Categories: Kottayam

ബിപിഎല്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയാല്‍ പ്രക്ഷോഭമെന്ന്‌

Published by

കോട്ടയം : 32 രൂപയില്‍ കൂടുതല്‍ ദിവസ ചെലവുള്ള നഗരവാസികളെയും, 26 രൂപയില്‍ അധികം ചെലവുള്ള ഗ്രാമവാസികളെയും ബിപിഎല്‍ പട്ടികയില്‍ നിന്നും ഒഴിവാക്കാനും ഇവര്‍ക്ക്‌ റേഷന്‍ നിഷേധിക്കാനുമുള്ള കേന്ദ്ര നീക്കത്തിനെതിരെ ഇന്ത്യയിലെ മുഴുവന്‍ റേഷന്‍കടകളും അടച്ചിട്ട്‌ പ്രക്ഷോഭം ആരംഭിക്കുമെന്ന്‌ ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്സ്‌ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്റ്റ്‌ കെ.ആര്‍ അരവിന്ദാക്ഷന്‍, ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര ആസൂത്രണകമ്മീഷന്‍ സുപ്രീകോടതിയില്‍ കഴിഞ്ഞ ചൊവ്വാഴ്ച നല്‍കിയ സത്യവാങ്മൂലത്തിലാണ്‌ നഗരങ്ങളില്‍ പ്രതിമാസം 965 രൂപയില്‍ താഴെയും ഗ്രാമീണമേഖലയില്‍ മാസം 781 രൂപയില്‍ താഴെയും ചെലവാക്കുന്നവരെ മാത്രമേ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയുള്ളു എന്ന്‌ അറിയിച്ചത്‌. ഇവര്‍ക്ക്‌ മാത്രമേ റേഷനും മറ്റ്‌ കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുകയുള്ളു. ഈ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നാല്‍ കേരളത്തില്‍ ബിപിഎല്‍ കാര്‍ഡുകള്‍ ഇല്ലാതാകും. പട്ടിണിമരണ സംസ്ഥാനമായി കേരളം മാറും. പാര്‍ലമെണ്റ്റില്‍ ചര്‍ച്ച ചെയ്യാതെയും സര്‍വ്വകക്ഷിയോഗം വിളിച്ചുകൂട്ടാതെയും ആസൂത്രണകമ്മീഷന്‍ ഏകപക്ഷീയമായി സുപ്രീംകോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയ നടപടി പുനപരിശോധിക്കണം. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കട ഉടമകള്‍ക്കും ഓണത്തിന്‌ ഫെസ്റ്റിവല്‍ അലവന്‍സായി 500 രൂപ നല്‍കുമെന്നും കമ്മീഷന്‍ 75 രൂപയില്‍ നിന്നും ൭൫ രൂപയായി വര്‍ദ്ധിപ്പിച്ചു നല്‍കുമെന്നും ഭക്ഷ്യമന്ത്രി പ്രഖ്യാപിച്ചുവെങ്കിലും ഫെസ്റ്റിവല്‍ അലവന്‍സ്‌ ഓണത്തിന്‌ നല്‍കാതെയും കമ്മീഷന്‍ വര്‍ദ്ധിപ്പിക്കാതെയും സര്‍ക്കാര്‍ മൗനം പാലിച്ചതായി ബേബിച്ചന്‍ മുക്കാടന്‍ ആരോപിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by