Categories: Kannur

ജീവിക്കാനുള്ള ഭൂമി എല്ലാവരുടേയും അവകാശം: മന്ത്രി

Published by

തളിപ്പറമ്പ്‌: ജീവിക്കാന്‍ ഒരു തുണ്ട്‌ ഭൂമി എല്ലാവരുടേയും അവകാശമാണെന്ന്‌ റവന്യൂ വകുപ്പ്‌ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്‍ പ്രസ്താവിച്ചു. തളിപ്പറമ്പ്‌ മിനി സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ ജില്ലാതല ഭൂവിതരണ മേള ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂരഹിത പാവപ്പെട്ടവര്‍ സംസ്ഥാനത്ത്‌ പതിറ്റാണ്ട്‌ കഴിഞ്ഞിട്ടും അന്യരെ പോലെ നിലകൊള്ളുകയാണ്‌. പരിധിയില്‍ കവിഞ്ഞ ഭൂസ്വത്ത്‌ കൈവശം വെക്കുന്നവരും ഒരു തുണ്ട്‌ ഭൂമിയില്ലാത്തവരുമായി സമൂഹം വിഭജിക്കപ്പെട്ടു. പുനരധിവസിക്കപ്പെട്ടവര്‍ക്കു പോലും നേരത്തെ നല്‍കിയ ഭൂമി പലതും വാസയോഗ്യമല്ലാത്തതിനാല്‍ അത്തരം പ്രദേശങ്ങള്‍ റവന്യു വകുപ്പ്‌ പ്രത്യേക പരിശോധന നടത്തി അവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്‌. ഭൂരഹിതര്‍ക്ക്‌ മിനിമം 25സെണ്റ്റ്‌ ഭൂമിയെങ്കിലും നല്‍കുന്നതിനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. ഇപ്രകാരം ഭൂമി ലഭിക്കുന്നവര്‍ അത്‌ കൈമാറ്റം ചെയ്യാതെ പൈതൃക സ്വത്ത്‌ പോലെ സംരക്ഷിച്ചു നിര്‍ത്തണമെന്നും ഭൂമിയില്ലായ്മയെന്നത്‌ തുടര്‍ക്കഥയായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ പുതിയ താലൂക്കുകളുടെ രൂപീകരണം സംബന്ധിച്ച്‌ മുഖ്യമന്ത്രി, ധനകാര്യമന്ത്രി എന്നിവരുമായി ആലോചിച്ച്‌ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ജെയിംസ്‌ മാത്യു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. വനാവകാശ നിയമപ്രകാരമുള്ള കൈവശ രേഖ വിതരണം കൃഷി വകുപ്പ്‌ മന്ത്രി കെ.പി. മോഹനന്‍ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാറിണ്റ്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ജില്ലയിലെ ഭൂരഹിത കര്‍ഷക തൊഴിലാളികളായ 300 പേര്‍ക്ക്‌ മിച്ചഭൂമി പട്ടയ രേഖയും 600ഓളം പേര്‍ക്ക്‌ മിച്ചഭൂമി പതിച്ചു കൊടുക്കല്‍ പ്രമാണവും വനാവകാശ നിയമപ്രകാരം അര്‍ഹരായ നൂറോളം പേര്‍ക്ക്‌ കൈവശ രേഖയും ആറളം ഫാമില്‍ പുനരധിവസിക്കപ്പെട്ട പട്ടികവര്‍ഗ്ഗക്കാരായ 600ഓളം പേര്‍ക്ക്‌ കൈവശ രേഖയുമാണ്‌ വിതരണം ചെയ്തത്‌. ചടങ്ങില്‍ സണ്ണി ജോസഫ്‌ എം.എല്‍എ, തളിപ്പറമ്പ്‌ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ റംലാപക്കര്‍, ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ടുമാരായ മനുതോമസ്‌, സിഎച്ച്‌. മേമി, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.പി. മുരളി, രാജു കൊന്നക്കല്‍, വത്സന്‍ അത്തിക്കല്‍, വര്‍ക്കി വട്ടപ്പാറ എന്നിവര്‍ ആശംസ നേര്‍ന്നു. ജില്ലാ കലക്ടര്‍ ആനന്ദ്സിംഗ്‌ സ്വാഗതവും എഡിഎം എന്‍.ടി മാത്യു നന്ദിയും പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by