Categories: Samskriti

ദത്താത്രേയന്‍

Published by

അത്രി മഹര്‍ഷിയുടെയും അനസൂയയുടെയും പുത്രനായിട്ട്‌ വിഷ്ണുഭഗവാന്‍ ദത്താത്രേയന്‍ എന്ന നാമധേയത്തില്‍ അവതരിക്കുന്നത്‌. ഇതു സംബന്ധിച്ച പുരാണകഥ ഇപ്രകാരമാണ്‌. പണ്ട്‌ അണിമാണ്ഡവ്യന്‍ എന്നൊരു മുനിയുണ്ടായിരുന്നു. ആ മുനി മൗനനിഷ്ഠനായി സമാധിയിലിരിക്കുമ്പോള്‍ കുറേ ചോരന്മാര്‍ അതുവഴി കടന്നുപോയി. ചോരന്മാരെ പിന്‍തുടര്‍ന്ന രാജ കിങ്കരന്മാര്‍ അണിമാണ്ഡവ്യനെ ചോദ്യം ചെയ്തു. പക്ഷേ, അണിമാണ്ഡവ്യന്‍ തന്റെ മൗനവ്രതത്തെ വെടിഞ്ഞില്ല. ഇതുകണ്ട്‌ കുപിതരായ രാജകിങ്കരന്മാര്‍ മുനിയെ ശൂലത്തില്‍ കയറ്റി. മുനി മരണവേനയും അനുഭവിച്ചുകൊണ്ട്‌ വഴിവക്കിലെ ശൂലത്തില്‍ വളരെനാള്‍ കിടന്നു.

പതിവ്രതാരത്നമായിരുന്ന ശീലാവതിയുടെ ഭര്‍ത്താവായ ഉഗ്രശ്രവസ്സ്‌ ക്രൂരനും വിടനുമായിരുന്നു. സ്വപാപകര്‍മ്മത്തിന്റെ ഫലമെന്നപോലെ ഉഗ്രശ്രവസ്സ്‌ രോഗിയായിത്തീര്‍ന്നു. എന്നിട്ടും ശീലാവതി ഭര്‍ത്താവിനെ ഭക്തിയോടെ പൂജിച്ചു. ശീലാവതി ഭര്‍ത്താവിനെയും തോളിലേറ്റി ഭിക്ഷയാചിക്കാന്‍ തുടങ്ങി. ഒരുനാള്‍ ഉഗ്രശ്രവസ്സ്‌ ഒരു വേശ്യാഗൃഹത്തെ കാണുകയുണ്ടായി. അവിടെ പോകണമെന്ന്‌ ഉഗ്രശ്രവസ്സ്‌ ശീലാവതിയോട്‌ പറഞ്ഞു. ഭര്‍ത്താവിന്റെ ഇംഗിതപ്രകാരം പ്രവര്‍ത്തിക്കുന്ന ശീലാവതി അന്നുരാത്രി ഉഗ്രശ്രവസ്സിനെയും തോളിലേറ്റി വേശ്യഗൃഹത്തിലേക്ക്‌ യാത്രയായി. അവര്‍ കടന്നുപോയത്‌, അണിമാണ്ഡവ്യന്‍ ശൂലത്തില്‍ കിടക്കുന്ന പ്രദേശത്തുകൂടിയായിരുന്നു. അണിമാണ്ഡവ്യനെ കണ്ടപ്പോള്‍ ഉഗ്രശ്രവസ്സ്‌ പുച്ഛിച്ച്‌ ചിരിച്ചു. ഇതുകണ്ട്‌ കുപിതനായ അണിമാണ്ഡവ്യന്‍ ‘സൂര്യോദയത്തിന്‌ മുന്‍പായി നിന്റെ ശിരസ്‌ പൊട്ടിത്തെറിക്കട്ടെ’ എന്ന്‌ ശിച്ചു. ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനായി പതിവ്രതാരത്നമായ ശിലാവതി ‘നാളെ സൂര്യന്‍ ഉദിക്കാതിരിക്കട്ടെ’ എന്നൊരു പ്രതിശാപവും നല്‍കി. അതോടെ സൂര്യന്‍ ഉദിക്കാന്‍ സാധിക്കാതായി. ശീലാവതിയെ അനുനയിപ്പിച്ച്‌ ശാപം പിന്‍തിരിപ്പിക്കാന്‍ ത്രിമൂര്‍ത്തികള്‍ അത്രിപത്നിയായ അനസൂയയുടെ സഹായം തേടി. തന്റെ പതിയെ മൃത്യുവില്‍ നിന്ന്‌ രക്ഷിക്കാമെന്ന വാക്കിന്റെ അടിസ്ഥാനത്തില്‍ ശീലാവതി ശാപം പിന്‍വലിച്ചു. അനസൂയയുടെ പ്രയത്നം കണ്ട്‌ സന്തുഷ്ടരായ ത്രിമൂര്‍ത്തികള്‍ എന്തുവരമാണ്‌ വേണ്ടതെന്ന്‌ ചോദിച്ചു. ത്രിമൂര്‍ത്തികള്‍ തന്റെ പുത്രന്മാരായി ജനിക്കണമെന്ന വരത്തെ അനസൂയ വരിച്ചു. അതനുസരിച്ച്‌ ബ്രഹ്മാവ്‌ ചന്ദ്രന്‍ എന്ന പേരിലും വിഷ്ണു ദത്താത്രേയന്‍ എന്ന പേരിലും ശിവന്‍ ദുര്‍വാസാവ്‌ എന്ന പേരിലും അനസൂയയുടെ പുത്രന്മാരായി ജനിച്ചു. വിഷ്ണുവിനാല്‍ ദത്തനാകുകയാല്‍ ദത്തന്‍ എന്നും അത്രിയുടെ പുത്രനായതുകൊണ്ട്‌ ആത്രേയന്‍ എന്നും ദത്താത്രേയന്‌ പേരുണ്ട്‌. ഈ രണ്ടുപേരുകള്‍ ചേര്‍ത്ത്‌ ദത്താത്രേയന്‍ എന്നുവിളിക്കുന്നു.

ദത്താത്രേയന്റെ അവതാരം സംബന്ധിച്ച്‌ മറ്റൊരു പുരാണകഥയും കൂടിയുണ്ട്‌. അത്രി മഹര്‍ഷിയുടെ പത്നിയായ അനസൂയയുടെ പാതിവ്രത്യം കണ്ട്‌ ത്രിമൂര്‍ത്തി പത്നിമാരായ സരസ്വതി, ലക്ഷ്മി, പാര്‍വതി എന്നിവര്‍ക്ക്‌ വലുതായ അസൂയ തോന്നിയത്രേ. ഒരിക്കല്‍ ഭൂമിയില്‍ പത്തുവര്‍ഷത്തോളം മഴ ലഭിക്കാതിരുന്നു. അതിന്റെ ഫലമായി ഭൂമി വരണ്ടുണങ്ങുകയും സസ്യലതാദികളും ജീവജാലങ്ങളുമൊക്കെ നശിച്ചുപോവുകയും ചെയ്തു. ഈ സമയത്ത്‌ അനസൂയ തന്റെ തപശക്തികൊണ്ട്‌ ഭൂമിയില്‍ സസ്യലതാദികളെ സൃഷ്ടിക്കുകയും ജീവജാലങ്ങളെ സംരക്ഷിക്കുകയും ചെയ്തു. ഇത്രയും മാഹാത്മ്യത്തോടുകൂടിയ അനസൂയയെ പരീക്ഷിക്കുന്നതിനായി ലക്ഷ്മി, സരസ്വതി തുടങ്ങിയവര്‍ സ്വപത്നിമാരെ തന്നെ അവരുടെ അടുക്കലേക്കയച്ചു. അത്രി മര്‍ഷി ആശ്രമത്തില്‍ ഇല്ലാത്തനേരം നോക്കി ത്രിമൂര്‍ത്തികള്‍ ബ്രാഹ്മണവേഷത്തില്‍ അനസൂയയുടെ മുമ്പിലെത്തി ഒരു വരം ചോദിച്ചു. അനസൂയ വരം നല്‍കാമെന്ന്‌ പറഞ്ഞപ്പോള്‍ ത്രിമൂര്‍ത്തികള്‍ പറഞ്ഞു. അവിടുന്ന്‌ പരിപൂര്‍ണ നഗ്നയായി ഞങ്ങള്‍ക്ക്‌ ആഹാരം തരണം. ഇതുകേട്ട്‌ അനസൂയ പുഞ്ചിരിയോടുകൂടി അപ്രകാരമുള്ള വരം നല്‍കണമെന്ന്‌ പറഞ്ഞു. അനന്തരം അനസൂയ ത്രിമൂര്‍ത്തികളെ മാതൃഭാവത്തോടുകൂടി വീക്ഷിച്ചു. അനസൂയയുടെ തപസ്സിന്റെയും പാതിവ്രത്യത്തിന്റെയും ഫലമായി ത്രിമൂര്‍ത്തികള്‍ മുലകുടി മാറാത്ത ശിശുക്കളായി ഭവിച്ചു. പിന്നെ അനസൂയ ത്രിമൂര്‍ത്തികള്‍ക്ക്‌ വിവസ്ത്രയായി തന്നെ ആഹാരം നല്‍കി. തങ്ങളുടെ പതിമാരുടെ ഈ അവസ്ഥ കണ്ട്‌ ത്രിമൂര്‍ത്തി പത്നിമാര്‍ അനസൂയയോട്‌ അവരെ പൂര്‍വാസ്ഥയിലാക്കുവാന്‍ അഭ്യര്‍ത്ഥിച്ചു. അനസൂയ അതിനെ അംഗീകരിക്കുകയും ചെയ്തു. ഇതിന്‌ ശേഷം ത്രിമൂര്‍ത്തികള്‍ ഏകത്വം കൈകൊണ്ട്‌ ദത്തായത്രേയന്‍ എന്ന നാമധേയത്തില്‍ അനസൂയയുടെ പുത്രനായി ജനിച്ചു.

ദത്താത്രേയന്റെ മൂര്‍ത്തീഭാവം ത്രിമൂര്‍ത്തികള്‍ ഏകത്വം കൈകൊണ്ട രൂപത്തിലുള്ളതാണ്‌. അതായത്‌ ത്രിമൂര്‍ത്തികളെ അനുസ്മരിപ്പിക്കുന്ന മൂന്ന്‌ ശിരസ്സുകളോടും ആറ്‌ കൈകളോടും കൂടിയാണ്‌. അവയില്‍ ത്രിമൂര്‍ത്തികളുടെ ആയുധാദികളും ധരിച്ചിരിക്കുന്നു. ഈ ഭാവത്തിലാണ്‌ ദത്താത്രേയനെ ഉപാസിക്കാറുള്ളത്‌. അതുപോലെ തന്നെ ഗുരുസങ്കല്‍പത്തില്‍ ആരാധിക്കുന്നതും ദത്താത്രേയനെയാണ്‌. ദത്താത്രേയനെക്കുറിച്ച്‌ പുരാണങ്ങളില്‍ പലയിടത്തും പരാമര്‍ശമുണ്ട്‌. കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ദത്താത്രേയ മഹര്‍ഷിയെ ആരാധിച്ച്‌ ആയിരം കൈകളെ നേടിയെടുത്തതായി ബ്രഹ്മപുരാണത്തില്‍ പറയുന്നുണ്ട്‌. ദത്താത്രേയമഹര്‍ഷി നിരവധി പേര്‍ക്ക്‌ വരത്തെയും മന്ത്രോപദേശത്തേയും പ്രദാനം ചെയ്തതായി ഇതിഹാസപുരാണങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. ദത്താത്രേയന്റെ നാമധേയത്തില്‍ പ്രസിദ്ധമായ പുരാണമാണ്‌ ദത്തപുരാണം.

– രാജേഷ്‌ പുല്ലാട്ടില്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by