Categories: Kottayam

മൃതദേഹത്തോട്‌ അനാദരവ്‌; വൈദ്യുതിയില്ലാതെ നഗരസഭാ ശ്മശാനത്തില്‍ സംസ്ക്കാരം വൈകി

Published by

കോട്ടയം: മണിക്കൂറുകളോളം വൈദ്യുതി നിലച്ചതോടെ നഗരസഭയുടെ ശ്മശാനം നോക്കുകുത്തിയായി. സംസ്ക്കരിക്കുന്നതിനെത്തിച്ച മൃതദേഹവും ഇതോടെ പെരുവഴിയിലായി. നഗരസഭയുടെ മുട്ടമ്പലത്തെ ശ്മശാനത്തേപ്പറ്റി ദിവസവും വ്യാപകമായ പരാതികളാണ്‌ ഉയരുന്നത്‌. ഇന്നലെ രാവിലെ ൧൦ മണിയോടെയാണ്‌ പാണ്ഡവം പെരുമനക്കോളനിയില്‍ ചിന്നമ്മ(൬൦)യുടെ മൃതദേഹവുമായി ബന്ധുക്കള്‍ ശ്മശാനത്തിലെത്തിയത്‌. ഇതിനു മുമ്പ്‌ നഗരസഭയില്‍ സംസ്ക്കാരത്തിനുള്ള തുകയായ ൩൫൦൦ രൂപയും അടച്ചിരുന്നു. എന്നാല്‍ ശ്മശാനത്തില്‍ വൈദ്യുതി തകരാര്‍ ഉള്ളകാര്യം നഗരസഭാധികൃതര്‍ ബന്ധുക്കളോട്‌ പറഞ്ഞിരുന്നില്ല. പണമടച്ച്‌ മൃതദേഹവുമായി എത്തിയവര്‍ പലരോടും പരാതി പറഞ്ഞെങ്കിലും കരണ്ടില്ലെന്ന കാരണം പറഞ്ഞ്‌ മൃതദേഹം സംസ്ക്കരിക്കാതിരിക്കുകയായിരുന്നു. ഇതിനിടെ വിവരമറിഞ്ഞ്‌ സ്ഥലത്തെത്തിയ ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ കെ.എസ്‌.ഇ.ബി അധികൃതരുമായി ബന്ധപ്പെടുകയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയും ചെയ്തു. ഇതിനുശേഷം വൈകിട്ട്‌ ൩ മണിയോടെയാണ്‌ മൃതദേഹം സംസ്ക്കരിച്ചത്‌. ജനറേറ്റര്‍ സൗകര്യങ്ങളേര്‍പ്പെടുത്താത്തതാണ്‌ മുട്ടമ്പലം ശ്മശാനത്തിണ്റ്റെ പ്രവര്‍ത്തനം താളം തെറ്റാന്‍ കാരണമെന്നാണ്‌ സമീപവാസികളുടെ അഭിപ്രായം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by