Categories: Samskriti

മുക്തിയാണ് നമ്മുടെ സ്വരൂപം

Published by

മുക്താവസ്ഥയില്‍ നിന്നും വ്യതിചലിച്ചാല്‍ ദ്വൈതം ആയി. നാമും നാം അറിയുന്ന ഒരു ലോകവുമുണ്ട്‌. അറിയുന്ന ലോകപ്രതീതിയാണോ അഥവാ നാമാണോ യഥാര്‍ത്ഥം? ലോകത്തെ അറിയുന്ന ആള്‍ക്ക്‌ ലോകം പ്രതീകമാകുന്നത്‌ ഏതോന്നിന്റെ പ്രകാശത്തിലാണെന്ന്‌ ശ്രദ്ധിക്കുവാന്‍ കഴിയുമോ? ലോകം അന്തഃകരണത്തില്‍ പ്രതീതമായി മാത്രമേ ഇരിക്കൂന്നുള്ളൂ. ലോകവും നാമും ‘ഉണ്ട്‌’ എന്ന്‌ പ്രകാശിക്കുന്നത്‌ എന്തുകൊണ്ട്‌? ഈ രണ്ടുഘടകങ്ങളെയും പ്രകാശിപ്പിക്കുന്ന മൂന്നാമതൊന്ന്‌ ഉള്ളതുകൊണ്ട്‌. അഹംബോദമല്ലാതെയും ആ അഹംബോധത്തിലൂടെ അറിയുന്ന ലോകം അല്ലാതെയും അതുണ്ട്‌. രണ്ടാമതൊന്നായിട്ടറിയാന്‍ കഴിയുന്നതെല്ലാം ചലിച്ചുകൊണ്ടിരിക്കുന്നതാണ്‌, ഗമിച്ചുകൊണ്ടിരിക്കുന്നതാണ്‌. ആ അര്‍ത്ഥത്തിലാണ്‌ ജഗത്ത്‌ എന്ന്‌ പറയുന്നത്‌. നിങ്ങള്‍ മാറുന്നുവെങ്കില്‍ ജീവാത്മാവ്‌ (പ്രപഞ്ചാനുഭവമായി). മാറുന്നില്ല എങ്കില്‍ പരമാത്മാവ്‌ (ദൃശ്യങ്ങള്‍ ഇല്ല).

മാറിക്കൊണ്ടിരിക്കുന്നതിനെ അറിയുന്ന ‘വസ്തു’ മാറ്റമില്ലാത്തതാണ്‌. അതാണ്‌ അന്തസത്ത. താനും ജഗത്തിനൊപ്പം മാറുന്നുവെങ്കില്‍ മാറ്റത്തെ അറിയാന്‍ കഴിയുകയില്ല. അതുകൊണ്ട്‌ മാറ്റമില്ലാത്ത സത്ത്‌, ഏതിനെയും അറിഞ്ഞുകൊണ്ടും അറിയാതെയും വര്‍ത്തിക്കുന്ന ചില നിലനില്‍പ്പുള്ള ഉണ്മയാണ്‌ പരമാത്മാവ്‌. മാറ്റങ്ങള്‍ സത്യമല്ലെന്നും അവയെ പ്രകാശിപ്പിക്കുന്ന ‘ഞാന്‍’ മാത്രമാണ്‌ സത്യമെന്നും അറിയുക. അതിനെ തുടര്‍ന്നാണ്‌ ശാന്തിയും ഭയരഹിതമായ ഒരു തൃപ്തിയും ആനന്ദമായി അനുഭവിക്കുവാന്‍ കഴിയുന്നത്‌. ആ നില തന്നെയാണ്‌ മോക്ഷം. അത്‌ അനുഭൂതിയാണ്‌.

ഞാനും ഈ ലോകവും ഉണ്ട്‌ എന്നറിയുന്ന അത്‌ രണ്ടിനെയും ഒന്നാക്കി ചെയ്യുന്ന ആ ഏകം, ഈ ദ്വൈതഭാവങ്ങള്‍ക്ക്‌ അപ്പുറമുള്ള വസ്തുവാണ്‌. അതറിഞ്ഞിരിക്കുന്നതാണ്‌ ഈശ്വരാനുഭൂതി. അതാണ്‌ മുക്തിനില. ആ ഏകസത്യം മാത്രമായി നിലകൊള്ളുമെങ്കില്‍ അവിടെ ഞാനുമില്ല, ലോകവുമില്ല. ഒരു മൗന വിസ്തൃതി! അതിന്‌ പരിധിയില്ല. അവിടെ മതമില്ല. ദൈവങ്ങളില്ല, ആചരണങ്ങളില്‍ തളച്ചിടാനായി പുണ്യപാപങ്ങളുമില്ല. ദുഃഖങ്ങള്‍ക്ക്‌ പ്രതിവിധി നിശ്ചയിക്കാന്‍ ദൈവത്തിന്റെ പ്രത്യേക ഉദ്യോഗസ്ഥന്മാരുമില്ല. എല്ലാ അടിമത്തങ്ങളെയും ഭേദിച്ച്‌ പൂര്‍ണ്ണസ്വാതന്ത്ര്യത്തിന്റെ തലം എത്തിയിരിക്കുകയാണ്‌. അവിടെ മറ്റൊന്നുമില്ല. അത്‌ അറിയുന്നതിനുവേണ്ടി ദൈവത്തിന്റെ പേരിലുള്ള എല്ലാ അന്ധവിശ്വാസങ്ങള്‍ക്കും ഉന്മൂല നാശം വരുത്തണം. അപ്പോള്‍ ദൈവം ആത്മാവാണ്‌.

സ്വാമി ശാന്താനന്ദ ഗിരി :-

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by