Categories: Vicharam

റെയില്‍വെ അനാസ്ഥക്ക്‌ ഒരു ഇര കൂടി

Published by

ട്രെയിനില്‍ സൗമ്യയെ ലൈംഗികപീഡനത്തിനിരയാക്കി ട്രാക്കില്‍ തള്ളിയിട്ട്‌ കൊലപ്പെടുത്തിയ സംഭവം കേരളത്തെ, പ്രത്യേകിച്ച്‌ വനിതാസമൂഹത്തെ, ജോലിസ്ഥലത്തേക്ക്‌ പോകാന്‍ ട്രെയിനുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഉദ്യോഗസ്ഥകളെയെല്ലാം വളരെയധികം ഞെട്ടിപ്പിച്ച സംഭവമാണ്‌. ട്രെയിനിലെ വനിതാ കമ്പാര്‍ട്ടുമെന്റില്‍ ഒറ്റക്കായപ്പോള്‍ ഗോവിന്ദച്ചാമി എന്ന ഒറ്റക്കയ്യന്‍ കമ്പാര്‍ട്ടുമെന്റില്‍ പ്രവേശിച്ച്‌ മാല അപഹരിക്കാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിച്ച്‌ ട്രെയിനില്‍നിന്നും തള്ളിയിട്ട്‌ ട്രാക്കിലിട്ട്‌ ബലാല്‍സംഗം ചെയ്യുകയായിരുന്നല്ലോ. ഈ സംഭവത്തിനുശേഷം റെയില്‍വെ അധികൃതരുടെ യാത്രക്കാരോടും പ്രത്യേകിച്ച്‌ വനിതാ യാത്രക്കാരുടെ സുരക്ഷയോടുമുള്ള അവഗണന വ്യാപകമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. വനിതാ കമ്പാര്‍ട്ടുമെന്റ്‌ ട്രെയിനിന്റെ മധ്യഭാഗത്താക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ സജീവമാകണമെന്നും ആവശ്യം ഉയര്‍ന്നപ്പോള്‍ റെയില്‍വെ അധികൃതര്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥന്മാരെ നിയമിക്കാമെന്നും ട്രെയിനുകളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാമെന്നും വാഗ്ദാനം നല്‍കിയിരുന്നു.

ഇത്‌ പാഴ്‌വാഗ്ദാനങ്ങളാണെന്ന്‌ തെളിയിക്കുന്നതാണ്‌ ഇപ്പോള്‍ തൃശൂരില്‍ റെയില്‍വേട്രാക്കില്‍ അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്‌. അന്യസംസ്ഥാനക്കാരിയായ നന്ദിനി (15)യെയാണ്‌ തലക്കും നെറ്റിക്കും പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്‌. ന്യൂറോ ഐസിയുവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്‌ ഈ കുട്ടി. പെണ്‍കുട്ടി ട്രെയിനില്‍ ലൈംഗികപീഡനത്തിനിരയായതായി പരിശോധനയില്‍ തെളിഞ്ഞിരിക്കുകയാണ്‌. പെണ്‍കുട്ടിയുടെ കയ്യില്‍ 14,000 രൂപയുണ്ടായിരുന്നുവെന്നാണ്‌ പെണ്‍കുട്ടിയെ കാണാതായപ്പോള്‍ സഹോദരന്‍ ചാമനിധി പോലീസിന്‌ നല്‍കിയ പരാതിയില്‍ പറഞ്ഞത്‌. ട്രെയിനില്‍ പെണ്‍കുട്ടി ഒരു ഒറീസ സ്വദേശിയായ യുവാവുമായി സംസാരിച്ചിരുന്നുവത്രേ. പണം തട്ടിയെടുക്കുകയും ലൈംഗികപീഡനത്തിനിരയാക്കുകയും ചെയ്തശേഷം പെണ്‍കുട്ടിയെ ട്രാക്കിലേക്ക്‌ തള്ളിയിട്ടതാകാം. ഏതായാലും സ്ത്രീകള്‍ക്ക്‌ ട്രെയിനുകള്‍ അരക്ഷിതമായി തുടരുന്നു എന്നും യാത്രക്കാരുടെ സുരക്ഷയിലുള്ള റെയില്‍വേയുടെ അനാസ്ഥക്കും നിസ്സംഗതക്കും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും വ്യക്തമാണ്‌. റെയില്‍വേ വകുപ്പിന്‌ ഏറ്റവുമധികം വരുമാനം നല്‍കുന്ന കേരളത്തിലെ വനിതകളാണ്‌ ഈവിധം തുടര്‍ച്ചയായി പീഡനത്തിനിരയാകുന്നത്‌ എന്നതും ചൂണ്ടിക്കാണിക്കേണ്ട വസ്തുതയാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by