Categories: Vicharam

ധര്‍മാശുപത്രിയിലെ ധര്‍മസങ്കടങ്ങള്‍

Published by

കേരളത്തിലെ ആരോഗ്യ സംരക്ഷണ മേഖലയെക്കുറിച്ച്‌ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മനഃസാക്ഷിയുള്ളവരെ വേദനിപ്പിക്കുന്നവയാണ്‌. ആശുപത്രികളിലെ സ്ത്രീപീഡനം, വൃക്കവാണിഭം, മരുന്നുവെട്ടിപ്പ്‌, ഇന്‍ഷുറന്‍സ്‌ തട്ടിപ്പ്‌, മോര്‍ച്ചറിയിലെ ബ്ലൂഫിലിം നിര്‍മാണം തുടങ്ങി ഡോക്ടര്‍മാരുടെ സമരഭീഷണിവരെ മലയാള പത്രങ്ങളിലും ചാനലുകളിലും വലിയ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്‌.

കോട്ടയത്ത്‌ ചികിത്സയ്‌ക്കെത്തിയ സ്ത്രീരോഗിയുടെ മുമ്പില്‍ ഒരു ഡോക്ടര്‍ മൃഗമായി മാറിയ ക്രൂരസംഭവം നാം മറന്നിട്ടില്ല. ഇടതുകാലിലെ അസുഖം മാറ്റാന്‍ വലതുകാല്‍ മുറിച്ചുമാറ്റിയതും കാത്തയ്‌ക്കുപകരം കമലാക്ഷിയെ ചികിത്സിച്ചതും മുറിവില്‍ ഓപ്പറേഷന്‍ കത്തിവെച്ച്‌ തുന്നിക്കെട്ടിയതും മരുന്നുമാറി കുത്തിവെച്ചതും കൈക്കൂലിക്ക്‌ കണക്കുപറഞ്ഞ്‌ കൂട്ട സിസേറിയന്‍ നടത്തിയതും ആരോഗ്യവികസനത്തില്‍ കേരളം കൈവരിച്ച അഭിമാനനേട്ടങ്ങളാണ്‌! “പേറിന്‌ പകരം കീറ്‌” എന്ന കുഞ്ഞുണ്ണി കവിത പഠിച്ച ഡോക്ടര്‍മാരും കേരളത്തിന്റെ തന്നെ സംഭാവനകളാണല്ലോ. കേരളത്തിലെ ആരോഗ്യമേഖലയെ ബാധിച്ച ചില രോഗങ്ങളുടെ പ്രത്യക്ഷ ലക്ഷണങ്ങളാണ്‌ ചൂണ്ടിക്കാണിച്ചത്‌.

ധര്‍മചിന്ത മറന്നുപോയ മലയാളിയുടെ ധനചിന്തയാണ്‌ സ്വന്തം നാടിന്റെ ചികിത്സാമേഖലയെ സര്‍വനാശത്തിലേക്ക്‌ നയിച്ചതെന്ന ദുഃഖസത്യവും നാം കാണേണ്ടതാണ്‌. കേരളത്തിന്റെ പൊതുജനാരോഗ്യ സംരക്ഷണത്തിന്‌ സര്‍ക്കാര്‍ മുതല്‍മുടക്കില്‍ എക്കാലവും മുന്തിയ പരിഗണന നല്‍കിയിട്ടുണ്ട്‌. കേരളരൂപീകരണത്തിന്‌ ശേഷമുള്ള ആരോഗ്യവിദ്യാഭ്യാസ രംഗത്തെ ചെലവുകളുടെ കണക്കു പരിശോധിച്ചാല്‍ ഇതു മനസ്സിലാകും. രോഗികള്‍ ചികിത്സിക്കപ്പെടേണ്ടവരാണെന്ന ചിന്ത ഉടലെടുത്ത്‌ 1617 ല്‍ സെന്റ്‌ വിന്‍സന്റ്‌ ഡീപ്പോള്‍ എന്ന ക്രിസ്തീയ പുരോഹിതന്റെ രോഗശുശ്രൂഷകളില്‍ നിന്നാണെന്നാണ്‌ ചരിത്രം. അന്നുമുതല്‍ ആരോഗ്യചികിത്സാപദ്ധതികള്‍ സമൂഹത്തിന്റെ ഉത്തരവാദിത്തത്തില്‍പ്പെട്ട വിഷയമായും സാമൂഹ്യ സുസ്ഥിതിയുടെ പരിപൂര്‍ണാവസ്ഥയ്‌ക്ക്‌ അത്യാവശ്യഘടകമായും മാറി.

50കളില്‍ 13,000 കിടക്കകള്‍ മാത്രമുണ്ടായിരുന്ന കേരളത്തില്‍ അരനൂറ്റാണ്ടിനിടയിലെ കണക്കു പരിശോധിച്ചാല്‍ അത്ഭുതപ്പെട്ടുപോകും. കിടക്കകളുടെ എണ്ണം കൂടിയെന്നത്‌ മാത്രമല്ല പൊതുസമൂഹത്തിന്‌ സാമാന്യം മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങള്‍ നല്‍കാനും കഴിഞ്ഞിട്ടുണ്ട്‌. സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കംപോലും പൊതുജനാരോഗ്യമേഖലയെ ബാധിച്ചിട്ടില്ല. സ്വാതന്ത്ര്യലബ്ധിക്കുശേഷം ആരോഗ്യമേഖല ത്വരിതഗതിയിലുള്ള പരിവര്‍ത്തനത്തിനാണ്‌ വിധേയമായത്‌. സൗജന്യചികിത്സപോലും സ്വപ്നമായിരുന്ന സാഹചര്യത്തില്‍നിന്നാണ്‌ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന്‌ ചികിത്സാലയങ്ങള്‍ പ്രയോജനപ്രദമായി മാറിയ സ്ഥിതി വന്നത്‌.

കേരളത്തില്‍ മൊത്തം സര്‍ക്കാര്‍ ചെലവിന്റെ നല്ലൊരു ശതമാനം ആരോഗ്യത്തിനായി നീക്കിവയ്‌ക്കാറുണ്ട്‌. ഇന്‍ഷുറന്‍സ്‌ പദ്ധതിക്കുകീഴില്‍ ജനങ്ങളുടെ ആരോഗ്യപരിപാലനത്തിനും സംരക്ഷണത്തിനും ഇപ്പോള്‍തന്നെ സര്‍ക്കാര്‍ പദ്ധതികളുണ്ട്‌. എല്ലാവരുടേയും ആരോഗ്യം നന്നായാല്‍ മാത്രമേ രാജ്യത്തിന്റേയും ആരോഗ്യം നന്നാവുകയുള്ളൂ എന്ന സത്യം രാഷ്‌ട്രീയ ഭരണ നേതൃത്വങ്ങള്‍ തിരിച്ചറിയുന്നുണ്ട്‌. ജനാധിപത്യ ഭരണ സംവിധാനത്തില്‍ രാജ്യത്തിന്റെ ഉത്തരവാദിത്തമാണ്‌ എല്ലാ പൗരന്മാര്‍ക്കും മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങള്‍ നല്‍കുക എന്നത്‌. ഭരണഘടന കല്‍പ്പിക്കുന്നതും അതുതന്നെയാണ്‌. എന്നാല്‍ ഈ ശാസനകള്‍ നിഷേധിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നത്‌ ഭരണകൂടസ്ഥാപനങ്ങള്‍ തന്നെയാണെന്ന പകല്‍ യാഥാര്‍ത്ഥ്യം നമ്മെ വ്യാകുലരാക്കുന്നു.

പിറവിയുടെ 50 വര്‍ഷം പിന്നിട്ടുകഴിഞ്ഞ കേരളം ലോകസമൂഹത്തിന്‌ മുന്‍പില്‍ സമര്‍പ്പിക്കുന്നത്‌ എന്താണ്‌? ജീവിതത്തെപ്പോലും ലാഭനഷ്ട കണക്കുകള്‍കൊണ്ട്‌ തൂക്കിനോക്കുന്ന, ചരിത്രബോധം നഷ്ടപ്പെട്ടവരുടെ കാട്ടുനീതി നിലനില്‍ക്കുന്ന നാടായി കേരളം മാറിയിരിക്കുന്നു. ഇന്ത്യാക്കാര്‍ക്ക്‌ ചരിത്രബോധമില്ലെന്ന്‌ പറഞ്ഞ അറേബ്യന്‍ സഞ്ചാരി ആല്‍ബെറൂണിന്‌ സ്തുതി!

നവോത്ഥാനത്തിന്റേയും ഇടതുപക്ഷ വിപ്ലവത്തിന്റേയും സംഗമസ്ഥലിയില്‍ പിറന്നുവീണ കൊച്ചുകേരളത്തിന്റെ ദുര്യോഗമാണ്‌ ഇത്‌. നിരപരാധികളായ രോഗികളെ അസംസ്കൃത വസ്തുക്കളാക്കി ചികിത്സിക്കുന്ന ഡോക്ടര്‍മാരും മനുഷ്യജീവന്‍കൊണ്ട്‌ പന്താടുന്ന ധര്‍മാശുപത്രിയിലെ ദൈവങ്ങളുംകൂടി പൊതുജനാരോഗ്യരംഗം തകര്‍ത്തു. സാമൂഹിക ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളും കാലത്തിന്റെ പ്രതിസന്ധികളും നാടിന്റെ നാശത്തിന്‌ കാരണമായി. ആധുനികോത്തര ആഗോളവല്‍ക്കരണ ലോകത്തിന്റെ അധികാരവും ശക്തിയും കാമ്പോളങ്ങളിലേയ്‌ക്ക്‌ മാറിയതോടെ ആരോഗ്യമേഖലയും കച്ചവട കേന്ദ്രങ്ങളായി. കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ചികിത്സാസൗകര്യം സാധാരണ ജനങ്ങള്‍ക്ക്‌ നല്‍കിയ സര്‍ക്കാരിന്റെ സ്ഥാനം സ്വകാര്യ കുത്തകകള്‍ കൈയടക്കി സര്‍ക്കാരുശുപത്രികളുടെ ചുറ്റും സ്വകാര്യ ചികിത്സാ കേന്ദ്രങ്ങള്‍ ഉയര്‍ന്നു. മരുന്നു മാഫിയകള്‍ വളര്‍ന്നു. യന്ത്രസംസ്കൃതിയുടേയും ലാഭം മാര്‍ക്കറ്റ്‌ പ്രവണതകളുടേയും ആഗോളീകരണത്തിന്റെ ഈ അധിനിവേശകാലത്ത്‌ പണത്തിനുവേണ്ടി തലയറുക്കാന്‍ തയാറായി നില്‍ക്കുന്ന സ്വകാര്യ കുത്തക ചികിത്സാസ്ഥാപനങ്ങള്‍ പുരോഗമന കേരളത്തിനുതന്നെ അപമാനമാണ്‌. ആരോഗ്യരംഗത്ത്‌ കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക്‌ നേരെയുള്ള വെല്ലുവിളിയാണ്‌.
പക്ഷെ പ്രതിഷേധിക്കാന്‍ നമുക്ക്‌ കഴിയുന്നില്ല. ഭരണതലത്തിലും ജനകീയാരോഗ്യമേഖലയിലും രാഷ്‌ട്രീയ ഭരണ നേതൃത്വങ്ങള്‍ നടപ്പാക്കിയ വികലമായ നയങ്ങള്‍ പഴയ ധര്‍മാശുപത്രികളെ അനാഥാലയങ്ങളാക്കി. ആഗോളീകരണം പ്രോത്സാഹിപ്പിച്ച സര്‍ക്കാര്‍ പൊതുമേഖലയില്‍നിന്ന്‌ ജനകീയാരോഗ്യമേഖലയെ സ്വകാര്യ കുത്തകകള്‍ക്ക്‌ തീറെഴുതി വിറ്റു. കള്ളും കോളേജുംപോലെ യഥേഷ്ടം കച്ചവടം ചെയ്യാവുന്ന ഒന്നായി പൊതുജനാരോഗ്യം മാറി. ആരോഗ്യപരിപാലന രംഗത്ത്‌ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ സ്വകാര്യ കുത്തക മരുന്നുകമ്പനികളേയും അവരുടെ ബിസിനസ്‌ പങ്കാളികളായ കച്ചവട ചികിത്സാ കേന്ദ്രങ്ങളേയും പ്രോത്സാഹിപ്പിക്കുന്നവയായിരുന്നു. ഫലമോ? പൊതുജനാരോഗ്യപരിപാലനം പേരിനുപോലും നാട്ടില്‍ ഇല്ലാതായി. കണ്‍സ്യൂമറിസത്തിലേയ്‌ക്ക്‌ വഴിമാറിപ്പോയ കേരളത്തിന്റെ കച്ചവട താല്‍പ്പര്യങ്ങള്‍ സേവന മേഖലയായ പൊതുജനാരോഗ്യ സംവിധാനങ്ങളേയും തകര്‍ത്തു.

ആഗോളവല്‍ക്കരണം, ഉദാരവത്കരണം, സ്വകാര്യവത്കരണം തുടങ്ങിയ പ്രതിഭാസങ്ങളാണ്‌ ഇതിനെല്ലാം കാരണമെന്ന്‌ കണ്ടുപിടിച്ച ചില രാഷ്‌ട്രീയ ബുദ്ധിജീവികളും ഭരണനേതൃത്വവും സാമാന്യ ജനങ്ങളുടെ ദുരിതജീവിതങ്ങള്‍ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. ദൈവത്തിന്റെ സ്വന്തം നാടായ കേരളം പകര്‍ച്ചവ്യാധികളുടെ നാടായി മാറിക്കഴിഞ്ഞു. കിഴക്കിന്റെ വെനീസ്‌ എന്നറിയപ്പെടുന്ന ആലപ്പുഴയാകട്ടെ മാലിന്യങ്ങളുടെ നാടായും. പകര്‍ച്ചപ്പനിയില്‍ വിറച്ചുനില്‍ക്കുന്ന കേരളത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്ന ദുരിതക്കാഴ്ചകളാണ്‌ നിത്യവും ചാനല്‍ വാര്‍ത്തകളില്‍ തെളിയുന്നത്‌.

ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പനി, മലമ്പനി, ചിക്കുന്‍ഗുനിയ, വൈറല്‍ഹെപ്പറ്റൈറ്റിസ്‌, എച്ച്‌-1 എന്‍-1, കോളറ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ നാടാകെ പടര്‍ന്നുപിടിക്കുകയാണ്‌. 80കളോടെ നാം നിയന്ത്രണവിധേയമാക്കിയ രോഗങ്ങള്‍ പലതും തിരിച്ചുവരാന്‍ തുടങ്ങിയിരിക്കുന്നു. അന്തര്‍ദ്ദേശീയ രോഗമെന്നറിയപ്പെടുന്ന ഫ്ലൂ കേരളത്തില്‍ വ്യാപകമായി കഴിഞ്ഞു. 25 ലക്ഷത്തലധികംപേര്‍ക്ക്‌ പകര്‍ച്ചപ്പനി ബാധിച്ചതായി സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്‌. വൃത്തിഹീനമായ ചുറ്റുപാടുകള്‍, മലിനവെള്ളം, ആരോഗ്യവിദ്യാഭ്യാസമില്ലായ്മ, സാമൂഹിക ശുചിത്വക്കുറവ്‌, ജീവിതത്തിന്റെ ശോച്യാവസ്ഥ തുടങ്ങിയവ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്ന ഘടകങ്ങളാണ്‌. രണ്ടുനേരം കുളിക്കുകയും വെടിപ്പാടി വസ്ത്രധാരണം നടത്തുകയും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്യുന്ന മലയാളികള്‍ സ്വാര്‍ത്ഥമതികളായപ്പോള്‍ സാമൂഹിക ശുചിത്വമെന്ന മഹത്തായലക്ഷ്യം സൗകര്യപൂര്‍വം മറന്നു.

ആമസോണ്‍ നദിയെക്കുറിച്ചും വെനീസിനെക്കുറിച്ചും വാചാലരാകുന്നവര്‍ കുടിനീരില്‍ വിഷംകലക്കുന്ന നമ്മുടെ വ്യവസായശാലകളേയും മലിനമായ നദികളേയും മറക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ വികസനനേട്ടങ്ങളെ കുറിച്ച്‌ ഗവേഷണ പ്രഭാഷണ പദ്ധതികളുമായി നാടുചുറ്റി നടക്കുന്നവര്‍ സ്വന്തം നാടിനേയും മറക്കുന്നു.

ആധിയും വ്യാധിയും സൃഷ്ടിച്ച പ്ലാച്ചിമടയും കുട്ടനാടും കാപ്പിത്തോടും സര്‍വോദയപുരവും എവിടെയാണെന്ന്‌ അറിയാത്തവരായി നാം മാറിപ്പോയിരിക്കുന്നു. ധര്‍മാശുപത്രികളുടെ സ്ഥിതിയും പറയേണ്ടതില്ല. പനി മരണം വ്യാപകമായതോടെ ജനങ്ങള്‍ ഭീതിയിലാണ്‌. ഡോക്ടറും ജീവനക്കാരുമില്ല. മരുന്നില്ല.
ചികിത്സയില്ല. കുഴഞ്ഞുവീണ്‌ മരിക്കുന്നവരുടെ എണ്ണം പെരുകുന്നു. ധര്‍മാശുപത്രികള്‍ അനാഥാലയങ്ങളായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ്‌ കേരളത്തില്‍ കാണുന്നത്‌. കണ്ണുള്ളവര്‍ ഇതെല്ലാം കാണുന്നുണ്ടോ?

കളത്തില്‍ വിജയന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by