Categories: Kannur

പെട്രോള്‍ വില വര്‍ധന; ഹര്‍ത്താല്‍ പൂര്‍ണം

Published by

കണ്ണൂറ്‍: ജനജീവിതം ദുരിതപൂര്‍ണ്ണമാക്കുന്ന വില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ ബിജെപിയും ഇടതുപക്ഷ മുന്നണിയും സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കണ്ണൂര്‍-കാസര്‍കോട്‌ ജില്ലകളില്‍ പൂര്‍ണ്ണം. കടകമ്പോളങ്ങള്‍, വ്യാപാര-വ്യവസായ ശാലകള്‍ എന്നിവ പൂര്‍ണ്ണമായും അടഞ്ഞു കിടന്നു. സര്‍ക്കാര്‍ ഓഫീസുകളിലും ബാങ്കുകള്‍ അടക്കമുള്ള സ്ഥാപനങ്ങളിലും ഹാജര്‍നില തീരെ കുറവായതിനാല്‍ നാമമാത്രമായി മാത്രമേ പ്രവര്‍ത്തിച്ചുള്ളൂ. അത്യാവശ്യം ഇരുചക്രവാഹനങ്ങളൊഴിച്ച്‌ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. ഇരു ജില്ലകളിലെയും പ്രധാന നഗരങ്ങളായ കണ്ണൂറ്‍, തലശ്ശേരി, പാനൂറ്‍, കൂത്തുപറമ്പ്‌, പേരാവൂറ്‍, മട്ടന്നൂറ്‍, ഇരിട്ടി, ഇരിക്കൂറ്‍, ശ്രീകണ്ഠാപുരം, തളിപ്പറമ്പ്‌, പയ്യന്നൂറ്‍, തൃക്കരിപ്പൂറ്‍, കാഞ്ഞങ്ങാട്‌, കാസര്‍കോട്‌ എന്നിവിടങ്ങളെല്ലാം ഹര്‍ത്താലിനെത്തുടര്‍ന്ന്‌ തീര്‍ത്തും വിജനമായിരുന്നു. വിവിധ കേന്ദ്രങ്ങളില്‍ ബിജെപിയുടെയും ഇടതു മുന്നണിയുടെയും പ്രവര്‍ത്തകര്‍ ഇന്നലെ കാലത്ത്‌ ഹര്‍ത്താലിന്‌ അഭിവാദ്യമര്‍പ്പിച്ചും പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ചും പ്രകടനം നടത്തി. ഹര്‍ത്താലിനോടനുബന്ധിച്ച്‌ ഒറ്റപ്പെട്ട അക്രമ സംഭവങ്ങളും അരങ്ങേറി. മേലെ ചൊവ്വക്കടുത്ത്‌ മത്സ്യ ലോറിക്ക്‌ നേരെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ ലോറിയുടെ ചില്ലുകള്‍ തകര്‍ന്നു. ക്ളീനര്‍ക്ക്‌ ചെറിയ തോതില്‍ പരിക്കേല്‍ക്കുകയുമുണ്ടായി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by