Categories: Vicharam

പശ്ചിമഘട്ട റിപ്പോര്‍ട്ടിനെ ആര്‍ക്കാണ്‌ പേടി?

Published by

പശ്ചിമഘട്ടത്തിന്റെ സര്‍വ്വനാശം ഒഴിവാക്കുവാന്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം നിയമിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സിലെ പ്രൊഫസര്‍ ഓഫ്‌ എമിരിറ്റസ്‌ മാധവ്‌ ഗാഡ്ഗില്‍ ചെയര്‍മാനായുള്ള വിദഗ്‌ദ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ട്‌ 2011 ആഗസ്റ്റ്‌ 30ന്‌ വനംപരിസ്ഥിതി മന്ത്രാലയത്തിന്‌ സമര്‍പ്പിച്ചു. ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെയും ഗുജറാത്ത്‌, ഗോവ, മഹാരാഷ്‌ട്ര, കര്‍ണ്ണാടക, കേരളം, തമിഴ്‌നാട്‌ എന്നീ ആറ്‌ സംസ്ഥാനങ്ങളിലെയും രാഷ്‌ട്രീയ നേതാക്കളെ താങ്ങിനിര്‍ത്തുന്ന പല ‘പദ്ധതി’കള്‍ക്കും നേതൃത്വം നല്‍കുന്ന വമ്പന്‍ സ്രാവുകളുടെ സംരംഭങ്ങള്‍ക്ക്‌ തടയിടാവുന്ന റിപ്പോര്‍ട്ടാണ്‌ പശ്ചിമഘട്ട ഇക്കോളജിക്കല്‍ വിദഗ്‌ദ്ധ പാനല്‍ റിപ്പോര്‍ട്ട്‌. വനപ്രദേശത്തുള്ള അനേകം ഖാനികളുടെയും ഭാവി ഈ റിപ്പോര്‍ട്ടിനെ ആശ്രയിച്ചാണിരിക്കുന്നത്‌. പ്രത്യേകിച്ചും ഗോവയിലെ വനമേഖലയിലെ ഇരുമ്പൈര്‌ ഖാനികള്‍, മഹാരാഷ്‌ട്രയിലെ സിന്ധുദുര്‍ഗ്‌, രത്നഗിരി ജില്ലകളിലെ കല്‍ക്കരി, പ്രകൃതിവാതകം എന്നിവയുടെ ഖാനനം, കര്‍ണ്ണാടകത്തിലെ ബെല്ലാരിയിലെ ഗ്രാനൈറ്റ്‌ ക്വാറികള്‍, കേരളത്തിലെ പശ്ചിമഘട്ട മലമടക്കുകളിലെ പാറമടകള്‍ എന്നിവയ്‌ക്കെല്ലാം മൊറെട്ടോറിയം വരെ വന്നേക്കാവുന്ന റിപ്പോര്‍ട്ടാണിത്‌. പശ്ചിമഘട്ടം സ്ഥിതിചെയ്യുന്ന 6 സംസ്ഥാനങ്ങളും നിര്‍ദ്ദേശിച്ചിട്ടുള്ള അതിരപ്പള്ളിയടക്കം അനേകം ജലവൈദ്യുത പദ്ധതികളുടെ ഭാവിയും പശ്ചിമഘട്ട വിദഗ്‌ദ്ധസമിതിയുടെ പഠന റിപ്പോര്‍ട്ടിനെ ആശ്രയിച്ചാണിരിക്കുന്നത്‌. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം ഗോവന്‍ വനപ്രദേശത്ത്‌ ഇതുവരെ നല്‍കിയിട്ടുള്ള ഖാനനത്തിനുള്ള ലൈസന്‍സ്‌ പരിസ്ഥിതി ആഘാതപഠനങ്ങള്‍ കണക്കിലെടുക്കാതെയാണ്‌. ഇതുമൂലം നിലവില്‍ വനമേഖലക്ക്‌ പുനഃസൃഷ്ടിപോലും സാധ്യമല്ലാത്ത രീതിയിലുള്ള ആഘാതം സംഭവിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ പാനല്‍ നിര്‍ദ്ദേശിക്കുന്ന ഇക്കോഡെസിറ്റീവ്‌ ആയ ഭാഗങ്ങളിലെ ഖാനികള്‍ അടച്ചുപൂട്ടേണ്ടതായും ഇത്തരം സ്ഥലങ്ങളില്‍ ഇനിയും ലൈസന്‍സ്‌ നല്‍കാനും പാടില്ല. ജൈവവൈവിധ്യ ‘ഹോട്ട്സ്പോട്ട്‌’ പഠനം ഗോവയുടെ വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍ക്ക്‌ ചുറ്റും ബഫര്‍ സോണ്‍ വിഭാവനം ചെയ്യുന്നുണ്ട്‌. ഇന്ന്‌ അല്‍പംപോലും ബഫര്‍ സോണില്ലാത്തതുമൂലം വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍ ജൈവവൈവിധ്യനാശം നേരിടുകയാണ്‌. വന്യജീവി സംരക്ഷണകേന്ദ്രങ്ങള്‍ക്ക്‌ ചുറ്റും മൂന്ന്‌ കി.മീ.യെങ്കിലും ബഫര്‍ സോണ്‍ ഉണ്ടാവേണ്ടതുണ്ട്‌. ഈ സാഹചര്യത്തില്‍ ഗോവയുടെ വനപ്രദേശത്ത്‌ പ്രവൃത്തിച്ചുവരുന്ന ഇരുമ്പൈര്‌ ഖാനികള്‍ അടച്ചുപൂട്ടുവാനുള്ള ഉത്തരവ്‌ ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നുണ്ട്‌. പശ്ചിമഘട്ട ഇക്കോളജിക്കല്‍ വിദഗ്‌ദ്ധ പാനല്‍ റിപ്പോര്‍ട്ടില്‍ പശ്ചിമഘട്ടത്തിലെ അതിസുരക്ഷിത ഇക്കോ സെന്‍സിറ്റീവ്‌ സ്ഥലങ്ങളും, നിയന്ത്രിത ഇക്കോസെന്‍സിറ്റീവ്‌ പ്രദേശങ്ങളും പ്രത്യേകം അടയാളപ്പെടുത്തുന്നുണ്ട്‌. വികസനത്തിന്റെ പേരില്‍ പശ്ചിമഘട്ടത്തിലെ ഇക്കോ സെന്‍സിറ്റീവ്‌ പ്രദേശങ്ങളില്‍ വ്യവസായസംരംഭങ്ങളും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിരോധിക്കണമെന്ന്‌ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്‌. നിര്‍ദ്ദിഷ്ട ഗുണ്ടിയ ജലവൈദ്യുതപദ്ധതിയും ഹുബ്ലി-അന്‍കോള റെയില്‍പാതയും മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ പുനപരിശോധിക്കേണ്ടതായിട്ടുണ്ട്‌. ആദിവാസി സമുദായമായ കാടര്‍ സമുദായത്തിന്റെ ഭാവിയും, സുരക്ഷയും, വനാവകാശവും കണക്കിലെടുത്ത്‌ കേരളത്തിലെ അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി പിന്‍വലിക്കേണ്ടതായി വരും. പദ്ധതിമൂലം നശിക്കാനിടയുള്ള ചാലക്കുടി വനമേഖലയിലെ ഉരഗങ്ങളെക്കുറിച്ചുള്ള ഗഹനമായ പഠനങ്ങള്‍ നടന്നിട്ടില്ലെന്ന്‌ പാനല്‍ ചൂണ്ടിക്കാട്ടി. അതിദാരുണമായ ജൈവവൈവിധ്യ ശോഷണത്തിന്‌ വഴിവയ്‌ക്കാവുന്ന അതിരപ്പള്ളി പദ്ധതി ഗുണത്തേക്കാളേറെ ദോഷമായിരിക്കുമെന്ന്‌ പശ്ചിമഘട്ട ഇക്കോളജിക്കല്‍ വിദഗ്‌ദ്ധസമിതി വിലയിരുത്തുന്നു.

ഗുജറാത്ത്‌, ഗോവ, മഹാരാഷ്‌ട്ര, കര്‍ണ്ണാടക, കേരളം, തമിഴ്‌നാട്‌ എന്നീ ആറ്‌ സംസ്ഥാനങ്ങളിലെ പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിന്‌ നടപടികള്‍ നിര്‍ദ്ദേശിക്കുകയും ഇതുവരെ നടത്തിയ വികസന പ്രക്രിയകളുടെ വെളിച്ചത്തില്‍ ഇനി എന്ത്‌ വേണം, വേണ്ട എന്ന്‌ നിര്‍ദ്ദേശിക്കുകയും ചെയ്യുക എന്നതായിരുന്നു പശ്ചിമഘട്ട ഇക്കോളജിക്കല്‍ വിദഗ്‌ദ്ധ പാനലിന്റെ പ്രഖ്യാപിത ലക്ഷ്യം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പശ്ചിമഘട്ടത്തില്‍ നടക്കുന്ന ഇരുമ്പൈര്‌, കല്‍ക്കരി, ഗ്രാനൈറ്റ്‌ ഖാനനങ്ങള്‍, പാറമടകളുടെ പ്രവര്‍ത്തനം, മണ്ണെടുപ്പ്‌, കുന്നിടിക്കല്‍, തടിമുറിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളുടെ ഭാവിയും. റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ്‌ ജലദ്യ്തപദ്ധതികള്‍ക്കും, ഹൈറേഞ്ച്‌ റോഡുകള്‍ക്കും റെയില്‍വേ പാതകള്‍ക്കും അനുമതി നല്‍കുക. ഇതുമൂലം വ്യവസായികളും കോണ്‍ട്രാക്ടര്‍മാരും രാഷ്‌ട്രീയക്കാരും മാധവ്ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ വളരെ പ്രാധാന്യത്തോടെയാണ്‌ കാണുന്നത്‌. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ മറികടക്കുവാനുള്ള തിരക്കിലാണിവര്‍. പൊതുവിഭവങ്ങളും, പ്രകൃതിവിഭവങ്ങളും സമ്പന്നരുടെ കയ്യുകളില്‍ എത്തിക്കുകയെന്ന ‘കാറ്റലിസ്റ്റ്‌’ ധര്‍മ്മം നടത്തുന്ന രാഷ്‌ട്രീയ പ്രര്‍ത്തകര്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലും പ്രതിസന്ധിയിലുമാണ്‌. സംസ്ഥാനങ്ങളിലെ തടിയും മണ്ണും ധാതുക്കളും ജൈവവൈവിധ്യവും കവര്‍ന്നെടുക്കുവാനുള്ള തല്‍പരകക്ഷികളുടെ താല്‍പര്യമാണ്‌ മാധവ്ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ തടയിടുന്നത്‌. അതുകൊണ്ട്‌ തന്നെയാണ്‌ രാഷ്‌ട്രീയവൃത്തങ്ങളില്‍ റിപ്പോര്‍ട്ട്‌ തള്ളിക്കളയുവാന്‍ സമ്മര്‍ദ്ദേമേറുന്നത്‌. കേരളത്തിലും അതിന്റെ മര്‍മ്മരങ്ങള്‍ നാം കേള്‍ക്കുന്നുണ്ട്‌.

1600 കി.മീ. നീളവും 1.6 ലക്ഷം ചതുരശ്ര കി.മീ. വിസ്തീര്‍ണ്ണമുള്ളതും ഭാരതത്തിലെ 4 ജൈവവൈവിധ്യ ഹോട്ട്‌ സ്പോട്ടുകളില്‍ ഒന്നുമായ പശ്ചിമഘട്ട മലമടക്കുകള്‍ക്ക്‌ എന്ത്‌ സംഭവിക്കുന്നു എന്ന വിശകലനവും സംരക്ഷണ നിര്‍ദ്ദേശങ്ങളുമാണ്‌ മാധവ്ഗാഡ്ഗില്‍ പാനല്‍ റിപ്പോര്‍ട്ട്‌ മുന്നോട്ടുവയ്‌ക്കുന്നത്‌. പശ്ചിമഘട്ടത്തിന്റെ മൂന്നിലൊരു ഭാഗം വനമേഖലയാണ്‌. ഇവിടെ 1741 പുഷ്പിത സസ്യങ്ങളും, 403 ഇനം പക്ഷികളും അസംഖ്യം ജന്തുക്കളും അതിജീവിക്കുന്നു. ഇതില്‍ പശ്ചിമഘട്ടത്തില്‍ മാത്രം കണ്ടുവരുന്നവയാണധികവും. ഫലസസ്യ-ജന്തു വിഭാഗങ്ങളുടെയും ഉത്ഭവസ്ഥാനം പശ്ചിമഘട്ടം തന്നെയാണ്‌. ലോകത്തെവിടെയും കാണാത്ത അസംഖ്യം ജീവജാലങ്ങള്‍ പശ്ചിമഘട്ടത്തിലുണ്ട്‌. അവയുടെ ഇക്കോ സിസ്റ്റത്തിലെ ധര്‍മ്മം പോലും വിലയിരുത്തി വിശകലനം ചെയ്യപ്പെട്ടിട്ടില്ല. 6 സംസ്ഥാനങ്ങളിലെ മഴയും കാറ്റും ചൂടും പ്രാണവായുവും കുടിവെള്ളവും വെള്ളപൊക്കവും കൃഷിയും നിയന്ത്രിക്കുന്നത്‌ പശ്ചിമഘട്ട മടക്കുകളാണെന്ന തിരിച്ചറിവാണ്‌ ഗാഡ്ഗില്‍ കമ്മറ്റി രൂപീകരണത്തിന്‌ വഴിവച്ചത്‌. ഈ സംസ്ഥാനങ്ങളിലെ നൂറിലധികം നദികള്‍ക്ക്‌ ജന്മം നല്‍കുന്നത്‌ പശ്ചിമഘട്ടമാണ്‌. കാര്‍ഷിക മേഖലയിലെ ലക്ഷങ്ങളുടെ തൊഴില്‍ ഉറപ്പാക്കുന്നത്‌ പശ്ചിമഘട്ടമലകളാണ്‌. അതിനാല്‍ തന്നെ പശ്ചിമഘട്ട മലകളുടെനാശം സാധാരണ ജനങ്ങളുടെ ജീവിതസാഹചര്യങ്ങളെ ഇല്ലാതാക്കും. ബഹുരാഷ്‌ട്ര കുത്തകകളും ഇന്ത്യന്‍ സമ്പന്നരും കോണ്‍ട്രാക്ടര്‍മാരും രാഷ്‌ട്രീയക്കാരും ചേര്‍ന്ന്‌ പശ്ചിമഘട്ടം തുരന്ന്‌ കോടികള്‍ സമ്പാദിക്കുകയാണ്‌. ഇവരില്‍ നിന്നും വിഹിതം പറ്റുന്ന മന്ത്രിമാരും ജനപ്രതിനിധികളും രാജ്യത്തെയും ജനങ്ങളെയും വഞ്ചിക്കുകയാണ്‌. ഇവര്‍ സംസാരിക്കുന്നത്‌ പാവപ്പെട്ടവരുടെ വികസനമാണെന്ന വ്യാജേനയാണെന്നതാണ്‌ വിരോധാഭാസമായിട്ടുള്ളത്‌. പശ്ചിമഘട്ട കൊള്ളയ്‌ക്കായി കേന്ദ്ര-സംസ്ഥാനങ്ങളുടെ നയരൂപീകരണത്തെ സ്വാധീനിക്കാനും ഇക്കൂട്ടര്‍ക്ക്‌ കഴിയുന്നുണ്ട്‌. കല്‍ക്കരിയും ഇരുമ്പും ഗ്രാനൈറ്റും മണ്ണും പാറയും വനവും ദേശീയ സമ്പത്താണ്‌. അവയെല്ലാം ക്രമാതീതമായി ചൂഷണം ചെയ്താല്‍ പ്രകൃതിക്കേല്‍ക്കുന്ന ആഘാതം സാധാരണക്കാരന്റെ ജീവിതത്തേയും ജീവിതമാര്‍ഗത്തേയും കുടിവെള്ളത്തെയുമാണ്‌ ബാധിക്കുക.

പ്രസരണനഷ്ടം കുറയ്‌ക്കല്‍, നിലവിലുള്ള ജലവൈദ്യുത പദ്ധതികളുടെ ശേഷി വര്‍ധിപ്പിക്കല്‍, സിഎഫ്‌എല്‍ എല്‍ഇഡി ബള്‍ബുകളുടെ കൂടുതല്‍ ഉപയോഗം, വൈദ്യുതി ഉപയോഗ ക്രമീകരണം, പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകളുടെ ഉപയോഗം എന്നിവയെല്ലാം കേരളത്തിലെ ഊര്‍ജ്ജ പ്രതിസന്ധിക്ക്‌ പരിഹാരമാണ്‌. കഴിഞ്ഞ 6 വര്‍ഷമായി കേരളത്തില്‍ പവര്‍കട്ട്‌ നിയന്ത്രിച്ചതുതന്നെ അതിന്‌ തെളിവാണല്ലോ. മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ അതിരപ്പിള്ളി പദ്ധതിക്കെതിരാണെന്ന ചില രാഷ്‌ട്രീയ നേതാക്കളുടെ പ്രചാരണം വസ്തുതകള്‍ മറച്ചുവെച്ചുള്ളതാണ്‌. അണക്കെട്ടുവരുമ്പോഴുള്ള വന്‍ അഴിമതിയുടെ പങ്കുപറ്റാനുള്ള തല്‍പരകക്ഷികളുടെ ആഗ്രഹമായിട്ടേ ഇതിനെ കാണാനാകൂ. ഡോ. വി.എസ്‌. വിജയനും പ്രൊഫ. മാധവ്‌ ഗാഡ്ഗിലും ലോകം ബഹുമാനിക്കുന്ന ശാസ്ത്രജ്ഞരാണ്‌. അവര്‍ അതിരപ്പിള്ളിക്കെതിരെ മുന്‍വിധിയോടെയാണ്‌ പശ്ചിമഘട്ട റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടുള്ളതെന്ന വാദം വിലകുറഞ്ഞ രാഷ്‌ട്രീയ തന്ത്രമായി മാത്രമേ കണാനാകൂ. പശ്ചിമഘട്ടത്തിലെ പഠനത്തില്‍ ശാസ്ത്രമുണ്ടെങ്കില്‍ പശ്ചിമഘട്ടനാശം അനുവദിക്കില്ലെന്ന്‌ തന്നെ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടിവരും. തരംതാഴ്‌ന്ന അശാസ്ത്രീയ വാദമുഖങ്ങളുമായി ഇനിയും അതിരപ്പിള്ളി പദ്ധതിക്കായി വാദിക്കുന്നത്‌ ശാസ്ത്രീയ അന്ധതയാണ്‌, കപടരാഷ്‌ട്രീയവും.

പശ്ചിമഘട്ട വിദഗ്‌ദ്ധ പാനല്‍ റിപ്പോര്‍ട്ട്‌ മഹാരാഷ്‌ട്രയിലെ രത്നഗിരി, സിന്ധുഗ്രാം എന്നീ ജില്ലകളിലെ കല്‍ക്കരി ഖാനനം മൂലമുണ്ടാകുന്ന മലിനീകരണം മൂലം അല്‍ഫോന്‍സാ മാങ്ങ, കശുവണ്ടി, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ നാശത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്നുണ്ട്‌. ഇന്ത്യയുടെ വിദേശനാണ്യവരുമാനത്തില്‍ ഗണ്യമായ കുറവാണ്‌ ഈ നാണ്യവിളകളുടെ നാശംമൂലം ഉണ്ടാകുക. ഇത്‌ ഏതാനും ചില ഖാനി മുതലാളിമാര്‍ക്ക്‌ കോടികള്‍ സമ്പാദിക്കുവാനുള്ള അവസരം ഒരുക്കുന്നതുകൊണ്ടാണെന്ന്‌ വരുമ്പോഴാണ്‌ പ്രശ്നത്തിന്റെ ഗൗരവം പുറത്തുവരുന്നത്‌. ഇവര്‍ക്ക്‌ വേണ്ടി വാദിക്കുന്നവാന്‍ ജനപ്രതിനിധികളും മന്ത്രിമാരും രാഷ്‌ട്രീയനേതാക്കളും. രാജ്യത്തിന്റെ വിദേശനാണ്യം കുറഞ്ഞതിനെക്കുറിച്ച്‌ ഇവര്‍ക്ക്‌ വേവലാതിയില്ല. ബല്ലേരിയിലെ ഖാനനത്തിന്റെ കാര്യത്തിലും സ്ഥിതി മറ്റൊന്നല്ല. ആയിരക്കണക്കിന്‌ പാറമടകളാണ്‌ രാഷ്‌ട്രീയക്കാരുടെ ഒത്താശയോടെ കേരളത്തിലെ പശ്ചിമഘട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നത്‌. ഈ നില തുടര്‍ന്നാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കപ്പെടും. ആയതിനാല്‍ മാധവ്‌ ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ എത്രയും പെട്ടെന്ന്‌ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കണം. കേരള സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ശബരിറെയിലും അതിരപ്പിള്ളി, പൂയംകുട്ടി, പാത്രക്കടവ്‌ തുടങ്ങിയ ജലവൈദ്യുത പദ്ധതികളും മൂന്നാര്‍ ടൗണ്‍ഷിപ്പ്‌ പദ്ധതിയും ശബരിമല ടൂറിസത്തിന്റെ പേരിലുള്ള പശ്ചിമഘട്ട വനനാശവും ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ പുനഃപരിശോധിക്കേണ്ടതുണ്ട്‌.

ഡോ.സി.എം.ജോയി

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by