Categories: Varadyam

ഇതാ ഒരു കാവലാള്‍

Published by

പണത്തിന്റെ മണികിലുക്കം ഉയരുന്ന കളികള്‍… പിരിമുറുക്കമേറിയ കളിത്തട്ടുകള്‍… ദേവതുല്യരായ താരങ്ങള്‍… ഇവയെല്ലാം നിറഞ്ഞതാണ്‌ മലയാളി മനസ്സ്‌. യൂണിഫോമിട്ട കായിക ചിന്തകളില്‍ നിന്നും വേറിട്ട വഴികളിലൂടെ നടന്നുകയറി വിജയം വരിച്ചവര്‍ക്ക്‌ പൊന്‍തിളക്കമാണ്‌. ഇതിനുദാഹരണമാണ്‌ ഇന്ത്യന്‍ ഹോക്കിയിലെ മലയാളി ശ്രീത്വം.

ഹോക്കിയ്‌ക്ക്‌ വളക്കൂറില്ലാത്ത കേരള മണ്ണില്‍ നിന്നും പി.ആര്‍. ശ്രീജേഷ്‌ എന്ന എറണാകുളത്തുകാരന്‍ ഇന്ത്യന്‍ ടീമിന്റെ വലകാക്കുന്നവനായി ഉയര്‍ത്തപ്പെട്ടു. നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും കൂട്ടുകാരായപ്പോള്‍ ഉയരങ്ങളിലേക്കുള്ള വാതിലുകള്‍ ഒന്നൊന്നായി തുറക്കപ്പെട്ടു. മികവാര്‍ന്ന പ്രകടനങ്ങളിലൂടെ വിശ്വാസമര്‍പ്പിച്ചവര്‍ക്ക്‌ മധുരം തന്നെ തിരികെ നല്‍കാന്‍ ശ്രീജേഷിനായി.

സാധാരണ കര്‍ഷകകുടുംബത്തില്‍ ജനിച്ച ശ്രീജേഷ്‌ അത്ലറ്റിക്സിലൂടെയാണ്‌ ഹോക്കിയിലേക്ക്‌ എത്തിയത്‌. എറണാകുളം കിഴക്കമ്പലം സെന്റ്‌ ജോസഫ്സ്‌ സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത്‌ അധ്യാപകരാണ്‌ ഈ കുട്ടിയില്‍ ഒരു കായികതാരം ഉണ്ടെന്ന്‌ തിരിച്ചറിഞ്ഞത്‌. അവരുടെ നിര്‍ദ്ദേശപ്രകാരമാണ്‌ ശ്രീജേഷിനെ തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ്‌ സ്കൂളില്‍ ചേര്‍ത്തത്‌. ഇതായിരുന്നു കൊച്ചുതാരത്തിന്റെ ജീവിതത്തില്‍ തുടക്കത്തിലുണ്ടായ വഴിത്തിരിവ്‌. അത്ലറ്റിക്സില്‍ ഏറെ മുമ്പോട്ടുപോകാന്‍ കഴിയാതിരുന്ന ശ്രീജേഷ്‌ തന്റെ മേഖല ഹോക്കിയാണെന്ന്‌ തിരിച്ചറിയുകയായിരുന്നു. 2001 ലാണ്‌ അത്ലറ്റിക്സ്‌ ഉപേക്ഷിച്ച്‌ ഹോക്കിസ്റ്റിക്ക്‌ കയ്യിലെടുക്കുന്നത്‌. പിന്നീട്‌ ഉയര്‍ച്ചയുടെ കാലഘട്ടങ്ങളായിരുന്നു. ഏവര്‍ക്കും അഭിമാനിക്കാവുന്ന ഒരു ഹോക്കിതാരത്തിന്റെ ഉദയമാണ്‌ അന്ന്‌ ജി.വി. രാജ സ്കൂള്‍ കണ്ടത്‌.

ഇന്ത്യയ്‌ക്ക്‌ മലയാളിതാരത്തിന്റെ ഓണസമ്മാനമായിരുന്നു പ്രഥമ ഏഷ്യന്‍ ചാമ്പ്യന്‍സ്‌ ഹോക്കി കിരീടം. പരാജയമറിയാതെ ഫൈനലില്‍വരെയെത്തിയ ഇന്ത്യയ്‌ക്ക്‌ വേണ്ടി വലകാക്കാനായി കോച്ച്‌ മൈക്കിള്‍ നോബ്സ്‌ നിയോഗിച്ചത്‌ ശ്രീജേഷിനെയായിരുന്നു. മത്സരം പരമ്പരാഗത വൈരികളായ പാക്കിസ്ഥാനുമായാണ്‌ എന്നതിനാല്‍ സമ്മര്‍ദ്ദം ഉയരുക സ്വഭാവികം. പരിചയസമ്പന്നനായ ഗോളിയെ ഒഴിവാക്കി ശ്രീജേഷിനെ തെരഞ്ഞെടുത്തത്‌ തെറ്റായിരുന്നില്ലെന്ന്‌ സ്വന്തം പ്രകടനത്തിലൂടെ ഈ മലയാളിതാരം തെളിയിച്ചു. ഏഴോളം പെനാലിട്ടി കോര്‍ണറുകള്‍ നിഷ്പ്രഭമാക്കിയ ശ്രീജേഷ്‌ പാക്കിസ്ഥാനും അവരുടെ കിരീടസ്വപ്നങ്ങള്‍ക്കുമിടയില്‍ തടസ്സമായി നിലകൊണ്ടു. ഗോള്‍ പിറക്കാതെ പോയ മത്സരം ഷൂട്ടൗട്ടിലേക്ക്‌ നീങ്ങിയപ്പോള്‍ ശ്രീജേഷിന്‌ അത്‌ ഒരു ചരിത്ര നിയോഗമാവുകയായിരുന്നു. ഗോളിയുടെ മികവ്‌ പരീക്ഷിക്കപ്പെടുന്ന സമയം. പാക്കിസ്ഥാന്‍ താരങ്ങളായ ഹസന്‍ അബ്ദുള്‍ഖാന്റെയും ഷത്ഖത്ത്‌ റസൂലിന്റെയും സ്ട്രോക്കുകള്‍ തടഞ്ഞ്‌ ഇന്ത്യയ്‌ക്ക്‌ കിരീടം സമ്മാനിക്കുമ്പോള്‍ ശ്രീജേഷ്‌ ദേശീയ ഹീറോ ആയി ഉയര്‍ത്തപ്പെടുകയായിരുന്നു. ഹോക്കിയ്‌ക്ക്‌ ഇന്ത്യയില്‍ പുതിയ ഒരു ഉണര്‍വാണ്‌ ഈ കിരീടനേട്ടത്തിലൂടെ ഉണ്ടായിരിക്കുന്നത്‌.

ക്രിക്കറ്റിനായി കോടികള്‍ ഒഴുകുന്ന നാട്ടില്‍ ദേശീയ ഗെയിമായ ഹോക്കി എന്നും ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയായിരുന്നു. ഇപ്പോഴും അതിന്‌ മാറ്റമുണ്ടായിട്ടില്ല. മെച്ചപ്പെട്ട പരിശീലന സൗകര്യങ്ങളും ഗ്രൗണ്ടുകളും എല്ലാം ഹോക്കിയ്‌ക്ക്‌ നേരെ കണ്ണടയ്‌ക്കുന്നു. താരങ്ങളുടെ പ്രതിഫലം പോലും നാണിപ്പിക്കുന്നതാണ്‌. കിരീടം നേടിയവര്‍ക്ക്‌ ‘ടിപ്പ്‌’ കാശ്‌ പ്രഖ്യാപിച്ച്‌ ഹോക്കി ഇന്ത്യയും ദേശീയ ടീമിനെ അപമാനിച്ചിരുന്നു. തുടര്‍ന്നാണ്‌ നിരവധി സംസ്ഥാനങ്ങള്‍ സഹായവാഗ്ദാനങ്ങളുമായി രംഗത്തെത്തിയത്‌. എന്നാല്‍ ക്രിക്കറ്റ്‌ താരങ്ങള്‍ക്കായി തയ്യാറാക്കുന്ന മായികപ്രപഞ്ചങ്ങളെ വെല്ലാന്‍ തക്ക കായികഇനമായി ഹോക്കിയെ മാറ്റിയെടുക്കാനുള്ള യാതൊരു ശ്രമവും കായികമന്ത്രാലയം നടത്തുന്നില്ലെന്ന ദുഃഖ സത്യം അംഗീകരിക്കേണ്ടിയിരിക്കുന്നു.

ശ്രീജേഷിന്റെ പ്രകടനവും കിരീടനേട്ടവും കേരളത്തില്‍ ഹോക്കിയ്‌ക്ക്‌ ഉണര്‍വ്‌ പകരില്ലെന്ന അഭിപ്രായമാണ്‌ യുവതാരത്തിനുള്ളത്‌. ഈ അഭിപ്രായം കേരളത്തിന്റെ കായികനയത്തിന്മേലുള്ള ഒരു ചോദ്യചിഹ്നമാണ്‌. ഏതു കായിക ഇനങ്ങള്‍ മെച്ചപ്പെടുത്താനാണ്‌ ഇന്ന്‌ കേരളത്തില്‍ സൗകര്യങ്ങളുള്ളത്‌? കുട്ടിക്കാലം കഴിഞ്ഞാല്‍ താരങ്ങള്‍ മറ്റ്‌ സംസ്ഥാനങ്ങളിലേക്ക്‌ ചേക്കേറുകയാണ്‌. അവിടെ മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങളും മികച്ച കോച്ചിംഗും ലഭിക്കുന്നു. ഇവിടെ എല്ലാം ലോകനിലവാരത്തിലാണെന്നാണ്‌ ഭാഷ്യം. കായിക സംസ്കാരവും സൗകര്യങ്ങളും ഒഴികെ.

ഇങ്ങനെയുള്ള കാലഘട്ടത്തിലാണ്‌ ശ്രീജേഷ്‌ ദേശീയ ടീമിലെത്തുകയും ഹീറോ ആയി മാറുകയും ചെയ്തിട്ടുള്ളത്‌. 2002 ല്‍ ശ്രീജേഷിന്‌ കേരള ടീമില്‍ സെലക്ഷന്‍ ലഭിച്ചു. തുടര്‍ന്ന്‌ ഇന്ത്യയുടെ അണ്ടര്‍ 19 ക്യാമ്പിലും അണ്ടര്‍ 22 ക്യാമ്പിലും ഇടം കണ്ടെത്താന്‍ ശ്രീജേഷിന്‌ സാധിച്ചു. 2004 ല്‍ ഇന്ത്യന്‍ ജഴ്സിയണിഞ്ഞ ശ്രീജേഷ്‌ തൊട്ടടുത്തവര്‍ഷം ജൂനിയര്‍ ലോകകപ്പും കളിച്ചു. 2010 ല്‍ സീനിയര്‍ ലോകകപ്പിലും കേരളത്തിന്റെ അഭിമാനതാരം പങ്കെടുത്തിരുന്നു. 65 ഓളം അന്താരാഷ്‌ട്ര മത്സരങ്ങള്‍ കളിച്ചു പരിചയമുള്ള താരമാണ്‌ ശ്രീജേഷ്‌. പരിക്കുമൂലം ഒരു വര്‍ഷത്തോളം ടീമില്‍ നിന്നും വിട്ടുനിന്ന ശ്രീജേഷ്‌ തിരികെ എത്തി കളിക്കുന്ന ആദ്യ ടൂര്‍ണ്ണമെന്റായിരുന്നു ഏഷ്യന്‍ ചാമ്പ്യന്‍സ്‌ ട്രോഫി. ഇതില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനായത്‌ ശ്രീജേഷിന്റെ ആത്മവിശ്വാസം ഉയര്‍ത്തുകയാണ്‌ ചെയ്തിട്ടുള്ളത്‌.

കേരളത്തിലെ ചിരപരിചിതമായ കായിക സമവാക്യങ്ങള്‍ മാറ്റിമറിച്ചാണ്‌ താഴേക്കിടയിലുള്ള ജീവിത സാഹചര്യങ്ങളില്‍ നിന്നും ശ്രീജേഷ്‌ ഉയര്‍ന്നുവന്നത്‌.

ഇത്‌ ഏതു കായിക താരത്തിനും ആവേശം പകരുന്ന ജീവിതയാത്രയാണ്‌. മുന്നേറാനുള്ള നിശ്ചയദാര്‍ഢ്യമാണ്‌ ശ്രീജേഷിനെ മികവുറ്റ താരമാക്കി മാറ്റിയത്‌. നാളത്തെ താരങ്ങളാകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക്‌ ശ്രീജേഷ്‌ എന്നും ഒരാവേശമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.

ഇന്ത്യയുടെ രണ്ടു കിരീട നേട്ടങ്ങള്‍ക്കു പിന്നില്‍ രണ്ടു മലയാളി താരങ്ങളുടെ മികച്ച പ്രകടനം പിറവിയെടുത്തത്‌ യാദൃച്ഛികമാവാം. പ്രഥമ ട്വന്റി20 ലോകകപ്പില്‍ അവസാനപന്തില്‍ പാക്കിസ്ഥാന്റെ മിസ്ബ ഉള്‍ഹക്കിനെ കയ്യിലൊതുക്കി കിരീടം കാത്ത ശ്രീശാന്ത്‌ പിന്നീട്‌ ഇന്ത്യയുടെ മുഴുവന്‍ ശ്രീയായി. ഇപ്പോള്‍ പ്രഥമ ഏഷ്യാ ചാമ്പ്യന്‍സ്‌ ഹോക്കി ടൂര്‍ണമെന്റ്‌ ഫൈനലില്‍ ഷൂട്ടൗട്ട്‌ പ്രതിരോധിച്ച്‌ ശ്രീജേഷും ഇന്ത്യക്കുവേണ്ടി കിരീടം കാത്തു. താരങ്ങളുടെ പേരിലുള്ള ശ്രീത്വം മലയാളികള്‍ക്കാകെ അഭിമാനമാകുകയാണ്‌. നിര്‍ണ്ണായകമായ ഈ രണ്ടു മത്സരങ്ങളിലും ഏറ്റുമുട്ടിയത്‌ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലായിരുന്നതിനാല്‍ ഇന്ത്യയുടെ അഭിമാനപ്പോരാട്ടങ്ങളായി അവ മാറുകയും ചെയ്തു.

അത്ലറ്റിക്സില്‍ ഒരുകാലത്ത്‌ മലയാളിക്കുതിപ്പാണ്‌ ഉണ്ടായിരുന്നതെങ്കില്‍ ഇന്നത്‌ ടിന്റുലൂക്ക പോലുള്ള താരങ്ങളില്‍ മാത്രമൊതുങ്ങുകയാണ്‌. ഹരിയാന പോലുള്ള സംസ്ഥാനങ്ങള്‍ ചിട്ടയായ പ്രവര്‍ത്തനത്തോടെ അത്ലറ്റിക്‌ ഇനങ്ങളില്‍ ഉയര്‍ന്നു വരുമ്പോള്‍ കാര്യമായ ശ്രമങ്ങള്‍ കേരളത്തിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്ന പരാതി ഉയരുന്നുമുണ്ട്‌. എന്നാല്‍ യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ അവഗണിക്കപ്പെട്ടുകിടക്കുന്ന കായിക വിനോദമായ ഹോക്കിയിലേക്ക്‌ മലയാളിപ്പെരുമ കൊണ്ടുവന്നിരിക്കുകയാണ്‌ ശ്രീജേഷ്‌. രാജ്യത്തിന്റെ കായിക വിനോദമായ ഹോക്കിയ്‌ക്ക്‌ ഒരു കാലത്ത്‌ നഷ്ടപ്പെട്ട പ്രതാപകാലം വീണ്ടെടുക്കുന്നതിനുള്ള ഉദ്യമത്തിലേക്ക്‌ ശ്രീജേഷിന്റെ വരുംകാല പ്രകടനങ്ങള്‍ സഹായകരമാകുമെന്നുറപ്പാണ്‌.

ജി. സുനില്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts