Categories: Varadyam

ദേവ ദേവ കലയാമിതേ…

Published by

കര്‍ണാടകസംഗീതരംഗത്തെ പുകള്‍പെറ്റൊരു യുഗത്തിന്റെ പിന്‍വാങ്ങലാണ്‌ സംഗീതാചാര്യന്‍ ടി.കെ.ഗോവിന്ദറാവുന്റെ വേര്‍പാട്‌. സംഗീതത്തെ ഉപാസിക്കാന്‍ ജന്മം മുഴുവന്‍ കാഴ്ചവച്ച മഹാത്മാവിന്റെ ശിഷ്യത്വം അനുഭവിച്ചത്‌ എന്റെ ജീവിതത്തിന്‌ തന്നെ തിളക്കമേകി.

ദാരിദ്ര്യത്തിന്റെ പിടിയില്‍ മുങ്ങിയിരുന്ന ഗുരുവിന്റെ ഗൃഹത്തില്‍ എന്നെ ചിരകാലം താമസിപ്പിച്ചു. മദിരാശി സെന്‍ട്രല്‍ കോളേജ്‌ ഓഫ്‌ കര്‍ണാടിക്‌ മ്യൂസിക്‌ എന്ന സ്ഥാപനത്തില്‍ ചേര്‍ന്ന്‌ പഠനം തുടരവെ എനിക്ക്‌ കാലാവസ്ഥയും ഹോട്ടല്‍ ഭക്ഷണവും അപത്ഥ്യമായിക്കഴിഞ്ഞു. അത്‌ മനസിലാക്കിയതിനാലാണ്‌ ഗുരു തന്റെ ഗൃഹത്തില്‍ താമസിപ്പിച്ചത്‌. ഏഴെട്ടുപേരുള്ള അവിടെ എന്നെയും അംഗമാക്കിത്തീര്‍ത്തു. കോളേജ്‌ പഠനത്തിനുപുറമെ ദിവസവും മൂന്ന്‌ മണിക്കൂര്‍ പഠിപ്പിക്കും. അതിന്‌ സമയമെന്ന ഒന്നില്ല. അര്‍ധരാത്രിയില്‍വന്ന്‌ ശ്രുതി മീട്ടി പഠനംതന്നെ അത്രക്ക്‌ നിഷ്ക്കര്‍ഷയായിരുന്നു അദ്ദേഹത്തിന്റെ ഗുരുത്വഭാവത്തിന്‌.

മുസിരിസുബ്രഹ്മണ്യയ്യരുടെ വത്സല ശിഷ്യനായ ഗോവിന്ദറാവു കര്‍ണാടക സംഗീതത്തെ ലോകത്തിന്റെ എല്ലാകോണിലും എത്തിക്കാന്‍ പ്രത്യേകം നിഷ്ക്കര്‍ഷിച്ചിരുന്നു. വിവിധ ഭാഷകളില്‍ നൊട്ടേഷന്‍ പകര്‍ത്തി സ്വാതിതിരുന്നാള്‍ കൃതിയും മറ്റും പ്രചാരത്തില്‍ വരുത്തി.

സംസ്കൃതത്തിലും ഇംഗ്ലീഷിലും ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിരുന്നു. പഠിപ്പിക്കുമ്പോള്‍ അപസ്വരം വന്നാല്‍ നന്നായി കളിയാക്കും. ഒരിക്കല്‍ റാവുജിയുടെ ഗുരുവിന്‌ തിരുവനന്തപുരത്ത്‌ നവരാത്രി സംഗീത മണ്ഡപത്തില്‍ കച്ചേരി അവതരിപ്പിക്കാന്‍ പറ്റാതെവന്നു. ഗോവിന്ദറാവുവിനെ അയക്കുകയായിരുന്നു. കൂടെ എന്നെയും കൂട്ടി. അതിഗംഭീരമായ ആ സദസ്സില്‍ ഗുരുവിനൊപ്പം പാടാന്‍ ഭാഗ്യമുണ്ടായി. അവിടെ വച്ചുണ്ടായ പിഴവില്‍ രംഗത്ത്‌ വച്ചുതന്നെ തിരുത്തിച്ചു. അതിനൊരു വിട്ടുവീഴ്ചയും ഇല്ല. ഏതുരംഗത്തായാലും തിരുത്തിയിരിക്കും.

ദക്ഷിണവച്ച്‌ പഠനം തുടങ്ങിയതായിരുന്നില്ല എന്റേത്‌. അതിന്റെയൊന്നും നിഷ്ക്കര്‍ഷ പുലര്‍ത്തിയിരുന്നില്ല. സംഗീത ത്രിമൂര്‍ത്തികളായ ത്യാഗരാജസ്വാമികള്‍, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമ ശാസ്ത്രികള്‍ എന്നിവരുടെയും, സ്വാതിതിരുനാള്‍, സുബ്ബരായ ശാസ്ത്രി എന്നീ വരേണ്യ ചക്രവര്‍ത്തിമാരുടെയും കൃതികള്‍ പ്രചരിപ്പിക്കാന്‍ അവ രേഖയിലാക്കിത്തീര്‍ത്തു. ഇത്‌ മാറ്റാര്‍ക്കും തോന്നാത്തതുതന്നെയാണ്‌.

