Categories: Kasargod

ഓണക്കാലത്ത്‌ അനധികൃതമായി കോടികളുടെ മദ്യവും കോഴിയും പാലുത്പന്നങ്ങളും കടത്തി

Published by

കാസര്‍കോട്‌: ഉത്സവകാലത്തെ കള്ളക്കടത്ത്‌ തടയാന്‍ അതിര്‍ത്തി ചെക്ക്‌ പോസ്റ്റകളില്‍ കര്‍ശന പരിശോധന നടത്തിയെന്ന്‌ അധികൃതര്‍ അവകാശപ്പെടുമ്പോഴും ഓണക്കാലത്ത്‌ നികുതി വെട്ടിച്ച്‌ ലക്ഷക്കണക്കിനു രൂപയുടെ കോഴിയും പാലും അനധികൃതമായി മദ്യവും കടത്തിയതായി സൂചന. എക്സൈസ്‌ പോലീസ്‌ വില്‍പന നികുതി ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും ചെക്ക്പോസ്റ്റുകളിലും ദേശീയപാതയിലും വാഹന പരിശോധന നടത്തിയെന്ന്‌ അവകാശപ്പെടുമ്പോഴാണ്‌ മഞ്ചേശ്വരം-പെര്‍ള ചെക്ക്‌ പോസ്റ്റുകള്‍ വഴി ലോഡു കണക്കിനു ഇറച്ചി കോഴിയും മദ്യവും കണ്ണൂര്‍-കാസര്‍കോട്‌ ജില്ലകളിലേക്കൊഴുകിയത്‌. ഉത്രാടം, തിരുവോണം മദ്യ നിരോധനമുള്ള ചതയം ദിനങ്ങളില്‍ ബിവറേജസ്‌ കോര്‍പ്പറേഷണ്റ്റെ മദ്യശാലകളില്‍ നിന്നുള്ള മദ്യത്തിനു പുറമെ കര്‍ണാടക-ഗോവ നിര്‍മിത വിദേശമദ്യവും പാക്കറ്റു ചാരായവും ജില്ലയിലേക്കു ഒഴുകിയിരുന്നു. ബീവറേജ്‌ കോര്‍പ്പറേഷണ്റ്റെ വില്‍പ്പനശാലയ്‌ക്കു സമീപത്തു പോലും കര്‍ണാടക-ഗോവന്‍ മദ്യങ്ങള്‍ വ്യാപകമായി വിലകുച്ചു വില്‍പന നടത്തിയതായി പരാതി ഉയര്‍ന്നിരുന്നു. പല കോളനികളിലും വിലകുറഞ്ഞ വിദേശമദ്യം വില്‍പന നടത്തിയതായി പരാതി ഉയര്‍ന്നെങ്കിലും ഇതേക്കുറിച്ചും അന്വേഷണം ഉണ്ടായില്ല. ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി എക്സൈസും പോലീസും ചേര്‍ന്നു പിടികൂടിയ മദ്യത്തിലേറെയും കര്‍ണാടകയിലേയും ഗോവയിലേതുമാണ്‌. തിരുവോണം കഴിഞ്ഞ്‌ പിറ്റേന്നാള്‍ മായിപ്പാടിയില്‍ കാറില്‍ നിന്നു പിടികൂടിയ 2256 കുപ്പി വിദേശമദ്യവും മഞ്ചേശ്വരവും ചെക്ക്‌ പോസ്റ്റു വഴിയാണ്‌ ജില്ലയിലേക്കെത്തിയത്‌. യാതൊരു വിധ പരിശോധനയും കൂടാതെയാണ്‌ മദ്യം ചെക്ക്‌ പോസ്റ്റു കടന്നതെന്ന്‌ പിടിയിലായ പ്രതിയും ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. ഇതിനു പുറമെയാണ്‌ പാലും കോഴിക്കടത്തും. ഓണ വിപണി ലക്ഷ്യമിട്ട്‌ ലോഡു കണക്കിനു കോഴിയാണ്‌ അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ വഴി കണ്ണൂര്‍-കാസര്‍കോട്‌ ജില്ലകളിലെത്തിയത്‌. ഇതില്‍ പകുതിയിലേറെ ലോഡും യാതൊരു വിധ രേഖകളുമില്ലാതെയാണ്‌ വില്‍പ്പന ശാലകളിലെത്തിയത്‌. ഉത്രാട – തിരുവോണ ദിവസം രാത്രിയിലാണ്‌ വടക്കന്‍ കേരളത്തിലേക്ക്‌ കര്‍ണാടകയില്‍ നിന്നും പാലൊഴുക്കുണ്ടായത്‌. മില്‍മ പാല്‍ ആവശ്യത്തിനു ലഭ്യമല്ലെന്ന സൂചന ലഭിച്ചതോടെ കര്‍ണാടകയില്‍ നിന്നും വിവിധ പേരുകളിലുള്ള പാല്‍ അതിര്‍ത്തി കടന്നെത്തി. മില്‍മയുടെ കവറുകളോടു സാമ്യമുള്ള പായ്‌ക്കറ്റുകളിലാണ്‌ പാലും തൈരും വില്‍പന കേന്ദ്രങ്ങളിലെത്തിയത്‌. നികുതി വെട്ടിച്ച്‌ അന്യസംസ്ഥാനങ്ങളില്‍ നിന്നു സാധനങ്ങള്‍ കടത്തിക്കൊണ്ടു വന്നത്‌ ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗത്തിണ്റ്റെ ഒത്താശയോടെയാണെന്ന്‌ പറയുന്നു. അതിര്‍ത്തി ചെക്ക്‌ പോസ്റ്റുകളില്‍ പരിശോധന പ്രഹസനമാക്കിയതോടെ നിര്‍ബാധം ഒഴുകിയ പാലും മദ്യവും ഇറച്ചിയും കോടികള്‍ വിലമതിക്കുന്നതാണ്‌. ജില്ലയില്‍ വ്യാപകമായി മദ്യമൊഴുകിയതിനു കാരണക്കാര്‍ അതിര്‍ത്തി ചെക്ക്‌ പോസ്റ്റിലെ ഉദ്യോഗസ്ഥരാണെന്നും ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts