Categories: Samskriti

അധികമാസം

Published by

ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴും പേരിടാന്‍ പറ്റാത്ത ഒരു മാസം ആഗതമാകുന്നു. ആയത്‌ അതില്‍ ഒരു അമാവസ്യ തുടങ്ങി അടുത്ത അമാവസ്യ വരെ സൂര്യസംക്രാന്തി സംഭവിക്കുന്നില്ല. സംക്രാന്തി രഹിതമായ ഈ മാസം സാധാരണയുള്ള പന്ത്രണ്ടുമാസങ്ങള്‍ക്കതിരിക്തമായി വരുന്നതാണ്‌. അതുകൊണ്ടിതിനെ അധികമാസമെന്നും മലമാസമെന്നും പുരുഷോത്തമമാസമെന്നും പറയും. ഭഗവത്കൃപ നിറഞ്ഞ ഈ മാസത്തിന്‌ പ്രായേണ മുപ്പത്തിരണ്ട്‌ ദിവസങ്ങളുണ്ട്‌.
പൃഥ്വിയുടെ ഗതി അഥവാ പരിക്രമണം കാരണം ഈ സ്ഥിതി സംഭവിക്കുന്നു. തിഥികളുടെ എണ്ണം കൂടിയതുകൊണ്ട്‌ ഉല്‍പന്നമായ അസംതുലനത്തെ സമമാക്കാനാണ്‌ ഈ വ്യവസ്ഥ. ചന്ദ്ര സംക്രാന്തിയുടെ ആധിക്യമുള്ള ഈ മാസത്തില്‍ ഭഗവദാരാധന, ഭഗവത്നാമജപം, ഭഗവത്കഥാശ്രവണം, വ്രതം, ദാനം, ദീപം കൊളുത്തല്‍, സത്സംഗം, നിഷ്കാമ പ്രവൃത്തി ഇവയെല്ലാത്തിനും വിശേഷ മാഹാത്മ്യമുണ്ട്‌. ഈ മാസത്തില്‍ സ്നാനം, ദാനം, ജപം ഇത്യാദികള്‍ക്ക്‌ മനോവാഞ്ചികപ്രാപ്തിയുണ്ടാകുന്നു. യജ്ഞവും ദാനവും കൊണ്ട്‌ രോഗപീഡയില്‍ നിന്ന്‌ മോചനമുണ്ടാകുന്നു. ദാരിദ്ര്യനാശം വരുത്തുന്നതും, ശീഘ്രം സേവനം ചെയ്യാന്‌ യോഗ്യവുമാണ്‌ ഈ അധികമാസം. ഇതിന്റെ മാഹാത്മ്യത്തെക്കുറിച്ച്‌ ഭഗവാന്‍ പൂര്‍ണപുരുഷോത്തമന്‍ പറയുന്നത്‌ ഇപ്രകാരമാണ്‌. “ഗുണം, കീര്‍ത്തി, നല്ല അനുഭവം, ഐശ്വര്യം, ഇഷ്ടങ്ങള്‍, പരാക്രമം, ഭക്തന്മാര്‍ക്ക്‌ വരദാനം എന്നിവ മാത്രമല്ല, എനിക്ക്‌ സമാനമുള്ള എല്ലാ ഗുണങ്ങളും ഇതിലുണ്ടാകും. എന്നിലുള്ള എല്ലാ ഗുണഗണങ്ങളും ഞാനീ മാസത്തിന്‌ യഥേഷ്ടം നല്‍കിയിട്ടുണ്ട്‌. ഈ അധികമാസത്തെ സേവിക്കുന്നവരുടെ ദുഃഖവും ദാരിദ്ര്യവും നാശത്തെ പ്രാപിക്കും. മനുഷ്യര്‍ക്ക്‌ മോക്ഷം പ്രദാനം ചെയ്യാന്‍ വേണ്ടി ഞാനീ മാസത്തെ എനിക്ക്‌ സമാനമായി ആക്കിത്തീര്‍ത്തു. ഇച്ഛയുള്ളവനായാലും ഇച്ഛാരഹിതനായാലും ?ഈ മാസത്തെ പൂജിക്കുന്നവന്‍ നിസ്സംശയം എന്നെ പ്രാപിക്കും. ഭക്തഗണം ഈ മാസം മുഴുവന്‍ മൃത്യുരഹിതരായി ഭവിക്കും. ശ്രമം കൂടാതെ തന്നെ ഹരിപദം പ്രാപിക്കും. സാധനകളില്‍ വെവ്വേറെ ശ്രേഷ്ഠവും കാമങ്ങളെയും അര്‍ത്ഥങ്ങളെയുമെല്ലാം നല്‍കുന്നവനായ പുരുഷോത്തമന്‍, പുരുഷോത്തമ മാസത്തില്‍ ചെയ്ത പുണ്യകര്‍മ്മങ്ങള്‍ക്ക്‌ കോടി കോടി ഗുണങ്ങള്‍ പ്രദാനം ചെയ്യും. പുരുഷോത്തമനെ വിധിപൂര്‍വ്വം സേവിക്കുന്നവന്‍, സ്വകുലത്തെ ഉദ്ധരിച്ച്‌ എന്നെ തന്നെ പ്രാപിക്കും. ശ്രേഷ്ഠരും ഭാഗ്യശാലികളുമായ സ്ത്രീകള്‍, പുത്രന്‍, സുഖം, സൗഭാഗ്യം എന്നിവയ്‌ക്കുവേണ്ടി അധികമാസത്തില്‍ സ്നാനം, ദാനം, പൂജനം മുതലായവ ചെയ്യുകയാണെങ്കില്‍ അവര്‍ക്ക്‌ അവയെല്ലാം ഞാന്‍ നല്‍കും. മാത്രമല്ല, തദനന്തരം ഗോലോകവാസവും അവര്‍ക്ക്‌ ലഭിക്കും.
എല്ലാ മാസങ്ങളിലും വച്ച്‌ ഞാനിതിനെ അത്യുത്തമമാക്കി വച്ചിരിക്കുകയാണ്‌.” പുരുഷോത്തമ മാസത്തില്‍ അനുഷ്ഠിക്കേണ്ട സത്കര്‍മ്മങ്ങള്‍, ഉപവാസവും വിഷ്ണുപ്രീത്യര്‍ത്ഥം വ്രതവുമാണ്‌. ശക്തിയുണ്ടെങ്കിലും ഇല്ലെങ്കിലും ഭക്ഷണം വര്‍ജ്ജിച്ച്‌ പുരുഷോത്തമവ്രതം അനുഷ്ഠിച്ചാല്‍ വളരെ ശ്രേയസ്കരമാണ്‌. ശതയജ്ഞങ്ങളുടെ ഫലപ്രാപ്തിയും സ്വര്‍ഗപ്രാപ്തിയുമുണ്ടാകും. ഭൂതലത്തിലുള്ള എല്ലാ തീര്‍ത്ഥങ്ങളും ക്ഷേത്രങ്ങളും പുരുഷോത്തമമാസം അനുഷ്ഠിക്കുന്നവന്റെ ശരീരത്തില്‍ വാസം ചെയ്യുന്നതായാണ്‌ സങ്കല്‍പം. അതായത്‌ മനുഷ്യശരീരം പുണ്യത്തിന്റെ അധിവാസമായിത്തീരുന്നു. പുരുഷോത്തമമാസത്തിലെ കൃഷ്ണപക്ഷത്തില്‍ അഷ്ടമി, നവമി എന്നീ തിഥികളുടെ അനുഷ്ഠാനവും വേണ്ടതാണ്‌. നിറയെ നല്ലെണ്ണയൊഴിച്ച്‌ വിളക്കുകൊളുത്തുന്നും ഐശ്വര്യദായകമാണ്‌.
നെയ്യൊഴിച്ചും ദീപം കൊളുത്തുന്നതും അഭികാമ്യമാണ്‌. മന്ത്രസഹിതം അര്‍ഘ്യം നല്‍കുന്നതും നല്ലതതാണ്‌ – “ഹെ ദേവദേവേശ ! പുരാണപുരുഷോത്തമ ! ഹരേ അങ്ങേയ്‌ക്ക്‌ നമസ്കാരം. രാധാരസമേതനായി എന്റെ അര്‍ഘ്യം സ്വീകരിച്ചാലും. ശ്യാമളകോമളനും, മുരളീധരനും, പീതാംബരധാരിയും, ലക്ഷ്മീസമേതനുമായ പുരുഷോത്തമനെ ഞാന്‍ നമസ്കരിക്കുന്നു.” പുരുഷോത്തമമാസം വിഷ്ണുവിന്‌ പ്രിയങ്കരമാണ്‌. പവിത്രവുമാണ്‌. ഇവിടെ തിലതര്‍പ്പണവും ഉത്തമമാണ്‌. ദാനം, കല്‍പതരുതുല്യം മനോവാഞ്ചിതങ്ങള്‍ സാധിച്ചുതരും. ഓട്ടുചെമ്പുകള്‍ ബ്രാഹ്മണര്‍ക്ക്‌ ദാനം നല്‍കുന്നത്‌ അത്യന്തം പുണ്യകരമാണ്‌. യമദൂതന്മാര്‍ ദൂരെ നിന്ന്‌ തന്നെ ഓടിപ്പോകുമത്രേ. അധികമാസത്തില്‍ സാളഗ്രാമപൂജയും വിധിച്ചിട്ടുണ്ട്‌. ഒരുലക്ഷം തുളസീദളങ്ങള്‍ കൊണ്ട്‌ പൂജ നടത്തുന്നത്‌ പുണ്യകരമാണ്‌.
യമദൂതന്മാര്‍ അടുത്ത പ്രദേശത്തെങ്ങും വരില്ലത്രെ. വിഷ്ണുഭഗവാന്റെ മുപ്പത്തിമൂന്ന്‌ നാമങ്ങള്‍ സ്മരിക്കുന്നത്‌ അധികമാസത്തില്‍ ശ്രേയസ്കരമാണ്‌. വിഷ്ണു, ജിഷ്ണു, മഹാവിഷ്ണു, ശ്രീകൃഷ്ണന്‍, അധോക്ഷജന്‍, കേശവന്‍, മാധവന്‍, രാമന്‍, അച്യുതന്‍, പുരുഷോത്തമന്‍, ഗോവിന്ദന്‍, വാമനന്‍, ശ്രീശന്‍, ശ്രീകാന്തന്‍, വിശ്വസാക്ഷിന്‍, നാരായണന്‍, മധുരിപു, അനിരുദ്ധന്‍, ത്രിവിക്രമന്‍, വാസുദേവന്‍, ജഗന്നാഥന്‍, അനന്തന്‍, ശേഷശായി, സംകര്‍ഷണന്‍, പ്രദ്യുമ്നന്‍, ദൈത്യാരി, വിശ്വേതോമുഖന്‍, ജനാര്‍ദ്ദനന്‍, ധാരാവാസന്‍, ദാമോദരന്‍, ശ്രീപതി, കൈടഭാരി, മുരാരി – ഇവയാണ്‌ ജപിക്കേണ്ട മുപ്പത്തിമൂന്ന്‌ നാമങ്ങള്‍.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by