ആള്‍ ഇന്ത്യാ റേഡിയോയില്‍ ചീഫ്‌ പ്രോഡ്യൂസര്‍ ആയിരുന്നു. എന്തായാലും ആ സംഗീതപ്രതിഭക്ക്‌ സര്‍ക്കാര്‍ പുരസ്ക്കാരങ്ങള്‍ നല്‍കി ആദരിക്കല്‍ വേണ്ടപോലെ നടന്നോ എന്ന്‌ സംശയം തന്നെയാണ്‌. സംഗീതത്തിനു സമര്‍പ്പിച്ച ഈ ജീവിതം വായിച്ചാലൊടുങ്ങാത്ത അര്‍ത്ഥ വ്യാപ്തിയുള്ളതാണ്‌. 1948ല്‍ പീ.ലീലയുമായി ചേര്‍ന്ന്‌ ആദ്യത്തെ യുഗ്മഗാനം മലയാള സിനിമയില്‍ പാടി. ജി.ശങ്കരക്കുറുപ്പ്‌ രചിച്ച ഈ ഗാനം മാത്രമേ ആലപിച്ചിട്ടുള്ളൂ. അദ്ദേഹം പിന്നെ പരീക്ഷിച്ചില്ല.

വേദാന്തതത്വംവരെ ഇഴകീറി മനസിലാക്കിയ സദ്ഗുരു, രംഗത്തിന്റെ ഭാവം, വിശുദ്ധി എന്നിവയില്‍ പ്രത്യേകം ശ്രദ്ധവച്ചിരുന്നു ഗോവിന്ദറാവു എന്ന മഹാശയന്‍. സാഹിത്യത്തെ കേള്‍വിക്കാര്‍ക്കിടയിലേക്ക്‌ സര്‍വവും മനസ്സിലാവുംവിധം അനുഭവവേദ്യമാക്കിത്തീര്‍ക്കാന്‍ ഏറെ ശ്രദ്ധിച്ചിരുന്നു. പ്രത്യേകിച്ച്‌ തെലുങ്ക്‌ കീര്‍ത്തനം വരെ. എനിക്ക്‌ ഇനി ഒരാളുടെയും കച്ചേരി കേള്‍ക്കാനില്ല എന്നതോന്നല്‍ അങ്കുരിച്ചു കഴിഞ്ഞു. നിരവധി കച്ചേരികള്‍ക്ക്‌ ശ്രുതിമീട്ടിയും, കൂടെപാടിയും, കേട്ടിരുന്നും മനസ്‌ നിറഞ്ഞിട്ടുണ്ട്‌. അത്യുച്ചത്തിലും ആ ശാരീരം പതറാതെനിന്നിരുന്നു എന്നതാണ്‌ വിശേഷത. പദംമുറിക്കലിന്റെ നിഷ്ക്കര്‍ഷ വരും തലമുറക്ക്‌ തന്നെ പാഠമാണ്‌. സംഗീതവുമായി സമരസപ്പെട്ടുകിടക്കുന്ന പലമേഖലയിലും സഞ്ചരിച്ച ഇതുപോലുള്ള ബഹുമുഖ പ്രതിഭയെ ഇനി നമുക്ക്‌ കിട്ടിയേക്കില്ല.

തൃപ്പൂണിത്തുറയിലെ പൂര്‍ണത്രയീശന്റെ മേല്‍ശാന്തിയുടെ പുത്രനായിപിറന്ന്‌ സംഗീതജ്ഞനായി വിശ്വം മുഴുവന്‍ അറിയപ്പെട്ട ഗോവിന്ദറാവുവിന്റെ കീര്‍ത്തി ഭാഷ നിലനില്‍ക്കുവോളം നിറഞ്ഞുനില്‍ക്കും. പിന്‍തലമുറക്കാരെ വരെ ഒന്നിച്ചുകൊണ്ടുപോകാനുള്ള ത്രാണിയും റാവുവില്‍ കാണാന്‍ സാധിക്കും.

പുരന്ദരദാസന്‍ സംഗീതത്തിലെ പിതാമഹനെന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. അദ്ദേഹത്തിന്റെ കൃതികള്‍ ഒരു നാലു മാസം കൂടി ഇരുന്നാല്‍ തീരുമായിരുന്നു. അത്‌ പൂര്‍ത്തിയായില്ല.

രോഗശയ്യയില്‍ മൂന്ന്നാലുമാസം കിടന്നെങ്കിലും സംഗീതം കേട്ടാല്‍ താളം പിടിച്ച്‌ മനസില്‍ പാടും. ഇതിനാല്‍ സംഗീതത്തെ അവസാന ശ്വാസംവരെ പ്രണയിച്ചിരുന്നു എന്നത്‌ സത്യംതന്നെ. സംഗീതവും, നാട്യവും, താളവും നിറഞ്ഞ ദേവലോകത്തേക്ക്‌ യാത്രയാവുന്ന സമയത്ത്‌ ദേവ ദേവ കലയാമിതേ….. എന്ന കീര്‍ത്തനം കേട്ട്‌ താളം പിടിച്ചിരുന്നു. അതിനിടെ വിരലുകള്‍ ചലിക്കാതായി. ഭഗവല്‍പാദത്തിലേക്ക്‌ ആ പ്രതിഭ അലിഞ്ഞു ചേരുകയായിരുന്നു…..

വള്ളൂര്‍ ശങ്കരന്‍ നമ്പൂതിരി

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts