Categories: Kannur

ചാല, ചെറുപുഴ എന്നിവിടങ്ങളില്‍ നടന്ന ബസ്സപകടങ്ങളില്‍ നൂറിലേറെ പേര്‍ക്ക്‌ പരിക്ക്‌

Published by

കണ്ണൂറ്‍: ജില്ലയില്‍ ചാല പനോന്നേരിയിലും ചെറുപുഴയിലുമുണ്ടായ ബസ്സപകടങ്ങളില്‍ നൂറിലേറെ പേര്‍ക്ക്‌ പരിക്ക്‌. ഇന്നലെ കാലത്തുണ്ടായ വ്യത്യസ്ത അപകടങ്ങളിലാണ്‌ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക്‌ പരിക്കേറ്റത്‌. ചാല പനോന്നേരിയില്‍ കെഎല്‍ 13 ടി 4422 സീന ബസ്‌ മറിഞ്ഞ്‌ 40 ഓളം പേര്‍ക്കാണ്‌ പരിക്കേറ്റത്‌. സാരമായി പരിക്കേറ്റ വഴിയാത്രക്കാരനായ എം.കെ.നാസര്‍ (45), ബസ്‌ ഷെല്‍ട്ടറില്‍ ഇരിക്കുകയായിരുന്ന പനോന്നേരിയിലെ എടയത്ത്‌ കേളു (72), എന്‍.കുഞ്ഞിരാമന്‍ നമ്പ്യാര്‍ (70) എന്നിവരടക്കം 8 പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ കാലത്ത്‌ ൮ മണിയോടെയായിരുന്നു അപകടം. എതിരെ വന്ന ലോറിയെ വെട്ടിക്കുന്നതിനിടയില്‍ റോഡരികില്‍ കൂടി നടന്നുപോവുകയായിരുന്ന നാസറിണ്റ്റെ ദേഹത്ത്‌ തട്ടിയ ബസ്‌ നിയന്ത്രണം വിട്ട്‌ ഷെല്‍ട്ടറിലിടിച്ച്‌ മറിയുകയായിരുന്നുവെന്ന്‌ ദൃക്സാക്ഷികള്‍ പറഞ്ഞു.

ചെറുപുഴ കക്കയംചാലിലുണ്ടായ അപകടത്തില്‍ പയ്യന്നൂരില്‍ നിന്നും കോഴിച്ചാലിലേക്ക്‌ പോവുകയായിരുന്ന കെഎല്‍ 13 2271 എഎംഎസ്‌ ബസ്‌ തലകീഴായി മറിഞ്ഞ്‌ വിദ്യാര്‍ത്ഥികളുള്‍പ്പെടെ 65 ഓളം പേര്‍ക്കാണ്‌ പരിക്കേറ്റത്‌. അപകടം നടക്കുന്നതിന്‌ തൊട്ടുമുമ്പത്തെ ബസ്സ്റ്റോപ്പില്‍ നിര്‍ത്താതെ വന്ന ബസ്‌ കാക്കയം ഇറക്കത്തില്‍ വെച്ച്‌ ആറോളം ഇലക്ട്രിക്‌ പോസ്റ്റുകള്‍ ഇടിച്ച്‌ തകര്‍ത്തശേഷം തല കീഴായി മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ക്ളീനര്‍ വേലായുധനെ പരിയാരം മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രി, ചെറുപുഴ സഹകരണ ആശുപത്രി, സെണ്റ്റ്സെബാസ്റ്റ്യന്‍ ആശുപത്രി എന്നിവിടങ്ങളിലായി പ്രവേശിപ്പിച്ചു. റോഡുകളുടെ ശോചനീയാവസ്ഥയും വാഹനങ്ങളുടെ മത്സരയോട്ടവും കാരണം വാഹനാപകടങ്ങള്‍ പതിവാകുകയാണ്‌. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ ജില്ലയില്‍ മാത്രം നിരവധി പേര്‍ മരണപ്പെടുകയും നൂറുകണക്കിനാളുകള്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്യുകയുണ്ടായി. എന്നിട്ടും റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താനോ മത്സരയോട്ടം നിയന്ത്രിക്കാനോ അധികൃതര്‍ക്ക്‌ സാധിക്കുന്നില്ലെന്നത്‌ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിന്‌ കാരണമാവുകയാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by