Categories: Kasargod

പൈക്ക പദ്ധതി സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കിയില്ല

Published by

കാസര്‍കോട്‌: ഗ്രാമീണ പ്രദേശങ്ങളില്‍ കായിക വികസനത്തിനായി പൈക്ക പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജില്ലയ്‌ക്ക്‌ അനുവദിച്ച തുക ചെലവഴിക്കുന്നതില്‍ ഗ്രാമപഞ്ചായത്തുകള്‍ അനാസ്ഥ കാണിച്ചെന്നന്നും ഇക്കാര്യത്തില്‍ 55.25 ലക്ഷം രൂപ കെട്ടികിടക്കുകയാണെന്നും പൈക്ക ജില്ലാഎക്സിക്യൂട്ടീവ്‌ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. പഞ്ചായത്ത്‌ യുവ ക്രീഡാ ഔര്‍ ഖേല്‍ അഭിയാന്‍ എന്ന പേരിലറിയപ്പെടുന്ന പൈക്ക പദ്ധതിക്ക്‌ 2008-09 ല്‍ 36.97 ലക്ഷം രൂപയും, 2009 -1൦ ല്‍ 23.96 ലക്ഷം രൂപയുമായി മൊത്തം 60.93 ലക്ഷം രൂപ അനുവദിച്ചിരുന്നു. പന്ത്രണ്ട്‌ ഗ്രാമപഞ്ചായത്തുകളിലും നീലേശ്വരം ബ്ളോക്ക്‌ പഞ്ചായത്തിലും പദ്ധതി നടപ്പിലാക്കാനാണ്‌ തീരുമാനിച്ചിരുന്നത്‌. എന്നാല്‍ രണ്ട്‌ വര്‍ഷമായി വെറും 3.45 ലക്ഷം 5.66 ശതമാനം) രൂപ മാത്രമാണ്‌ ചെലവഴിച്ചത്‌. ഏഴ്‌ പഞ്ചായത്തുകള്‍ ഒരൊറ്റ രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന്‌ യോഗം ചൂണ്ടിക്കാട്ടി. പദ്ധതിയനുസരിച്ച്‌ ഓരോ 4,500 ജനസംഖ്യ യൂണിറ്റിന്‌ 1൦,൦൦൦ രൂപ തോതില്‍ 15 ലക്ഷം രൂപ വരെയാണ്‌ ഗഡുക്കളായി ഗ്രാമപഞ്ചായത്തുകള്‍ക്ക്‌ ഫണ്ട്‌ ലഭിക്കുക. എന്നാല്‍ ആദ്യ ഗഡു തുക വിനിയോഗിക്കാത്തതിനാല്‍ ജില്ലയിലെ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക്‌ ലഭിക്കേണ്ട കോടിക്കണക്കിന്‌ രൂപ ലഭിക്കുവാന്‍ ബാക്കികിടക്കുകയാണ്‌. തുക ചെലവഴിച്ചില്ലെങ്കില്‍ ഫണ്ട്‌ നഷ്ടപ്പെടുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്‌. പഞ്ചായത്തുകളില്‍ കളിസ്ഥലം നിര്‍മ്മിക്കുക, കായിക മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, കായിക ഉപകരണങ്ങള്‍ ലഭ്യമാക്കുക, കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും സ്പോര്‍ട്സ്‌ ഗെയിംസ്‌ പരിശീലനം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്‌ പൈക്ക പദ്ധതി നടപ്പിലാക്കുന്നത്‌. പദ്ധതിക്കാവശ്യമായ തുകയുടെ 75 ശതമാനവും കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കും. പഞ്ചായത്ത്തലത്തില്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌, പഞ്ചായത്ത്‌ അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, പി ടി എ, സന്നദ്ധ സംഘടനകള്‍, ക്ളബ്ബുകള്‍ എന്നിവയുടെ പ്രതിനിധികള്‍ അടങ്ങിയ പഞ്ചായത്ത്‌ സ്പോര്‍ട്സ്‌ കൗണ്‍സിലാണ്‌ പദ്ധതി നിര്‍വ്വഹണ ഏജന്‍സിയായി പ്രവര്‍ത്തിക്കേണ്ടത്‌. പദ്ധതി തുടങ്ങിയിട്ട്‌ മൂന്ന്‌ വര്‍ഷമായിട്ടും തെരഞ്ഞെടുക്കപ്പെട്ട സെണ്റ്ററുകളിലേക്കായി പ്രോജക്ടുകള്‍ തയ്യാറാക്കുകയോ, പരിശീലനം ആരംഭിക്കുകയോ ചെയ്തില്ലെന്നും യോഗം കുറ്റപ്പെടുത്തി. ഒക്ടോബര്‍ ഒന്നിന്‌ മുമ്പായി ബന്ധപ്പെട്ട പഞ്ചായത്തുകള്‍ പ്രോജക്ടുകള്‍ തയ്യാറാക്കി പരിശീലനം ആരംഭിക്കണമെന്ന്‌ യോഗം നിര്‍ദ്ദേശിച്ചു. ജില്ലയിലെ 12 ഗ്രാമ പഞ്ചായത്തുകളിലും ഒരു ബ്ളോക്ക്‌ പഞ്ചായത്തിലുമായി 24 കേന്ദ്രങ്ങളെയാണ്‌ പൈക്ക കായിക പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുളളത്‌. പൈക്ക ജില്ലാ എക്സിക്യൂട്ടീവ്‌ യോഗത്തില്‍ എ ഡി എം. എച്ച്‌ ദിനേശന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്പോര്‍ട്സ്‌ കൗണ്‍സില്‍ പ്രസിഡണ്ട്‌ എം അച്ചുതന്‍ മാസ്റ്റര്‍, സെക്രട്ടറി കെ കുഞ്ഞമ്പു നായര്‍, എല്‍ എസ്‌ ജി ഡി എക്സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ ബാലകൃഷ്ണന്‍, ഡി ഡി ഇ വേണുഗോപാലന്‍, ഡി ഡി പി സീനിയര്‍ സൂപ്രണ്ട്‌ ജയന്‍, പൈക്ക സ്കീം പഞ്ചായത്ത്‌ പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍ പങ്കെടുത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts