Categories: Vicharam

മരണത്തലവന്മാര്‍

Published by

ജന്മഭൂമിയില്‍ 6.9.2011ലെ ‘പത്രദുഃഖ’ത്തില്‍ ഞാനെഴുതി:

‘ഈ പുണ്യഭൂമി മുഴുവന്‍ ബോംബുസ്ഫോടനം നടത്തി ചാമ്പലാക്കുന്നവനെയും ജനത്തിന്റെ അധ്വാനപ്പണമായ കോടികള്‍ മുടക്കി സംരക്ഷിയ്‌ക്കുന്നു. അവനും ദയാഹര്‍ജിയുമായി ദല്‍ഹിയ്‌ക്കുപോകുന്നു. ജനം നാള്‍ക്കുനാള്‍ പൊട്ടിച്ചിതറി മരിച്ചുമണ്ണടിഞ്ഞുകൊണ്ടേയിരിക്കുന്നു. അപ്പോഴും ഭരണം തകൃതിയായി നടക്കുന്നു. ഇഷ്ടംപോലെ ജാഗ്രതാനിര്‍ദ്ദേശം നല്‍കുന്നു. എന്തു ജാഗ്രത? ഏതു ജാഗ്രത?’ ഇതിന്റെ അച്ചടിമഷി ഉണങ്ങും മുമ്പ്‌, വെറും 24 മണിക്കൂര്‍ കഴിയും മുമ്പ്‌, ദല്‍ഹിയില്‍, കേന്ദ്രഗവണ്‍മെന്റിന്റെ മൂക്കിനുതാഴെ, ഡല്‍ഹി ഹൈക്കോടതിയുടെ തിരുമുറ്റത്ത്‌ തന്നെ, അടുത്ത സ്ഫോടനവും നടന്നുകഴിഞ്ഞിരിക്കുന്നു! പതിമൂന്നുപേര്‍ മരിച്ചു. തൊണ്ണൂറിലധികം പേര്‍ക്ക്‌ പരിക്ക്‌. നാലുപേരുടെ നില അതീവഗുരുതരം!

ആരാണ്‌ ഇവരൊക്കെ? നേതാക്കന്മാരാണോ? മന്ത്രിമാരാണോ? വിവിഐപിമാരാണോ? അല്ല. ഒരിയ്‌ക്കലും അവര്‍ക്കൊന്നും ഒന്നും സംഭവിയ്‌ക്കില്ല. ഇതു ജനം. വെറും ജനം. ആര്‍ക്കും വേണ്ടാത്ത സാധാരണക്കാരായ ജനം! ഈ ഭീകരതയ്‌ക്കു മുമ്പില്‍ മുട്ടുമടക്കില്ല എന്നു പ്രധാനമന്ത്രി! കുറ്റവാളികളെ നിയമത്തിന്‌ മുമ്പില്‍ കൊണ്ടുവരുമെന്ന്‌ ആഭ്യന്തരമന്ത്രി! സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റവര്‍ ഭീഷണി മുഴക്കുന്നു-അടുത്ത സ്ഫോടനം സുപ്രീംകോടതിയുടെ മുമ്പാകെ ആയിരിയ്‌ക്കുമെന്ന്‌!

നമ്മള്‍ ഇതില്‍ ആരുടെ വാക്കാണ്‌ വിശ്വസിയ്‌ക്കേണ്ടത്‌? മുന്‍ അനുഭവങ്ങളില്‍ നിന്ന്‌ നമ്മള്‍ എന്തുപഠിച്ചു? രാജ്യത്തെയും ജനങ്ങളെയും മുള്‍മുനയില്‍ നിര്‍ത്തി 2005 മുതല്‍ നടന്നുവരുന്ന ഭീകരാക്രമണങ്ങളില്‍ ഇത്‌ 24-ാ‍മത്തേത്‌. ആക്രമണകാരികളുടെ രേഖാചിത്രം പുറത്തുവിടുന്നു. നമ്മുടെ പിടിപ്പുകേടിന്റെ രേഖാചിത്രം മറച്ചുവയ്‌ക്കുകയും ചെയ്യുന്നു. ആരുടെ മുട്ടുമടങ്ങിയാലും മടങ്ങിയില്ലെങ്കിലും ഇത്‌ 24-ാ‍ം തവണ.

നിയമത്തിന്‌ മുമ്പില്‍ കൊണ്ടുവന്നാലും ഇല്ലെങ്കിലും ഇത്‌ 24-ാ‍ം തവണ! 24 കഴിഞ്ഞ്‌ ഇരുപത്തഞ്ചാം തവണയായാലും മുട്ടുമടങ്ങില്ല. നിയമത്തിന്‌ മുമ്പില്‍ കൊണ്ടുവരും. ജാഗ്രതാനിര്‍ദ്ദേശം കൊടുക്കും. ഇതൊരു തുടര്‍ക്കഥയെപ്പോലും നാണിപ്പിക്കുന്ന തുടര്‍ക്കഥ!

പണ്ടെങ്ങാണ്ടോ ഒരു തീവണ്ടിയപകടമുണ്ടായി. കുറ്റം തന്റേതല്ലാതായിരുന്നിട്ടും അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ രാജിവച്ച ഒരു മന്ത്രി നമുക്കുണ്ടായിരുന്നു-ഇപ്പോഴത്തെ നേതാക്കന്മാരും കേട്ടിട്ടുണ്ടാവും. പേര്‌ ലാല്‍ ബഹാദൂര്‍ ശാസ്ത്രി. അദ്ദേഹത്തെ എന്തിനോ താഷ്കന്റിലേക്കയ്‌ക്കു പറഞ്ഞയച്ചു. പിന്നെ ജീവനോടെ മടങ്ങിവന്നില്ല! ഇപ്പോഴും ചില ദുരൂഹതകള്‍ ബാക്കി. അതൊക്കെ പഴയ കഥ. ആ ധര്‍മ്മവും ഉത്തരവാദിത്തവുമൊന്നും ദയവായി ഓര്‍മ്മിയ്‌ക്കാതിരിക്കുക. അത്രയും സമാധാനം. ഇന്ന്‌ എവിടെയുണ്ട്‌ ധര്‍മ്മം? ആര്‍ക്ക്‌ ആരോടാണ്‌ ഉത്തരവാദിത്വം? ഇന്ന്‌ രാജിവയ്‌ക്കാന്‍ മാത്രം ബുദ്ധിമോശം കാണിയ്‌ക്കുന്ന ആരുണ്ട്‌?

മനസ്സുമരവിച്ചിട്ടാണ്‌ ഇങ്ങനെയൊക്കെ എഴുതിപ്പോകുന്നത്‌. ഈശ്വരാ! നമ്മുടെ നാട്‌ എങ്ങോട്ട്‌? നാളെ ഇതിന്റെ സ്ഥിതിയെന്ത്‌? സ്ഫോടനം നടത്തുന്ന കൊടുംഭീകരവാദികള്‍ പോലും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. നമ്മുടെ നാടിനെ ഭരിച്ച്‌ ഭരിച്ച്‌ഈയൊരു ദുരവസ്ഥയില്‍ക്കൊണ്ട്‌ എത്തിച്ചതിന്റെ ഉത്തരവാദിത്വം ആര്‌ ഏറ്റെടുക്കും?

നമ്മുടെ ഭരണഘടന ‘ജീവനും സ്വത്തിനും സംരക്ഷണം’ ഉറപ്പുനല്‍കുമ്പോള്‍, ഒരു ഭാഗം പറയാന്‍ വിട്ടുപോയിരിക്കുന്നു! ‘വിഐപിമാരുടെയും വിവിഐപിമാരുടെയും സന്തതിപരമ്പരകളുടെയും അവരുടെ വളര്‍ത്തുമൃഗങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുനല്‍കുന്നു എന്നല്ലേ വേണ്ടത്‌? അല്ലാതെ ഒരു സാധാരണക്കാരന്‌ എന്ത്‌ സുരക്ഷയും സംരക്ഷണവുമാണ്‌ ഇവിടെ ലഭിയ്‌ക്കുന്നത്‌? അന്നന്നത്തെ റേഷന്‌ തെണ്ടാന്‍ പോകുന്ന വഴിയ്‌ക്ക്‌ അവന്‍ ബോംബ്‌ സ്ഫോടനത്തിന്‌ ഇരയാകും. പത്തും പതിനഞ്ചും കഷണങ്ങളായി പൊട്ടിത്തെറിച്ച്‌ അവസാനിയ്‌ക്കും. അവന്റെ കുടുംബം അനാഥമാവും. അതേസമയം അവന്‍കൂടി വോട്ടുചെയ്തു ജയിപ്പിച്ചനേതാവ്‌ എ മുതല്‍ ഇസഡ്‌ വരെയുള്ള സുരക്ഷാകാറ്റഗറിയില്‍ സുസ്മേരവദനനായി നാട്ടുകാരുടെ നികുതിപ്പണം തിന്ന്‌ സമൃദ്ധമായി തടിച്ചുകൊഴുത്ത്‌ വാണരുളുന്നുമുണ്ടാവും! ഇവിടെ ആയുസ്സിന്റെ കാലാവധി തീരുന്നതുവരെ നേരാംവണ്ണം ഒന്ന്‌ ജീവിച്ചുമരിയ്‌ക്കണമെങ്കില്‍ ഒരാള്‍ വിഐപിയായിട്ടുതന്നെ ജനിയ്‌ക്കണം എന്നതായിരിക്കുന്നു സ്ഥിതി. മഹാഭാരതത്തിലെ കുന്തി പറയുന്നതും അതാണ്‌-

പ്രസവിയ്‌ക്കുന്നെങ്കില്‍ ഭാഗ്യവാനെ പ്രസവിയ്‌ക്കണം. ധീരനെയോ പണ്ഡിതനെയോ ഒക്കെ പ്രസവിച്ചിട്ട്‌ ഒരു കാര്യവുമില്ല. അതുപോലെ, ജനിയ്‌ക്കുന്നെങ്കില്‍ വിഐപിയായിട്ടു ജനിയ്‌ക്കണം. അല്ലാത്തവര്‍ക്ക്‌ ഇവിടെ രക്ഷയില്ല. നിലമുഴുന്നവനും കൃഷിക്കാരനും കെട്ടിടം പണിക്കാരനും ബീഡിതെറുപ്പുകാരനും ഗുമസ്തനും റിക്ഷാക്കാരനും ആദിവാസിയുമൊക്കെ ഇവിടെ ജീവിച്ചിരുന്നിട്ട്‌ എന്തുകാര്യം? ആദിവാസിയ്‌ക്ക്‌ എന്തിനാണ്‌ ഭൂമി? സാധാരണക്കാര്‍ക്ക്‌ എന്തിനാണു ജീവിതം? വോട്ടുചെയ്യുന്നതോടെ അവരുടെ ജോലി കഴിഞ്ഞില്ലേ? പിന്നെ ചത്താലെന്ത്‌, ജീവിച്ചാലെന്ത്‌?

പക്ഷേ, വിഐപിമാരുടെ കാര്യം അതല്ല. ഭരിയ്‌ക്കാന്‍ വേണ്ടി ജനിച്ചവരാണ്‌ അവര്‍. സുഖിയ്‌ക്കാന്‍ വേണ്ടി ജീവിയ്‌ക്കുന്നവരാണ്‌ അവര്‍. അദ്ധ്വാനിക്കേണ്ട, വിയര്‍ക്കേണ്ട. ചുറ്റും എത്രത്തോളം കരിമ്പൂച്ചകള്‍ തോക്കുമായി സംരക്ഷണവലയം തീര്‍ക്കുന്നുവോ അത്രത്തോളം മഹത്വമുള്ളവരാണ്‌ അവര്‍. വിഡ്ഢികളായ നമുക്കുണ്ടോ ഇതൊക്കെ മനസ്സിലാകുന്നു. മനസ്സിലാകണമെങ്കില്‍ വിവരവും വിദ്യാഭ്യാസവും വേണം. ഇതുരണ്ടുമില്ലെങ്കില്‍, കുറഞ്ഞപക്ഷം ഒരു ഛോട്ടാ നേതാവെങ്കിലും ആയിരിയ്‌ക്കണം. ഒന്നുമില്ലാതെ അഭിപ്രായം പറയാന്‍ നമുക്കെന്തു യോഗ്യത? പണ്ടൊക്കെ രാജാക്കന്മാര്‍ താല്‍പര്യമുള്ള ചില ആശ്രിതന്മാര്‍ക്ക്‌ കരമൊഴിവായി ഭൂമിയും മറ്റും പതിച്ചുകൊടുക്കുന്ന ഒരു ഏര്‍പ്പാടുണ്ടായിരുന്നു. കൈതൊഴുതും കാലുപിടിച്ചും നിന്ന മുഖസ്തുതിക്കാര്‍ക്ക്‌ വന്‍ തോതില്‍ നേട്ടമുണ്ടായ ഒരു കാലമായിരുന്നു അത്‌. ആ ഭൂമിയില്‍ കണ്ടമാനം പള്ളികളും പള്ളിക്കൂടങ്ങളുമൊക്കെ ഉണ്ടായ കാര്യവും നമുക്കറിയാം. കൊടുത്ത അവകാശം വാങ്ങിയ ആളിന്‌ മാത്രമല്ല, അവരുടെ സന്തതി പരമ്പരകള്‍ക്കുമെല്ലാം ബാധകമായിരുന്നു. അതുപോലെയാണ്‌ വിഐപി സുരക്ഷയും. പരമ്പരകള്‍ക്കെല്ലാം രക്ഷ. അതീവ സുരക്ഷ! പുത്തനായി പിറന്നുവീഴുന്ന സന്തതികള്‍ക്കുപോലും കനത്ത പരിരക്ഷ!

അതുമാത്രമല്ല, ഇക്കൂട്ടര്‍ക്ക്‌ ദഹനക്കേടുകൊണ്ട്‌ ചെറിയൊരു വയറ്റില്‍വേദന വന്നാലും ശരി, ഇവിടത്തെ ഗുളിക പറ്റില്ല. ഇവിടത്തെ ആസ്പത്രി പറ്റില്ല. ഇവിടെയുള്ള ഒന്നിനെയും വിശ്വാസമില്ല. പുച്ഛമാണ്‌. ഈ സ്ഥാപനങ്ങളൊക്കെ ഇവിടെ മണ്ണില്‍ക്കിടന്ന്‌ ഇഴയുന്ന ഭിക്ഷാംദേഹികള്‍ക്കുവേണ്ടി! തങ്ങള്‍ക്കുള്ള സുഖചികിത്സ അങ്ങ്‌ അമേരിക്കയില്‍!

പ്രസവവേദനകൊണ്ട്‌ ഇപ്പോള്‍ മരിച്ചുപോവും എന്ന മട്ടില്‍ നിലവിളിക്കുന്ന ആദിവാസിസ്ത്രീയെ ആസ്പത്രിയിലെത്തിക്കാന്‍ ഏഴും എട്ടും കിലോമീറ്റര്‍ ചുമന്നുകൊണ്ടുപോകുന്ന ദൃശ്യങ്ങളാണ്‌ നാം കാണുന്നത്‌. അവരുടെ പേരില്‍ ക്ഷേമം പറഞ്ഞ്‌ കോടികള്‍ മുക്കുന്നു. അവര്‍ക്ക്‌ കിട്ടുന്നത്‌ ക്ഷാമം മാത്രം. ഇവിടെയാണത്രേ സോഷ്യലിസം വരാന്‍ പോകുന്നത്‌! വായ്തോരാതെ സോഷ്യലിസം പറയുന്നവരുടെ പഞ്ചനക്ഷത്ര സുഖചികിത്സയും അങ്ങ്‌ അമേരിക്കയില്‍ത്തന്നെ.

നല്ലകാര്യം. പക്ഷേ, ഇതൊക്കെ ആരുടെ ചെലവിലാണു നടക്കുന്നത്‌? ഇവരാരെങ്കിലും സ്വന്തം കുടുംബത്തില്‍ നിന്നുകൊണ്ടുവന്നിട്ടാണോ ഇതൊക്കെ ആസ്വദിയ്‌ക്കുന്നത്‌? അല്ല, എല്ലാം പാവപ്പെട്ട ജനത്തിന്റെ ചെലവില്‍! സഹികെട്ടിട്ടാണെന്നു തോന്നുന്നു, കുറേ നാള്‍ മുമ്പ്‌ ബോംബെ ഹൈക്കോടതിയുടെ ഒരു പരാമര്‍ശമുണ്ടായത്‌-“എന്താണ്‌ ഈ വിഐപി സുരക്ഷ? രാജ്യസംരക്ഷണത്തിനുള്ള എന്തുമാത്രം ശക്തിയാണ്‌ ഇതിനുവേണ്ടി വെറുതെ വ്യയം ചെയ്യപ്പെടുന്നത്‌? ജനത്തെ ഭയമുള്ളവര്‍ എന്തിനാണ്‌ ജനത്തെ സേവിയ്‌ക്കാന്‍ ഇറങ്ങുന്നത്‌? ജനത്തിന്‌ ആവശ്യമുള്ള നേതാക്കന്മാരെജനം തന്നെ സംരക്ഷിച്ചുകൊള്ളുമല്ലോ- കോടതിയുടെ പരാമര്‍ശത്തില്‍ മറ്റൊരു ധ്വനികൂടി അന്തര്‍ല്ലീനമായിരിക്കുന്നു. അവനവനെപ്പോലും രക്ഷിയ്‌ക്കാന്‍ കഴിയാത്ത ഒരുവന്‍ എങ്ങനെ ജനങ്ങളെ രക്ഷിയ്‌ക്കും? എങ്ങനെ നാടിനെ രക്ഷിയ്‌ക്കും?”

പരാമര്‍ശങ്ങള്‍ ഇനിയുമുണ്ടാകും. അപ്പോഴും ഈ ഹാസ്യനാടകം തുടരുകതന്നെ ചെയ്യും. എരുമപ്പുറത്ത്‌ എത്ര മഴപെയ്താലെന്ത്‌, പെയ്തില്ലെങ്കിലെന്ത്‌?

ഇപ്പോള്‍ ഇത്‌ എഴുതാന്‍ കാരണം, 7.9.2011ലെ ദല്‍ഹി ഹൈക്കോടതിമുറ്റത്തെ ബോംബുസ്ഫോടനത്തെത്തുടര്‍ന്നുണ്ടായ ചാനല്‍ചര്‍ച്ചകളില്‍ ഉയര്‍ന്നുകേട്ട പ്രബലമായ ഒരു വിലയിരുത്തല്‍ ഈ വഴിയ്‌ക്കു ചിന്തിയ്‌ക്കാന്‍ പ്രേരണ നല്‍കുന്നു എന്നതുകൊണ്ടാണ്‌. രക്ഷകരായ രക്ഷകരെല്ലാം വിഐപിമാരെ രക്ഷിയ്‌ക്കാന്‍ രക്ഷാവലയം തീര്‍ക്കുന്ന തിരക്കിലാകയാല്‍, കോടതികളെപ്പോലും രക്ഷിയ്‌ക്കാന്‍ രക്ഷാഭടന്മാര്‍ അവശേഷിയ്‌ക്കുന്നില്ല എന്ന അരക്ഷിതാവസ്ഥയാണ്‌ ചര്‍ച്ചയില്‍ മുഴങ്ങിക്കേട്ടത്‌.

ഭാരതത്തെ മൂന്നുദിവസം മുള്‍മുനയില്‍ നിര്‍ത്തിയ ബോംബെ സ്ഫോടനത്തില്‍ നടുങ്ങാത്ത ആരുണ്ട്‌?എല്ലാം മാറ്റിവച്ച്‌ തല്‍ക്ഷണം അവിടെ പറന്നെത്തേണ്ട ആഭ്യന്തരനായകന്‌ എത്താന്‍ കഴിഞ്ഞില്ല. കാരണം എന്തെന്നോ? അദ്ദേഹം ‘ഡ്രസ്സ്‌ ചെയ്ഞ്ച്‌’ ചെയ്യുന്ന തിരക്കിലായിപ്പോയി. മൂന്നുനേരം ഔഷധസേവ എന്നുപറയുംപോലെ ദിവസേന മൂന്നുനേരം ഡ്രസ്സ്‌ ചെയ്ഞ്ചു ചെയ്താലേ നായകനാകൂ. പിന്നെ ഫേഷ്യല്‍. പൗഡര്‍. സ്പ്രേ. ബോംബെയില്‍ നടന്നത്‌ സിനിമാഷൂട്ടിംഗായിരുന്നോ?

നൂറുകണക്കിന്‌ ആള്‍ക്കാര്‍ മരിച്ചുവെന്തടിഞ്ഞു. ആര്‍ക്കുനഷ്ടം? പക്ഷേ, ആരും ഒന്നും ചെയ്തില്ല എന്നുമാത്രം പറയരുത്‌. ഉടനെതന്നെ അതീവജാഗ്രതാ നിര്‍ദ്ദേശം കൊടുത്തില്ലേ? സ്ഫോടനത്തെ അപലപിച്ചില്ലേ? ഇന്ത്യയെ തകര്‍ക്കാന്‍ ആരെയും അനുവദിയ്‌ക്കില്ല എന്ന്‌ പ്രസ്താവനകള്‍ ഇറക്കിയില്ലേ? ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിയ്‌ക്കാന്‍ സമ്മതിയ്‌ക്കില്ല എന്നു വീരവാദം മുഴക്കിയില്ലേ? അതൊക്കെ പോരേ? എന്നിട്ടെന്തായി?

സ്ഫോടനങ്ങളുടെ തോത്‌ താരതമ്യേന കുറഞ്ഞിട്ടുണ്ട്‌ എന്നൊരാള്‍ ആശ്വസിപ്പിയ്‌ക്കുന്നതുകേട്ടു. നല്ല ആശ്വാസം! നൂറുകോടിയിലധികം ജനങ്ങളുള്ള ഒരു രാജ്യത്തില്‍ എത്ര ശ്രദ്ധിച്ചാലും ഇടയ്‌ക്ക്‌ ഇങ്ങനെയൊക്കെ സംഭവിയ്‌ക്കാം എന്ന്‌ മറ്റൊരു നിലയവിദ്വാന്‍! ഈ കണ്ടുപിടിത്തത്തിന്‌ അദ്ദേഹത്തിന്‌ ഒരു ഡോക്ടറേറ്റ്‌ കൊടുക്കാന്‍ ഏതെങ്കിലും ഒരു സര്‍വ്വകലാശാല (ഇപ്പോള്‍ സര്‍വ്വസ്ഥലത്തും കലാശാലകള്‍ ഉള്ള സ്ഥിതിയ്‌ക്ക്‌) മുമ്പോട്ടുവരും എന്ന്‌ പ്രതീക്ഷിയ്‌ക്കുന്നു. ഒരേയൊരു ഭീകരാക്രമണം മാത്രമേ അമേരിക്കയിലുണ്ടായുള്ളൂ. വര്‍ഷം പത്തു കഴിഞ്ഞു. പിന്നെ അതുണ്ടായിട്ടില്ല. അവരുടെ ശ്രദ്ധയും കരുതലും അത്രമാത്രമുണ്ട്‌. പക്ഷേ, ഇന്ത്യയില്‍ ദിനപത്രം പോലെ ഇത്‌ ആവര്‍ത്തിച്ചിട്ടും എന്തുകൊണ്ടാണ്‌ തടയാന്‍ കഴിയാത്തത്‌ എന്ന ചോദ്യത്തിന്‌ മറ്റൊരു മഹാനേതാവിന്റെ മറുപടിയും കേട്ടു-‘അമേരിയ്‌ക്ക പോലെയല്ല ഇന്ത്യ!” ശരിയാണ്‌. അവര്‍ക്ക്‌ സ്വന്തം രാജ്യത്തോട്‌ കൂറുണ്ട്‌. അതിന്റെ പേരില്‍ അഭിമാനമുണ്ട്‌.

ശരിയല്ലേ? എത്ര ബുദ്ധിപൂര്‍വ്വകമായ ഉത്തരം! നാം അദ്ദേഹത്തെയും അഭിനന്ദിയ്‌ക്കുക. ഇവറ്റകളെയൊക്കെ അഭിനന്ദിച്ചഭിനന്ദിച്ച്‌ കയ്യില്‍ക്കിട്ടിയ വിലപ്പെട്ട ജീവിതം ദ്രവിപ്പിച്ചു ദ്രവിപ്പിച്ചു ചത്തൊടുങ്ങുവാനാണല്ലോ നമ്മുടെ വിധി!

ദല്‍ഹി ഹൈക്കോടതിമുറ്റത്ത്‌ കൃത്യം നാലുമാസം മുമ്പേ നടന്നതാണ്‌ ഒരു സ്ഫോടനം. ദൈവാധീനം കൊണ്ട്‌ അന്നുവലിയ ആളപായമുണ്ടായില്ല. അന്നും കൊടുത്തു ജാഗ്രതാനിര്‍ദ്ദേശം. അത്‌ ധാരാളം സ്റ്റോക്കുണ്ട്‌-പിന്നെ ഞെട്ടി. പിന്നെ അപലപിച്ചു. പ്രസ്താവനകള്‍ ഇറക്കി. വീരവാദം മുഴക്കി. പതിവുവഴിപാടുകള്‍ എല്ലാം നടത്തി, എന്നിട്ടും ഭീകരന്മാര്‍ പ്രസാദിച്ചില്ല. അന്നത്തേത്‌ അവരുടെ ഒരു റിഹേഴ്സല്‍ മാത്രമായിരുന്നു! അന്നേ ഹൈക്കോടതി നിര്‍ദ്ദേശിച്ചതാണ്‌ സുരക്ഷ കര്‍ശനമാക്കുവാനും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിയ്‌ക്കാനുമൊക്കെ! വെറും ചുവപ്പുനാടകള്‍കൊണ്ട്‌ ഇത്തരം ഭീകരാക്രമണങ്ങള്‍ തടുക്കാമെന്നാണോ നമ്മുടെ ഭരണബുദ്ധിരാക്ഷസന്മാരുടെ വിചാരം?

പാഠം പഠിയ്‌ക്കാന്‍ ഇനിയും എത്ര ഭീകരാക്രമണങ്ങള്‍ വേണം? നിരപരാധികളായ സാധാരണ ജനങ്ങള്‍ ഇവിടെ സ്ഫോടനങ്ങളില്‍ വെന്തൊടുങ്ങാന്‍ മാത്രമുള്ള ബലിമൃഗങ്ങളാണോ? രണ്ടോ മൂന്നോ ലഷങ്ങള്‍കൊണ്ട്‌ വിലപറയാവുന്നതാണോ അവരുടെ ജീവന്‍? പകരം പത്തുലക്ഷം തന്നാല്‍ ജീവന്‍കൊടുക്കാന്‍ ഇവിടെ ഏതെങ്കിലുമൊരു നേതാവു തയ്യാറാകുമോ? ഈ തുകതന്നെ അവനവന്റെ വീട്ടില്‍ നിന്നും കൊണ്ടുവന്നിട്ടാണോ കൊടുക്കുന്നത്‌? അതും പാവപ്പെട്ടവന്റെ നികുതിപ്പണം തന്നെയല്ലേ? നേതാക്കന്മാരുടെ പിടിപ്പുകേടിന്‌ ശിക്ഷ ജനങ്ങള്‍ക്കോ? ഇതെവിടത്തെ ന്യായം?

ഗൗരവമുള്ള കാര്യങ്ങള്‍ വരുമ്പോള്‍ മായാവതി ചെരിപ്പു വാങ്ങാന്‍ വിമാനമയച്ച കാര്യം പറഞ്ഞു ശ്രദ്ധതിരിയ്‌ക്കുകയല്ല വേണ്ടത്‌. പണ്ട്‌ കട്ടിലിനും മെത്തയ്‌ക്കും മാച്ചുചെയ്യുന്ന ബെഡ്‌ ഷീറ്റുവാങ്ങാനും ദല്‍ഹിയില്‍ നിന്ന്‌ സീല്‍പൊട്ടിയ്‌ക്കാത്ത മദ്യക്കുപ്പി കൊണ്ടുവരാനുമൊക്കെ ആരൊക്കെയോ വിമാനമയച്ചിട്ടുണ്ടെന്നുകൂടി ഓര്‍ക്കണം.

ഞഞ്ഞാമിഞ്ഞ വര്‍ത്തമാനങ്ങളും വാഗ്വാദങ്ങളൊന്നുമല്ല ഭീകരസ്ഫോടനങ്ങള്‍ക്കുള്ള പരിഹാരം. ധീരമായ ഇച്ഛാശക്തിയാണ്‌. അതുണ്ടാകുമോ? ഉണ്ടാകാത്തതുകൊണ്ടാണ്‌ ഈ നിഷ്ഠുരകൃത്യം ആവര്‍ത്തിക്കുന്ന ഭീകരന്മാര്‍ അഴിഞ്ഞാടുന്നത്‌. വെല്ലുവിളിപോലെ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ വീണ്ടും വീണ്ടും അങ്കം കുറിയ്‌ക്കുന്നത്‌. ആരാണ്‌ ഈ അവസ്ഥ ഇവിടെ നട്ട്‌ നനച്ച്‌ വളംവച്ച്‌ വളര്‍ത്തിയത്‌? എന്തിനായിരുന്നു അത്‌? വോട്ടുകൊയ്യാനോ അതോ നാട്ടുകാരുടെ തലകൊയ്യാനോ?

ഇവിടെ ഭീകരന്മാര്‍ക്ക്‌ മതമില്ല. സ്ഫോടനങ്ങള്‍ക്ക്‌ മതമില്ല. ബോംബുകള്‍ക്ക്‌ മതമില്ല. അനാഥശവങ്ങള്‍ക്കും മോര്‍ച്ചറികള്‍ക്കും മതമില്ല. ദുര്‍മരണങ്ങള്‍ക്ക്‌ മതമില്ല. ഉള്ളത്‌ ശുദ്ധമായ മതേതരത്വം മാത്രം.

ഒന്നുമറിയാതെ, ഒരു പാപവുമറിയാതെ അന്നന്നത്തെ അത്താഴത്തിന്‌ വിയര്‍ക്കുന്ന പരമസാധാരണന്മാരും, ഇവിടെ ജനിച്ചുപോയവരുമായ സാധുജനങ്ങള്‍ക്കാവശ്യം മരണത്തലവന്മാരെയല്ല, മനഃസാക്ഷിയും നട്ടെല്ലുമുള്ള ഭരണത്തലവന്മാരെയാണ്‌.

എസ്.രമേശന്‍ നായര്‍ :-

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by