Categories: Kasargod

എലിപ്പനി പടരുന്നു

Published by

കാഞ്ഞങ്ങാട്‌: കനത്ത മഴക്കൊപ്പം പകര്‍ച്ചവ്യാധികളും പെരുകുന്നു. ഹൊസ്ദുര്‍ഗ്ഗ്‌ താലൂക്കിലെ മലയോര പ്രദേശങ്ങളില്‍ എലിപ്പനിയെത്തുടര്‍ന്ന്‌ ആറു പേര്‍ മരിച്ചു. ഒരാഴ്ചക്കുള്ളില്‍ മലയോരഗ്രാമങ്ങളില്‍ നിന്നും കോളനികളില്‍ നിന്നും പനിബാധിച്ച്‌ ആശുപത്രികളിലെത്തിയ രോഗികളില്‍ ഭൂരിപക്ഷത്തിനും എലിപ്പനിയാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇതിണ്റ്റെ അടിസ്ഥാനത്തില്‍ പനിക്കെതിരെ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. എലിപ്പനി ബാധിച്ച ചിറ്റാരിക്കാല്‍ കാറ്റാടിയിലെ വി.മാധവന്‍ (40), കഴിഞ്ഞ ദിവസം കോഴിക്കോട്‌ ആശുപത്രിയിലാണ്‌ മരണപ്പെട്ടത്‌. ചിറ്റാരിക്കാല്‍ കാവുന്തല കോട്ടയില്‍ പത്മനാഭന്‍ (55) മംഗലാപുരം ആശുപത്രിയില്‍ മരണപ്പെട്ടിരുന്നു. പെരിയ കല്യാട്ട്‌ തട്ടുമ്മല്‍ ദളിത്‌ കോളനിയിലെ ശങ്കരനും (45) എലിപ്പനി ബാധിച്ചാണ്‌ മരിച്ചതെന്ന്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. പുല്ലൂരിലെ വി.കണ്ണനും എലിപ്പനി ബാധിച്ചാണ്‌ മരിച്ചത്‌. ഒറീസയില്‍ നിന്നും കെട്ടിട നിര്‍മ്മാണ ജോലിക്കെത്തിയ നാലുപേരെ എലിപ്പനി ബാധിച്ച്‌ കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ എലിപ്പനി ബാധിച്ച്‌ ആറുപേര്‍ മരിച്ചിട്ടുണ്ട്‌. അതേസമയം വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സതേടിയെത്തിയവരില്‍ രണ്ടുപേരും മരണപ്പെട്ടതായി സംസാരമുണ്ട്‌. പരപ്പ, ചിറ്റാരിക്കല്‍ ദളിത്‌ കോളനികളില്‍ നിന്നും പനിബാധിച്ച്‌ ജില്ലാ ആശുപത്രിയിലെത്തി ഇവിടെ നിന്നും മെഡിക്കല്‍ കോളേജിലേക്കു റഫര്‍ ചെയ്ത കണ്ണന്‍, നാരായണന്‍, കുമ്പ എന്നിവരുടെ നില ഗുരുതമായി തുടരുകയാണ്‌. നടപടികളും ബോധവല്‍ക്കരണങ്ങളും മുറക്ക്‌ നടന്നുവെങ്കിലും രോഗവ്യാപനം അധികൃതരെ കുഴക്കുകയാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts