Categories: Vicharam

“പാരുക്കുള്ളേ നല്ലനാട്‌….”

Published by

മഹാകവി സുബ്രഹ്മണ്യഭാരതിയുടെ അതിപ്രശസ്തമായ ഒരു കവിത തുടങ്ങുന്നത്‌ ഇങ്ങനെ: ‘പാരുക്കുള്ളേ നല്ല നാട്‌… എങ്കള്‍ പാരത നാട്‌’! അനന്തവിശാലമായ ഈ ലോകത്തില്‍ ഏറ്റവും നല്ല ഒരു നാടേയുള്ളൂ, അതു ഭാരതം തന്നെ! സ്വാതന്ത്ര്യസമരകാലത്ത്‌ ഭാരതജനതയെ, വിശേഷിച്ചും തമിഴ്ജനതയെ, ദേശാഭിമാനംകൊണ്ടു വിജൃംഭിതരാക്കിയ എത്രയെത്രയോ കവിതകളുണ്ട്‌ ഭാരതിയുടേതായി. ഒന്നും പഠിച്ചില്ലെങ്കിലും ഇന്നും നാടുഭരിക്കാന്‍ ഒരുമ്പെട്ടിറങ്ങുന്നവര്‍ കുറഞ്ഞപക്ഷം ഭാരതിയുടെ ഈയൊരു കവിതയെങ്കിലും ഒന്നു പഠിച്ചിരിക്കണം. നമ്മുടെ നാടിന്റെ മഹത്വവും പാരമ്പര്യവും സംസ്കാരവുമൊന്നും അറിയാതെ വെറും വാക്പോരും മുഷ്ടിയുദ്ധവും നുഴഞ്ഞുകയറ്റവും നടത്തി വളഞ്ഞ വഴികളിലൂടെ അധികാരക്കസേരകളില്‍ കയറിയിരുന്ന്‌ നിരങ്ങുന്നതുകൊണ്ട്‌ ഈ നാടിനെന്തു ഗുണം?

അങ്ങനെയുള്ളവരുടെ കയറ്റിറക്കങ്ങള്‍ കൊണ്ടുതന്നെയാണ്‌ നമ്മുടെ നാട്‌ ഇന്ന്‌ ഈ പതനത്തിലെത്തിയത്‌. നമുക്കു സ്വാതന്ത്ര്യം കിട്ടിയിട്ട്‌ വര്‍ഷം അറുപത്തഞ്ചായി. ഇതുവരെയും തുടര്‍ച്ചയായി, ഒരു ചെറിയ ഇടക്കാലമൊഴിച്ചാല്‍, ഭരിച്ചുഭരിച്ച്‌ ഈയവസ്ഥയിലാക്കിയത്‌ ആരെന്നും നമുക്കറിയാം. അവര്‍ക്കുമാത്രം അതറിയില്ല. അറിഞ്ഞാലും സ്വയം സമ്മതിക്കില്ല.

അധികാരം ക്ലോറോഫോമാണ്‌. ഒരിക്കല്‍ മണപ്പിച്ചുകഴിഞ്ഞാല്‍ പിന്നെയുള്ളകാലം മുഴുവന്‍ ബോധമുണ്ടാവില്ല. പരിസരം അറിയില്ല. ജനത്തെ തിരിച്ചറിയില്ല. കുറഞ്ഞപക്ഷം അവനവന്റെ യോഗ്യതയെങ്കിലും തിരിച്ചറിയണ്ടേ? അതുമില്ല.

നമ്മുടേത്‌ ഒരു മതേതരരാഷ്‌ട്രമാണെന്നാണു വയ്‌പ്പ്‌. എല്ലാ മതത്തിനും തുല്യപരിഗണന. പക്ഷേ, നടക്കുന്നത്‌ അതാണോ? വോട്ടിനുവേണ്ടി, അധികാരത്തില്‍ എക്കാലത്തും അള്ളിപ്പിടിച്ചിരിക്കാന്‍ വേണ്ടി, കുബുദ്ധികള്‍ മനോഹരമായ ആ സങ്കല്‍പത്തെ വികൃതമാക്കി. പാലില്‍ വിഷം കലര്‍ത്തി. പ്രീണനംകൊണ്ട്‌ വിഭജനം നടത്തി. ഒന്നിച്ചു വാഴേണ്ട ജനവിഭാഗങ്ങളെ പലപല തട്ടുകളിലാക്കി. ഒരേ ഒരിന്ത്യയ്‌ക്കകത്ത്‌ ഒരുപാട്‌ ഇന്ത്യകള്‍ ഉണ്ടാക്കി. ചുരുക്കത്തില്‍ നാടു കുട്ടിച്ചോറാക്കി. അതിന്റെയൊക്കെ ദുരന്തം പാവപ്പെട്ട ജനം അനുഭവിച്ചുതീര്‍ക്കുന്നു. ഇങ്ങനെ അരിയുംതിന്ന്‌ ആശാരിയേയും കടിച്ച്‌ ആര്‍ത്തിതീരാതെ വീണ്ടും മുറുമുറുക്കുന്നത്‌ ആരാണ്‌? അന്നന്നത്തെ സൗകര്യത്തിനുവേണ്ടി മതപ്രീണനത്തിന്റെ കുടത്തില്‍നിന്ന്‌ അവസരവാദരാഷ്‌ട്രീയം ഒരു ഭീകരഭൂതത്തെ തുറന്നുവിട്ടു. ഇന്ന്‌ ആ ഭൂതം ആ രാഷ്‌ട്രീയത്തെത്തന്നെ വിഴുങ്ങുന്നു! തുറന്നുവിട്ടവര്‍ പ്രാണരക്ഷാര്‍ത്ഥം ഓടി ഒളിയ്‌ക്കുകയാണ്‌. സ്വദേശവും വിദേശവുമൊന്നും പോരാ അവര്‍ക്കു രക്ഷപ്പെടാന്‍. ഭാരതം നെഞ്ചെരിഞ്ഞ്‌ അവരെ ശപിച്ചുകഴിഞ്ഞിരിക്കുന്നു. ഇനി പതിന്നാലുലോകത്തിലും അവര്‍ക്കു രക്ഷയില്ല. ഈ ഭൂതം അതിനെ തുറന്നുവിട്ടവരേയുംകൊണ്ടേപോകൂ. ഇന്നല്ലെങ്കില്‍ നാളെ.

അതിന്റെ വേവലാതിയാണ്‌ ഇപ്പോഴത്തെ പിച്ചുംപേയുംപറച്ചില്‍. മതം രാഷ്‌ട്രീയത്തില്‍ ഇടപെടാന്‍ പാടില്ല എന്നാണ്‌ ഭീഷണി. എങ്കില്‍ രാഷ്‌ട്രീയം മതത്തിലും ഇടപെടാന്‍ പാടില്ല. അതല്ലേ മര്യാദ? അപ്പോള്‍ രാഷ്‌ട്രീയക്കാരനുമാത്രം ഈ മര്യാദ ബാധകമല്ലെന്നോ? അതോ, രാഷ്‌ട്രീയത്തിനെന്താ കൊമ്പുണ്ടോ?

ജനം തന്നെയാണ്‌ പരമാധികാരി. ജനം തന്നെയാണ്‌ യജമാനന്‍. അതംഗീകരിക്കാത്ത ഒരു കളിയും ഇവിടെ വിലപ്പോവില്ല. പാര്‍ലമെന്റ്‌ പാര്‍ലമെന്റ ്‌ എന്നൊക്കെ ഇടയ്‌ക്കു ചിലര്‍ പറയുന്നതു കേള്‍ക്കാം. ജനമില്ലാതെ എന്തോന്നു പാര്‍ലമെന്റ്‌?

പിന്നെ, ചിലരൊക്കെ ചിലതൊക്കെ അങ്ങു ശീലിച്ചുപോയി. അഥവാ, നമ്മള്‍ പാവപ്പെട്ട ജനങ്ങള്‍തന്നെ അവരെ അത്തരം ചില ദുഃശീലങ്ങള്‍ പഠിപ്പിച്ചു. അതിലൊന്നാണ്‌ തങ്ങള്‍ ജനത്തെക്കാള്‍ മേലെയാണെന്ന അവരുടെ അഹംഭാവം. അതെങ്ങനെ? കുതിരയെക്കാള്‍ മഹത്വം കുതിരച്ചാണകത്തിനു വരുമോ? ജാഥ നടന്നും കൊടിപിടിച്ചും മുദ്രാവാക്യം വിളിച്ചും തല്ലുകൊണ്ടും തലപൊട്ടിയും ചോരയൊഴുക്കിയും നമ്മള്‍ നടത്തുന്ന അദ്ധ്വാനത്തിന്റെ വേസ്റ്റാണ്‌ അവരുടെ മൂലധനം. ഈ വേയ്സ്റ്റെല്ലാം ഊര്‍ജ്ജമാക്കിമാറ്റി സ്വന്തം നിലയില്‍ നമുക്ക്‌ തന്നെ മുന്നേറിക്കൂടെ? അതോ നമ്മുടെ ശക്തി നമ്മളൊരിക്കലും തിരിച്ചറിയരുത്‌ എന്ന്‌ ആര്‍ക്കെങ്കിലും നിര്‍ബന്ധമുണ്ടോ? ജനപ്രതിനിധികള്‍ എന്നുപറഞ്ഞാല്‍ ജനമായ നമ്മള്‍ ചിലകാര്യങ്ങള്‍ ചുമതലപ്പെടുത്തി ചെല്ലും ചെലവും കൊടുത്ത്‌ നിയോഗിക്കുന്ന നമ്മുടെ ഭൃത്യന്മാര്‍. നമ്മുടെ ദാസന്മാര്‍. നമ്മുടെ വേതനം പറ്റി അനുസരണയോടെ ജീവിക്കേണ്ട പണിക്കാര്‍. അവരെങ്ങനെ നമ്മുടെ യജമാനന്മാരാവും? നമ്മള്‍ അവരെയല്ല, അവര്‍ നമ്മെയാണ്‌ ബഹുമാനിക്കേണ്ടത്‌. നമ്മള്‍ അവരോടല്ല, അവര്‍ നമ്മളോടാണു കടപ്പെട്ടിരിക്കുന്നത്‌. ഇത്‌ തിരിച്ചറിയാത്തതാണ്‌ നമ്മുടെ കുഴപ്പം. അതുകൊണ്ട്‌ എന്തുണ്ടായി? വാദി പ്രതിയായി. പക്ഷേ, ‘പരമാധികാരി’ എന്നും ജനംതന്നെയായിരിക്കും.

പറമ്പുകിളയ്‌ക്കാന്‍ ഒരു പണിക്കാരനെ നമ്മള്‍ ശമ്പളം കൊടുത്ത്നിര്‍ത്തിയാല്‍ അയാള്‍ പണിയെടുക്കണം. വാചകമടിച്ച്‌ നേരം കളയുമ്പോള്‍, നമ്മുടെ പറമ്പിലെതന്നെ മുതല്‍ കട്ട്‌ അന്യവളപ്പില്‍ കൊണ്ടുപോയി ഒളിച്ചുവെക്കുമ്പോള്‍ ഇടപെടാനുള്ള അധികാരം നമുക്ക്‌ തന്നെയല്ലേ? പണിക്ക്‌ കൊള്ളില്ലെങ്കില്‍ പറഞ്ഞയയ്‌ക്കാനുള്ള അധികാരവും നമുക്കുതന്നെയല്ലേ? പക്ഷേ, ഇവിടെ വളര്‍ത്തി വളര്‍ത്തി എന്തായി? പണിക്കാരന്‍ ഉടമസ്ഥനുമേല്‍ കുതിരകയറ്റം നടത്തുന്നു! അവന്റെ മിടുക്കല്ല കാരണം. നമ്മുടെ പിടിപ്പുകേടുതന്നെ.

ഇവിടെ തൂപ്പുജോലിക്കും വേണം ഒരു മിനിമം യോഗ്യത. കൊള്ളില്ലെങ്കില്‍ പറഞ്ഞയക്കാനുള്ള ഒരു നിരീക്ഷണ കാലപരിധിയുമുണ്ട്‌-പ്രൊബേഷന്‍കാലം! പറഞ്ഞയയ്‌ക്കാനുള്ള അധികാരമുള്ളവര്‍ക്ക്‌ തിരിച്ചുവിളിക്കാനുള്ള അധികാരവും ഉണ്ട്‌. ഉണ്ടാവണം. തെരഞ്ഞെടുപ്പ്‌ പരിഷ്കാരത്തില്‍ ഒന്നാമതായി വരേണ്ട മാറ്റം ഇതാണ്‌. മാറ്റുവിന്‍ ചട്ടങ്ങളെ! അല്ലെങ്കില്‍, ആശാന്‍ പറഞ്ഞതുപോലെ അതൊക്കെ സ്വയം മാറും, മാറ്റേണ്ടവരെ മാറ്റും.

ഒരു കുടുംബത്തില്‍ ഒരാള്‍ക്ക്‌ ജോലി എന്നൊരു വാഗ്ദാനമുണ്ടല്ലോ. നല്ലകാര്യം. അതില്‍ അവസരസമത്വം എന്നൊരു സാമൂഹിക നീതിയും ഉണ്ട്‌. അതുപോലെ ഒരു കുടുംബത്തില്‍ ഒരാള്‍ക്ക്‌ മാത്രം രാഷ്‌ട്രീയം എന്നൊരു നിയമം കൂടി വേണം. അവസരസമത്വം പറയുന്നവര്‍ ഇക്കാര്യം ആദ്യം നടപ്പിലാക്കണം. അല്ലാത്തപക്ഷം ഇക്കൂട്ടര്‍തന്നെ അനന്തരാവകാശികളെ നിര്‍മ്മിച്ച്‌ സകുടുംബം ഈ നാട്‌ കട്ട്മുടിക്കുന്ന ഒരു മഹാദുരന്തമാവും ഫലം.

അതുപോലെതന്നെ റിട്ടയര്‍മെന്റിന്റെ കാര്യവും. ഒരു നിശ്ചിത വയസ്സുകഴിഞ്ഞാല്‍ മറ്റുള്ളവര്‍ക്കെല്ലാം ബുദ്ധി മന്ദീഭവിക്കുമത്രെ. ജോലി ചെയ്യുവാനുള്ള ഉത്സാഹം കുറയുമത്രെ. പിന്നെ അവരെക്കൊണ്ട്‌ നാടിന്‌ ആവശ്യമില്ലാതാവുമത്രെ. എന്നാല്‍ രാഷ്‌ട്രീയക്കാര്‍ക്കുമാത്രം അതൊന്നും സംഭവിക്കുകയില്ല. എന്തൊരത്ഭുതം. രാഷ്‌ട്രീയവും ഒരു ജോലിയല്ലേ. അപ്പോള്‍ അതിനും വേണ്ടേ റിട്ടയര്‍മെന്റ്‌? പെന്‍ഷന്‍ പ്രായം ഉയര്‍ത്തരുത്‌ എന്ന്‌ പറയുന്നവര്‍ ഇതൊന്നും കാണുന്നില്ലേ? അതോ രാഷ്‌ട്രീയത്തില്‍ പിന്നാലെ വരുന്നവര്‍ക്ക്‌, ഊര്‍ജ്ജസ്വലരായ പ്രവര്‍ത്തകര്‍ക്ക്‌, യുവാക്കള്‍ക്ക്‌ ഒന്നും തൊഴിലവസരങ്ങള്‍ വേണ്ട എന്നാണോ?

ഇപ്പോള്‍ ചില തല്‍പ്പരകക്ഷികള്‍ പറയുന്നു, അരാഷ്‌ട്രീയവാദം നാടിനെ നശിപ്പിക്കുമെന്ന്‌! ഇതുവരെയുള്ള രാഷ്‌ട്രീയംകൊണ്ട്‌ നാട്‌ എത്രമാത്രം രക്ഷപ്പെട്ടു! ഇനി എത്രമാത്രം രക്ഷപ്പെടാനിരിക്കുന്നു! ഒന്നും സംഭവിച്ചില്ല. ആ നിലയ്‌ക്ക്‌ ഇനി കുറേക്കാലം അരാഷ്‌ട്രീയം കൂടി ഒന്ന്‌ പരീക്ഷിച്ചുനോക്കുന്നതില്‍ എന്താണ്‌ തെറ്റ്‌. രാഷ്‌ട്രീയത്തിന്റെ പിടിപ്പുകേടും ആത്മാര്‍ത്ഥതയില്ലായ്മയും സ്വാര്‍ത്ഥവും സ്വജനപക്ഷപാതവും അഹന്തയും അഴിമതിയും പരപുച്ഛവും പകല്‍ക്കൊള്ളയും പിള്ളേരുകളിയുമൊക്കെ കണ്ടുകണ്ട്‌ മടുത്തിട്ടും സഹികെട്ടിട്ടുമല്ലേ ഇവിടെ അരാഷ്‌ട്രീയവാദം തലപൊക്കുന്നത്‌? വെറുതെ സത്യത്തെ നിഷേധിച്ചിട്ടും നല്ലപിള്ള ചമഞ്ഞിട്ടും എന്തുകാര്യം.

ഒരാള്‍ ഒരിക്കല്‍ തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാല്‍ അതുകൊണ്ട്‌ തൃപ്തിപ്പെടണം. അടുത്ത അവസരം പുത്തന്‍കൂറ്റുകാര്‍ക്ക്‌ നല്‍കുവാനുള്ള മഹാമനസ്കത ഉണ്ടാവണം. അവരും ഉയര്‍ന്നുവരട്ടെ. അതിനുള്ള നന്മ എത്ര രാഷ്‌ട്രീയക്കാര്‍ക്കുണ്ട്‌. ചത്താലും സ്ഥാനമൊഴിയാത്ത പണ്ടത്തെ തറവാട്ടുകാരണവരുടെ കഥതന്നെ എക്കാലവും ആവര്‍ത്തിക്കണോ?

ചെന്നായ്‌ക്ക്‌ അംഗീകാരം കൊടുത്താല്‍ അത്‌ ആട്ടിന്‍കൂടു തകര്‍ക്കും. ഓരോന്നിനെയായി കൊന്നുതിന്നും. ഒടുവില്‍ ഒന്നും കിട്ടാതെ തന്നത്താന്‍ വിശന്നു ചാവുകയും ചെയ്യും. ഇവിടെ എല്ലാ മതങ്ങള്‍ക്കും തുല്യസ്ഥാനം മതി. ഒന്നും ഒന്നിനെക്കാള്‍ മേലെയല്ല. താഴെയുമല്ല. രാഷ്‌ട്രീയക്കാരെക്കാള്‍ അധഃപതിക്കുന്ന ഒരവസ്ഥ മതപണ്ഡിതന്മാര്‍ക്കും പുരോഹിതന്മാര്‍ക്കുമിടയില്‍ ഉണ്ടാവരുത്‌. മതം യുദ്ധമല്ല. സമാധാനമാണ്‌. അതു കച്ചവടമല്ല. ശാന്തിയാണ്‌. പരസ്പരം നിന്ദിക്കുന്ന ഏര്‍പ്പാടു വച്ചുമതിയാക്കണം. ഇങ്ങോട്ടു പറഞ്ഞാല്‍ അങ്ങോട്ടും ചിലതു പറയേണ്ടിവരും. കള്ളക്കഥകള്‍ പൊളിയും. കച്ചവടം നിലയ്‌ക്കും. സ്വന്തം അതിരുകള്‍ ലംഘിക്കാതിരിക്കുന്നത്‌ ഏവര്‍ക്കും നല്ലത്‌. കള്ളപ്പണവും കപടചരിത്രവുമൊന്നും എല്ലാക്കാലത്തും നില്‍ക്കില്ല. കാരണം അതിലൊന്നും സത്യത്തിന്റെ തരിപോലുമില്ല. ഇലയ്‌ക്കും മുള്ളിനും കേടില്ലാതെ ഒത്തുപോകുന്നതാണു ബുദ്ധി. ഈ വൈകിയ വേളയിലെങ്കിലും ഒരു തിരിച്ചറിവുണ്ടാകുന്നത്‌ നന്ന്‌!

ഒരുകൂട്ടര്‍ 2020-ല്‍ ഭാരതത്തെ ക്രിസ്തുരാജ്യമാക്കുമത്രേ. 2047-ല്‍ മറ്റൊരുകൂട്ടര്‍ ഭാരതത്തെ ഇസ്ലാമികരാഷ്‌ട്രമാക്കുമത്രെ! വളരെ നല്ലത്‌. ആദ്യം ഇത്‌ നേരെ ചൊവ്വേയുള്ള ഒരു ഭാരതമാവാന്‍ സഹകരിക്കുക. എന്നിട്ടുപോരേ പരകായ പ്രവേശം. അമേരിക്കന്‍ ഡോളറിന്റെയും പെട്രോഡോളറിന്റെയും വേഷത്തില്‍ ഒഴുകിവരുന്ന വിദേശപ്പണത്തിന്റെ ഹുങ്കില്‍ പലരും പലതും മോഹിക്കും. ആരായാലും നിലവിട്ടുപോകും. ഇതിന്‌ മുമ്പും പലരും നന്നായി മോഹിച്ചിട്ടുണ്ട്‌. പറഞ്ഞുപറഞ്ഞ്‌ ആടിനെ പട്ടിയാക്കിയ കഥ പഴയതാണ്‌. ഭാരതം എന്നും ഭാരതം തന്നെയായിരിക്കും. അതിനുള്ള ധാര്‍മ്മികശക്തി എന്നും ഈ പുണ്യഭൂമിയ്‌ക്കുണ്ട്‌.

നാട്‌ എല്ലാവരുടേതുമാണ്‌. ചിലര്‍ക്കുമാത്രം ഒരു നിയമവും ബാധകമല്ല എന്നുവരുന്നത്‌ അപകടകരമാണ്‌. തമിഴകത്തെ ഇന്നത്തെ അവസ്ഥയെന്താണ്‌? മുന്‍മന്ത്രിമാരും ജനപ്രതിനിധികളുമൊക്കെ ഭൂമി കയ്യേറ്റക്കേസിലും അഴിമതികളിലും ഓരോരുത്തരായി അകത്തായിക്കൊണ്ടിരിക്കുകയാണ്‌. കഴിഞ്ഞ അഞ്ചുവര്‍ഷവും അവരെന്താണു ചെയ്തത്‌? ഇതോ ജനസേവനം? കാലിന്‌ ഒരു ജോടി ചെരിപ്പുപോലും സ്വന്തമായി ഇല്ലാത്തവര്‍, വെറും കയ്യോടെ വന്നവര്‍, ഒക്കെ ഇന്ന്‌ കൂറ്റന്‍മാളികകളില്‍ കോടീശ്വരന്മാരായിക്കഴിയുന്നു. എങ്ങനെ‍യുണ്ടായി ഇതൊക്കെ? ഇത്‌ തമിഴകത്തെ മാത്രം കഥയല്ല, പറഞ്ഞുപറഞ്ഞു വലുതാക്കിയ ആദര്‍ശത്തിന്റെ കാര്യം എന്തായി? അതും ഫ്ലാറ്റായി! പഞ്ചസാരയുടെ മധുരം കയ്പായി. കോമണ്‍വെല്‍ത്ത്‌ രണ്ട്‌ ലക്ഷം കോടിയായി. നാട്‌ ചുടുകാടായി. ഒക്കെ സ്വഭാവികം. അധികാരം ദുഷിപ്പിക്കും എന്ന്‌ പറയുന്നത്‌ വെറുതെയാണോ. ഇവിടെയും എവിടെയും ഇതാണവസ്ഥ. ഇവിടുത്തെ ബാങ്കുകളില്‍ രഹസ്യമായി നിക്ഷേപിച്ചാല്‍ ക്രമേണ പരസ്യമാവും. അതുകൊണ്ട്‌ സ്വിസ്‌ ബാങ്ക്‌ നിക്ഷേപമാണ്‌ പ്രിയം. നെഞ്ചില്‍ക്കൈവച്ച്‌, ഞാന്‍ ഇതുവരെയും ഒരൊറ്റ പൈസയുടേയും അഴിമതി നടത്തിയിട്ടില്ല എന്ന്‌ ജനത്തെനോക്കി ഉറക്കെ വിളിച്ചുപറയാന്‍ ധൈര്യമുള്ള എത്ര നേതാക്കളുണ്ട്‌?

അഴിമതിയില്‍ മുങ്ങിത്താഴുകയാണ്‌ നാട്‌. എല്ലാവരും അതൊരുത്സവം പോലെ ആഘോഷിക്കുകയായിരുന്നു. കണ്ടു കണ്ടു സഹികെട്ടപ്പോഴാണ്‌ ഹൃദയവേദനയോടെ ഒരാള്‍ അതിനെതിരെ സത്യഗ്രഹമിരുന്നത്‌. പിന്നെ അങ്ങേര്‍ക്കെതിരെയായി വിമര്‍ശനം. അഴിമതിയുടെ പങ്കുപറ്റുന്നവര്‍ക്ക്‌ അങ്ങനെ വിമര്‍ശിച്ചേ പറ്റൂ. സ്വന്തമായി വ്യക്തിത്വമോ അഭിപ്രായമോ ഒന്നും ഇല്ലാത്ത പരാന്നഭോജികള്‍ക്ക്‌ എന്നും ‘ഹിസ്‌ മാസ്റ്റേഴ്സ്‌ വോയ്സ്‌’ ആയേ പറ്റൂ. സ്വന്തം നേതാക്കന്മാര്‍ ചെയ്തുകൂട്ടുന്ന മഹാപാപങ്ങളെ പുണ്യകര്‍മ്മങ്ങളായി വ്യാഖ്യാനിച്ചേ പറ്റൂ. അന്നംകഴിച്ചും അലക്കിത്തേച്ച ഉടുപ്പിട്ടും ആദര്‍ശത്തിന്റെ ആള്‍രൂപങ്ങളായി ജീവിച്ചുപോകണ്ടേ?

അഴിമതിക്കെതിരേ കടുത്ത ചില നിയമങ്ങളുണ്ടാകുന്നതില്‍ ആര്‍ക്കാണെതിര്‍പ്പ്‌? അഴിമതിക്കാര്‍ക്ക്‌ എതിര്‍ത്തേപറ്റൂ. അവനവന്‍ കുടുങ്ങുന്ന നിയമമുണ്ടാക്കാന്‍ ബുദ്ധിയുള്ള ആരെങ്കിലും കൂട്ടുനില്‍ക്കുമോ? അതാണു നാം കണ്ടുകൊണ്ടിരിക്കുന്നത്‌?

അന്നാഹസാരെയുടെ സത്യഗ്രഹത്തിനെതിരെ ദില്ലിയിലെ ഒരു അവതാരപുരുഷന്‍ ചില എതിര്‍ചോദ്യങ്ങളുമായി ചാനലില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. ഹസാരേയ്‌ക്ക്‌ ഗുജറാത്തില്‍ചെന്ന്‌ സത്യഗ്രഹമിരിക്കാമായിരുന്നില്ലേ എന്നതാണ്‌ ഒരു ചോദ്യം? അത്‌ ഈ മഹാനും ചെയ്യാമായിരുന്നില്ലേ? അദ്ദേഹത്തിന്റെ കാലിന്‌ പക്ഷവാതമൊന്നുമില്ലല്ലോ. അതോ നിരാഹാരം ഇദ്ദേഹത്തിന്‌ ഒരു പേടിസ്വപ്നമോ? ഇദ്ദേഹവും ദേശാഭിമാനമുള്ള ഒരിന്ത്യന്‍ പൗരനല്ലേ? ബോംബെ സ്ഫോടനമുണ്ടായപ്പോള്‍ എതിര്‍ത്ത്‌ ഒരു വാക്കുപറയാന്‍ ഇദ്ദേഹം തുനിയാത്തതെന്ത്‌? അവിടെച്ചെന്ന്‌ മതഭീകരതയ്‌ക്കെതിരെ സത്യഗ്രഹമിരിക്കാന്‍ ഈ മഹാനുഭാവന്‌ തോന്നാത്തതെന്ത്‌? ഡെല്‍ഹി ഹൈക്കോടതി വാറന്റയച്ചിട്ടുപോലും ഹാജരാവാതെ ധിക്കാരം കാണിച്ച ദേശസ്നേഹിയാണ്‌. ആക്ഷേപിക്കരുത്‌. കയ്യില്ലാത്തവന്‍ വിരലില്ലാത്തവനെ ആക്ഷേപിക്കരുത്‌. കള്ളി വെളിച്ചത്താകും. രാജ്യസ്നേഹം ഒരു വിഭാഗത്തിനുമാത്രം മതിയോ? എല്ലാ വിഭാഗങ്ങളും ചേര്‍ന്ന ഒരുകൂട്ടു കുടുംബമല്ലേ ഇത്‌? ‘ചോറ്‌ ഇങ്ങും കൂറ്‌ അങ്ങും’ എന്ന നന്ദികേട്‌ ഇനിയും എത്രകാലം?

ഈ പുണ്യഭൂമി മുഴുവന്‍ ബോംബുസ്ഫോടനം നടത്തി ചാമ്പലാക്കുന്നവനെയും കോടികള്‍ മുടക്കി സംരക്ഷിക്കുന്നു. അവനും ദയാഹര്‍ജിയുമായി ഡല്‍ഹിക്കുപോകുന്നു. ജനം നാള്‍ക്കുനാള്‍ പൊട്ടിച്ചിതറി മരിച്ചു മണ്ണടിഞ്ഞുകൊണ്ടേയിരിക്കുന്നു. അപ്പോഴും ഭരണം തകൃതിയായി നടക്കുന്നു. ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നു. എന്തു ജാഗ്രത? ഏതു ജാഗ്രത? ഈ ദയാഹര്‍ജിയൊക്കെ നിരോധിക്കേണ്ട കാലം എന്നോ കഴിഞ്ഞില്ലേ. പക്ഷേ ആര്‌? ആ നിമിഷം പൊളിയില്ലേ വോട്ടുബാങ്ക്‌? വോട്ടുബാങ്ക്‌ പൊളിഞ്ഞാല്‍ പിന്നെ ഏത്‌ സ്വിസ്‌ ബാങ്ക്‌.

നിരപരാധികളായ ആയിരങ്ങളെ കൊന്നുകുമിക്കുന്നവര്‍ക്കും വധശിക്ഷ പാടില്ല എന്ന്‌ ഘോഷിച്ച്‌ മഹത്വം നേടുന്ന മനുഷ്യസ്നേഹികളുടെ എണ്ണവും കൂടിക്കൂടി വരുന്നു. ഇനിയും കൂടും. കാരണം, ദാരുണമായി കൊല്ലപ്പെടുന്നവരുടെ കൂട്ടത്തില്‍ തങ്ങളുടെ ബന്ധുക്കളായി ആരുമില്ലല്ലോ! ഭീകരനായ കൊലയാളിയെ പിന്നെ വെറുതെവിട്ടാലെന്ത്‌? എങ്കിലല്ലേ അവന്‌ വീണ്ടും വീണ്ടും നിരപരാധികളെ കൊന്നുതള്ളുവാനുള്ള സുവര്‍ണ്ണാവസരങ്ങള്‍ ലഭിക്കൂ. ഇത്തരം ഭീകരന്മാര്‍ക്ക്‌ അടുത്തനിമിഷം വധശിക്ഷ തന്നെയല്ലേ കൊടുക്കേണ്ടത്‌. മനുഷ്യസ്നേഹം മൂത്തുമൂത്ത്‌ അവന്‌ പത്മശ്രീ കൊടുക്കണമെന്നുവരെ വാദിക്കാത്തത്‌ ഭാഗ്യം.

സൗമ്യയെന്ന പാവം പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന്‌ തള്ളിയിട്ട്‌ പൈശാചികമായി ബലാല്‍സംഗം ചെയ്ത്‌ കൊലപ്പെടുത്തിയ ക്രിമിനലിനുവേണ്ടി വാദിക്കാന്‍ ബോംബെയില്‍ നിന്ന്‌ പറന്നുവന്നുവത്രെ ഒരു ഫൈവ്‌ സ്റ്റാര്‍ വക്കീല്‍! അവളുടെ കൂരയില്‍ ചെന്ന്‌ കുറ്റവാളിയെയല്ല, കുറ്റത്തെയാണ്‌ വെറുക്കേണ്ടത്‌ എന്ന്‌ സുവിശേഷം പറഞ്ഞ്‌ പ്രലോഭിപ്പിച്ച്‌ മതംമാറ്റുവാന്‍ ഉത്സാഹിച്ചുവത്രെ ‘ആകാശപ്പറവകള്‍’ എന്ന ഗൂഢസംഘം. ഒക്കെ ഇവിടെ നടക്കുന്നു! കുറ്റകൃത്യങ്ങളിലും മതം. ബലാല്‍സംഗത്തിലും മതം. മരണവീട്ടിലും മതം. ദാരിദ്ര്യത്തിലും മതം. ഹോ എന്തൊരു മതേതരത്വം. എല്ലാറ്റിലും ഒരു ആട്ടിന്‍തോലുണ്ട്‌, ഏത്‌ ചെന്നായ്‌ക്കും പുതയ്‌ക്കുവാന്‍, മതേതരത്വം! ഇതെല്ലാം ഈ നാട്ടില്‍ മാത്രം. ഇവിടെ ആര്‍ക്കും എന്തുമാകാമെന്നതായിരിക്കുന്നു അവസ്ഥ. ഏത്‌ ഗൂഢസംഘത്തെയും ക്രിമിനലുകളെയും മാഫിയകളെയും സംരക്ഷിക്കുന്ന അധികാര കേന്ദ്രങ്ങള്‍, അധോലോക കേന്ദ്രങ്ങള്‍ ഇവിടെയുള്ളപ്പോള്‍ അവര്‍ക്കെന്തുഭയം.

ഇവിടെ ആര്‍ക്കും നാടിനെവേണ്ട. വോട്ടുമതി. കളിക്കളം വേണ്ട, കളിമതി. വോട്ടുകളി, തീവ്രവാദക്കളി, മതംകൊണ്ടുള്ളതീക്കളി, മതപരിവര്‍ത്തനക്കളി, കള്ളപ്പണക്കളി, കയ്യേറ്റക്കളി, മാഫിയക്കളി, സ്ഫോടനക്കളി, രാഷ്‌ട്രീയക്കളി, ഗ്രൂപ്പുകളി, സോപ്പുകളി, ഭരണക്കളി, അഴിമതിക്കളി, ടൂറിസക്കളി, പക്ഷക്കളി, പ്രതിപക്ഷക്കളി, അങ്ങനെ അനേകായിരം കളികള്‍. സത്യം പറഞ്ഞാല്‍ ദേശീയ ഗെയിംസിനു പറ്റിയ നാടുതന്നെ! ലക്ഷം കോടികള്‍ പിന്നാലെ! പക്ഷേ ഒന്നോര്‍ക്കണം. കളിക്കാന്‍ ഒരു കളം വേണം. നമുക്ക്‌ ഈ നാടുവേണം, ഇത്‌ നിലനില്‍ക്കണം. അതാണ്‌ ഏറ്റവും പ്രധാനം.

മരത്തില്‍നിന്നു വീണാലും ഡല്‍ഹിയില്‍ വീഴണം. ഭരണത്തില്‍ കയറിപ്പറ്റാം. നാടുകുടുംബസ്വത്താക്കാം. അതാണവസ്ഥ. ഓച്ഛാനിക്കാനും എറാന്‍മൂളാനും മാത്രം അറിയാവുന്ന ഒരു പറ്റം അടിമകള്‍ എന്നും കൂടെയുണ്ടാവും. ജനത്തിനു സ്വബോധം വരുന്നതുവരെ ചക്രവര്‍ത്തിപദവിയില്‍ വാഴാം. പക്ഷേ, പേടിക്കേണ്ട. അങ്ങനെയൊരു ബോധം ഒരുകാലത്തും വരില്ല.

മറ്റൊരു മഹാഭാഗ്യം പുത്തന്‍കൂറ്റുകാരായ അവതാരനേതാക്കളാണ്‌. ജനിക്കുന്നതിനുമുമ്പുള്ള തര്‍ക്കവിഷയങ്ങളുടെ ആധികാരികരേഖകള്‍ പോലും അവരുടെ കക്ഷത്തിലുണ്ട്‌. ആ രേഖകളുമായിട്ടാണ്‌ പിറന്നുവീഴുന്നതുതന്നെ. ഒപ്പം തേയ്‌പ്പുടയാത്ത വേഷവും കാണും. ഹിമാലയത്തിന്റെ കൃത്യമായ പൊക്കം മുതല്‍ ഐന്‍സ്റ്റീന്റെ ജനനത്തീയതിവരെ, ഗാന്ധിജിയുടെ അന്ത്യയാത്രവരെ, എല്ലാം ജനിക്കുമ്പോള്‍ത്തന്നെ അവര്‍ക്കറിയാം. നാടിന്റെ ഭാഗ്യം. തെളിവുകളുമായി കോടതിയില്‍ ഹാജരാകാന്‍ പറഞ്ഞാലേയുള്ളൂ പ്രശ്നം. പിന്നെ നെഞ്ചത്തടിക്കാനും നിലവിളിക്കാനുമൊക്കെയേ നേരം കാണൂ. പക്ഷേ, അതിനൊന്നും ആരും പറയില്ല. ആ ഒരു ധൈര്യത്തിലാണ്‌ ഈ കളി. ഏറ്റാല്‍ ഏല്‍ക്കട്ടെ അത്രേയുള്ളൂ. നികൃഷ്ടമായ അല്‍പ്പത്വത്തിന്റെ അവതാരങ്ങളായ ഈ ഇരട്ടത്താപ്പന്മാരെ നാമിനിയും സഹിക്കണോ? സ്കോച്ചും ട്രിപ്പിള്‍ഫൈവും മദ്യനിരോധനവും ബാറുകള്‍ അനുവദിക്കലും നിരോധന പ്രസംഗങ്ങളും അഴിമതിയും ആദര്‍ശവും എല്ലാം കൂടി ഒത്തുപോകുന്ന ഒരു അല്‍ഭുതസുന്ദര പ്രകൃതിദൃശ്യം കൂടി ഇവിടെയെത്തുന്ന ടൂറിസ്റ്റുകള്‍ക്ക്‌ കാണാന്‍ അവസരമുള്ളത്‌ നന്നായി. നമ്മുടെ നാടിന്റെ ഒരു ഭാഗ്യം!

അഴിമതിക്കെതിരെ പൊരുതിയ ഒറ്റയാള്‍പ്പട്ടാളമായ ഹസാരെയ്‌ക്കെതിരെപോലും ഒരു വിടുവായന്‍ പറഞ്ഞു കളഞ്ഞു ഹസാരെയും അഴിമതിക്കാരനാണെന്ന്‌. ഹസാരെ അയാളെ വെല്ലുവിളിച്ചു. അതു തെളിയിക്കാന്‍. പാവം, പെട്ടുപോയി. അയാള്‍ കുരയ്‌ക്കണമെന്നുമാത്രമേ കരുതിയുള്ളൂ, കടിയ്‌ക്കാനൊന്നും ഉദ്ദേശിച്ചിരുന്നില്ല. എല്ലാവരും എറിയുമ്പോള്‍ തന്റെ വകയായും ഇരിക്കട്ടെ ഒരേറ്‌ എന്നേ നിനച്ചുള്ളൂ. അവസാനം എന്തുണ്ടായി?. കരഞ്ഞുപിഴിഞ്ഞ്‌ ഹസാരെയുടെ കാലുപിടിച്ച്‌ മാപ്പു പറഞ്ഞു. നാണമില്ലാത്തവന്‌ എന്തുമാവാമല്ലോ! ഇന്ത്യന്‍ ഭരണനാടകത്തില്‍ ഇത്രയധികം വിദൂഷകന്മാരോ! അപ്പോള്‍, ഇതൊക്കെയാണ്‌ ഇന്നത്തെ ഇന്ത്യ. ഇന്ന്‌ ഭാരതി ജീവിച്ചിരുന്നെങ്കില്‍ എന്തായിരിക്കും അദ്ദേഹം പാടുക. “പാരുക്കുള്ളേ നല്ല നാട്‌’ എന്നുതന്നെ ആയിരിക്കുമോ?

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by