയ്ത്‌ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഒരു ഹര്‍ജിയാണ്‌ സര്‍ക്കാരിനെ വീണ്ടും കര്‍മോത്സുകരാക്കിയത്‌. ഇന്ത്യന്‍ ആസ്ത്മാ കീയര്‍ സൊസൈറ്റിയുടേതായിരുന്നു കേസ്‌. തുടര്‍ന്ന്‌ ഗുഡ്കാ പൊതിയാന്‍ പിവിസി ഉപയോഗിക്കുന്നത്‌ കോടതി വിലക്കി. ഉടന്‍ വന്നു, അപ്പീല്‍ പ്രളയം. പക്ഷേ മേല്‍ക്കോടതി ഉറച്ചുനിന്നു. ഒപ്പം ഗുഡ്കയുടെ രാസക്കൂട്ടിലടങ്ങിയിരിക്കുന്നതെന്തെന്ന്‌ പരീക്ഷിച്ചറിയണമെന്ന്‌ ആജ്ഞാപിക്കുകയും ചെയ്തു. നാഡീ വ്യവസ്ഥ തകര്‍ക്കുന്ന കറുത്തീയവും പാരമ്പര്യ വാഹികളായ ജീനുകളെ തകിടം മറിക്കുന്ന ചെമ്പും തുടങ്ങി മൊത്തം 3095 രാസവസ്തുക്കളാണ്‌ ഗുഡ്കയില്‍ കണ്ടെത്താന്‍ കഴിഞ്ഞത്‌. എല്ലാം ഒന്നിനൊന്ന്‌ മെച്ചം. മാരകരോഗങ്ങളുണ്ടാക്കുന്ന കാര്യത്തില്‍! പക്ഷേ ഗുഡ്ക വ്യവസായം ഇതൊന്നും സമ്മതിച്ചു തരില്ല. മാരകരോഗം വരുത്താന്‍ ഗുഡ്ക വേണമെന്ന്‌ നിര്‍ബന്ധമില്ലെന്ന്‌ അവര്‍ പറയും. തങ്ങളുടെ ഉല്‍പ്പന്നം പാലുപോലെ പരിശുദ്ധമാണെന്നും പനിനീര്‍ പുഷ്പംപോലെ നിഷ്കളങ്കമാണെന്നും അവര്‍ വാദിക്കും. വാദം പൊളിഞ്ഞാല്‍ ‘പണത്തിനുമീതെ പരുന്തും പറക്കില്ലെ’ന്ന പഴഞ്ചൊല്ല്‌ ഉറപ്പാക്കുകയും ചെയ്യും.

ഇവിടെ നമുക്ക്‌ ചെയ്യാവുന്നത്‌ ഒന്നുമാത്രം- കണ്ടറിഞ്ഞ്‌ കരുതലോടെ കഴിയുക. വഴിതെറ്റിയവരെ നേര്‍വഴിക്ക്‌ കൊണ്ടുവരാന്‍ ശ്രമിക്കുക!

ഡോ. അനില്‍കുമാര്‍ വടവാതൂര്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts