Categories: Vicharam

അട്ടപ്പാടിയിലെ ആദിവാസിവഞ്ചന

Published by

അട്ടപ്പാടി ഭൂമിയില്‍ സുസ്ലോണ്‍ എനര്‍ജി ലിമിറ്റഡ്‌ സ്ഥാപിച്ച കാറ്റാടി വൈദ്യുത പദ്ധതി തുടരാനും വൈദ്യുതോല്‍പാദനത്തില്‍നിന്നുള്ള വരുമാനത്തിന്റെ ഒരു വിഹിതം ആദിവാസികള്‍ക്ക്‌ നല്‍കാനും ഉമ്മന്‍ചാണ്ടി നയിക്കുന്ന യുഡിഎഫ്‌ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്‌. കാറ്റാടി വൈദ്യുതിപദ്ധതി സ്ഥാപിക്കുന്നതിനെതിരെ ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും നേതൃത്വത്തില്‍ അട്ടപ്പാടിയില്‍ സമരം ചെയ്തത്‌ കാറ്റാടി കമ്പനിയില്‍നിന്നും ഭൂമി തിരിച്ചെടുത്ത്‌ ആദിവാസി ഉടമകള്‍ക്ക്‌ കൈമാറണമെന്ന ആവശ്യം ഉയര്‍ത്തിയാണ്‌. ഇതോടെ യുഡിഎഫ്‌ സര്‍ക്കാരിന്റെയും റവന്യൂമന്ത്രിയുടെയും ഇരട്ടമുഖം പുറത്തുവന്നിരിക്കുകയാണ്‌. മുട്ടായുക്തിയായി മുഖ്യമന്ത്രി പറയുന്നത്‌ ഇപ്പോള്‍ ആദിവാസികള്‍ ഭൂമി ആവശ്യപ്പെടുന്നില്ല എന്നാണ്‌.

അട്ടപ്പാടിയില്‍ സുസ്ലോണിന്റെ കൈവശം 645 ഏക്കര്‍ സ്ഥലമാണുള്ളത്‌. സുസ്ലോണ്‍ കാറ്റാടി കമ്പനി സ്ഥാപിക്കാന്‍ രംഗത്തിറങ്ങിയതോടെ ഭൂമിയിടപാടുകളുടെയും ഭൂമി തട്ടിപ്പിന്റെയും കഥകള്‍ പുറത്തുവന്നിരുന്നു. ആദിവാസിഭൂമി കയ്യേറ്റം നിയമവിരുദ്ധമായിരിക്കെ കോട്ടത്തറ വില്ലേജില്‍ 36 ആദിവാസി കുടുംബങ്ങളുടെ ഒരേക്കര്‍ മുതല്‍ 15 ഏക്കര്‍ വരെ ആദിവാസികള്‍ കരമടച്ച്‌ കൈവശംവെച്ചിരുന്ന ഭൂമി സുസ്ലോണ്‍ കൈവശപ്പെടുത്തി. സംസ്ഥാന സഹകരണ ബാങ്ക്‌ ജപ്തി ചെയ്ത സ്ഥലംപോലും സുസ്ലോണ്‍ തട്ടിയെടുത്തിരുന്നു. ഭൂമാഫിയ ഇല്ലാത്ത വില്ലേജ്‌ സൃഷ്ടിച്ച റവന്യൂരേഖകള്‍ തയ്യാറാക്കിയതെന്നും കൃത്രിമവും തട്ടിപ്പും നടന്നു എന്നും അന്വേഷണത്തില്‍ തെളിഞ്ഞപ്പോള്‍ കോട്ടത്തറ വില്ലേജ്‌ ഓഫീസറെ സസ്പെന്‍ഡ്‌ ചെയ്യുകയും ചെയ്തിരുന്നു. ഈ പ്രശ്നം ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെയും കേന്ദ്രസര്‍ക്കാരിന്റെയും മുന്നിലെത്തിച്ചത്‌ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മറ്റുമാണ്‌. ഇതില്‍ തെളിവെടുപ്പും അന്വേഷണവും തുടരുന്നതിനിടെയാണ്‌ ആദിവാസികളുടെ ഭൂമി തിരിച്ചുപിടിച്ച്‌ അവര്‍ക്ക്‌ നല്‍കണമെന്ന നിലപാട്‌ ത്യജിച്ച്‌ ഭൂമി സുസ്ലോണ്‍ കൈവശംവെച്ച്‌ കമ്പനി പ്രവര്‍ത്തിക്കട്ടെ എന്നും ലാഭവിഹിതം ആദിവാസികള്‍ക്ക്‌ നല്‍കിയാല്‍ മതി എന്നും മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്‌.

ചീഫ്‌ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന 101.51 ഏക്കര്‍ ഭൂമി ഇപ്പോഴും ഭൂമാഫിയകളുടെ കൈവശമാണ്‌. ആകെയുള്ള 62 ആധാരങ്ങളില്‍ എട്ടെണ്ണത്തില്‍ മാത്രം കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചിരിക്കെ ബാക്കി സുസ്ലോണിന്റെ പക്കലുള്ള ഭൂമി ആദിവാസികള്‍ക്ക്‌ തിരിച്ചുനല്‍കേണ്ടതല്ലേ? ഭൂമി തങ്ങളുടേതാണെന്ന്‌ തെളിയിക്കേണ്ട ഉത്തരവാദിത്തം സുസ്ലോണ്‍ കമ്പനിക്കാണ്‌. ആദിവാസി സംഘടനകള്‍ അവകാശപ്പെടുന്നത്‌ 156 ഏക്കര്‍ ഭൂമിയാണ്‌. മൂന്ന്‌ മാസത്തിനുള്ളില്‍ ഭൂമി അളന്ന്‌ തിട്ടപ്പെടുത്തുമെന്നും ടവര്‍ ഇരിക്കുന്ന സ്ഥലമൊഴിച്ചുള്ള ഭൂമിയില്‍ കൃഷി ഇറക്കുമെന്നും ആണ്‌ യുഡിഎഫ്‌ തീരുമാനം. കാറ്റാടിയന്ത്രങ്ങള്‍ നില്‍ക്കുന്ന സ്ഥലം ഒഴിച്ച്‌ ബാക്കി ഭൂമാഫിയയുടെ അധീനതയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

1986 ജനുവരി 26 ന്‌ ശേഷമുള്ള ആദിവാസിഭൂമി കയ്യേറ്റങ്ങള്‍ അസാധുവാണെന്ന നിയമം റവന്യൂവകുപ്പും വനംവകുപ്പും രജിസ്ട്രേഷന്‍ വകുപ്പും അഹാഡ്സ്‌ എന്ന അട്ടപ്പാടിയിലെ സ്ഥാപനവും പട്ടികവര്‍ഗ വികസനവകുപ്പും ലംഘിച്ചതായാണ്‌ കണ്ടെത്തിയത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ കയ്യേറിയ ഭൂമി തിരിച്ചെടുത്ത്‌ ആദിവാസികള്‍ക്ക്‌ വിതരണം ചെയ്യാന്‍ ഇടതുസര്‍ക്കാര്‍ അവസാനകാലത്തെടുത്ത തീരുമാനവും ഇതോടെ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്‌. ഈ തീരുമാനത്തോടെ വ്യാജരേഖകള്‍ ചമച്ച്‌ ഭൂമാഫിയ കയ്യേറിയ ആദിവാസിഭൂമി ഭൂമാഫിയകളുടെ കൈവശം തന്നെ ഇരിക്കും എന്നും കമ്പനിക്കെതിരെ നടന്നുവന്നിരുന്ന അന്വേഷണം നിര്‍ജീവമാകും എന്നും ഉറപ്പായിരിക്കുകയാണ്‌. എല്‍ഡിഎഫ്‌ സര്‍ക്കാരും കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകള്‍ ചെലവഴിക്കുന്നതില്‍ തികഞ്ഞ അനാസ്ഥയാണ്‌ കാണിച്ചത്‌. അട്ടപ്പാടിയില്‍ ജപ്പാന്‍ സഹായത്തോടെ വീട്‌, തൊഴില്‍, അടിസ്ഥാന സൗകര്യമൊരുക്കല്‍ തുടങ്ങിയതിന്‌ അനുമതി ലഭിച്ചിരുന്നു. ഇതിനായി 975 കോടി രൂപ അനുവദിച്ചതില്‍ കേരളം 700 കോടി മാത്രം ചെലവാക്കിയപ്പോള്‍ തമിഴ്‌നാടും ആന്ധ്രയും മുഴുവന്‍ തുകയും ഉപയോഗിച്ചിരുന്നു.

ആദിവാസികളോടുള്ള പ്രതിബദ്ധത അധരവ്യായാമമാണെന്നും ആദിവാസിയുടെ ശോചനീയാവസ്ഥ കൂടുതല്‍ ശോചനീയമാകുകയാണെന്ന്‌ തെളിയുമ്പോഴും യുഡിഎഫ്‌ സര്‍ക്കാര്‍ അനാസ്ഥ തുടരുകയാണ്‌. ആദിവാസി ഭൂമി ഏതെന്ന്‌ കണ്ടെത്തി, കാറ്റാടി യന്ത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്‌ ഇവിടെയാണെന്ന്‌ കണ്ടെത്തിയാല്‍ മാത്രമേ ആദിവാസിക്ക്‌ വരുമാനം ലഭിക്കുകയുള്ളൂ. ഇതിന്‌ ഭൂവുടമ, കമ്പനി, വൈദ്യുതിബോര്‍ഡ്‌ എന്നിവര്‍ ചേര്‍ന്ന്‌ ലാഭവിഹിതം പങ്കിടുന്നതിനുള്ള കരാറില്‍ ഒപ്പുവെക്കേണ്ടതാണ്‌. ഇപ്പോഴത്തെ കണക്കനുസരിച്ച്‌ ഒരേക്കറില്‍നിന്നും പ്രതിമാസം 7000 മുതല്‍ 10,000 വരെ ഭൂവുടമക്ക്‌ ലഭിക്കുമത്രെ. ഇതോടൊപ്പം ആദിവാസികുട്ടികളുടെ പഠനത്തിനായി 10 ലക്ഷം രൂപ കമ്പനി കളക്ടറുടെ ഫണ്ടിലേക്ക്‌ നല്‍കുമെന്നും കമ്പനി വാഗ്ദാനം ചെയ്തു. അട്ടപ്പാടിയുടെ മറുവശമാണോ ചെങ്ങറ? ഇവിടെ സമരം ചെയ്യുന്ന ആയിരം കുടുംബങ്ങള്‍ക്ക്‌ 25 സെന്റ്‌ ഭൂമി നല്‍കാം എന്ന്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. എല്‍ഡിഎഫിന്റെ കാലത്ത്‌ 1495 കുടുംബങ്ങള്‍ക്ക്‌ കാസര്‍കോടും മറ്റും നല്‍കിയ ഭൂമി വാസയോഗ്യമല്ലെന്ന്‌ കണ്ടെത്തിയപ്പോള്‍ പകരം ഭൂമി ആവശ്യപ്പെട്ട്‌ അവരും സമരത്തിലാണ്‌. ഇപ്പോള്‍ സമരംമൂലം ജോലി നഷ്ടപ്പെട്ടവര്‍ക്ക്‌ ജോലിയും വാഗ്ദാനം ചെയ്യുന്നു.

ചെങ്ങറയില്‍ സാധുജനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയിട്ട്‌ ഏഴുവര്‍ഷം പിന്നിടുകയാണ്‌. രണ്ടാഴ്ചക്കുള്ളില്‍ പുതിയ സ്ഥലം കണ്ടെത്തി നല്‍കുമെന്നാണ്‌ വാഗ്ദാനം. ഇടതുസര്‍ക്കാര്‍ നല്‍കിയ വാസയോഗ്യമല്ലാത്ത ഭൂമി റവന്യൂവകുപ്പില്‍ നിക്ഷിപ്തമാക്കി പുതിയ ഭൂമി നല്‍കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്‌. 25 സെന്റ്‌ ഭൂമി പതിച്ചു കിട്ടുന്നവര്‍ക്ക്‌ വീട്‌ വെച്ചു നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുമെന്ന്‌ റവന്യൂമന്ത്രി പറയുന്നു.ഇതോടെ ചെങ്ങറ സമരത്തിന്‌ മാന്യമായ പരിഹാരമായോ? സമരം നയിക്കുന്ന സാധുജന സേവാസമിതി നേതാവ്‌ ളാഹാ ഗോപാലന്‍ പറയുന്നത്‌ ഭൂമി ലഭിക്കുന്നതുവരെ സമരം തുടരുമെന്നാണ്‌. ഇതോടെ സമരരംഗത്തുണ്ടായിരുന്ന ഭൂമി നഷ്ടപ്പെട്ട മൂലമ്പിള്ളി നിവാസികള്‍ക്കും സ്ഥലം വേണമെന്ന ആവശ്യം ഉയര്‍ത്തി സമരം ചെയ്തുവന്ന ചെങ്ങറ സമരക്കാര്‍ക്കും നീതി ലഭ്യമാകും എന്ന്‌ പ്രതീക്ഷിക്കാം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by